പ്രപഞ്ചത്തിന്‍റെ ലയം, താളം, ഭക്തി...

പ്രപഞ്ചത്തിന്‍റെ ലയം, താളം, ഭക്തി...

HIGHLIGHTS

ഭാരതത്തിലെ മഹത്തായ ശക്തിപീഠങ്ങളില്‍ ഒന്നായ ഇത് ഓരോ ഭക്തനും ആത്മീയത അനുഭവിക്കാന്‍ കഴിയുന്ന ദൈവിക കേന്ദ്രമാണ്. ഭക്തരുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്ന ദേവിയായി, ദുഃഖനിവാരണിയായി പാരമ്പര്യത്തില്‍ വിശ്വസിക്കുന്നു.
പ്രപഞ്ചത്തിന്‍റെ ലയം, താളം, ഭക്തിയുടെ അലൗകികമായ സ്പന്ദനം, ഊര്‍ജ്ജത്തിന്‍റെ അനന്തമായ പ്രഭാവം. വിദ്യയും നാദവും സ്വരവും ഗീതയും സൗന്ദര്യവും നിറഞ്ഞുനില്‍ക്കുന്ന പുണ്യസങ്കേതം. അമ്മ മൂകാംബികേ എന്ന് ആര്‍ദ്രമായ മനസ്സുകള്‍ ഉറക്കെ വിളിക്കുന്നു.

 

കോലാപുര ദേശത്ത് കഠഹാസുരന്‍ എന്ന ഭീകരനായ ഒരസുരന്‍ മൂന്നുലോകവും കീഴടക്കി സാധുക്കളെയും ഭക്തന്മാരെയും വല്ലാതെ ഉപദ്രവിച്ചുകൊണ്ടിരുന്നു.  പരാശക്തിയെ തപസ്സ് ചെയ്ത് കഠഹാസുരന്‍ അതിശക്തനായി തീര്‍ന്നിരുന്നു. ദേവകള്‍ പരാശക്തിയെ തങ്ങളുടെ സങ്കടം അറിയിച്ചു. കഠഹാസുരനെ നിഗ്രഹിക്കാനായി ദേവി ത്രിപുര ഭൈരവി രൂപത്തില്‍ പ്രത്യക്ഷയായി. ഭയചകിതനായ കഠഹാസുരന്‍ ഋഷ്യമൂക പര്‍വ്വതത്തില്‍ അഭയം പ്രാപിച്ച് ശ്രീ പരമേശ്വരനെ തപസ്സ് ചെയ്യാന്‍ ആരംഭിച്ചു.

എന്നാല്‍ ഈ സമയത്തുതന്നെ ദേവന്മാര്‍ കോലാപുരത്തുവന്ന് കോലമഹര്‍ഷിയോടൊത്ത് പരാശക്തിയെ ധ്യാനിച്ച് പ്രത്യക്ഷപ്പെടുത്തുകയും കഠഹാസുരന്‍ അമരത്വം നേടിയാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചുള്ള വ്യാകുലത അറിയിക്കുകയും ചെയ്തു. ദേവന്മാരെ ഈ വിപത്തില്‍ നിന്നും രക്ഷിക്കാമെന്ന് ദേവി അനുഗ്രഹിക്കുകയും കഠഹാസുരന്  വരം ചോദിക്കാന്‍ കഴിയാത്തവിധം കഠഹാസുരന്‍റെ നാവില്‍ കുടികൊള്ളുകയും ചെയ്തു. ഇതോടെ കഠഹാസുരന് മൂകാസുരന്‍ എന്ന പേരുകൂടി സിദ്ധിച്ചു.

തന്‍റെ മുന്നില്‍ പ്രത്യക്ഷനായ ഭഗവാനോട് വരം ചോദിക്കുവാന്‍ കഴിയാതെ മൂകനായി നിന്നുപോയ കഠഹാസുരന്‍, അതികഠിനമായ കോപത്താല്‍, സകലരേയും ഉപദ്രവിക്കുവാനും വധിക്കുവാനും തുടങ്ങി. 

സര്‍വ്വദേവിദേവന്മാരുടെയും പ്രാര്‍ത്ഥനയില്‍ നാനാവിധ ശക്തിരൂപങ്ങളാല്‍ അനുഗതയായി സാക്ഷാല്‍ ആദിപരാശക്തി പ്രത്യക്ഷയായി. തുടര്‍ന്ന് കഠഹാസുരനുമായി ഘോരയുദ്ധത്തില്‍ ഏര്‍പ്പെടുകയും അസുരനെ വധിക്കുകയും ചെയ്തു. ദേവീദര്‍ശനത്താല്‍ തന്നെ കഠഹാസുരന്‍റെ അജ്ഞാനം നീങ്ങുകയും അദ്ദേഹത്തിന് മോക്ഷം ലഭിക്കുകയും ചെയ്തു.

തന്‍റെ പേരോടുകൂടി ഈ പ്രദേശവും ക്ഷേത്രവും അറിയപ്പെടണമെന്നും ലോകനന്മയ്ക്കായി ഇവിടം നിത്യവാസം ചെയ്യണമെന്നും ദേവിയോട് അഭ്യര്‍ത്ഥിക്കുകയും, ദേവി മൂകാസുരന്‍റെ പ്രാര്‍ത്ഥന കൈക്കൊള്ളുകയും ചെയ്തു. അനന്തരം ദേവി തന്‍റെ ചൈതന്യം സ്വയംഭൂവായ ജ്യോതിര്‍ലിംഗത്തില്‍ ലയിപ്പിച്ചു. കഠഹാസുരനെ ദേവി ആദ്യം മൂകനാക്കി. പിന്നെ യുദ്ധത്തില്‍ വധിച്ചു. മൂകാസുരനെ വധിച്ചതിനാല്‍ ദേവി മൂകാംബികയുമായി.

ഭാരതത്തിലെ മഹത്തായ ശക്തിപീഠങ്ങളില്‍ ഒന്നായ ഇത് ഓരോ ഭക്തനും ആത്മീയത അനുഭവിക്കാന്‍ കഴിയുന്ന ദൈവിക കേന്ദ്രമാണ്. ഭക്തരുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്ന ദേവിയായി, ദുഃഖനിവാരണിയായി പാരമ്പര്യത്തില്‍ വിശ്വസിക്കുന്നു.
പ്രപഞ്ചത്തിന്‍റെ ലയം, താളം, ഭക്തിയുടെ അലൗകികമായ സ്പന്ദനം, ഊര്‍ജ്ജത്തിന്‍റെ അനന്തമായ പ്രഭാവം. വിദ്യയും നാദവും സ്വരവും ഗീതയും സൗന്ദര്യവും നിറഞ്ഞുനില്‍ക്കുന്ന പുണ്യസങ്കേതം. അമ്മ മൂകാംബികേ എന്ന് ആര്‍ദ്രമായ മനസ്സുകള്‍ ഉറക്കെ വിളിക്കുന്നു.

ഇപ്പോള്‍ ക്ഷേത്രകോവിലിരിക്കുന്ന അതേസ്ഥലത്ത് സ്വയംഭൂവായി ഒരു ശിവലിംഗം ഉയര്‍ന്നുവന്നു. ഈ ശിവലിംഗത്തെ രണ്ടുഭാഗങ്ങളായിക്കൊണ്ട് ഒരു സുവര്‍ണ്ണ രേഖയുണ്ട്. വലതുഭാഗം ചെറുതും ഇടതുഭാഗം വലുതുമായി ശിവലിംഗത്തെ രണ്ടായി ഭാഗിക്കുന്നു. വലതുഭാഗത്ത് ബ്രഹ്മാവിഷ്ണുമഹേശ്വരന്‍മാര്‍ തുടങ്ങിയ ത്രിമൂര്‍ത്തികള്‍ വസിക്കുന്നു. ദേവി ആദിപരാശക്തിയായി ഇടതുവശത്തും കാളിയായും ലക്ഷ്മിയായും സരസ്വതിയായും കുടികൊള്ളുന്നു.

ഇന്നും ഈ ശിവലിംഗമാണ് മൂകാംബികയിലെ മുഖ്യപ്രതിഷ്ഠ. ഇടതുഭാഗം വലതുഭാഗത്തേക്കാള്‍ വലുതായതിനാല്‍ ഇവിടം ശക്തി പ്രധാനമായി കരുതുന്നു. പ്രസിദ്ധമായ 108 ശിവക്ഷേത്രങ്ങളുടെ പട്ടികയില്‍ മൂകാംബിക ക്ഷേത്രമുണ്ട്. പക്ഷെ ഈ ശിവലിംഗത്തിന്‍റെ പ്രത്യേകത, ഇതിനൊക്കെ അപ്പുറത്ത് സാക്ഷാല്‍ ആദിപരാശക്തിയുണ്ട് എന്നതാണ്. ഇതെല്ലാം ചേര്‍ന്നതാണ് മൂകാംബിക. അതുകൊണ്ട് 108 ദുര്‍ഗ്ഗാലയങ്ങളുടെ പട്ടികയിലും ഈ ക്ഷേത്രമുണ്ട്.

സ്വര്‍ണ്ണരേഖാങ്കിതം ലിംഗം
നാസ്തി നാസ്തി ജഗ്രതയേ
വാമ ഭാഗാധികം ലിംഗം
ന ദൂതം ന ഭവിഷ്യതി

എന്ന ശങ്കരാചാര്യസ്തുതിയിലും ഇത് പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നു. കാലാതിവര്‍ത്തിയായി നില്‍ക്കുന്ന മൂകാംബികയിലെ എല്ലാം അടങ്ങിയിരിക്കുന്ന വിഗ്രഹസങ്കല്‍പ്പം. ത്രിമൂര്‍ത്തികളും മൂന്ന് ദേവിമാരും. ഇത്തരം സങ്കല്‍പ്പം ലോകത്ത് മറ്റൊരിടത്തും കാണാനാവില്ല.

ശ്രീശങ്കരാചാര്യരാല്‍ വിധിക്കപ്പെട്ട പൂജാവിധി ഇന്നും

ശ്രീശങ്കരാചാര്യസ്വാമികളുടെ ദേശാടനകാലത്ത് കൊല്ലൂരിലും കുടജാദ്രിയിലും തപസ്സനുഷ്ഠിച്ച് കഴിയവേ ഒരുനാള്‍ കുടജാദ്രിയില്‍ വെച്ച് ദേവി പ്രത്യക്ഷയാവുകയും അദ്ദേഹത്തെ അനുഗമിക്കുകയും ചെയ്തു. ശ്രീശങ്കരാചാര്യര്‍ക്ക് പ്രത്യക്ഷയായ രൂപത്തില്‍ തന്നെ ദേവിയുടെ പഞ്ചലോഹവിഗ്രഹം അദ്ദേഹം സ്വയംഭൂ ലിംഗത്തിനടുത്ത് സ്ഥാപിച്ചു. ആഗമശാസ്ത്രപ്രകാരം ശ്രീശങ്കരാചാര്യരാല്‍ വിധിക്കപ്പെട്ട പൂജാവിധികളാണ് ഇന്നും ഇവിടെ തുടര്‍ന്നുപോരുന്നത്.

സരസ്വതിമണ്ഡപം

ക്ഷേത്രത്തിനകത്തെ പ്രധാന മണ്ഡപങ്ങളില്‍ ഒന്നാണ് സരസ്വതിമണ്ഡപം. കലാകാരന്മാരും കവികളും അവരുടെ സര്‍ഗ്ഗസൃഷ്ടി ഇവിടെ കാണിക്കവയ്ക്കുന്നു. പല പ്രസിദ്ധരായ കലാകാരന്മാരും ആത്മാര്‍ച്ചനയായി അവരുടെ കലകള്‍ ഇവിടെ അവതരിപ്പിക്കുന്നു. ദിവസവും നൂറുകണക്കിന് കുട്ടികളെ എഴുത്തിനിരുത്തുന്നതും ഈ മണ്ഡപത്തില്‍ വെച്ചുതന്നെയാണ്. നവരാത്രിനാളിലെ വിജയദശമിയില്‍ ആയിരക്കണക്കിന് കുട്ടികളെയാണ് ഇവിടെ എഴുത്തിനിരുത്തുന്നത്. ക്ഷേത്രത്തില്‍ തിരക്കുകൂടിയതുകാരണം വിദ്യാരംഭം ഒഴികെ അരങ്ങേറ്റങ്ങള്‍ ചുറ്റമ്പലത്തിന് പുറത്ത് പടിഞ്ഞാറ് ഭാഗത്തായി പുതിയ സ്റ്റേജിലാണ് ഇപ്പോള്‍ നടത്തിവരുന്നത്.

നെയ് വിളക്ക്

ഇവിടുത്തെ നെയ് വിളക്ക് വഴിപാട് വളരെ പ്രത്യേകതയുള്ളതാണ്. കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രത്തിലും നെയ് വിളക്ക് ശീട്ടാക്കിയാല്‍ ഒരു മൂടികപോലുള്ള പാത്രത്തില്‍ അല്‍പ്പം നെയ്യ് കിട്ടും. അത് ക്ഷേത്രത്തിന് മുന്നിലുള്ള വലിയൊരു പാരണപാത്രത്തില്‍ വയ്ക്കണം. നെയ്വിളക്ക് കഴിഞ്ഞു. ഇതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമാണ് മൂകാംബികയിലെ നെയ്വിളക്ക്. വഴിപാടുകാരന് വിശ്വാസം വരുന്ന രീതിയിലാണത്.

ക്ഷേത്രത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തായി രണ്ട് വലിയ ഡസ്ക്ക് കൂട്ടിയിട്ട് അതില്‍ നിറയെ നെയ്വിളക്കുകള്‍ കത്തിനില്‍ക്കുന്നതുകാണാം. വഴിപാടുകാരന്‍ 30 രൂപ കൊടുത്ത് റസീറ്റെടുത്താല്‍ ഒര ചെറിയ നിലവിളക്കില്‍ നിറയെ നെയ്യൊഴിച്ച് രണ്ടുതിരിയിട്ട് തരും. അവിടെ കത്തിക്കൊണ്ടിരിക്കുന്ന തൂക്കുവിളക്കുകളില്‍നിന്ന് നിലവിളക്കിലേക്ക് ദീപം പകര്‍ന്നു ആ നിലവിളക്ക് പിടിച്ച് ശ്രീകോവിലില്‍ നോക്കി വഴിപാടുകാരന് പ്രാര്‍ത്ഥിക്കാം. ശേഷം ദീപം ഉഴിഞ്ഞ് ആ ഡസ്ക്കില്‍ വിളക്ക് സമര്‍പ്പിക്കാം. അരമണിക്കൂര്‍ ഇടവിട്ട് ഡസ്ക്കില്‍ നിന്നും നിലവിളക്കുകള്‍ കഴുകുന്നതിനായി മാറിക്കൊണ്ടിരിക്കും.

ഉഷഃപൂജ

രാവിലെ അഞ്ചുമണിക്കു നട തുറക്കുന്നു. 6.15 ഓടെ ഭക്തര്‍ക്ക് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കാം. കീഴ്ശാന്തിയാണ് കാലത്തെ പൂജാദികര്‍മ്മങ്ങള്‍ നടത്തുന്നത്. സ്വയംഭൂവിലെ നിര്‍മ്മാല്യങ്ങള്‍ മാറ്റിയശേഷം അഭിഷേകം തുടങ്ങുന്നു. പാല്‍, തേന്‍, ജലം തുടങ്ങിയവ കൊണ്ടുള്ള അഭിഷേകത്തിനുശേഷം സ്വയംഭൂവില്‍ അര്‍ച്ചന നടത്തുന്നു. ഈ പൂജകള്‍ക്കുശേഷം പൂജാരി പ്രസാദം നേരിട്ട് ഭക്തര്‍ക്ക് നല്‍കുന്നു. ഇതിനെ ദന്തധാവനപൂജ എന്നാണ് അറിയപ്പെടുന്നത്.

ഇതുകഴിഞ്ഞ് ഗണപതിഹോമത്തിനുള്ള ഒരുക്കങ്ങള്‍ ഗര്‍ഭഗൃഹത്തില്‍ തെക്കുഭാഗത്തെ മണ്ഡപത്തില്‍ വെച്ച് തുടങ്ങുന്നു. കീഴ്ശാന്തിയാണ് ഇത് നിര്‍വ്വഹിക്കുന്നത്. പിന്നീട് ഏകദേശം 7 മണിവരെ കാര്യമായ പൂജകളൊന്നും തന്നെയില്ല. 7 നും 7.30 നും ഇടയിലായി ഉഷഃപൂജയും ദീപാരാധനയും നടത്തുന്നു. ദീപാരാധനകഴിഞ്ഞ് ശ്രീഭൂതബലി തുടങ്ങുന്നു. അമ്മയുടെ ശീവേലിവിഗ്രഹം തലയിലേറ്റി ഒരു പ്രദക്ഷിണവും പല്ലക്കിലേറ്റി മറ്റൊരു പ്രദക്ഷിണവും കഴിഞ്ഞ് രഥപ്രദക്ഷിണത്തിന് ശേഷമാണ് വിഗ്രഹം അകത്തേക്ക് എഴുന്നെള്ളിക്കുന്നത്. ഇതുകഴിഞ്ഞാല്‍ പ്രസാദവിതരണമുണ്ട്. ഏകദേശം 8.30 നും 9 മണിക്കും ഇടയിലാണ് പ്രസാദവിതരണം. തീര്‍ത്ഥം, തൃമധുരം ഇവയാണ് പ്രസാദം.

പത്മാസനത്തിലിരിക്കുന്ന ആ വിഗ്രഹത്തിലേക്ക് നോക്കൂ. സിംഹാസനസ്ഥയായ രാജ്ഞിയുടെ ഭാവം. ശ്രീചക്രത്തില്‍ കുടിയിരിക്കുന്ന ആദിപരാശക്തി. നാലുകരങ്ങള്‍, മൂന്ന് നയനങ്ങള്‍, ഇടതുവശത്ത് മുകള്‍കയ്യില്‍ ശംഖ്, വലത് മുകള്‍കയ്യില്‍ ചക്രം, ഇടതുതാഴത്തെ കയ്യില്‍ അഭീഷ്ടമുദ്ര, താഴേക്ക് കൈവച്ചിരിക്കുന്ന ഈ മുദ്ര സര്‍വ്വവരദാനവും ഭക്തന് നല്‍കുന്നതിന്‍റെ പ്രതീകമാണ്. വലതുകൈ അഭയമുദ്ര. ഭക്തന് സുരക്ഷ, സംരക്ഷണം, ഭയനാശനം, അനുഗ്രഹം ഇവയെ പ്രതിനിധാനം ചെയ്യുന്നു. വലതുകണ്ണ് സൂര്യന്‍റെ പ്രതീകം. പ്രവൃത്തിനിരതയ്ക്കുള്ള അനുഗ്രഹം തന്നെ. ഇടതുകണ്ണ് ചന്ദ്രന്‍റെ പ്രതീകം. ആഗ്രഹസാക്ഷാത്ക്കാരം നല്‍കുന്നു എന്ന് വിശ്വാസം. മൂന്നാം കണ്ണ് അഗ്നിയെ പ്രതിനിധാനം ചെയ്യുന്നു. വിദ്യയും അവിദ്യയും സദാ ഭക്തന് നേടിക്കൊടുക്കുന്നു എന്ന് വിശ്വാസം.

ഉച്ചപൂജ

ഒമ്പതുമണിയോടുകൂടി ചണ്ഡികാഹോമത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയായി. പിന്നീട് സാധാരണ ദിവസങ്ങളില്‍ 11.30 വരെ പ്രത്യേക പൂജകളൊന്നുമില്ല. 11.30 ഓടെ ഉച്ചപൂജയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നു. നിവേദ്യം, മംഗളാരതി ഇവ കഴിഞ്ഞ് ഉച്ചശീവേലി തുടങ്ങുകയായി. രാവിലേതെന്ന പോലെ തിടമ്പ് തലയിലേറ്റി ഒരു പ്രദക്ഷിണവും പല്ലക്കിലേറ്റി ഒരു പ്രദക്ഷിണവും രഥത്തില്‍ ഒരു പ്രദക്ഷിണവും കഴിഞ്ഞ് തിടമ്പ് അകത്തേയ്ക്ക് എഴുന്നെള്ളിക്കുന്നു. അതിനുശേഷം ഒരു മണിക്കും ഒന്നരക്കുമിടയില്‍ ക്ഷേത്രനട അടയ്ക്കും. എന്നാല്‍ അമാവാസി, പൗര്‍ണ്ണമി തുടങ്ങിയ മറ്റുചില വിശേഷദിവസങ്ങളില്‍ ഇതിനു മാറ്റമുണ്ടാകും.

ബാബുരാജ് പൊത്തിശ്ശേരി

9846025010

                                                                                                                                                          തുടരും....