വെണ്ണയും വെറ്റിലയും തിരസ്ക്കരിച്ച ഹനുമാന്‍

വെണ്ണയും വെറ്റിലയും തിരസ്ക്കരിച്ച ഹനുമാന്‍

HIGHLIGHTS

ഹനുമാന്‍ എന്ന് പറയുമ്പോള്‍ തന്നെ വെണ്ണ, വെറ്റില, വടമാല എന്നീ വഴിപാടുകളാണ് ഓര്‍മ്മയില്‍ വരിക. എന്നാല്‍ ഈ വഴിപാടുകളൊന്നും തനിക്ക് വേണ്ട എന്ന് പറഞ്ഞ് ഹനുമാന്‍ ഭക്തരില്‍ അനുഗ്രഹം വര്‍ഷിക്കുന്ന ഒരു ക്ഷേത്രമുണ്ട്. തമിഴ്നാട്ടിലെ മയിലാടുതുറൈ ജില്ലയിലെ കൊളളിടം എന്ന സ്ഥലത്താണ് നമുക്ക്  ഹനുമാന്‍ ഇത്തരത്തില്‍ ദര്‍ശനം നല്‍കുന്നത്.   ഇവിടെ ഈ വഴിപാടുനടത്തി പ്രാര്‍ത്ഥിച്ചാല്‍ സന്താനഭാഗ്യം സുനിശ്ചിതം എന്നാണ് ഭക്തവിശ്വാസം. പല ദമ്പതിമാര്‍ക്കും ഇങ്ങനെചെയ്ത് സന്താനഭാഗ്യം സിദ്ധിച്ചതായി ഭക്തര്‍ പറയുന്നു. 

 

ഹനുമാന്‍ എന്ന് പറയുമ്പോള്‍ തന്നെ വെണ്ണ, വെറ്റില, വടമാല എന്നീ വഴിപാടുകളാണ് ഓര്‍മ്മയില്‍ വരിക. എന്നാല്‍ ഈ വഴിപാടുകളൊന്നും തനിക്ക് വേണ്ട എന്ന് പറഞ്ഞ് ഹനുമാന്‍ ഭക്തരില്‍ അനുഗ്രഹം വര്‍ഷിക്കുന്ന ഒരു ക്ഷേത്രമുണ്ട്. തമിഴ്നാട്ടിലെ മയിലാടുതുറൈ ജില്ലയിലെ കൊളളിടം എന്ന സ്ഥലത്താണ് നമുക്ക്  ഹനുമാന്‍ ഇത്തരത്തില്‍ ദര്‍ശനം നല്‍കുന്നത്. 

പണ്ടുകാലത്ത് ചോഴരാജാക്കന്മാര്‍ തങ്ങളുടെ ആനപ്പട, കുതിരപ്പട എന്നിവയുമായി ഇവിടെ വന്ന് അല്‍പകാലം തങ്ങുക പതിവായിരുന്നു. അപ്പോള്‍ കര്‍ഷകര്‍ക്ക് ഭക്ഷണം കഴിയ്ക്കുവാനും, വിശ്രമിക്കുവാനും, താമസിക്കാനുമായി പല സത്രങ്ങള്‍ ചോഴരാജാക്കന്മാര്‍ ഇവിടെ പണിതുകൊടുത്തു. അവയില്‍ ഒന്നാണ് ധര്‍മ്മരാജ സത്രം. ഇതില്‍ രാജാക്കന്മാരും, മന്ത്രിമാരും, ജോലിക്കാരും താമസിച്ചിരുന്നു. കൃഷിപ്പണി ചെയ്യുന്ന ജനങ്ങളോട് കൂടിയാലോചിച്ച് അവരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി അവയ്ക്ക് പരിഹാരമുണ്ടാക്കാം എന്നു കരുതിയ രാജാവ് ഒരു ദിവസം രാത്രി അവരെയൊക്കെ താന്‍ താമസിച്ചിരുന്ന സത്രത്തിലേക്ക് ക്ഷണിച്ചു. എല്ലാവരും രാജാവിന്‍റെ മുന്നിലെത്തി തങ്ങളുടെ ബുദ്ധിമുട്ടുകളും ആവശ്യങ്ങളും നിരത്താന്‍ തുടങ്ങി. 

ആ സമയത്ത് ആ ആള്‍ക്കൂട്ടത്തിന്‍റെ മധ്യത്തില്‍ ഒരു വാനരന്‍ രണ്ടുകൈയും കൂപ്പി ഇരിക്കുന്നുണ്ടായിരുന്നു. അത് രാജാവിന്‍റെ ശ്രദ്ധയില്‍ പെട്ടു. രാജാവ് മന്ത്രിയെ വിളിച്ച് അത് ചൂണ്ടിക്കാണിച്ചു. ഉടന്‍തന്നെ മന്ത്രി ഒരു വാനരന്‍ നിങ്ങളുടെ മധ്യത്തിലിരിക്കുന്നുണ്ട് അത് എങ്ങനെയാണ് ഇവിടെ വന്നത് എന്ന് ആരാഞ്ഞു. കൂട്ടത്തില്‍ ഒരാള്‍ എഴുന്നേറ്റ് തങ്ങള്‍ ഇതിനെ വാനരമായിട്ടല്ല കാണുന്നത്. കാവല്‍ദൈവമായിട്ടാണ് കാണുന്നത് എന്ന് പറഞ്ഞു. അപ്പോള്‍ നിങ്ങള്‍ ഒരു വാനരന്‍റെ സംരക്ഷണത്തിലാണ് ജീവിയ്ക്കുന്നത് എന്നാണോ പറയുന്നത് എന്ന് അല്പം ഈര്‍ഷ്യയോടെ മന്ത്രി ചോദിച്ചു. 

അങ്ങനെയല്ല, ഞങ്ങള്‍ വയലില്‍ ഇറങ്ങി ജോലി ചെയ്യുമ്പോള്‍ ഞങ്ങളുടെ സാധനങ്ങള്‍ക്ക് സഹായമായി ഇതാണ് കാവല്‍ നില്‍ക്കുന്നത്. ഞങ്ങള്‍ക്ക് സഹായമായി കിണറ്റില്‍ നിന്നും വെളളം പോലും കോരി പാനകളില്‍ നിറച്ചുവെക്കും. ആരെക്കണ്ടാലും എഴുന്നേറ്റ് നിന്ന് നമസ്ക്കരിച്ചു ബഹുമാനിക്കും എന്ന് ഒരാള്‍ മറുപടി പറഞ്ഞു. ഇതുകേട്ട് സന്തുഷ്ടനായ രാജാവ് ഈ വാനരന് ഇനി മൂന്ന് നേരം ആഹാരം നല്‍കേണ്ടത് തന്‍റെ കടമയാണെന്ന് പറഞ്ഞുകൊണ്ട് അതിനുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്യാന്‍ മന്ത്രിക്ക് ഉത്തരവിട്ടു. രാജാവിന്‍റെ ഉത്തരവു പ്രകാരം തന്നെ വര്‍ഷങ്ങളോളം കൊട്ടാര ഭൃത്യന്മാരുടെ പരിചരണത്തില്‍ ആ വാനരന്‍ കഴിഞ്ഞു പോന്നു.

കാലം മുന്നോട്ട് പോയി. ആ വാനരന് വാര്‍ദ്ധക്യമായി. ഒരു ശനിയാഴ്ച ഏകാദശി നാളില്‍ ആ വാനരന്‍ കൈകൂപ്പിക്കൊണ്ടുതന്നെ മൃതിയടഞ്ഞു. ഇക്കാര്യം രാജാവ് അറിഞ്ഞു. വേണ്ട ആദരവോടെ തന്നെ വാനരനെ അടക്കം ചെയ്യാന്‍ രാജാവ് ഉത്തരവിട്ടു. അതുപ്രകാരം മാല അണിയിച്ച് ബഹുമാനത്തോടെ നാട്ടുകാര്‍ വാനരത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് 'ജയ്ശ്രീറാം വീര ആഞ്ജനേയാ' എന്ന് വിളിച്ചുകൊണ്ട് അടക്കം ചെയ്തു. പിന്നീട് അവിടെ ഒരു കല്ല് നാട്ടി വെച്ച് അതിനെ ഹനുമാനായി സങ്കല്പിച്ച് നാട്ടുകാര്‍ പൂജിച്ചു തുടങ്ങി.

അങ്ങനെയിരിക്കെ ഒരു ദിവസം രാജാവിന്‍റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട ആ വാനരന്‍ താന്‍ മരിച്ചാലും സാധുക്കളായ ജനങ്ങള്‍ക്ക് കാവല്‍ക്കാരനായിരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും, തനിക്ക് ഒരു ചെറിയ ക്ഷേത്രം പണിയണമെന്നും വെണ്ണ, വെറ്റിലമാല, വടമാല ഇതൊന്നും തനിക്ക് വേണ്ടെന്നും ഇവിടെയുളള ചന്ദനമരത്തില്‍ നിന്നും ഒരു കഷ്ണം എടുത്ത് അരച്ച് അഭിഷേകം ചെയ്താല്‍ മതിയെന്നും പറഞ്ഞു കൊണ്ട് അപ്രത്യക്ഷനായി.

സ്വപ്നത്തില്‍ നിര്‍ദ്ദേശിച്ച പ്രകാരം തന്നെ രാജാവ് അവിടെയൊരു ക്ഷേത്രം പണി കഴിപ്പിച്ചു.അതാണ് കൊളളിടം ശാന്ത ആഞ്ജനേയര്‍ കോവില്‍. ഇന്നും ഈ ക്ഷേത്രത്തില്‍ ഹനുമാന് വെണ്ണ ചാര്‍ത്താറില്ല. വടമാലയോ വെറ്റിലമാലയോ അണിയിക്കാറുമില്ല. ക്ഷേത്രത്തിനു മുന്നില്‍ വാനരന്‍ വെളളമെടുത്ത കിണറ്റിനു മീതെ ഇരുകരം കൂപ്പിനില്‍ക്കുന്ന വിശ്വരൂപ ആഞ്ജനേയന്‍ ശിലയായി ദര്‍ശനം നല്‍കുന്നു. ഈ ഹനുമാനെ തൊഴുത് ക്ഷേത്രത്തിന്‍റെ മഹാമണ്ഡപത്തിലെത്തിയാല്‍ നാഗസന്നിധിയും, അര്‍ദ്ധമണ്ഡപത്തില്‍ ഗണപതി സന്നിധിയും കാണാം. ശ്രീകോവിലില്‍ പടിഞ്ഞാറു ഭാഗത്തേക്ക് അഭിമുഖമായി കൈകൂപ്പി നിന്ന് ശാന്ത ആഞ്ജനേയന്‍ അനുഗ്രഹം വര്‍ഷിക്കുന്നു. 

ചൈതന്യമുളള ശക്തി മൂര്‍ത്തിയായ ഈ ഹനുമാന്  ഇളനീര്‍ അഭിഷേകവും, മഹാമണ്ഡപത്തിലുളള നാഗര്‍ക്ക് നല്ലെണ്ണ അഭിഷേകവും വഴിപാടു നടത്തി പ്രാര്‍ത്ഥിച്ചാല്‍ വിവാഹതടസ്സം മാറി പെട്ടെന്ന് വിവാഹം നടക്കുമെന്ന് ഭക്തര്‍ തങ്ങളുടെ അനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു. മഹാമണ്ഡപത്തില്‍ ഇരുന്നുകൊണ്ട് മനസിനുളളില്‍ നൂറ്റിയെട്ട് പ്രാവശ്യം 'ശ്രീരാമജയം' എന്ന് ജപിച്ച് ധ്യാനം ചെയ്താല്‍ ദുഃഖങ്ങളെല്ലാം മാറി മനസിന് സ്വസ്ഥത ലഭിക്കുമെന്നും ഭക്തര്‍ തങ്ങളുടെ അനുഭവ സത്യം വെളിപ്പെടുത്തുന്നു.

സന്താനഭാഗ്യമില്ലാത്ത ദമ്പതിമാര്‍ പൂവന്‍പഴം കൊണ്ട് മാല തൊടുത്ത് ഹനുമാന് അണിയിച്ച് പ്രാര്‍ത്ഥിക്കുന്നു. പൂജയ്ക്ക് ശേഷം ആ മാലയില്‍ നിന്നും ഓരോ പഴം ദമ്പതികള്‍ക്ക് പൂജാരി പ്രസാദമായി നല്‍കുന്നു. 'ശ്രീരാമജയം' എന്ന് ജപിച്ചുകൊണ്ടുതന്നെ ആ പഴം അവര്‍ ഭക്ഷിയ്ക്കുന്നു. ഈ വഴിപാടുനടത്തി പ്രാര്‍ത്ഥിച്ചാല്‍ സന്താനഭാഗ്യം സുനിശ്ചിതം എന്നാണ് ഭക്തവിശ്വാസം. പല ദമ്പതിമാര്‍ക്കും ഇങ്ങനെചെയ്ത് സന്താനഭാഗ്യം സിദ്ധിച്ചതായി ഭക്തര്‍ പറയുന്നു. 

Photo Courtesy - Google