സന്താന സൗഭാഗ്യമരുളുന്ന മകുടേശ്വരന്‍
കൊങ്കുനാട്ടി (കോയമ്പത്തൂര്‍- ഈ റോഡ് പ്രദേശം) ലെ പ്രധാനപ്പെട്ട ഏഴ് ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് കൊടുമുടി മുകുടേശ്വരക്ഷേത്രം. കോയമ്പത്തൂരില്‍നിന്നും തിരുച്ചിറപ്പള്ളിയിലേക്കുള്ള മാര്‍ഗ്ഗമദ്ധ്യേ കരൂര്‍ നഗരത്തില്‍ നിന്നും ഇരുപത്തിയേഴ് കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്നു പുരാതനമായ ഈ ക്ഷേത്രം.
'കൊടു' എന്നാല്‍ മല എന്നും 'മുടി' എന്നാല്‍ ശിഖരം എന്നുമാണ് അര്‍ത്ഥം. മലയുടെ ശിഖരം തന്നെ മൂലസ്ഥാനമായിട്ടുള്ളതിനാല്‍ ശ്രീകോവിലില്‍ കുടികൊള്ളുന്ന പരമേശ്വരനെ കൊടുമുടിനാഥന്‍ എന്ന് വിളിക്കുന്നു. മകുടേശ്വരന്‍, കൊളുന്തീശ്വരന്‍ എന്നിവ അപരനാമങ്ങളാണ്. ദേവിക്ക് വടിവുടയനായകി, സൗന്ദര്യ നായകി എന്നിങ്ങനെയാണ് പേരുകള്‍. ഐതിഹ്യപ്പെരുമയാര്‍ന്ന ക്ഷേത്രവും കൂടിയാണിത്.
ആദിശേഷനും വായുഭഗവാനും തമ്മില്‍ തങ്ങളില്‍ ആരാണ് ബലവാന്‍ എന്നറിയാനായി ഒരു മത്സരമുണ്ടായി. ശക്തി തെളിയിക്കാനായി ആദിശേഷന്‍ മേരുപര്‍വ്വതത്തെ ബലമായി പിടിക്കണമെന്നും, അതിനെ വായുഭഗവാന്‍ തന്‍റെ വേഗതകൊണ്ട് പിഴുതെടുക്കണമെന്നും, ഇതില്‍ ആര് ജയിക്കുന്നുവോ അയാള്‍ ബലവാനായിത്തീരുമെന്നും ഇരുവരും പന്തയംവെച്ചു. അതുപ്രകാരം ആദിശേഷന്‍ മേരുവിനെ ബലമായി വട്ടംചുറ്റിപ്പിടിച്ചു. വായു തന്‍റെ സര്‍വ്വശക്തിയും ഉപയോഗിച്ച് കൊടുങ്കാറ്റ് വീശി ആദിശേഷന്‍റെ പിടിവിടുവിച്ച് താഴെ തള്ളിയിടാന്‍ ശ്രമിച്ചു. ആ സമയത്ത് മേരുമല ചിതറി അഞ്ചുകഷണങ്ങളായി ഭൂമിയില്‍ പതിച്ചു. അവ ഓരോന്നും രത്നങ്ങളായി മാറി ലിംഗങ്ങളായിത്തീര്‍ന്നു. ഇങ്ങനെ വൈരക്കല്ല് കൊടുമുടിയില്‍ വന്ന് വീണതിനെത്തുടര്‍ന്ന് വൈരക്കല്ല് ലിംഗമായി ശിവന്‍ ഇവിടെ കുടികൊള്ളുന്നതായിട്ടാണ് ഐതിഹ്യം. ചുവന്ന കല്ല് തിരുവണ്ണാമലയിലും മരതകക്കല്ല് ഈങ്കോയ് മലയിലും, നീലക്കല്ല് പൊതികയിലും മാണിക്യം വാട്ട്പോക്കി എന്ന അയ്യര്‍ മലയിലും വീണു.
പാര്‍വ്വതീ- പരമേശ്വര വിവാഹം കൈലാസത്തില്‍ നടക്കുന്ന വേളയില്‍ ത്രിമൂര്‍ത്തികളും ദേവന്മാരും മഹര്‍ഷിമാരുമൊക്കെ കൈലാസത്തില്‍ സമ്മേളിച്ചു. അതുകൊണ്ട് ഭൂമിയുടെ ഉത്തര ദിക്ക് താഴുകയും ദക്ഷിണദിക്ക് ഉയരുകയും ചെയ്തു. ഭൂമിയെ സമനിലയിലാക്കുവാന്‍ ശിവന്‍ അഗസ്ത്യമുനിയെ ചുമതലപ്പെടുത്തി. എന്നാല്‍ അഗസ്ത്യന്‍ 'എല്ലാവരും അങ്ങയുടെ വിവാഹക്കാഴ്ച കാണുമ്പോള്‍ എനിക്കങ്ങനെ അത് കാണാന്‍ കഴിയും' എന്ന് ആതങ്കത്തോടെ ചോദിച്ചു. പരമേശ്വരന്‍ തന്‍റെ വിവാഹരംഗം കൊടുമുടിയില്‍ വെച്ച് കാണിച്ചുതരാം എന്നുപറഞ്ഞ് ആശ്വസിപ്പിക്കവേ, അതുപ്രകാരം അഗസ്ത്യന്‍ തെക്കോട്ട് യാത്ര പുറപ്പെട്ട് ഭൂമിയെ സമനിലയിലാക്കി. അതിനുശേഷം കൊടുമുടിയില്‍ പരമേശ്വരന്‍ അഗസ്ത്യന് തന്‍റെ വിവാഹം കാണിച്ചുകൊടുത്തു.
പരമേശ്വരന്‍റെ വിവാഹം ദര്‍ശിക്കാന്‍ ബ്രഹ്മാവും വിഷ്ണുവും കൊടുമുടിയിലെത്തി അവിടെ ആസനസ്ഥരായി. അതുകൊണ്ട് ശൈവവൈഷ്ണവ സമത്വത്തോടെ ആരാധനനടത്തപ്പെടുന്ന ക്ഷേത്രംകൂടിയാണിത്. മൂര്‍ത്തികള്‍ പുറപ്പെട്ട് എഴുന്നള്ളുമ്പോള്‍, ശിവനും, വിഷ്ണും, പാര്‍വ്വതിയും ചേര്‍ന്ന് ദര്‍ശനമരുളുന്നത് ഇവിടുത്തെ പ്രത്യേകതയാണ്. ബ്രഹ്മാവിന്‍റെ അടയാളമായി ഇവിടെ ഒരു വഹ്നി മരമുണ്ട്. ഈ വഹ്നി മരത്തിന്‍റെ പ്രായം ഇതുവരെ കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ മരത്തിന്‍റെ ഒരു ഭാഗത്ത് മുള്ളുകളുണ്ടെന്നതും മറുഭാഗത്ത് മുള്ളില്ലെന്നതും അത്ഭുതമാണ്. വഹ്നി മരച്ചുവട്ടില്‍ മൂന്ന് മുഖങ്ങളുള്ള ബ്രഹ്മാവിനെ ദര്‍ശിക്കാം. വഹ്നി മരം ബ്രഹ്മാവിന്‍റെ മറ്റൊരു മുഖമായിട്ടാണ് സങ്കല്‍പ്പിക്കപ്പെടുന്നത്.
ആദിശേഷനാല്‍ സൃഷ്ടിക്കപ്പെട്ട ക്ഷേത്രമാണിതെന്നതുകൊണ്ട് നാഗവഴിപാട് ഇവിടുത്തെ പ്രത്യേകതയാണ്. കാവേരിയുടെ കരയിലുള്ള ഈ ക്ഷേത്രം പല തീര്‍ത്ഥങ്ങളോടുകൂടിയതാണ്. ദര്‍ശിച്ച മാത്രയില്‍തന്നെ ജന്മപാപങ്ങളകറ്റി മുക്തിയേകുന്ന സ്വയംഭൂമൂര്‍ത്തിയാണ് മകുടലിംഗേശ്വരന്‍. മൂര്‍ത്തി, സ്ഥലം, തീര്‍ത്ഥം എന്നീ മൂന്ന് കാര്യങ്ങളിലും കൊടുമുടി മകുടലിംഗേശ്വരക്ഷേത്രം കീര്‍ത്തി നേടിയതാണ്.
കൊടുമുടി എന്ന ഈ പുണ്യസ്ഥലത്തില്‍ ബ്രഹ്മാവ് വഴിപാട് നടത്തിയതിനാല്‍ ബ്രഹ്മപുരി എന്നും വിഷ്ണു പൂജ ചെയ്തതാല്‍ ഹരികാപുരം എന്നും ഗരുഡന്‍ പൂജിച്ച് ദേവലോകത്ത് പോയി അമൃത് കൊണ്ടുവന്നതിനാല്‍ അമൃതപുരി എന്നും, ഭരദ്വാജന് ശിവന്‍ തന്‍റെ നൃത്തം കാണിച്ചുകൊടുത്തതിനാല്‍ ഭരദ്വാജക്ഷേത്രം എന്നും, മേരുവിന്‍റെ ഒരു കഷണം വൈരക്കല്ലായി ഇവിടെ വീണതിനാല്‍ ദക്ഷിണകൈലാസം എന്നും പേരുകള്‍ കൊടുമുടിക്കുണ്ട്.
അവിട്ടം നക്ഷത്രത്തില്‍ പിറന്നവര്‍ വഴിപാടു നടത്തേണ്ട ക്ഷേത്രമാണിത്. അവിട്ടം നക്ഷത്രക്കാര്‍ തങ്ങള്‍ക്കുണ്ടാവുന്ന ദോഷങ്ങള്‍ മാറാന്‍ കൊടുമുടി ക്ഷേത്രത്തിലെ മകുടേശ്വരനേയും ശനി ഭഗവാനേയും തൊഴുത് പ്രാര്‍ത്ഥിക്കുന്നു. ബ്രഹ്മാവിന് അവിട്ടംനാളിലാണ് ജ്ഞാനം സിദ്ധിച്ചതെന്നതിനാല്‍ ഇവിടം അവിട്ടം നക്ഷത്രക്കാര്‍ക്കുള്ള ക്ഷേത്രമായും അറിയപ്പെടുന്നു.
അവിട്ടം നക്ഷത്രക്കാര്‍ ജന്മനക്ഷത്രദിവസം ക്ഷേത്രത്തിലെത്തി കാവേരിയില്‍ കുളിച്ച് മകുടേശ്വരനെ ദര്‍ശിച്ച് അര്‍ച്ചന ചെയ്ത് പ്രാര്‍ത്ഥിച്ചശേഷം ദേവിക്കും അര്‍ച്ചന നടത്തി പ്രാര്‍ത്ഥിക്കണം. ഈ വഴിപാടിലൂടെ സര്‍വ്വദോഷങ്ങളും അകലുമെന്നാണ് വിശ്വാസം. ഈ ക്ഷേത്രത്തില്‍ ശനീശ്വരന്‍ ഒരു കയ്യില്‍ ശൂലവും മറുകയ്യില്‍ പാമ്പിനേയും പിടിച്ചുകൊണ്ട് കാകവാഹനത്തില്‍ ആസനസ്ഥനായി പടിഞ്ഞാറുഭാഗത്തേയ്ക്ക് അഭിമുഖമായിട്ട് ദര്‍ശനമരുളുന്നു. എത്ര കടുത്ത ശനിദോഷമുള്ളവരും ഈ ശനീശ്വരന് വഴിപാടായി വിളക്കു കത്തിച്ച് പ്രാര്‍ത്ഥിച്ചാല്‍ ദോഷശാന്തിയുണ്ടാവും എന്ന് ഭക്തര്‍ അചഞ്ചലമായി വിശ്വസിക്കുന്നു. ക്ഷേത്രത്തിനെതിരേ കവേരിക്കരയില്‍ കുടികൊള്ളുന്ന ഗണപതിയെ തൊഴുത് പ്രാര്‍ത്ഥിച്ചശേഷമേ മകുടേശ്വരക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിക്കാന്‍ പാടുള്ളു എന്നാണ് നിയമം.
ദക്ഷിണ കേരളത്തില്‍ നിന്നുമുള്ള ഭക്തര്‍ക്ക് മധുര, ധാരാപുരം വഴിയും ഉത്തരകേരളത്തില്‍ നിന്നുമുള്ളവര്‍ക്ക് കോയമ്പത്തൂര്‍, പല്ലടം വഴിയും കരൂര്‍ നഗരത്തിലെത്താം. കരൂരില്‍നിന്നും അരമണിക്കൂര്‍ യാത്ര ചെയ്താല്‍ കൊടുമുടി മകുടേശ്വരക്ഷേത്രത്തിലെത്താം. മകുടേശ്വരക്ഷേത്രദര്‍ശനവും വഴിപാടും പ്രാര്‍ത്ഥനയും സര്‍പ്പദോഷങ്ങളും ഗ്രഹദോഷങ്ങളുമടക്കമുള്ള സര്‍വ്വ പാപങ്ങളുമകറ്റി സന്താനഭാഗ്യവും ജീവിത സൗഭാഗ്യങ്ങളുമേകുന്നു.
