സൗപര്‍ണ്ണികാമൃത വീചികള്‍ പാടും...

സൗപര്‍ണ്ണികാമൃത വീചികള്‍ പാടും...

HIGHLIGHTS

ഭക്തവത്സലയും അഭീഷ്ടവരദായിനിയുമായ മൂകാംബിക അമ്മ, ശത്രുസംഹാരകയായ, സര്‍വ്വൈശ്വര്യദായിനിയായ, വിദ്യാകലാദേവതയായ മൂകാംബിക അമ്മ. ലോകത്തിന്‍റെ അമ്മയായി പത്മാസനത്തില്‍ ഇരുന്ന് നാല് കൈയാല്‍ ഭക്തനെ അനുഗ്രഹിക്കുന്ന അഭൗമ തേജസുള്ള വിഗ്രഹം. ഭക്തി, അചഞ്ചലമായ ഭക്തി. അതൊന്ന് മാത്രമേ വേണ്ടൂ അമ്മയെ പ്രസാദിപ്പിക്കാന്‍. സിദ്ധിക്ഷേത്രമായതിനാല്‍ ഈ നടയില്‍ നിന്ന് പ്രാര്‍ത്ഥനയോടെ എന്ത് ആഗ്രഹിച്ചാലും അമ്മ തന്നിരിക്കും. തീര്‍ച്ച! അമ്മേ മൂകാംബികേ... ദേവി..!

 

സൗപര്‍ണ്ണിക

ശ്രീ മഹാവിഷ്ണുവിന്‍റെ വാഹനമായ ഗരുഡന്‍ അഥവാ സുപര്‍ണ്ണന്‍ എന്ന മഹര്‍ഷി തപസ്സ് ചെയ്ത നദീതടമായതിനാലാണ് ഈ നദിക്ക് സൗപര്‍ണ്ണിക എന്ന പേരുവന്നതത്രെ! തെളിമയേറിയ ഈ നദിയില്‍ ഒന്ന് മുങ്ങിനിവരുമ്പോള്‍ ലഭിക്കുന്ന നവോന്മേഷം അനിര്‍വചനീയമാണ്. അത് അനുഭവിച്ച് തന്നെ അറിയേണ്ടതാണ്. 64 തീര്‍ത്ഥങ്ങളടങ്ങിയ ഈ നദി മൂകാംബിക ക്ഷേത്രത്തെ വലംവച്ചൊഴുകുന്നു. ക്ഷേത്രത്തിന് കിഴക്കുഭാഗത്തുകൂടി ഒഴുകിവരുമ്പോള്‍ അത് അഗ്നിതീര്‍ത്ഥമായും വടക്ക് കാശിതീര്‍ത്ഥമായും കൂടിച്ചേര്‍ന്ന് ക്ഷേത്രത്തിന് പടിഞ്ഞാറ് കൂടി ഒഴുകിയെത്തുന്ന സൗപര്‍ണ്ണികാനദി കാതങ്ങള്‍ താണ്ടി അറബിക്കടലില്‍ ചെന്ന് പതിക്കുന്നു. മീനമാസത്തിലെ മൂലം നാളിലെ ഉത്സവച്ചടങ്ങുകള്‍ക്ക് സമാപനം കുറിക്കുന്ന ആറാട്ട് നടക്കുന്നത് ഈ സൗപര്‍ണ്ണികാ നദിയിലാണ്.

സങ്കല്‍പ്പപൂജ

അകത്തെ മണ്ഡപത്തില്‍ വെച്ച് ശ്രീകോവിലിന് വടക്കുഭാഗത്തായി പൂജാരിമാര്‍ മുഖേന സങ്കല്‍പ്പപൂജ നടത്തുന്നത് വളരെ വിശേഷമാണ്. പൂജയില്‍ പങ്കെടുക്കുന്നവര്‍ പൂജാരിയുടെ മുന്നിലിരുന്ന് പ്രാര്‍ത്ഥിക്കണം. തുടര്‍ന്ന് അര്‍ച്ചകന്‍ എല്ലാവരുടെ കൈയിലും അക്ഷതം കൊടുത്ത് ദേവിയെ നന്നായി മനസ്സില്‍ വിചാരിച്ച് പ്രാര്‍ത്ഥിക്കാന്‍ പറയും. പേരും നക്ഷത്രവും പറഞ്ഞ് സാധ്യകാര്യവും പ്രാര്‍ത്ഥിച്ച് പൂജാരി ചൊല്ലിത്തരുന്ന മന്ത്രം ഏറ്റുപറഞ്ഞ്, നമ്മള്‍ക്കെന്തെങ്കിലും വിഷമമുണ്ടെങ്കിലും പ്രയാസമുണ്ടെങ്കിലും ജന്മജന്മാന്തര ദുരിതങ്ങള്‍ തീരാനുള്ള പ്രാര്‍ത്ഥന അവര്‍ ചെയ്യും. തുടര്‍ന്ന് പൂജാരിക്ക് ദക്ഷിണ സമര്‍പ്പിച്ച് പുറത്തുവന്ന് പ്രസാദകൗണ്ടറില്‍ നിന്നും പ്രസാദം സ്വീകരിക്കണം.
ഇവിടെ അഭിഷേകവും പൂജയും ദേവീവിഗ്രഹത്തില്‍ പതിവില്ല. അലങ്കാരപൂജ മാത്രമാണ് ദേവീവിഗ്രഹത്തില്‍ ചെയ്യാറുള്ളത്. അഭിഷേകം സ്വയംഭൂവില്‍ മാത്രമാണ് നടത്തുന്നത്. ഏഴുപൂജയാണ് സാധാരണ പതിവ്. വിശേഷദിവസങ്ങളില്‍ മാറ്റമുണ്ടാകും.

അന്നദാനമണ്ഡപം

ക്ഷേത്രത്തിന് വടക്കുഭാഗത്തായാണ് അന്നദാനമണ്ഡപം. ഉച്ചയ്ക്ക് 12 മുതല്‍ 2.30 വരെയും രാത്രി 8 മുതല്‍ 9 വരെയും അന്നദാനമുണ്ട്. വരിയില്‍ നിന്ന് ഭക്ഷണശാലയിലെത്തിയാല്‍ ആദ്യം വെള്ളച്ചോറും രസവും ലഭിക്കും. രണ്ടാമത് ആവശ്യപ്പെടുകയാണെങ്കില്‍ ചോറും സാമ്പാറും. അത് കഴിഞ്ഞാല്‍ പിന്നെ പായസമാണ്. ശേഷം ചോറും മോരും. നിലത്തിരുന്നാണ് ഊണ് കഴിക്കേണ്ടത്. ഹാളിന് ചുമരരുകിലായി കസേരയും മേശയുമുണ്ട്. അവിടെ ഒരു ബോര്‍ഡുമുണ്ട്. ഹാന്‍ഡികേപ്പ്ഡ് ഓണ്‍ലി എന്ന്.

മൂകാംബികാദേവിയും ആദിശങ്കരനും

ശ്രീകോവിലിനരികിലാണ് അദ്വൈതാചാര്യനായിരുന്ന ശ്രീശങ്കരന്‍ തപസ്സനുഷ്ഠിച്ചുകൊണ്ടിരുന്നത് എന്നാണ് വിശ്വാസം. മലയാളക്കരയില്‍ ഒരു സരസ്വതിക്ഷേത്രം ഇല്ലാത്തതിനാല്‍ ആദിശങ്കരന്‍ കുടജാദ്രിയില്‍ തപസ്സനുഷ്ഠിക്കുകയും ദേവി പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്‍റെ കൂടെ വരണമെന്നും താനാഗ്രഹിക്കുന്ന സ്ഥലത്ത് ദേവിയെ പ്രതിഷ്ഠിക്കാന്‍ അനുവദിക്കണമെന്നും അപേക്ഷിച്ചു. ഈ ആഗ്രഹം ദേവി നിറവേറ്റാമെന്ന് അരുളി ചെയ്തു. പക്ഷെ ഒരുപാധി വെച്ചു. ശങ്കരന്‍ മുന്നേ നടന്നോളൂ. ലക്ഷ്യസ്ഥാനത്തെത്തുന്നതുവരെ തിരിഞ്ഞുനോക്കരുതെന്നും തിരിഞ്ഞുനോക്കിയാല്‍ താന്‍ അവിടെ പ്രതിഷ്ഠിതയാവുമെന്നും ദേവി വ്യവസ്ഥ വെച്ചു. അങ്ങനെ ശങ്കരന്‍ മുന്നേ നടക്കുകയും ദേവി അനുഗമിക്കുകയും ചെയ്തു.

നടന്നുനടന്നു സൗപര്‍ണ്ണികാതീരത്തെത്തിയപ്പോള്‍ ഒഴുക്കിന്‍റെ ശബ്ദം കാരണം ദേവിയുടെ കാലൊച്ച കേള്‍ക്കാതെയായി. ദേവി തന്‍റെ കൂടെയില്ലല്ലോ എന്ന് വ്യസനിച്ച ശങ്കരന്‍ തിരിഞ്ഞുനോക്കിയപ്പോള്‍, നീ വ്യവസ്ഥ ലംഘിച്ചതിനാല്‍ താന്‍ ഇവിടെ ഉപവിഷ്ടയാവുകയാണെന്നും മലയാളികള്‍ തന്നെ ഇവിടെവന്ന് കാണണമെന്നും ദേവി അരുള്‍ ചെയ്തു. തന്‍റെ തെറ്റിന് മാപ്പപേക്ഷിച്ച ശങ്കരനോട് എല്ലാ ദിവസവും ചോറ്റാനിക്കര ക്ഷേത്രത്തില്‍ രാവിലെ നിര്‍മ്മാല്യസമയത്ത് താന്‍ ദര്‍ശനം നല്‍കാമെന്നും അതിനുശേഷം കൊല്ലൂരിലേക്ക് പോകുമെന്നും അറിയിച്ചു. ഇന്നും ചോറ്റാനിക്കരയില്‍ നട തുറന്ന് നിര്‍മ്മാല്യവും അഭിഷേകവും കഴിഞ്ഞാണ് മൂകാംബികയില്‍ പൂജകള്‍ ആരംഭിക്കുന്നത്.

പ്രദോഷപൂജ

വൈകിട്ട് മൂന്ന് മണിയോടുകൂടി നടതുറക്കുന്നു. 5.30 വരെ പ്രത്യേക പൂജകളൊന്നുമില്ല. 6 മണിയോടെ പ്രദോഷപൂജ തുടങ്ങുകയായി. സൂര്യാസ്തമയത്തോടനുബന്ധിച്ച് ദീപാരാധന. പ്രദോഷപൂജ എന്നാണ് ദീപാരാധന അറിയപ്പെടുന്നത്. ഏഴുമണിക്ക് ചെറിയ മംഗളാരതിയും(സലാം പൂജ) 7.30 ന് മംഗളാരതിയും നടക്കുന്നു.

ടിപ്പുസുല്‍ത്താന്‍ ഒരിക്കല്‍ ഇവിടം ആക്രമിക്കാന്‍ വരികയും, എന്നാല്‍ ദേവിയുടെ ശക്തിക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് അദ്ദേഹം ഇനിയങ്ങോട്ടുള്ള മുഴുവന്‍ നാളുകളിലും പ്രദോഷത്തില്‍ ഒരു പൂജയ്ക്കുവേണ്ടുന്ന നിധി ദേവീ സവിധത്തില്‍ സമര്‍പ്പിക്കുകയും ചെയ്തുവത്രെ. ഇന്നും രാത്രി രണ്ട് പൂജയുള്ളതിനാല്‍ ഒന്ന് സലാം പൂജ എന്ന ടിപ്പുസുല്‍ത്താന്‍ നേര്‍ന്ന പൂജയാണത്രേ.

ദേവിയുടെ മംഗളാരതി കഴിഞ്ഞ് വീരഭദ്രസ്വാമിക്കും, മംഗളാരതിയുണ്ട്. അതുകഴിഞ്ഞ് ഉപദേവന്മാര്‍ക്കുള്ള ദീപാരാധനയാണ്. പിന്നീട് ബലി മംഗളാരതി. നിവേദ്യം, ആരതി എന്നിവയ്ക്കുശേഷം ശീവേലിക്കിറങ്ങുകയായി. ശീവേലി കഴിഞ്ഞ് അമ്മയെ സരസ്വതിമണ്ഡപത്തിലിരുത്തി അഷ്ടാര്‍ധാനപൂജ ചെയ്യുന്നു. വിദ്യാഭിവൃത്തി ആഗ്രഹിക്കുന്നവര്‍ക്ക് ഈ ദര്‍ശനം അതിവിശേഷമായി കണക്കാക്കപ്പെടുന്നു. ഇവിടെ അവലാണ് നിവേദ്യം. അവല്‍ പ്രസാദം എല്ലാഭക്തന്മാര്‍ക്കും നല്‍കുന്നു. അത്താഴ പൂജ കഴിഞ്ഞാല്‍ ഉപദേവതകള്‍ക്കുള്ള പൂജയാണ്. അതിനുശേഷം നിവേദ്യം സമര്‍പ്പിക്കുന്നു. ഇതുകഴിഞ്ഞാല്‍ കഷായ മംഗളാരതി തുടങ്ങുകയായി. വീരഭദ്ര സ്വാമിക്കും കഷായ മംഗളാരതിയുണ്ട്. അതുകഴിഞ്ഞ് കഷായ വിതരണമാണ്.

ശങ്കരാചാര്യര്‍ക്ക് നല്‍കിയ കഷായതീര്‍ത്ഥം

അത്താഴപൂജയ്ക്കുശേഷം നടത്തുന്ന പ്രധാന പൂജയാണ് കഷായതീര്‍ത്ഥം. ഇതാണ് ഇവിടുത്തെ ഒരു ദിവസത്തെ അവസാനപൂജ. ശ്രീശങ്കരാചാര്യര്‍ ദേവിയെ തപസ്സനുഷ്ഠിച്ചിരുന്ന കാലത്ത് അതികഠിനമായ തണുപ്പും മഴയുമേറ്റ് ശരീരം രോഗാവസ്ഥയിലായി. ശക്തിയായ പനിയും മറ്റസുഖങ്ങളാലും അദ്ദേഹത്തിന് തപസ്സ് തുടരാന്‍ കഴിയാതെ വന്നപ്പോള്‍ ആദിപരാശക്തി തന്നെ ഒരു കുടത്തില്‍ 'കഷായ തീര്‍ത്ഥം' കൊണ്ടുവന്ന് ശ്രീശങ്കരന് നല്‍കി. അതുകുടിച്ച മാത്രയില്‍ തന്നെ ആരോഗ്യം വീണ്ടെടുത്ത ശങ്കരന്‍ തനിക്ക് ഈ 'അമൃതകഷായം' തന്നത് സാക്ഷാല്‍ മൂകാംബികദേവി തന്നെയെന്ന് തിരിച്ചറിഞ്ഞു. ഇന്നും ഇവിടെ എത്തിച്ചേരുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും ഈ കഷായം നല്‍കിപ്പോരുന്നു. രോഗസംഹാരിയായ കഷായം സര്‍വ്വവ്യാധികള്‍ക്കും ഉത്തമ ഔഷധമായി കരുതുന്നു. ശര്‍ക്കര, ചുക്ക്, കുരുമുളക്, ഏലക്ക, ജ്യേഷ്ഠമധു, തിപ്പലി മുതലായ ഔഷധങ്ങള്‍ ചേര്‍ത്താണ് കഷായതീര്‍ത്ഥം തയ്യാറാക്കുന്നത്. വൈകിട്ട് ഏകദേശം 5 നും 6 നും ഇടയില്‍ ക്ഷേത്രനേദ്യപ്പുരയില്‍ ഇതിന്‍റെ പണി തുടങ്ങുന്നു.

ചണ്ഡികാഹോമം

ക്ഷേത്രത്തിന് തെക്കുഭാഗത്തായി നീണ്ടുകിടക്കുന്ന വലിയ ഹാളിലായാണ് ചണ്ഡികാഹോമം നടത്താറ്. ഇതിനകത്ത് അനവധി ഹോമകുണ്ഡങ്ങളുണ്ട്. നാല് ചണ്ഡികാഹോമമാണ് നിത്യവും പതിവ്. ചണ്ഡികാഹോമം കുടുംബപൂജയായിട്ടാണ് നടത്തുന്നത്. എല്ലാ അംഗങ്ങളും പങ്കെടുക്കണം. ഏഴു പുരോഹിതര്‍ എഴുന്നൂറ് പ്രാവശ്യം ദേവീമാഹാത്മ്യശ്ലോകങ്ങള്‍ ജപിക്കുകയും എഴുന്നൂറ് പ്രാവശ്യം പായസനിവേദ്യം അഗ്നിയില്‍ ഹോമിക്കുകയും ചെയ്യുന്നു. രാവിലത്തെ ശീവേലി കഴിയുന്നതോടെ ഹോമത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയായി. പായസനൈവേദ്യമാണ് മുഖ്യം. കൂടാതെ ഒട്ടനവധി സാധനങ്ങള്‍ ഹോമിക്കുന്നത് ഇതിന്‍റെ പ്രത്യേകതയാണ്. പായസം കൂടാതെ പുഷ്പങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍, കുപ്പിവളകള്‍, പട്ടുസാരി,  മറ്റനവധി വസ്തുക്കള്‍ ദേവിക്കായി നടത്തുന്ന ഈ ഹോമത്തിനായി ഉപയോഗിക്കുന്നു. അതിശക്തിമത്തായ ഈ ഹോമം യഥാവിധി ചെയ്യുകയാണെങ്കില്‍ ഫലപ്രാപ്തി നിശ്ചയമാണ്. നവരാത്രിയിലും വാര്‍ഷികോത്സവത്തിനും ക്ഷേത്രം വകയാണ് ചണ്ഡികാഹോമം പതിവ്. അന്ന് ഭക്തര്‍ക്ക് ഹോമം നടത്താന്‍ അനുവാദമില്ല.

രംഗപൂജ

പ്രദോഷപൂജയ്ക്കുശേഷം ചെയ്യുന്ന വിശേഷപ്പെട്ട പൂജകളിലൊന്നാണിത്. അപ്പം, വട, ദോശ തുടങ്ങിയ നേദ്യങ്ങള്‍ ദേവിക്ക് നേദിക്കുന്നതാണ് ഈ ചടങ്ങ്. ഇതോടൊപ്പം വീരഭദ്ര സ്വാമിക്കും നേദ്യങ്ങള്‍ അര്‍പ്പിക്കുന്നു. അവല്‍, ശര്‍ക്കര, തേങ്ങ തുടങ്ങിയവയാണ് നേദ്യവസ്തുക്കള്‍. വാര്‍ഷികോത്സവത്തിനും നവരാത്രിക്കും ഇത് ക്ഷേത്രം വകയാണ് നടത്താറ്.

വിശേഷ ദിവസങ്ങള്‍

നവരാത്രി, ശിവരാത്രി, ഉഗാദി, മീനമാസത്തില്‍ ഉത്രം നാളില്‍ കൊടികയറി പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വിശേഷദിവസങ്ങള്‍. മൂലം നാളില്‍ നടക്കുന്ന രഥോത്സവം വളരെ വിശേഷമാണ്. ബ്രഹ്മരഥം എന്നറിയപ്പെടുന്ന ഏഴുനിലകളുള്ള രഥം ക്ഷേത്രത്തിന്‍റെ കിഴക്കേനടയില്‍ നിന്ന് സൗപര്‍ണ്ണികാതീരത്തെ ഓലക മണ്ഡപം എന്നറിയപ്പെടുന്ന ആറാട്ട് മണ്ഡപം എന്ന സ്ഥലം വരെയാണ് രഥം എഴുന്നെള്ളിപ്പ്. രഥം വലിക്കാന്‍ ആയിരക്കണക്കിന് ഭക്തരാണ് വിവിധ സ്ഥലങ്ങളില്‍ നിന്നെത്തുന്നത്.

(മീനമാസത്തിലെ മൂലം നാളിലാണ് ബ്രഹ്മരഥോത്സവം പതിവെങ്കിലും മൂന്നുനാലു വര്‍ഷങ്ങള്‍ കൂടുമ്പോള്‍ അത് കുംഭമാസത്തിലെ മൂലം നാളിലാണ് ആഘോഷിക്കുക. ഇക്കൊല്ലം കുംഭമാസത്തിലാണ് ബ്രഹ്മരഥോത്സവം).

ഞാനും നീയും ഒന്നുതന്നെ എന്ന് നമ്മെ പഠിപ്പിച്ച ആദിശങ്കരന്‍ ലൗകികസുഖങ്ങളുടെ ക്ഷണികവും മായാബന്ധിതവുമായ നമ്മുടെ ലോകം നശ്വരമാണെന്ന യഥാര്‍ത്ഥസത്യം ഉദ്ബോധിപ്പിച്ചു. 'ഭജ ഗോവിന്ദം ഭജ ഗോവിന്ദം ഗോവിന്ദം ഭജ മൂഢമതേ' എന്ന് നമ്മള്‍ മനസ്സറിയാതെ ചൊല്ലുമ്പോള്‍ ശങ്കരാചാര്യ സ്വാമികളുടെ ചേതനാപൂര്‍ണ്ണമായ വിഗ്രഹത്തിന്‍റെ വലത്തെകരം നമ്മെ അനുഗ്രഹിക്കുന്നതായി പലപ്പോഴും തോന്നിപ്പോകും. അദ്വൈത വേദാന്തം നമ്മെ പഠിപ്പിച്ച ശ്രീശങ്കരന്‍ മൂകാംബികാപ്രതിഷ്ഠയ്ക്കുശേഷം ഇവിടെയിരുന്ന് ധ്യാനനിമഗ്നനായി. 'സൗന്ദര്യലഹരി' എന്ന അതിശ്രേഷ്ഠമായ ദേവീസ്തോത്രം രചിച്ചതും ഇവിടെയിരുന്നാണ് എന്നുപറയപ്പെടുന്നു.

ശബരിമലയില്‍ അയ്യനെക്കാണാന്‍ കന്നി അയ്യപ്പന്മാര്‍ ഒഴുകിയെത്താത്ത ഒരു മണ്ഡലക്കാലവും കടന്നുപോയിട്ടില്ല. അതുപോലെയാണ് മൂകാംബികദേവിയെ വണങ്ങാന്‍ മലയാളികള്‍ എത്താത്ത ഒരു ദിവസവും മൂകാംബികയിലുമുണ്ടായിട്ടില്ല.

ഭക്തവത്സലയും അഭീഷ്ടവരദായിനിയുമായ മൂകാംബിക അമ്മ, ശത്രുസംഹാരകയായ, സര്‍വ്വൈശ്വര്യദായിനിയായ, വിദ്യാകലാദേവതയായ മൂകാംബിക അമ്മ. ലോകത്തിന്‍റെ അമ്മയായി പത്മാസനത്തില്‍ ഇരുന്ന് നാല് കൈയാല്‍ ഭക്തനെ അനുഗ്രഹിക്കുന്ന അഭൗമ തേജസുള്ള വിഗ്രഹം.

ഭക്തി, അചഞ്ചലമായ ഭക്തി. അതൊന്ന് മാത്രമേ വേണ്ടൂ അമ്മയെ പ്രസാദിപ്പിക്കാന്‍. സിദ്ധിക്ഷേത്രമായതിനാല്‍ ഈ നടയില്‍ നിന്ന് പ്രാര്‍ത്ഥനയോടെ എന്ത് ആഗ്രഹിച്ചാലും അമ്മ തന്നിരിക്കും. തീര്‍ച്ച!


അമ്മേ മൂകാംബികേ... ദേവി..!

ബാബുരാജ് പൊറത്തിശ്ശേരി
9846025010