കൊടുങ്ങല്ലൂരമ്മയ്ക്ക് മക്കളുടെ താലപ്പൊലി
കേരളത്തിലെ ശാക്തേയ ആരാധനാലയങ്ങളില്‍ ശ്രദ്ധേയമായ സ്ഥാനമാണ് കൊടുങ്ങല്ലൂര്‍ കാവിനുള്ളത്. കേരളത്തിലങ്ങോളമിങ്ങോളമുള്ള ജനഹൃദയങ്ങളില്‍ അനവധി നൂറ്റാണ്ടുകളായി കുടികൊള്ളുന്ന സര്വ്വാഭീഷ്ടദായിനിയാണല്ലോ പരാശക്തി സ്വരൂപിണിയായ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബാമ്മ. അമ്മയുടെ തട്ടകം ആഘോഷിക്കുന്ന ഉത്സവം ഭരണിയല്ല, മകരമാസത്തിലെ താലപ്പൊലിയാണ്. മകരം ഒന്ന് മുതല്‍ നാല് ദിവസമാണ് കൊടുങ്ങല്ലൂരമ്മയുടെ താലപ്പൊലി കൊണ്ടാടപ്പെടുന്നത്. വ്രതശുദ്ധകളായ കന്യകമാര്‍ മംഗളവസ്തുക്കളും കാഴ്ചദ്രവ്യങ്ങളും അമ്മദേവിക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം സമര്‍പ്പിക്കുന്ന ചടങ്ങാണ് താലപ്പൊലിയുത്സവത്തിന് മാറ്റ് കൂട്ടുന്നത്. താലപ്പൊലി നാളുകളില്‍ പൂജകള്‍ക്ക് മാത്രമേ നടയടയ്ക്കാറുള്ളൂ. ബാക്കി സമയമത്രയും ദേവി ഭക്തര്‍ക്ക് ദര്‍ശനമരുളും.
കേരളത്തിലെ ശാക്തേയ ആരാധനാലയങ്ങളില്‍ ശ്രദ്ധേയമായ സ്ഥാനമാണ് കൊടുങ്ങല്ലൂര്‍ കാവിനുള്ളത്. കേരളത്തിലങ്ങോളമിങ്ങോളമുള്ള ജനഹൃദയങ്ങളില്‍ അനവധി നൂറ്റാണ്ടുകളായി കുടികൊള്ളുന്ന സര്വ്വാഭീഷ്ടദായിനിയാണല്ലോ പരാശക്തി സ്വരൂപിണിയായ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബാമ്മ. കേരളത്തിലെ ഒട്ടുമിക്ക ശാക്തേയ ആരാധനാകേന്ദ്രങ്ങളും ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ കൊടുങ്ങല്ലൂരമ്മയുമായി ബന്ധപ്പെട്ടുകിടക്കുന്നു.
കാവും കുളവും കാളിയുമെല്ലാം ഇവിടുത്തെ ആദിദ്രാവിഡ സംസ്കാരവുമായി ബന്ധപ്പെട്ടുകിടക്കുന്നു. അമ്മയും അയ്യനുമായിരുന്നു കാവിലെ പ്രധാന ആരാധനാമൂര്‍ത്തികള്‍. ഗ്രാമത്തിന്റെ രക്ഷാദേവനായി അയ്യനേയും ഗ്രാമവാസികളെ ദുരിതങ്ങളില്‍ നിന്നും രക്ഷിക്കുന്നവളായി അമ്മയേയും കണക്കാക്കി വന്നു. കേരളത്തിലെ പ്രാചീന ഹൈന്ദവ ആരാധനാലയങ്ങളായിരുന്നു കാളിക്കാവുകള്.

പരശുരാമന് 192 ക്ഷേത്രങ്ങള്‍ കേരളത്തില്‍ സ്ഥാപിച്ചുവെന്നും അതില്‍ 64 ശിവക്ഷേത്രങ്ങളും 64 വിഷ്ണുക്ഷേത്രങ്ങളും 64 ദേവീക്ഷേത്രങ്ങളുമാണെന്ന് പറയപ്പെടുന്നു. ദേവീക്ഷേത്രങ്ങളില്‍ അതിപ്രധാനങ്ങളായ 4 എണ്ണം നാല് ദിശയിലുമായിരുന്നു. തെക്കുഭാഗത്ത് കന്യാകുമാരിയില്‍ ബാലാംബികയും വടക്കുഭാഗത്ത് കൊല്ലൂരില്‍ മൂകാംബികയും കിഴക്കുഭാഗത്ത് കരിമലയില്‍(പാലക്കാട്) ഹേമാംബികയും പടിഞ്ഞാറ് ഭാഗത്ത് കൊടുങ്ങല്ലൂരില്‍ ലോകാംബികയും ആയിട്ടാണത്രേ പ്രതിഷ്ഠിച്ചത്.
ഇതില്‍ രണ്ട് ക്ഷേത്രങ്ങളെ കേരളത്തില്‍ സ്ഥിതി ചെയ്യുന്നുള്ളൂ. അതില്‍ പ്രമുഖമായിട്ടുള്ളതാണ് കൊടുങ്ങല്ലൂരില്‍ വാഴുന്ന ലോകാംബിക എന്ന കൊടുങ്ങല്ലൂരമ്മ. കേരളക്കരയുടെ സംരക്ഷണത്തിനായി നാല് അതിരുകള്‍ ഉണ്ടായിരുന്നു. ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെയായിരുന്നു. പിന്നീട് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ തിരിച്ചപ്പോള്‍ മൂകാംബിക കര്‍ണ്ണാടകത്തിലും കന്യാകുമാരി തമിഴ്നാട്ടിലും ആയി മാറി. ഇന്നും മൂകാംബികയിലും കന്യാകുമാരിയിലും എത്തുന്ന ഭക്തരില്‍ കൂടുതലും മലയാളികളാണ്.
നിഗ്രഹാനുഗ്രഹശക്തിയെ ഒരേസമയം പ്രദാനം ചെയ്യാന്‍ കഴിയുന്ന മൂര്‍ത്തി സങ്കല്‍പ്പമാണ് ഭദ്രകാളിക്കുള്ളത്. തല്‍ഫലമായി വീരമൂര്ത്തിയായി കാളിയെ ഗണിക്കുന്നു. വാളും ചിലമ്പും കാളിയുടെ പ്രതീകങ്ങളായി കരുതിപ്പോരുന്നു. ദാരികന് എന്ന ദാനവേന്ദ്രനെ നിഗ്രഹിക്കാന്‍ ശിവന്റെ അഗ്നിമയമായ കണ്ണില്‍ നിന്നും അവതാരം ചെയ്തവളാണ് ഭദ്രകാളി. ദക്ഷന്റെ യാഗാഗ്നിയില്‍ സതിദേഹത്യാഗം ചെയ്തതില്‍ ക്രുദ്ധനായിത്തീര്‍ന്ന പരമശിവന് ദക്ഷനോടുള്ള പ്രതികാരത്തിനായി തന്റെ ജട നിലത്തടിച്ചു സൃഷ്ടിച്ചവള്‍ എന്നും ഭദ്രകാളിയുടെ ജനനത്തെപ്പറ്റി കരുതപ്പെടുന്നു.

പണ്ട് തൃശൂര്‍ വടക്കുംനാഥന് ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് കാടായിരുന്നപ്പോള്‍ മരണശിക്ഷയ്ക്ക് വിധിച്ച കുറ്റവാളികളെ വടക്കുംനാഥന്റെ ഗോപുരം തുറന്ന് തെക്കോട്ട് കാട്ടിലേക്ക് കൊടുങ്ങല്ലൂര്‍ ഭഗവതിക്ക് ബലിയായി സങ്കല്പ്പിച്ചാണത്രേ ഇറക്കിവിട്ടിരുന്നത്.
ഭദ്രം എന്ന വാക്കിന് മംഗളമെന്നും ക്ഷേമമെന്നും അര്‍ത്ഥമുണ്ട്. മംഗളത്തെ അഥവാ ക്ഷേമത്തെ പ്രദാനം ചെയ്യുന്ന ഈശ്വരിയായതുകൊണ്ട് ഭദ്രകാളി എന്ന നാമം നല്കി ആരാധിച്ചുവരുന്നു. നീലി, കുരുംബ, വസൂരിമാല എന്നിങ്ങനെ വ്യത്യസ്ത പേരുകളില്‍ ഭദ്രകാളി അറിയപ്പെടുന്നു. കളമെഴുത്തുംപാട്ടും, തെയ്യം, തിറ, മുടിയേറ്റ്, താലപ്പൊലി തുടങ്ങിയ വിവിധ ആചാര ആഘോഷങ്ങള്‍ ഭദ്രകാളി ക്ഷേത്രങ്ങളില്‍ നടന്നുവരുന്നു. ദുര്‍ഗ്ഗാഭഗവതിയുടെ അത്യന്തം ഭീതികരമായ കരാളഭാവമാണ് ഭദ്രകാളി എന്നാണ് വിശ്വാസം.
കുരുംബക്കാവ് എന്ന കൊടുങ്ങല്ലൂര്‍ ക്ഷേത്രം
നിവധി അരയാല്‍, പേരാല്‍ മരങ്ങള്‍ തണല്‍ വിരിച്ചുനില്ക്കുന്ന പത്തേക്കറോളം വിസ്തൃതിയുള്ള ക്ഷേത്രമൈതാനിയില്‍ ദീര്‍ഘചതുരാകൃതിയില്‍ പണിത് ചെമ്പ് മേഞ്ഞ ശ്രീകോവിനുള്ളില്‍ സപ്തമാതൃക്കളോടുകൂടി വടക്കോട്ട് ദര്‍ശനമായി ഇഷ്ടവരദായിനിയായി ദേവി വാണരുളുന്നു. ചതുരാകൃതിയില്‍ പണിത് ചെമ്പ് മേഞ്ഞ പ്രത്യേക ശ്രീകോവിലിനുള്ളില്‍ കിഴക്ക് ദര്‍ശനമായി ശ്രീ പരമേശ്വരനും കുടികൊള്ളുന്നു. വരിക്കപ്ലാവിന്റെ തടിയില്‍ പണിതിട്ടുള്ള ദേവീവിഗ്രഹത്തില്‍ മേടത്തിലെ കാര്‍ത്തികയ്ക്ക് തേക്കിന് കറയും ഗോരോചനവും കസ്തൂരിയും കൂടി ചേര്‍ത്ത് തയ്യാര്‍ ചെയ്യുന്ന ചാന്ത് ആടുന്നു. ദാരുവിഗ്രഹങ്ങള്ക്ക് കേട് സംഭവിക്കാതിരിക്കാനാണ് ചാന്താട്ടം നടത്തുന്നത്.
.jpg)
ശ്രീകോവിലിന് സാമാന്യം വലിപ്പമുണ്ട്. ദേവിയുടെ എട്ട് കൈകളോടുകൂടിയ വലിയ രൗദ്രരസത്തോടുകൂടിയതും ഭംഗിയുള്ളതുമായ വിഗ്രഹമാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. അതിന് മുന്നില്‍ അഷ്ടബന്ധം ഇട്ട് പീഠത്തില്‍ ഉറപ്പിച്ച ബലിക്കല്ലും ഉണ്ട്. ഈ ബലിക്കല്ല് സ്വര്‍ണ്ണഗോളകയും പ്രഭാമണ്ഡലവും ഉള്ളതാണ്. ദാരുബിംബം എടുത്തുമാറ്റാവുന്ന സ്വര്ണ്ണഗോളകകള് കൊണ്ട് പൊതിഞ്ഞതാണ്. എട്ട് കൈകളില്‍ വലതുഭാഗത്ത് മുകളില്‍ നിന്നും താഴോട്ട് ആദ്യത്തേതില്‍ തൃശൂലവും രണ്ടാമത്തേതില്‍ ഖഡ്ഗവും മൂന്നാമത്തേതില്‍ കൈമുന്നിലേയ്ക്ക് മടക്കി മേല്‍ വയറിനോടൊപ്പം നില്ക്കുന്നതില് 'നന്നാഗം' വാളും നാലാമത്തേതില്‍ ദാരുകശിരസ്സ് എന്നിവയും ഇടതുഭാഗത്ത് ഒന്നാമത്തേതില്‍ നാഗവും രണ്ടാമത്തേതില്‍ ചിലമ്പും മൂന്നാമത്തേത് മുമ്പിലേക്ക് മടക്കിപ്പിടിച്ച വട്ടകയും നാലാമത്തേതില്‍ മണിയുമാണ് കാണുന്നത്. വിഗ്രഹത്തിന്റെ ഇടത്തേ കാതില്‍ ആനയും വലത്തേ കാതില്‍ സിംഹവും ആണ് ആഭരണമായിട്ടുള്ളത്. ഇവ രണ്ടും തങ്കത്തില്‍ പണിതീര്ത്തിട്ടുള്ളതാണ്.
പരശുരാമന് പടിഞ്ഞാറ് ദര്‍ശനമായി നാല് ചുറ്റും അടച്ചുകെട്ടി ലോകത്തിലെ വലിയ ശക്തിപീഠമായി പ്രതിഷ്ഠ നടത്തി, കൊടുങ്ങല്ലൂരമ്മ ക്ഷേത്രം എന്ന് വിശ്വപ്രസിദ്ധമായ സ്ഥലം. ഇവിടെ മിക്ക ഭക്തരും ഭഗവതി എന്നല്ല ദേവിയെ വിളിക്കുന്നത്.
കൊടുങ്ങല്ലൂരമ്മേ, ദേവി മഹാമായേ എന്നൊക്കെയാണ്. എല്ലാവര്ക്കും ഇവിടുത്തെ ദേവി അമ്മയാണ്. അമ്മ എന്ന് സൂചിപ്പിക്കുന്നത് മക്കളുടെ തെറ്റുകള്‍ പൊറുക്കുന്നവള് എന്നാണ്. ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായ ത്രിവിക്രമന്‍ അടികളും മേല്‍ശാന്തി രാജേന്ദ്രന് നമ്പൂതിരിയും പറയുന്നു.
മകരമാസത്തിലെതാലപ്പൊലി
ക്ഷേത്രത്തിലെ മുഖ്യ ഉത്സവം മീനമാസത്തിലെ ഭരണിയാണ്. അശ്വതിനാളിലെ തൃച്ചന്ദനച്ചാര്ത്ത് പൂജയും കാവുതീണ്ടലുമാണ് ഭരണിയോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങുകള്‍. അമ്മയുടെ തട്ടകം ആഘോഷിക്കുന്ന ഉത്സവം ഭരണിയല്ല, മകരമാസത്തിലെ താലപ്പൊലിയാണ്.
മകരം ഒന്ന് മുതല്‍ നാല് ദിവസമാണ് കൊടുങ്ങല്ലൂരമ്മയുടെ താലപ്പൊലി കൊണ്ടാടപ്പെടുന്നത്. വ്രതശുദ്ധകളായ കന്യകമാര്‍ മംഗളവസ്തുക്കളും കാഴ്ചദ്രവ്യങ്ങളും അമ്മദേവിക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം സമര്‍പ്പിക്കുന്ന ചടങ്ങാണ് താലപ്പൊലിയുത്സവത്തിന് മാറ്റ് കൂട്ടുന്നത്. മകരക്കൊയ്ത്ത് കഴിഞ്ഞ് ദേവിക്കുള്ള വഴിപാട് കൊണ്ടുവരുന്ന കൊയ്ത്തുത്സവമാണ് താലപ്പൊലി എന്ന് വിശ്വസിക്കുന്നു. താലപ്പൊലി നാളുകളില്‍ പൂജകള്‍ക്ക് മാത്രമേ നടയടയ്ക്കാറുള്ളൂ. ബാക്കി സമയമത്രയും ദേവി ഭക്തര്‍ക്ക് ദര്‍ശനമരുളും. ആദ്യകാലങ്ങളില്‍ രാത്രി മാത്രമേ താലപ്പൊലി എഴുന്നെള്ളിച്ചുവന്നിരുന്നുള്ളൂ. പകല്‍ താലപ്പൊലി പില്ക്കാലത്താണ് തുടങ്ങിവച്ചത്. പകല്‍ താലപ്പൊലിക്ക് താലം എഴുന്നെള്ളിപ്പില്ല. പകരം വെള്ളിക്കുടത്തില്‍ ദ്രവ്യം നിറച്ച് ആനപ്പുറത്ത് കോലത്തിനൊപ്പം എഴുന്നെള്ളിച്ച് കൊണ്ടുവരും. വലിയ തമ്പുരാന് വക ധനം ദേവിക്ക് സമര്‍പ്പിക്കുന്നു എന്നാണ് സങ്കല്‍പ്പം.

താലപ്പൊലിയുടെ തുടക്കം സംഘകളി മുതല്‍
ഉത്സവങ്ങളില്‍ സാധാരണയായി ആനപ്പുറത്ത് കോലത്തിന്റെ കൂടെ തിടമ്പും വാല്ക്കണ്ണാടിയുമൊക്കെയാണ് എഴുന്നെള്ളിക്കാറ്. എന്നാല്‍ കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബക്കാവില്‍ താലപ്പൊലിയോടനുബന്ധിച്ച് ഭഗവതിയെ സ്വര്ണ്ണക്കുടയില് ആവാഹിച്ച് കോലത്തിന്റെ കൂടെ എഴുന്നെള്ളിക്കുകയാണ് പതിവ്.
മകരം ഒന്നാം തീയതി മുതല്‍ നാലുദിവസങ്ങളിലായാണ് താലപ്പൊലി ആഘോഷിക്കുക. താലപ്പൊലിക്ക് മുന്നോടിയായി മൂന്നുദിവസം മുമ്പ് മുതല്‍ സംഘകളി തുടങ്ങും. നാലുനാള്‍ നീണ്ടുനില്‍ക്കുന്ന താലപ്പൊലി മഹോത്സവത്തിന്റെ ആചാരപ്പഴമകളില് ഏറെ പ്രാധാന്യമുള്ളതാണ് ചാത്തിരി നമ്പൂതിരിമാര്‍ നടത്തിവരുന്ന സംഘകളിയെന്ന അനുഷ്ഠാനം. അത്താഴപൂജകള്ക്കുശേഷം ശ്രീകോവിലും വടക്കേനടയും അടച്ച് ക്ഷേത്രത്തിനകത്ത് നാല് തിരിയിട്ട നെയ്വിളക്ക് തെളിയിച്ചാണ് കളി നടത്തുക. നാല് സ്വരം കോര്‍ത്തിണക്കിയുള്ള നാല് പാദം ദേവിയെ സ്തുതിച്ചുകൊണ്ടുള്ള സമര്‍പ്പണമാണ് കളി.
ചാത്തിരാങ്കം, യാത്രാക്കളി, സത്രക്കളി, പാനംകളി തുടങ്ങിയവയാണ് അരങ്ങേറുക.
ഒന്നാം ദിവസം ക്ഷേത്രത്തിനകത്തും രണ്ടാം ദിവസം ക്ഷേത്രത്തിന് പുറത്ത് വടക്കേ നടപ്പന്തലില്‍ വലിയ തമ്പുരാന്റെ മുന്നിലും മൂന്നാം ദിവസം ക്ഷേത്രത്തിനകത്തുമാണ് കളി നടക്കുക. സംഘകളിക്കായി എത്തുന്ന നമ്പൂതിരിമാര്‍ താലപ്പൊലി നാളുകളില്‍ പകലും രാത്രിയിലും നടത്തുന്ന എഴുന്നെള്ളിപ്പുകളില്‍ അകമ്പടി സേവിക്കും. താലപ്പൊലി കഴിഞ്ഞാണ് ഇവര്‍ മടങ്ങുക.
മകരസംക്രമസന്ധ്യയില്‍ ആരംഭം കുറിക്കും
മകരസംക്രമം, അതായത് ധനുമാസത്തിലെ ഒടുവിലത്തെ ദിവസം ഇവിടെ പ്രാധാന്യമുള്ളതായി കരുതിവരുന്നു. ദക്ഷിണായനം കഴിഞ്ഞ് ഉത്തരായനം തുടങ്ങുന്നത് മകരസംക്രമത്തിനാണല്ലോ. മകരസംക്രമസന്ധ്യയില്‍ 1001 കതിനകള്‍ മുഴങ്ങുന്നതോടെയാണ് കുരുംബക്കാവില്‍ നാലുനാളത്തെ താലപ്പൊലി മഹോത്സവം ആരംഭിക്കുക. ശ്രീകോവിലില്‍ നിന്ന് പകര്ന്നുനല്കുന്ന അഗ്നി ഉപയോഗിച്ചാണ് അവകാശികള്‍ കതിനയ്ക്ക് തിരികൊളുത്തുന്നത്. ഒന്നാം താലപ്പൊലി ദിവസം പുലര്‍ച്ചെ മുതല്‍ പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങള്‍ നടക്കും.
.jpg)
ഒന്നാം താലപ്പൊലി നാളില്‍ കുരുംബക്കാവിനുള്ളില് പരമ്പരാഗത പൂജകളും ചടങ്ങുകളും അരങ്ങേറും. വിവിധ സമുദായക്കാരും അവകാശികളുമാണ് ഇത്തരം ചടങ്ങുകള്‍ക്കായി ശ്രീകുരുംബക്കാവിലെത്തുന്നത്. മലയരയന്മാരുടെ പ്രത്യേകപൂജകളും ചടങ്ങുകളും കുടുംബിസമുദായക്കാരുടെ സവാസിനിപൂജയും ആടിനെ നടതള്ളലും മറ്റ് ചടങ്ങുകളും സൂര്യോദയത്തിന് മുമ്പ് ക്ഷേത്രാങ്കത്തില് ആരംഭിക്കും. ഇതിനായി നൂറുകണക്കിന് ഭക്തജനങ്ങളാണ് നാല്‍പ്പത്തൊന്ന് നാളത്തെ വ്രതവും നോറ്റ് ഇരുമുടിക്കെട്ടുകളുമായി ക്ഷേത്രസങ്കേതത്തില്‍ തമ്പടിക്കുക. രാത്രിയാവുന്നതോടെ ആല്‍ത്തറകളില്‍ ഇവരുടെ പ്രത്യേകപൂജകള്‍ക്ക് തുടക്കമാവും.
വിവിധ പ്രദേശങ്ങളില്‍ നിന്നുമെത്തുന്ന കുടുംബി സമുദായത്തിലെ സ്ത്രീകളും കുട്ടികളും അടങ്ങുന്നവര്‍ ക്ഷേത്രസങ്കേതത്തില്‍ ചെറുസംഘങ്ങളായി വട്ടമിരുന്നാണ് സവാസിനി പൂജകള്‍ ആരംഭിക്കുക. വാഴയിലയില്‍ അവലും മലരും ശര്‍ക്കരയും പഴവും കലര്‍ത്തി വെറ്റിലയും അടയ്ക്കയും വച്ചാണ് സൂര്യോദയത്തിന് മുമ്പായി ഇത്തരം പൂജകള്‍ നടത്തുന്നത്. ആടിനെ നടതള്ളല്‍ ചടങ്ങും ഇതേസമയം ക്ഷേത്രാങ്കണത്തില്‍ അരങ്ങേറും.
ക്ഷേത്രത്തില്‍ നിന്ന് വാടകയ്ക്ക് എടുക്കുന്ന ആടിനെ തെക്കേനടയിലെ ശ്രീകുരുംബാമ്മയുടെ നടയില്‍ നിന്ന് പൂമാലയിട്ട് അലങ്കരിച്ച് വാദ്യമേളത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തിലേയ്ക്ക് എഴുന്നെള്ളിച്ച് വടക്കേ നടയില്‍ തള്ളും. തെക്കന്‍ മലയോര പ്രദേശങ്ങളില്‍ നിന്ന് വ്രതം നോറ്റ് ഇരുമുടിക്കെട്ടുകളുമായി എത്തുന്ന ആയിരക്കണക്കിന് മലയരയന്മാര് ക്ഷേത്രത്തില്‍ പ്രത്യേക വഴിപാടുകളും കാര്‍ഷിക വിഭവങ്ങളായ കുരുമുളകും മഞ്ഞളും മറ്റും സമര്‍പ്പിക്കും.
ഉച്ചയ്ക്ക് 12 മണിക്കും രാത്രി 12 നും ക്ഷേത്രത്തിന് കുറച്ച് തെക്കുഭാഗത്തുള്ള കുരുംബാമ്മ നടയില്‍ നിന്നാണ് എഴുന്നെള്ളിപ്പുകള്‍ ആരംഭിക്കുക. മൂന്നാം താലപ്പൊലി നാളിലെ രാത്രി എഴുന്നെള്ളിപ്പ് എടവിലങ്ങ് പതിനെട്ടരയോളം കോവിലകത്തുനിന്നാണ് നടന്നുവരുന്നത്. താലപ്പൊലി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒരു മണിയോടുകൂടി കുരുംബാമ്മ നടയില്‍ നിന്നും പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ എഴുന്നെള്ളിപ്പ് ആരംഭിക്കും.
അടികള്‍മാരുടെ മഠങ്ങള്‍ക്ക് മുന്നില്‍ നിന്നും ആരംഭിച്ച് ക്ഷേത്രത്തിന്റെ പള്ളിമാടത്തറയില് അവസാനിക്കുന്ന ഒരു ഗുഹയുണ്ടായിരുന്നുവത്രെ. ഈ ഗുഹ ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണെന്ന് പറയുന്നു. അതുകൊണ്ട് താലപ്പൊലിയോടനുബന്ധിച്ചുള്ള ആന എഴുന്നെള്ളിപ്പ് മൂലം ഗുഹ ഇടിഞ്ഞുപോകുമെന്നുള്ള വിശ്വാസമുള്ളതിനാല്‍ പൂര്‍ണ്ണപ്രദക്ഷിണം പതിവില്ല. ഗുഹയുള്ള സ്ഥലത്തെത്തുമ്പോള്‍ ആനപ്പുറത്ത് നിന്നും തിടമ്പ് താഴെയിറക്കി പൂജാരി പ്രദക്ഷിണം വയ്ക്കുകയാണ് പതിവ്.

എഴുന്നെള്ളിപ്പിനോടൊപ്പമുള്ള മേളം അവസാനിച്ചാല്‍ സന്ധ്യയോടെ വടക്കുകിഴക്കുനടയില് കോലം ഇറക്കി പൂജ നടത്തി കിഴക്കേ നടയിലൂടെ ഭഗവതിയെ ക്ഷേത്രത്തിലേയ്ക്ക് ആനയിക്കും. തുടര്‍ന്ന് കതിനയും കരിമരുന്ന് പ്രയോഗവും നടക്കും.
മൂന്നാം താലപ്പൊലി ദിവസം രാത്രി 9 ന് ശ്രീകുരുംബാമ്മയ്ക്ക് ഗുരുതിപൂജ നടക്കും. ക്ഷേത്രത്തിന് തെക്കുഭാഗത്ത് ദേശീയ പാതയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കുരുംബാമ്മയ്ക്ക് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഗുരുതിപൂജയാണിത്. മറ്റുള്ള ദിവസങ്ങളിലെല്ലാം ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള വസൂരിമാലയ്ക്കാണ് ഗുരുതി നടക്കാറ്.
താലപ്പൊലിയുടെ സമാപനദിവസം പതിനായിരങ്ങളാണ് താലപ്പൊലിക്കാവില്‍ ഒഴുകിയെത്താറ്. സന്ധ്യയോടെ പകല്‍ എഴുന്നെള്ളിപ്പ് വടക്ക് കിഴക്ക് നടയില്‍ സമാപിച്ച് ഭഗവതിയുടെ കോലം അകത്തേക്കെഴുന്നെള്ളിച്ച് ദീപാരാധന നടത്തും. ദീപാരാധന കഴിയുന്നതോടെ 1001 കതിനകളും കുരുംബക്കാവിനെ പ്രകമ്പനം കൊള്ളിക്കുന്നു. വെടിക്കെട്ടും നടക്കും. രാത്രി ഒരു മണിയോടെ കുരുംബാമ്മ നടയില്‍ നിന്നും ആരംഭിക്കുന്ന എഴുന്നെള്ളിപ്പ് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതോടെ മകരസംക്രമസന്ധ്യയിലാരംഭിച്ച് അഞ്ച് രാവും നാല് പകലും നീണ്ടുനില്‍ക്കുന്ന ശ്രീകുരുംബക്കാവിലെ താലപ്പൊലി മഹോത്സവത്തിന് സമാപനമാകും.
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ
ബാബുരാജ് പൊറത്തിശ്ശേരി
( 9846025010)
ഫോട്ടോ: കെ.ആര്. സതീശന് കൊടുങ്ങല്ലൂര്‍
