കൊല്ലൂരിലെ നവരാത്രി ആഘോഷം

കൊല്ലൂരിലെ നവരാത്രി ആഘോഷം

കേരളക്കരയുടെ സംരക്ഷണത്തിനായി തുളുനാട്ടിലെ കൊല്ലൂരില്‍ പ്രതിഷ്ഠിക്കപ്പെട്ട നാല് അംബികമാരില്‍ ഒരാളായി മൂകാംബികദേവി നിത്യചൈതന്യമായി വാണരുളുന്നു. അന്യസംസ്ഥാന ക്ഷേത്രമെങ്കിലും കേരളത്തിലെ ദേവീഭക്തര്‍ ഹൃദയത്തോട് ചേര്‍ത്തുവച്ചിരിക്കുന്ന ദിവ്യസന്നിധിയാണിത്. ഭക്തിക്ക് മുമ്പില്‍ ദേശത്തിനും, ഭാഷയ്ക്കും, സംസ്ക്കാരത്തിനും അതിരില്ലാതാകുന്നു. കോലാപുര ആദി മഹാലക്ഷ്മി ക്ഷേത്രം എന്നും ഈ പുണ്യയിടം അറിയപ്പെടുന്നുണ്ട്. പരാശക്തിയുടെ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ ഭാവങ്ങളുടെ സമന്വയമായി സാക്ഷാല്‍ ദേവി ഇവിടെ അനുഗ്രഹം ചൊരിയുന്നു. ഭക്തര്‍ ഏത് ഭാവത്തില്‍ സങ്കല്‍പ്പിച്ചാണോ വണങ്ങുന്നത് ആ രൂപത്തില്‍ ദേവി കടാക്ഷിക്കുമെന്ന് വിശ്വാസം.

കലോപാസകന് ഇഷ്ടവരദായിനിയായും, ആദ്യക്ഷരം കുറിക്കുന്നവര്‍ക്ക് വാഗ്ദേവതയായും, സങ്കടക്കടലില്‍ മുങ്ങിത്താഴുന്നവര്‍ക്ക് അഭയശിലയായും, സൗന്ദര്യോപാസകര്‍ക്ക് പ്രകൃതീശ്വരിയായും സാക്ഷാല്‍ മൂകാംബിക ദേവി അരികിലുണ്ടാകും.

കലയേയും, വിദ്യയേയും ദൈവിക ഭാവത്തില്‍ ഉപാസിക്കുന്ന നവരാത്രിദിനങ്ങള്‍ക്ക് മൂകാംബികയില്‍ ഏറെ പ്രാധാന്യമാണുള്ളത്.

മൂകാംബികയിലെ നവരാത്രി ആഘോഷത്തിന്‍റെ മുഖ്യസവിശേഷത പ്രപഞ്ചത്തിലെ സര്‍വ്വചരാചരങ്ങള്‍ക്കും നന്മ ഭവിക്കട്ടെ എന്ന പ്രാര്‍ത്ഥനയാണത്രേ. വഴിപാടായി രസീത് എടുക്കുന്നവര്‍ക്ക് അവരുടെ പേരില്‍ പൂജ നടത്താറുണ്ടെങ്കിലും സാധാരണയായി പ്രപഞ്ചത്തിന് പൊതുവായുള്ള അനുഗ്രഹത്തിനും നന്മയ്ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ് നടക്കുന്നത്.

നവരാത്രി ദിവസങ്ങളില്‍ ഓരോ അസുരന്‍മാരേയും നിഗ്രഹിക്കാന്‍ ദേവി സ്വീകരിച്ച രൂപഭാവങ്ങളിലാണത്രേ ആരാധന നടത്തുക. ഓരോന്നിനും വ്യത്യസ്ത ധ്യാനശ്ലോകങ്ങളാണുള്ളത്. നവമിദിനം ശ്രീകോവിലില്‍ പ്രത്യേക പൂജകള്‍ ഉണ്ടാകും. ഇതിനുള്ള നവധാന്യങ്ങള്‍ ശങ്കരപീഠത്തിന് മുമ്പില്‍ മുളപ്പിക്കാന്‍ വയ്ക്കുന്ന ചടങ്ങുണ്ട്. അന്നേദിനം ശ്രീകോവിലിലും, ശങ്കരപീഠത്തിലും കലശങ്ങള്‍ സ്ഥാപിക്കുന്ന നവാക്ഷരി കലശപ്രതിഷ്ഠ നടത്തുന്നുണ്ട്. വൈകിട്ട് പ്രദോഷപൂജയും, നവരാത്രി പൂജയും ഉണ്ടാകും. നവരാത്രി പൂജയിലെ പ്രധാനപൂജയാണ് സുഹാസിനി പൂജ. ശീവേലി, കഷായ ദീപാരാധന എന്നിവയ്ക്കുശേഷം ദീപാരാധനയും പ്രസാദവിതരണവും കഴിഞ്ഞ് നടയടക്കും.

ഏറ്റവും പ്രധാനം മഹാനവമി ദിവസത്തെ പൂജയാണ്. അന്ന് ദീപാരാധനയ്ക്കുശേഷം പുഷ്പാലംകൃതമായ ചെറിയ രഥത്തില്‍ ദേവിയെ എഴുന്നെള്ളിച്ച് സരസ്വതി മണ്ഡപത്തിന് മുന്നിലെത്തിച്ച് പൂജ നടത്തുന്നു. ശേഷം വാദ്യഘോഷത്തോടെ ശ്രീകോവിലിലേയ്ക്ക് എഴുന്നെള്ളിച്ചശേഷം ആദ്യദിവസം സ്ഥാപിച്ച കലശം അഭിഷേകം ചെയ്യും. ഇതോടെ മഹാനവമി ആഘോഷത്തിന് സമാപനം. വിജയദശമിദിനം സരസ്വതി സങ്കല്‍പ്പത്തിലാണ് പൂജകള്‍ ചെയ്യുന്നത്. പുലര്‍ച്ചെ 4 ന് നട തുറക്കും. 5 മണിയോടെ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിപ്പിക്കുന്ന ചടങ്ങാണ്. നൃത്തവിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റവും അന്നുണ്ടാകും. കര്‍ഷകര്‍ പുന്നെല്ല് അന്നേദിനം ക്ഷേത്രത്തില്‍ കൊണ്ടുവരുകയും ഇത് പായസമാക്കി വിതരണം നടത്തുന്ന പതിവും ഉണ്ട്. അന്ന് വൈകിട്ട് സിദ്ദേശ്വരം ശിവക്ഷേത്രത്തിലേയ്ക്ക് ദേവിയെ എഴുന്നെള്ളിക്കുകയും മടങ്ങിയെത്തി നിത്യപൂജകള്‍ തുടരുകയും ചെയ്യുന്നു. സ്നാനഘട്ടമായ സൗപര്‍ണ്ണികയില്‍ നിശ്ചിത ഇടങ്ങളില്‍ കുളിക്കാനുള്ള സൗകര്യവും സജ്ജീകരിച്ചിട്ടുണ്ടാകും.