കൊല്ലവർഷം 1201 കർക്കടകം; 27 നക്ഷത്രജാതരുടെയും സമ്പൂർണ മാസഫലം

കൊല്ലവർഷം 1201 കർക്കടകം; 27 നക്ഷത്രജാതരുടെയും സമ്പൂർണ മാസഫലം

മേടം (അശ്വതി, ഭരണി, കാർത്തിക ¼): പല മേഖലകളിലും അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാവുന്ന മാസമാണ്. ഓഹരി നിക്ഷേപങ്ങളിൽ ലാഭസാധ്യതയുണ്ട്. വിലപിടിപ്പുള്ള വസ്ത്രങ്ങളും സമ്മാനങ്ങളും ലഭിക്കാം. ദാമ്പത്യജീവിതത്തിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാകും. പുതിയ വാഹനം വാങ്ങാൻ ചിലർക്ക് അവസരമൊരുങ്ങും. കലാരംഗത്തുള്ളവർക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. ആരോഗ്യം പൊതുവേ തൃപ്തികരമായിരിക്കും. എന്നാൽ അനാവശ്യ വാക്കുതർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഒഴിവാക്കണം.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½): ജീവിതപങ്കാളിക്കൊപ്പം യാത്ര പോകാൻ സാധ്യതയുണ്ട്. വ്യാപാര രംഗത്ത് കൂടുതൽ ലാഭം പ്രതീക്ഷിക്കാം. മക്കൾക്കായി ചെലവുകൾ വർധിച്ചേക്കും. ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുന്നത് ഗുണം ചെയ്യും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങാൻ അവസരമുണ്ട്. കുടുംബത്തിൽ മംഗളകർമങ്ങൾ നടക്കാനും വീടിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാനും സാധ്യതയുണ്ട്.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¼): വിദേശത്തുനിന്ന് സന്തോഷകരമായ വാർത്ത ലഭിക്കാം. കോടതിക്കേസുകൾ അനുകൂലമായി അവസാനിപ്പിക്കാൻ സാധിക്കും. കാർഷിക മേഖലയിൽ വരുമാനം വർധിക്കും. ഇഷ്ടപ്പെട്ട ഭൂമി സ്വന്തമാക്കാനും പരീക്ഷകളിൽ മികച്ച വിജയം നേടാനും സാധ്യതയുണ്ട്. ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം ലഭിച്ചേക്കാം. സഹോദരങ്ങളുമായുള്ള അഭിപ്രായഭിന്നത ഒഴിവാക്കാൻ ശ്രദ്ധിക്കുക.

കർക്കടകം (പുണർതം ¾, പൂയം, ആയില്യം): പ്രവർത്തന മികവിന് അംഗീകാരവും ബഹുമതിയും ലഭിക്കും. പുതിയ സൗഹൃദങ്ങൾ ഗുണകരമാകും. ഭാഗ്യാനുകൂല്യം വർധിക്കുന്ന സമയമാണ്. മക്കളിൽനിന്ന് സന്തോഷവാർത്ത ലഭിക്കാം. വിദേശത്തോ അന്യനാട്ടിലോ കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യം ഉണ്ടാകും. കലാകാരന്മാർക്ക് മികച്ച അവസരങ്ങൾ ലഭിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അനുയോജ്യമായ സമയമാണ്.

ചിങ്ങം (മകം, പൂരം, ഉത്രം ¼): സാമൂഹിക ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കാൻ അവസരമുണ്ടാകും. പുതിയ സൗഹൃദങ്ങൾ നേട്ടമുണ്ടാക്കും. അവിവാഹിതരുടെ വിവാഹകാര്യങ്ങളിൽ തീരുമാനമുണ്ടാകാം. പ്രണയബന്ധങ്ങൾ കൂടുതൽ ശക്തമാകും. ചെലവുകൾ നിയന്ത്രണവിധേയമാക്കാൻ ശ്രദ്ധിക്കണം. പ്രമുഖ വ്യക്തികളുമായുള്ള ബന്ധം ഗുണം ചെയ്യും. പുതിയ നിക്ഷേപങ്ങൾ ആലോചിച്ചശേഷം മാത്രം നടത്തുക.

കന്നി (ഉത്രം ¾, അതം, ചിത്തിര ½): നഷ്ടപ്പെട്ട അവസരങ്ങളോ സ്ഥാനങ്ങളോ തിരിച്ചുകിട്ടാൻ സാധ്യതയുണ്ട്. യാത്രകൾ നേട്ടമുണ്ടാക്കും. ബിസിനസ് വികസനത്തിനായി കൂടുതൽ നിക്ഷേപം നടത്തും. സർക്കാർ സഹായങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഈശ്വരാനുകൂല്യം കൂടുതലായതിനാൽ പല കാര്യങ്ങളും പ്രതീക്ഷിച്ചതുപോലെ മുന്നേറും. കുടുംബസ്വത്ത് കൈവശമാകാനും സാധ്യതയുണ്ട്.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾): മുൻപ് ചെയ്ത പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കും. എതിരാളികളുമായുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പിലെത്തും. സാമ്പത്തിക നില മെച്ചപ്പെടും. തൊഴിൽ അന്വേഷിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ ജാഗ്രത വേണം. ചില കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം. ആരോഗ്യപ്രശ്നങ്ങൾ മാറുമെങ്കിലും നിയമപരമായ കാര്യങ്ങൾ വൈകാൻ സാധ്യതയുണ്ട്.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട): ഗുണദോഷങ്ങൾ ഒരുപോലെ അനുഭവപ്പെടുന്ന സമയമാണിത്. ദൈവവിശ്വാസം ആത്മവിശ്വാസം വർധിപ്പിക്കും. ശത്രുക്കളിൽനിന്നുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാമെങ്കിലും അതിനെ മറികടക്കാൻ സാധിക്കും. പുതിയ സംരംഭങ്ങൾ വിജയത്തിലേക്ക് എത്തും. ജീവനക്കാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കും. വിദേശത്തുള്ളവർക്ക് നാട്ടിലേക്ക് മടങ്ങാൻ അവസരം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼): വരുമാനം വർധിക്കുകയും ഉന്നത വ്യക്തികളുമായി ബന്ധം സ്ഥാപിക്കാനും സാധിക്കും. ദൂരെയുള്ള ബന്ധുക്കളുടെ സന്ദർശനം സന്തോഷം നൽകും. ജോലിസ്ഥലത്ത് സമാധാനപരമായ അന്തരീക്ഷം തുടരും. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് മുൻപ് സൂക്ഷ്മമായി വിലയിരുത്തണം. വാഹനം മാറ്റി വാങ്ങാനുള്ള തീരുമാനം കൈക്കൊള്ളാം. ആരോഗ്യനില മെച്ചപ്പെടും. പ്രണയബന്ധങ്ങൾ വിവാഹത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½): പല കാര്യങ്ങളും പ്രതീക്ഷിച്ചതിനേക്കാൾ മന്ദഗതിയിലായേക്കാം. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത ആവശ്യമാണ്. ബന്ധുക്കളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. മാസാവസാനം കൂടുതൽ അനുകൂലമായിരിക്കും. കായികരംഗത്തുള്ളവർക്ക് മികച്ച വിജയം നേടാൻ കഴിയും. ഓഹരി നിക്ഷേപങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതം. ലഹരി ഉപയോഗം വലിയ പ്രശ്നങ്ങൾക്ക് വഴിവെക്കാം.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾): പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ഇത് അനുകൂലസമയമല്ല. ആദ്യപകുതിയേക്കാൾ മികച്ചതായിരിക്കും രണ്ടാംപകുതി. സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. ഉന്നത ബന്ധങ്ങൾ നേട്ടങ്ങൾ സമ്മാനിക്കും. ആരോഗ്യം പൊതുവേ തൃപ്തികരമായിരിക്കും. കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി): പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ അവസരമുണ്ടാകും. സാമ്പത്തിക മുന്നേറ്റം കൈവരിക്കും. ഭൂമി വാങ്ങുന്നതിനും കൃഷിയിൽ നിക്ഷേപം നടത്തുന്നതിനും സാധ്യതയുണ്ട്. ഔദ്യോഗിക യാത്രകൾ വിജയകരമാകും. കുടുംബജീവിതം സന്തോഷകരമായി മുന്നേറും. ചെറിയ ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കരുത്. വസ്തു ഇടപാടുകൾ ലാഭകരമാകുമെങ്കിലും ഒറ്റയ്ക്കുള്ള ദീർഘദൂര വാഹനയാത്രകൾ ഒഴിവാക്കുന്നത് നല്ലതാണ്.