കൊടിയേറ്റവും കൊടിയിറക്കവും
കേരളത്തില്‍ ഇത് ഉത്സവങ്ങളുടെ കാലമാണല്ലോ. ചെറുതും വലുതുമായ എല്ലാ ക്ഷേത്രങ്ങളിലും ഈ കാലത്ത്, ഒരു ദിവസം മുതല്‍ പത്തുദിവസം വരെ നീണ്ടുനില്‍ക്കുന്ന ഉത്സവം ആഘോഷിക്കാറുണ്ട്. അക്കൂട്ടത്തില്‍ കൊടിയേറ്റുത്സവങ്ങളും കൊടിയേറ്റില്ലാത്ത ഉത്സവങ്ങളും ഉണ്ട്. കൊടിയേറ്റുള്ള ഉത്സവങ്ങളില്‍ കൊടിയേറ്റുന്നത് കണ്ടാല്‍ കൊടിയിറക്കവും കാണെണമെന്നാണ് പറയാറ്. എന്താണതിന്‍റെ പൊരുള്‍?
ദേവശരീരമായ ക്ഷേത്രത്തിന്‍റെ നട്ടെല്ലിന്‍റെ പ്രതീകമായിട്ടാണ് കൊടിമരത്തെ കണക്കാക്കുന്നത്. അപ്പോള്‍ കൊടിക്കൂറ എന്നുപറഞ്ഞാലോ? നട്ടെല്ലിന്‍റെ മൂലാധാരത്തില്‍ സ്ഥിതി ചെയ്യുന്ന കുണ്ഡലിനീശക്തിയുടെ പ്രതീകമാണത്. ദേവശരീരത്തിന്‍റെ നട്ടെല്ലിനെ പ്രതിനിധാനം ചെയ്യുന്ന കൊടിമരത്തില്‍ കുണ്ഡലിനീശക്തിയുടെ പ്രതീകമായ കൊടിക്കൂറ ഉയര്‍ത്തിയാണ് ഉത്സവം ആരംഭിക്കുന്നത്.
മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ്ജകേന്ദ്രമാണ് നട്ടെല്ലാരംഭിക്കുന്നിടത്തുള്ള മൂലാധാരം. മൂലാധാരത്തില്‍(കൊടിമരം) പൂജാവിധികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഉയര്‍ത്തുന്ന കൊടിക്കൂറ കുണ്ഡലിനീശക്തിയുടെ പ്രതീകമാണ്. മൂലാധാരത്തിലാണ് കുണ്ഡലിനീശക്തി നിലകൊള്ളുന്നത്. ഈ ശക്തി സാധാരണ മനുഷ്യശരീരത്തില്‍ ഉറങ്ങിക്കിടക്കുന്നു.
മനുഷ്യശരീരത്തില്‍ ആറ് ആധാരങ്ങളാണുള്ളത്. ഷഡാധാരം എന്ന പേരില്‍ അവ അറിയപ്പെടുന്നു.
ഷഡ്ചക്രങ്ങള്‍
1. നട്ടെല്ലിന്‍റെ ഏറ്റവും ചുവട്ടിലാണ് മൂലാധാരം സ്ഥിതി ചെയ്യുന്നത്.
2. അതിന് തൊട്ടുമുകളിലായി മധ്യഭാഗത്ത് വരുന്നത് സ്വാധിഷ്ഠാനം.
3. അതിനും മുകളിലായി പൊക്കിള്‍ക്കൊടിയുടെ ഭാഗത്തുവരുന്ന ചക്രത്തിന്‍റെ പേര് മണിപൂരകം എന്നാണ്.
4. അതിന് തൊട്ടുമുകളിലായി ഹൃദയത്തിന്‍റെ ഭാഗത്തുവരുന്ന ചക്രമാണ് അനാഹതം.
5. കഴുത്തിന്‍റെ ഭാഗത്തുവരുന്ന ചക്രത്തിന്‍റെ പേര് വിശുദ്ധി.
6. ഭൂമദ്ധ്യത്തില്‍ വരുന്ന ആധാരത്തിന്‍റെ പേര് ആജ്ഞ.
ഇങ്ങനെയുള്ള ആറ് ആധാരങ്ങള്‍ മനുഷ്യശരീരത്തിലുണ്ട്. ഈ പ്രപഞ്ചത്തിലെ മുഴുവന്‍ ദൈവീകശക്തിയും ഒരു മനുഷ്യനില്‍ സൂക്ഷ്മരൂപത്തില്‍ കുണ്ഡലിനി എന്ന പേരില്‍ മൂലാധാരത്തില്‍ മൂന്നരച്ചുറ്റ് സര്‍പ്പാകൃതിയില്‍ സൂക്ഷ്മാവസ്ഥയില്‍ സുഷുമ്നയില്‍ ഉറങ്ങിക്കിടക്കുന്നു എന്നാണ് വിശ്വാസം. ഇതിനെ ഉണര്‍ത്താന്‍ യോഗികള്‍ക്കേ കഴിയൂ. നിരന്തരം ഈശ്വരസാധന ചെയ്യുന്ന, ജ്ഞാനം തുളുമ്പുന്ന യോഗിക്ക് മാത്രം.
കുണ്ഡലിനി ഉണര്‍ത്തിയാല്‍ എന്തുസംഭവിക്കും?
നട്ടെല്ലിനുള്ളിലെ ഇഡ എന്ന നാഡിയിലൂടെ ഈ ശക്തി മുകളിലേക്ക് പടിപടിയായി ഉയരും. ഉയര്‍ന്നാല്‍ ആറ് കടമ്പകള്‍ കടക്കേണ്ടതുണ്ട്. മൂലാധാരത്തില്‍ നിന്നും ഉയരുന്ന കുണ്ഡലിനിശക്തി 'ഇഡ' നാഡിയിലൂടെ മുകളിലേക്കുയര്‍ന്നാണ് സ്വാധിഷ്ഠാനം കടക്കുന്നത.് തുടര്‍ന്ന് മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നീ ചക്രങ്ങളെയെല്ലാം ഭേദിച്ച് ശിരസില്‍ എത്തുന്നു.
ശിരസിലാണ് സഹസ്രാരപത്മം ഉള്ളത്. സഹസ്രാര പത്മം എന്നാല്‍ ആയിരം ദളങ്ങളുള്ള താമര. ആ താമരദളങ്ങള്‍ കൂമ്പിയ നിലയിലല്ല. വിടര്‍ന്നുനില്‍ക്കുന്ന രൂപത്തിലുള്ളതാണ്. കുണ്ഡലിനീ ശക്തി ശിരസില്‍ എത്തിയാല്‍ സാധകനായ സാധാരണക്കാരനും അമാനുഷിക സിദ്ധികളുള്ള യോഗിവര്യനായി മാറും.
കുണ്ഡലിനീശക്തിയുടെ പ്രതീകമാണ് കൊടിക്കൂറ. നട്ടെല്ലിന്‍റെ പ്രതീകമാണ് കൊടിമരം. കൊടിമരത്തിലെ പറകള്‍ കശേരുക്കളുടെ പ്രതീകമാണ്. അപ്പോള്‍ കൊടിയേറ്റും കൊടിയിറക്കും എന്താണെന്ന് പറയേണ്ടതില്ലല്ലോ.
ജ്ഞാനനിഷ്ഠനായിരിക്കുന്ന ഒരു മനുഷ്യനിലെ കുണ്ഡലിനീശക്തിയെ നിഷ്ഠയോടുകൂടി ഉണര്‍ത്തി, ഉയര്‍ത്തി അവന്‍റെ തന്നെ സഹസ്രാരപത്മത്തില്‍ എത്തിയാല്‍ അവന്‍ ഭോഗി എന്ന അവസ്ഥയില്‍ നിന്ന് യോഗി എന്ന അവസ്ഥയിലേക്ക് ഉയര്‍ത്തപ്പെടുന്നു. ഇത് പ്രതീകാത്മകമായി ബോധ്യപ്പെടുത്തുന്ന ചടങ്ങാണ് കൊടിയേറ്റവും കൊടിയിറക്കും.
കൊടിയേറ്റം സാധാരണക്കാരായ ഭക്തര്‍ക്കുവേണ്ടിയാണ്. അതിനാല്‍ ക്ഷേത്രമതിലകത്താകെ അമൃതകല വിതറുന്ന ആത്മീയോര്‍ജ്ജത്തെ പൂര്‍വ്വസ്ഥിതിയില്‍ കൊണ്ടുവന്നിട്ടുവേണം ഭക്തര്‍ക്ക് ലൗകിക ജീവിതം തുടരുവാന്‍.
ഉത്സവദിനങ്ങള്‍ ദേവചൈതന്യം അതിന്‍റെ പാരമ്യതയില്‍ എത്തിനില്‍ക്കുന്ന സമയമാണ്. അത്യുജ്ജ്വലമായ ദേവചൈതന്യം ഏറ്റുവാങ്ങുവാന്‍ വേണ്ടിയാണ് കൊടിയേറ്റു മുതല്‍ കൊടിയിറക്കം വരെ ഭക്തജനങ്ങള്‍ ദേവസന്നിധിയില്‍ ഉണ്ടാവണം എന്നുപറയുന്നത്.
കൂടാതെ ഒരു സ്ഥലത്തെ ഉത്സവത്തിന് കൊടിയേറിക്കഴിഞ്ഞാല്‍ കൊടിയിറക്കം വരെ ഗ്രാമവാസികള്‍ ആ ഗ്രാമം വിട്ട് എങ്ങോട്ടും പോകരുത് എന്നുപറയുന്നതും മുകളില്‍ പറഞ്ഞ കാര്യം കൊണ്ടാണ്. അഥവാ ഏതെങ്കിലും കാരണവശാല്‍ നമുക്ക് കൊടിയേറ്റം കഴിഞ്ഞ് കൊടിയിറക്കത്തിന് നില്‍ക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ ദേവകോപം ഉണ്ടാകും എന്നൊക്കെ പറയുന്നതില്‍ കാര്യമൊന്നുമില്ല.
കൊടിയിറങ്ങുന്നതുവരെ വ്രതാനുഷ്ഠാനം വേണം എന്നാണ് പ്രമാണം.
