കൂടല്‍മാണിക്യ ക്ഷേത്രത്തെപ്പറ്റി മേല്‍ശാന്തി മണക്കാട് പരമേശ്വരന്‍ നമ്പൂതിരി
മണക്കാട് പരമേശ്വരന്‍ നമ്പൂതിരി കൂടല്‍മാണിക്യ സ്വാമിയെ സേവിച്ചുതുടങ്ങിയിട്ട് ആറ് പതിറ്റാണ്ടോളമാകുന്നു. 1964 ല്‍ തുടങ്ങിയ സേവ ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇത്രയും വര്‍ഷം സ്വാമിയെ സേവിക്കാന്‍ അവസരം നല്‍കിയതിന് തീരാത്ത കടപ്പാടാണ് സ്വാമിയോട് ഇദ്ദേഹത്തിന്.
മണക്കാട് പരമേശ്വരന്‍ നമ്പൂതിരി കൂടല്‍മാണിക്യ സ്വാമിയെ സേവിച്ചുതുടങ്ങിയിട്ട് ആറ് പതിറ്റാണ്ടോളമാകുന്നു. 1964 ല്‍ തുടങ്ങിയ സേവ ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇത്രയും വര്‍ഷം സ്വാമിയെ സേവിക്കാന്‍ അവസരം നല്‍കിയതിന് തീരാത്ത കടപ്പാടാണ് സ്വാമിയോട് ഇദ്ദേഹത്തിന്.
ആ കാലയളവില്‍ പുത്തില്ലത്ത് നാരായണന്‍ നമ്പൂതിരിയായിരുന്നു മേല്‍ശാന്തി. മുട്ടുശാന്തി, പരികര്‍മ്മം പാരമ്പര്യ അവകാശികളാണ് മണക്കാട് കുടുംബക്കാര്‍. പരമേശ്വരന്‍ നമ്പൂതിരിക്ക് മുമ്പ് അച്ഛന്‍ മണക്കാട് കൃഷ്ണന്‍ നമ്പൂതിരിയായിരുന്നു പരികര്‍മ്മി. അച്ഛന്‍റെ മരണശേഷം ആ ചുമതല സ്വയം ഏറ്റെടുക്കുകയായിരുന്നു ഇദ്ദേഹം. പരമേശ്വരന്‍ നമ്പുതിരിയുടെ മക്കളായ അഖില്‍ നമ്പൂതിരി, നിഖില്‍ നമ്പൂതിരി എന്നിവര്‍ അച്ഛന് കൂട്ടായി കൂടല്‍മാണിക്യ സ്വാമിയെ സേവിക്കാനായി കൂടെയുണ്ടാകും.
മേല്‍ശാന്തിയായിരുന്ന പുത്തില്ലത്ത് വാസുദേവന്‍ നമ്പൂതിരി പ്രായാധിക്യം മൂലം അന്തരിച്ചപ്പോള്‍ തുടര്‍ച്ചയായി മൂന്നുവര്‍ഷത്തോളം മേല്‍ശാന്തിയായി തുടര്‍ന്നു പരമേശ്വരന്‍ നമ്പൂതിരി. അതും പുറപ്പെടാശാന്തിയായിട്ട്. പിന്നീട് ഒന്നിടവിട്ട മാസങ്ങളില്‍ അനവധിക്കാലം മേല്‍ശാന്തിയായിരുന്നു- ഭക്തജനങ്ങള്‍ ആദരപൂര്‍വ്വം മണക്കാട് എന്ന് വിളിക്കുന്ന പരമേശ്വരന്‍ നമ്പൂതിരി.
കളഭം, ഉത്സവം, പ്രതിഷ്ഠാദിനം എന്നിവയ്ക്ക് വളരേയേറെ ഉത്തരവാദിത്വമുള്ളത് പരികര്‍മ്മികള്‍ക്കാണ്.(തന്ത്രിമാര്‍ക്ക് പൂജയ്ക്കാവശ്യമായ സാധനങ്ങള്‍ ഒരുക്കിക്കൊടുക്കുക) ഇവിടെ മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ആറ് തന്ത്രികുടുംബങ്ങളാണുള്ളത്. ശബരിമലയില്‍ താഴമണ്‍ കുടുംബവും ഗുരുവായൂരില്‍ ചേന്നാസ് കുടുംബവും മാത്രമാണ് തന്ത്രിമാര്‍.
തുലാമാസത്തില്‍ തിരുവോണത്തിന് തൃപ്പുത്തരി, അതിനുവേണ്ടതായ സാധനസാമഗ്രികള്‍(നിവേദ്യത്തിന് വേണ്ടതായ സാധനങ്ങള്‍) ചാലക്കുടിക്കടുത്ത് പോട്ട പാട്ട പ്രവൃത്തിക്കച്ചേരിയില്‍ നിന്നും തണ്ടികയായി വാദ്യഘോഷങ്ങളോകൂടി വൈകീട്ട് ആറ് മണിയോടുകൂടി ബസ് സ്റ്റാന്‍റിന് സമീപം കിഴക്കെനടയില്‍ ആല്‍ത്തറയിലെഴുന്നെള്ളിക്കും. ക്ഷേത്രത്തില്‍ വിളക്കു വെപ്പ് കഴിഞ്ഞ് മാരാര്‍ പതിവുള്ള ശംഖുവിളി കഴിഞ്ഞാല്‍ അവിടെ നിന്നും ആല്‍ത്തറക്കല്‍ വന്ന് ശംഖ് വിളിക്കും. തുടര്‍ന്ന് വാദ്യഘോഷങ്ങളും കമ്പിത്തിരി, പൂത്തിരി, മത്താപ്പ് തുടങ്ങിയവയോടെ ആര്‍പ്പുവിളികളുമായി ക്ഷേത്രത്തിലേക്ക് പ്രവേശിക്കും. ഇതിന് തണ്ടികവരവ് എന്നാണ് പറയുക. തൃപ്പുത്തരിയുടെ പിറ്റേന്ന് മുക്കുടി. അണിമംഗലം ഇല്ലത്തെ തന്ത്രിയാണ് മുക്കുടി പൂജിക്കുന്നത്. തൈരില്‍ പച്ചമരുന്നുകള്‍ അരച്ചുകലക്കി തിളപ്പിച്ച് അത് കുട്ടകങ്ങളിലാക്കി ദേവന് നിവേദിക്കുന്നു. പിന്നീട് ആ നിവേദ്യം ഭക്തര്‍ക്ക് വിതരണം ചെയ്യുന്നു. മുക്കുടി നിവേദ്യം എന്നാണിതിന് പറയുക. നാടിന്‍റെ നാനാഭാഗത്തുനിന്നും നിരവധി പേരാണ് മുക്കുടി വാങ്ങാനെത്തുക.
കുംഭമാസത്തില്‍ പുണര്‍തം പ്രതിഷ്ഠാദിനം. ഇതിന്‍റെ പൂജയ്ക്കായി എല്ലാ തന്ത്രിമാരും ഉണ്ടായിരിക്കും. മേടമാസത്തില്‍ ആണ്ടറുതിയായ ഉത്സവം. ഉത്രത്തിന് കൊടിയേറി പതിനൊന്നാം ദിവസം ആറാട്ട്. കൊടിയേറ്റവും ആറാട്ടും നകരമണ്ണ് ഇല്ലക്കാരാണ് ഇപ്പോള്‍ നടത്തിവരുന്നത്. ഉത്സവക്കാലമായാല്‍ മണക്കാടിനും കുടുംബത്തിനും ഭയങ്കര തിരക്കിന്‍റെ നാളുകളാണ്. ശുദ്ധി മുതല്‍ ആറാട്ടുകലശം വരെ 16 ദിവസം 24 മണിക്കൂറും തിരക്കാണ്. ഉത്സവം 11 ദിവസമേ ഉള്ളൂ എങ്കിലും കൊടിയേറ്റത്തിന് മൂന്നുദിവസം മുന്നേ ശുദ്ധിയും, ഉത്സവം ആറാട്ട് കഴിഞ്ഞ് രണ്ടുദിവസം ആറാട്ട് കലശവും. അങ്ങനെയാണ് 16 ദിവസം.
ഉത്സവത്തിന് കൊടിയേറ്റ് ചടങ്ങ് നടത്തുന്നത് തന്ത്രിയാണെങ്കിലും അതിനുവേണ്ട ഒരുക്കങ്ങള്‍ നടത്തുന്നത് പരികര്‍മ്മികളാണ്. ഉത്സവക്കാലത്ത് വെളുപ്പിന് ബ്രഹ്മകലശം പൂജിക്കണം. ഉച്ചശീവേലി കഴിഞ്ഞാല്‍ കലശം ആടണം. രാത്രി വിളക്കെഴുന്നെള്ളിപ്പും ക്ഷേത്രപ്രദക്ഷിണവും കഴിയുമ്പോള്‍ ഒന്നര രണ്ടുമണിയെങ്കിലുമാകും.
അവസാനനാളുകളില്‍ രണ്ടരയെങ്കിലുമാകും. ഉത്സവക്കാലത്ത് സഹായികളായി അഖില്‍ നമ്പൂതിരിയും നിഖില്‍ നമ്പൂതിരിയും കൂടെയുണ്ടാകും. വീണ്ടും പുലര്‍ച്ചെ മുതല്‍ ബ്രഹ്മകലശപൂജ.
ഈ രണ്ട് മാസം താന്ത്രികച്ചടങ്ങുകള്‍ ആറ് ഇല്ലത്തേക്കായി വീതിച്ചിട്ടുണ്ട്. ആ കാലയളവില്‍ വരുന്ന കളഭങ്ങള്‍ അതാത് തന്ത്രികുടുംബക്കാര്‍ നടത്തും. കുംഭമാസത്തിലെ പൂയം നാളില്‍ പൊഞ്ഞനത്തമ്മയുടെ ആറാട്ട് കൂടല്‍മാണിക്യം തീര്‍ത്ഥക്കുളത്തിലാണ്. മറ്റൊരു ക്ഷേത്രത്തിലേയും ആറാട്ട് ഇവിടെയില്ല. ഈ ക്ഷേത്രത്തിലെ ആറാട്ടുപോലും ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ചാലക്കുടിക്കടുത്ത കൂടപ്പുഴയിലും പുതുക്കാടിനടുത്ത് രാപ്പാളിലുമാണ്. പൊഞ്ഞനം ഭഗവതി ക്ഷേത്രത്തിലെ തന്ത്രികൂടിയാണ് മണക്കാട് പരമേശ്വരന്‍ നമ്പൂതിരി.
2000 മുതല്‍ എട്ടുവര്‍ഷത്തോളം തിരുവോണ ഊട്ട് മണക്കാടിന്‍റെ നേതൃത്വത്തിലായിരുന്നു നടത്തിയിരുന്നത്. തിരുവോണ ഊട്ട് തുടങ്ങിവെച്ചതും ഇദ്ദേഹമായിരുന്നു. പിന്നീട് ക്ഷേത്രത്തില്‍ ഭരണസമിതി നിലവില്‍ വന്നപ്പോള്‍ മുതല്‍ ദേവസ്വം നേരിട്ട് തിരുവോണ ഊട്ട് നടത്തുകയായിരുന്നു. അത് ഇപ്പോഴും തുടര്‍ന്നുവരുന്നു. തിരുവോണ ഊട്ടിന് വേണ്ടതായ 100 മേശകളും അഞ്ഞൂറോളം കസേരകളും 1500 പേര്‍ക്ക് പാചകം ചെയ്യാനുള്ള പാത്രങ്ങളും ഈ കാലയളവില്‍ ഭക്തജനങ്ങളുടെ സഹായത്തോടുകൂടി ഇദ്ദേഹം സമാഹരിച്ചിട്ടുണ്ട്.
ഏഴുവര്‍ഷം അടുപ്പിച്ച് സപ്താഹം വായനനടത്തിയതും ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലായിരുന്നു. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, സായാഹ്നഭക്ഷണം, അത്യാവശ്യം അത്താഴം എന്നിവയും ഇതോടൊപ്പം നടത്തിപ്പോന്നു. എട്ടാമത്തെ വര്‍ഷം 12 ആചാര്യന്മാരോടുകൂടിയുള്ള ഭാഗവത സപ്താഹം നടത്തി. ഭാഗവതം, രാമായണം എന്നിവ 17 ദിവസങ്ങളിലായാണ് നടത്തിയത്. എല്ലാദിവസവും പുറമെനിന്നുള്ള മൂന്ന് മഹാരഥന്മാരുടെ പ്രഭാഷണം, അങ്ങനെ 17 ദിവസം കൊണ്ട് 51 പ്രഭാഷണം ഉള്‍പ്പെടെയാണ് നടത്തിയത്.
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍റിന് സമീപം ക്ഷേത്രം കിഴക്കെ നടയില്‍ സ്ഥാപിച്ചിട്ടുള്ള അലങ്കാരഗോപുരം നിര്‍മ്മാണത്തിന് തുടക്കം കുറിച്ചതും സമര്‍പ്പണം വരെയുള്ള മുഖ്യനേതൃത്വം ഭക്തജനങ്ങളോടൊപ്പം മണക്കാടായിരുന്നു.
പൊഞ്ഞനം ഭഗവതിക്ഷേത്രം തന്ത്രിക്ക് പുറമെ തൊടുപുഴ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം, പെരുമ്പാവൂര്‍ കര്‍കടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലെ തന്ത്രി കൂടിയാണ് മണക്കാട് പരമേശ്വരന്‍ നമ്പൂതിരി. ഭാര്യ സതി അന്തര്‍ജ്ജനം. മക്കള്‍ ഐ.ടി. കമ്പനി ഉദ്യോഗസ്ഥരായ അഖില്‍ നമ്പൂതിരി, നിഖില്‍ നമ്പൂതിരി.
ബാബുരാജ് പൊറത്തിശ്ശേരി 9846025010
