കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രവും ഒന്നുകുറേ ആയിരം യോഗക്കാരും

കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രവും ഒന്നുകുറേ ആയിരം യോഗക്കാരും

HIGHLIGHTS

കേരളത്തിലങ്ങോളമിങ്ങോളമുള്ള ജനഹൃദയങ്ങളില്‍ അനവധി നൂറ്റാണ്ടുകളായി കുടികൊള്ളുന്ന സര്‍വ്വാഭീഷ്ടദായിനിയാണല്ലോ പരാശക്തി സ്വരൂപിണിയായ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബാമ്മ.ഒന്നുകുറേ ആയിരം യോഗം എന്നുപറഞ്ഞാല്‍ തൊള്ളായിരത്തി തൊണ്ണൂറ്റൊമ്പത് അംഗങ്ങളുള്ള ഒരു സംഘടനയാണിത്. കൊടുങ്ങല്ലൂര്‍ ക്ഷേത്രഭരണ സംവിധാനങ്ങളിലും ക്ഷേമാന്വേഷണങ്ങളിലും ഒതുങ്ങി ദേവിയെ ആരാധിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

കേരളത്തിലെ പ്രാചീന ഹൈന്ദവ ആരാധനാലയങ്ങളായിരുന്നു കാളിക്കാവുകള്‍. കാവും കുളവും കാളിയുമെല്ലാം ഇവിടുത്തെ ആദിദ്രാവിഡ സംസ്‌ക്കാരവുമായി ബന്ധപ്പെട്ടുകിടക്കുന്നു. അമ്മയും അയ്യനുമായിരുന്നു കാവിലെ പ്രധാന ആരാധനാമൂര്‍ത്തികള്‍. ഗ്രാമത്തിന്റെ രക്ഷാദേവനായി അയ്യനേയും ഗ്രാമവാസികളെ ദുരിതങ്ങളില്‍ നിന്നും രക്ഷിക്കുന്നവളായി അമ്മയേയും കണക്കാക്കിവന്നു. കേരളത്തിലെ ശാക്തേയ ആരാധനാലയങ്ങളില്‍ ശ്രദ്ധേയമായ സ്ഥാനമാണ് കൊടുങ്ങല്ലൂര്‍ കാവിനുള്ളത്. കേരളത്തിലങ്ങോളമിങ്ങോളമുള്ള ജനഹൃദയങ്ങളില്‍ അനവധി നൂറ്റാണ്ടുകളായി കുടികൊള്ളുന്ന സര്‍വ്വാഭീഷ്ടദായിനിയാണല്ലോ പരാശക്തി സ്വരൂപിണിയായ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബാമ്മ.

നിരവധി അരയാല്‍, പേരാല്‍ മരങ്ങള്‍ തണല്‍ വിരിച്ചുനില്‍ക്കുന്ന പത്തേക്കറോളം വിസ്തൃതിയുള്ള ക്ഷേത്രമൈതാനിയില്‍ ദീര്‍ഘചതുരാകൃതിയില്‍ പണിത് ചെമ്പുമേഞ്ഞ ശ്രീകോവിലിനുള്ളില്‍ സപ്തമാതൃക്കളോടുകൂടി വടക്കോട്ട് ദര്‍ശനമായി ഇഷ്ടവരദായിനിയായി ദേവി വാണരുളുന്നു.

ഭരണപരമായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് ക്ഷേത്രഭരണമെങ്കിലും ചരിത്രപരമായി ഒന്നുകുറേ ആയിരം യോഗക്കാര്‍ക്കും നല്ല പ്രാധാന്യമാണ് ക്ഷേത്രത്തിലുള്ളത്. ക്ഷേത്രത്തിന് തൊട്ടടുത്തുനിന്ന് കിഴക്കോട്ട് ഒന്നുകുറേ ആയിരം യോഗത്തിന്റെ ഓഫീസ് വരെയുള്ള സ്ഥലത്ത് എല്ലാ മലയാളമാസം ഒന്നാം തീയതിയും 'നിഴലിരിക്കല്‍' നടത്തുന്നു. ക്ഷേത്രത്തിന് കുറച്ച് കിഴക്കുമാറി അടികള്‍മാരുടെ മഠത്തിന് സമീപത്തുനിന്നും ആരംഭിക്കുന്ന ഒരു ഗുഹയുണ്ട്. ആ ഗുഹ അവസാനിക്കുന്നത് ക്ഷേത്രസമീപമാണ്. ആ ഗുഹക്കിരുവശവുമാണ് ഒന്നുകുറേ ആയിരം യോഗക്കാര്‍ നിഴലിരിക്കല്‍ ചടങ്ങ് നടത്തുന്നത്.

ഒന്നുകുറേ ആയിരം യോഗം എന്നുപറഞ്ഞാല്‍ തൊള്ളായിരത്തി തൊണ്ണൂറ്റൊമ്പത് അംഗങ്ങളുള്ള ഒരു സംഘടനയാണിത്. കൊടുങ്ങല്ലൂര്‍ ക്ഷേത്രഭരണ സംവിധാനങ്ങളിലും ക്ഷേമാന്വേഷണങ്ങളിലും ഒതുങ്ങി ദേവിയെ ആരാധിക്കുകയാണ് ഇതിന്റെ ലക്ഷ്യം. സംഘടനയുടെ പേരില്‍ നിന്നുതന്നെ ആയിരത്തില്‍ ഒന്ന് കുറവുള്ള തൊള്ളായിരത്തി തൊണ്ണൂറ്റൊമ്പത് അംഗസംഖ്യയുള്ള സംഘടനയാണെന്ന് വ്യക്തമാകുന്നു. കൊച്ചി രാജ്യത്തിന്റേയും സാമൂതിരി രാജ്യത്തിന്റേയും മറ്റും മേല്‍ക്കോയ്മയില്‍ കൊടുങ്ങല്ലൂര്‍ വലിയ തമ്പുരാന്‍ കൊടുങ്ങല്ലൂര്‍ ഭരിക്കുന്നതോടൊപ്പം കൊടുങ്ങല്ലൂര്‍ ക്ഷേത്രവും ഭരിച്ചുപോന്നു. ദേവി സംഘടനയുടെ രക്ഷാധികാരിയാണ്. ആ കുറവുള്ള 'ഒന്ന്' പരാശക്തിയായ കൊടുങ്ങല്ലൂര്‍ ഭഗവതിയും 'കുറേ ആയിരം' യോഗാംഗങ്ങളുമാണെന്ന് കരുതാം.

പെരുമാക്കന്മാരുടെ അംഗരക്ഷകരായിരുന്ന അഞ്ഞൂറ്റവര്‍ മുന്നൂറ്റവര്‍ പോലെ രക്ഷകസ്ഥാനത്തുതന്നെ നിലനിന്നിരുന്ന ഒന്നുകുറേ ആയിരം എന്ന നായര്‍ സൈന്യമാണ് ലോകര്‍ എന്ന പേരില്‍ കൊടുങ്ങല്ലൂര്‍ കാവില്‍ 'കൂട്ടം' ഇരിക്കുകയും തമ്പുരാനെ രക്ഷകനായി വാഴിച്ച് അകമ്പടി സേവിക്കുകയും ചെയ്തിരുന്നതെന്നാണ് ചരിത്രം പറയുന്നത്. ഈ കൂട്ടമിരിക്കല്‍- നിഴലിരിക്കല്‍ ചടങ്ങ് ഇന്നും എല്ലാ മലയാളമാസം ഒന്നാം തീയതികളില്‍ ക്ഷേത്രസങ്കേതത്തില്‍ ചടങ്ങായി നടന്നുവരുന്നുണ്ട്.

അധികാരം നിലനിന്നിരുന്ന പഴയകാല സ്മരണ നിലനിര്‍ത്തുന്ന ഒരു ചടങ്ങാണിത്. കൂട്ടമിരുന്നു കഴിഞ്ഞാല്‍ അനുവാദവാചകങ്ങള്‍ വിളിച്ചുചോദിക്കുകയും മറ്റുള്ളവര്‍ 'അങ്ങനെത്തന്നെ' എന്ന് സമ്മതിക്കുകയും ചെയ്യുന്ന ചടങ്ങ് ഇന്നും നടന്നുവരുന്നു. മാസം തോറും നടന്നിരുന്ന അംഗങ്ങളുടെ ഒരു കാര്യാലോചനായോഗത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്ന ചടങ്ങായിട്ടും ഇതിനെ കരുതാം.

'താലപ്പൊലി പണം വയ്ക്കുക' എന്ന ചടങ്ങും ക്ഷേത്രവുമായി യോഗത്തിന് ഉണ്ടായിരുന്ന പഴയ ബന്ധത്തെ ഓര്‍മ്മിപ്പിക്കുന്നു. ധനു ഒന്നിന് മുണ്ടഞ്ചേരി മേനോനും മകരം ഒന്നിന് കിളിക്കോട്ടുപണിക്കരും ആണ് പണം വയ്ക്കുന്നതിനുള്ള അവകാശികള്‍. ആ ചടങ്ങ് പണ്ട് കാലത്ത് താലപ്പൊലി നടത്തുന്നതിനുള്ള സംഖ്യ സ്വരൂപിക്കലിന്റെ സ്മരണ നിലനിര്‍ത്തുന്നതാണത്രേ. കരക്കാരില്‍ നിന്ന് പിരിച്ചെടുക്കുന്ന രീതിയല്ല അന്നുണ്ടായിരുന്നത്. അവര്‍ സ്വമേധയാ അര്‍പ്പിക്കുന്ന സംഖ്യ കൊണ്ട് നടത്തുകയാണത്രേ പതിവ്. അന്ന് അവര്‍ക്ക് ധനസ്ഥിതി അനുസരിച്ച് സംഖ്യ നല്‍കാനുള്ള വലിയ മനസ്സും ഉണ്ടായിരുന്നു. ഒന്നാം താലപ്പൊലി ഇന്നും ഒന്നുകുറേ ആയിരം യോഗം വക തന്നെയാണ് നടന്നുവരുന്നത്.

ഒന്നുകുറേ ആയിരം യോഗത്തിന് പുറമെ ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റ് സംഘടനകളാണ് 'ഐരൂര്‍ അയ്യായിരവും' 'പതിനെട്ടരയാളും.' കൊടുങ്ങല്ലൂരിന്റെ വടക്കെ അതിര്‍ത്തിയായ കോതപ്പറമ്പു മുതല്‍ ചേറുവ അഴി വരെയുള്ള സ്ഥലത്തെ നായര്‍ തറവാടുകളിലെ അംഗങ്ങളുടെ ഒരു സംഘടനയാണ് 'ഐരൂര്‍ അയ്യായിരം.' രണ്ടാം താലപ്പൊലി മുന്‍കാലങ്ങളില്‍ നടത്തിയിരുന്നത് ഈ സംഘടനയായിരുന്നു. ക്ഷേത്രത്തില്‍ നിന്ന് വടക്കുഭാഗത്ത് പടിഞ്ഞാറോട്ട് മാറി നാല് കിലോമീറ്ററോളം അകലെയുള്ള എടവിലങ്ങ് വില്ലേജിലാണ് 'പതിനെട്ടരയാളം' എന്ന കോവിലകം. മൂന്നാം ദിവസത്തെ താലപ്പൊലി നടത്തിയിരുന്നത് ഇവരുടെ ആഭിമുഖ്യത്തിലാണ്.

താലപ്പൊലി നാളിലും ഭരണി കഴിഞ്ഞും ഈ ഗുഹയ്ക്ക് പ്രാധാന്യമുണ്ട്. താലപ്പൊലി നാളുകളില്‍ ആന എഴുന്നെള്ളിപ്പ് ഈ ഗുഹ മുറിച്ചുകടക്കാറില്ല. ആനയുടെ ഭാരത്താല്‍ ഗുഹ ഇടിഞ്ഞു പോകുമെന്നുള്ളതുകൊണ്ടാണിത്. ഉച്ചയ്ക്ക് 12 മണിക്കും രാത്രി 12 നും ക്ഷേത്രത്തിന്റെ കുറച്ച് തെക്കുമാറിയിട്ടുള്ള കുരുംബാമ്മ നടയില്‍ നിന്നാണ് താലപ്പൊലിയോടനുബന്ധിച്ചുള്ള എഴുന്നെള്ളിപ്പുകള്‍ ആരംഭിക്കുക.

അടികള്‍മാരുടെ മഠങ്ങള്‍ക്ക് മുന്നില്‍ നിന്നും ആരംഭിച്ച് ക്ഷേത്രത്തിന്റെ പള്ളിമാടത്തറയില്‍ അവസാനിക്കുന്ന ഒരു ഗുഹയുണ്ടായിരുന്നു. അതുകൊണ്ട് താലപ്പൊലിയോടനുബന്ധിച്ചുള്ള ആന എഴുന്നെള്ളിപ്പ് മൂലം ഗുഹ ഇടിഞ്ഞുപോകുമെന്നുള്ള വിശ്വാസമുള്ളതിനാല്‍ പൂര്‍ണ്ണപ്രദക്ഷിണം പതിവില്ല. ഗുഹയുള്ള സ്ഥലത്തെത്തുമ്പോള്‍ ആനപ്പുറത്തുനിന്നും തിടമ്പ് താഴെയിറക്കി പൂജാരി പ്രദക്ഷിണം വയ്ക്കുകയാണ് ചെയ്യുക.

എഴുന്നെള്ളിപ്പിനോടൊപ്പമുള്ള മേളം അവസാനിച്ചാല്‍ സന്ധ്യയോടെ വടക്കുകിഴക്കുനടയില്‍ കോലം ഇറക്കി പൂജ നടത്തി കുത്തുവിളക്കിന്റെ അകമ്പടിയോടെ കിഴക്കേ നടയിലൂടെ ഭഗവതിയെ ക്ഷേത്രത്തിലേക്ക് ആനയിക്കുകയാണ് പതിവ്.

അശ്വതിക്കാവുതീണ്ടലും ഭരണിയും കഴിഞ്ഞ് ഭഗവതിക്ക് വരിയരിപ്പായസം നിവേദിക്കും. ക്ഷേത്രകിഴക്കേനട  തുറന്ന് അകത്ത് പ്രവേശിക്കുന്ന അടികള്‍മാരാണ് പായസം തയ്യാറാക്കുക. 12 ഇടങ്ങഴി വരിയരി, 101 കദളിപ്പഴം, 40 കിലോ ശര്‍ക്കര, രണ്ട് കിലോ നെയ്യ്, 101 നാളികേരം, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ ചേര്‍ത്താണ് ഔഷധഗുണമുള്ള പായസം തയ്യാറാക്കുക. കാളി- ദാരിക അങ്കത്തില്‍ മുറിവേറ്റ് ചികിത്സകള്‍ കഴിഞ്ഞ് ഭഗവതി ആദ്യമായി ആഹാരം കഴിക്കുന്നുവെന്ന വിശ്വാസത്തിന്റെ ഭാഗമാണ് വരിയരിപ്പായസം നിവേദ്യം.

പള്ളിമാടത്തറയില്‍ നെറ്റിപ്പട്ടത്തിന് മുന്നിലായി വാല്‍ക്കണ്ണാടിയും തിരുവുടയാടയും വെച്ച് ദേവിയെ സങ്കല്‍പ്പിച്ചിരുത്തും. ഒരാഴ്ചക്കാലം ഇവിടെയാണ് ദേവി ഭക്തര്‍ക്ക് ദര്‍ശനം നല്‍കുക. ഈ സമയം ക്ഷേത്രനട തുറക്കാറില്ല. പകരം അടികള്‍മാര്‍ ഗുഹയിലൂടെ ചെന്നാണ് പൂജ നടത്തി തിരിച്ചുപോന്നിരുന്നതെന്നാണ് പറയപ്പെടുന്നത്. ഇപ്പോള്‍ ഈ ഗുഹ അടച്ചിട്ടിരിക്കുകയാണ്. ആര്‍ക്കും പ്രവേശനമില്ല. വടക്കേനടയില്‍ വെന്നിക്കൊടിയുയര്‍ത്തി കൂശ്മാണ്ഡബലി നടത്തുന്നതോടെയാണ് ഭരണിയോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ സമാപിക്കുക. പിന്നീട് ഒരാഴ്ച കഴിഞ്ഞാണ് നട തുറക്കുക.

ദൈവികമായി കൂട്ടിയിണക്കി ക്കൊണ്ടുള്ള ഒരു സംഘടന എന്ന നിലയിലായാലും ഇത്രയും പഴക്കമുള്ള ഒരു സംഘടന കേരളത്തിലുണ്ടോ എന്ന് സംശയമാണ്. യോഗത്തിന്റെ എല്ലാവിധ ശ്രേയസ്സിനും നിലനില്‍പ്പിനും കാരണഭൂത പരാശക്തിയായ 'ഒന്നു' തന്നെയാണെന്ന് നിസ്സംശയം പറയാവുന്നതാണ്.


ബാബുരാജ് പൊറത്തിശ്ശേരി
 9846025010