ചൊവ്വാ- ശനിദോഷമകറ്റുന്ന ശിവ-മുരുകക്ഷേത്രം - കൂന്തല്ലൂര്‍ ജംബുകാരണ്യേശ്വര- മുരുകന് ക്ഷേത്രം
മുരുകന്റെ സന്നിധിക്ക് മുന്നില്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചാല്‍, പ്രാര്‍ത്ഥിച്ച ഏത് ആവശ്യവും മൂന്ന് മുതല്‍ മുന്നൂറ് ദിവസത്തിനുള്ളില്‍ നിറവേറും എന്നത് നിസ്തര്ക്കമെന്ന് ഭക്തര്‍ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ശനീശ്വരന് ഈ വഴിപാടുകള്‍ ചെയ്ത ശേഷം പ്രാര്‍ത്ഥിച്ചാല്‍ സന്താനഭാഗ്യം, വിവാഹഭാഗ്യം, പുതിയ വീട് എന്നിവ ലഭിക്കുന്നു. ഒപ്പം മഹാവ്യാധികള്‍ മാറുന്നു. ഒപ്പം ദാരിദ്ര്യം മാറി സമ്പല്‍സമൃദ്ധിയും ഉണ്ടാവുന്നു എന്നത് ഇവിടെയെത്തുന്ന ഭക്തരുടെ അനുഭവപരമായ സത്യമാണ്.
ശിവന്റെ ആജ്ഞയനുസരിച്ച് ഈ ഭൂലോകം നിയന്ത്രിക്കുന്നത് ഒന്‍പത് മന്ത്രിമാരാണ്. സൂര്യന് മുതലായ ഒന്‍പത് നവഗ്രഹ മൂര്‍ത്തികളും. സാധാരണയായി നവഗ്രഹങ്ങള്‍ ശിവക്ഷേത്രത്തിന്റെ ഈശാനകോണായ വടക്കുകിഴക്ക് ദിശയിലാണ് എഴുന്നെള്ളി അനുഗ്രഹം വര്‍ഷിക്കുക. എന്നാല്‍ അവരുടെ സ്ഥാനത്ത് മുരുകന് കുടികൊണ്ട് ഭക്തരുടെ കുറവുകള്‍ പരിഹരിക്കുന്ന ഒരു ദിവ്യക്ഷേത്രം തമിഴ്നാട്ടിലുണ്ട്.
കുംഭകോണത്തിനടുത്ത് കൂന്തല്ലൂര്‍ എന്ന സ്ഥലത്താണ് ഈ സവിശേഷതയാര്‍ന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിന്റെ ഈശാനദിക്കിലുള്ള പുണ്യതീര്‍ത്ഥ(കുളം)ത്തില്‍ ശ്രീലക്ഷ്മിയുടെ സ്വരൂപമായ സീതാദേവി നീരാടിയപ്പോള്‍ ദേവിയുടെ കൂന്തലില്‍ നിന്നും ഏതാനും മുടികള്‍ വെള്ളത്തില്‍ കൊഴിഞ്ഞുവീണു. അതുകൊണ്ടാണ് ഈ പ്രദേശത്തിന് കൂന്തല്ലൂര്‍ എന്ന പേരുണ്ടായത് എന്ന് ജംബുകാരണ്യപുരാണത്തില് പറയുന്നു.
ഭൂലോകത്ത് മൊത്തം ഭൂപ്രദേശവും ആദികാലത്ത് ജംബുദീപം എന്നാണത്രേ അറിയപ്പെട്ടിരുന്നത്. അതായത് ഞാവല്‍ ദ്വീപ് എന്ന് പൊരുള്‍. ആ രീതിയില്‍ സവിശേഷതയാര്‍ന്ന ഞാവല്‍ വൃക്ഷവനമായിരുന്ന ഇവിടെ ശിവന് പ്രത്യക്ഷപ്പെട്ട് ലോകത്തെ കാത്തുസംരക്ഷിക്കയാല് ക്ഷേത്രത്തിലെ ശിവനെ ജംബുകേശ്വരന് എന്ന് വിളിക്കുന്നു. ഇവിടെ മൂര്‍ത്തി ശിവനാണെങ്കിലും ശിവപുത്രനായ മുരുകന് ചൈതന്യമേറിയ സന്നിധിയുള്ളതിനാല് ഇത് മുരുകക്ഷേത്രമായിട്ടാണ് അറിയപ്പെടുന്നതും കീര്‍ത്തി നേടിയതും.
ശ്രീകാകഭുണ്ഡ മഹര്‍ഷിയുടെ പ്രധാന ശിഷ്യനായ രോമമഹര്ഷി 'അരിചൊല്' എന്ന ആറിന്റെ തെക്കേക്കരയില്‍ തപസ്സനുഷ്ഠിച്ചുവരവേ തന്നെ തേടിവരുന്ന ഭക്തര്‍ക്കെല്ലാം അഗസ്ത്യമുനിയുടെ നിര്‍ദ്ദേശാനുസരണം തന്റെ അഷ്ടമഹാസിദ്ധിയാല് രോമത്തില്‍ നിന്നും സ്വര്‍ണ്ണം വരുത്തി അവര്‍ക്ക് നല്കി അദ്ദേഹം അവരുടെ ദാരിദ്ര്യം ശമിപ്പിക്കുമായിരുന്നു. ഒരിക്കല്‍ ശിവന്റെ തിരുവിളയാടല്‍ കാരണം സ്വര്‍ണ്ണം വരുത്തുന്ന അദ്ദേഹത്തിന്റെ സിദ്ധി ഫലിക്കാതെ പോയി. ഉടനെതന്നെ രോമചമഹര്ഷി തന്റെ താടി അകറ്റി സ്നാനം മറന്ന് ഞാവല്‍ കാടീശ്വരനെ(ശിവനെ) ദര്‍ശിക്കാന്‍ ചെന്നു. അപ്പോള്‍ ഗണപതിയും മുരുകനും മഹര്‍ഷിയെ അകത്ത് കടത്താതെ തടഞ്ഞു. തന്റെ തെറ്റ് മനസ്സിലാക്കി രോമച മഹര്‍ഷി ക്ഷേത്രത്തിന്റെ വാതില്ക്കല് തന്നെ ശിവനെ ധ്യാനിച്ച് ഇരിക്കവേ, അവിടെ ശിവന് തന്റെ ദിവ്യകൈലാസ രൂപഭാവത്തില്‍ ദര്‍ശനമേകി മഹര്‍ഷിയെ അനുഗ്രഹിച്ചു. ക്ഷേത്രത്തിന്റെ ഈശാനഭാഗത്ത് മഹര്‍ഷി ജീവസമാധിയായി.
രാജഗോപുരമില്ലാത്ത ക്ഷേത്രത്തിന്റ തോരണവാതില്(കവാടം) താണ്ടി അകത്ത് പ്രവേശിച്ചാല്‍ ആദ്യം എതിരേല്ക്കുന്നത് പ്രത്യേക സന്നിധിയിലുള്ള സിദ്ധി ഗണപതിയാണ്. വടക്കുദിക്കായ ഈശാനദിക്കില്‍ നവഗ്രഹങ്ങള്‍ക്ക് പകരം വള്ളി, ദേവയാനി സമേതനായി മുരുകന് എഴുന്നെള്ളി അനുഗ്രഹം വര്‍ഷിക്കുന്നു. എതിരേ മുരുകനെ നോക്കിക്കൊണ്ട് ശനീശ്വരന് ദര്‍ശനം നല്കുന്നു. ഗണപതിയേയും മുരുകനേയും തൊഴുത് പ്രാര്‍ത്ഥിച്ചശേഷം ശിവസന്നിധിയിലെത്തിയാല് ബലിപീഠവും നന്തിദേവനേയും കാണാം. തെക്കോട്ട് അഭിമുഖമായി പ്രത്യേകസന്നിധിയില്‍ പാര്‍വ്വതീദേവി- ആനന്ദവല്ലി എന്ന നാമധേയത്തില്‍ എഴുന്നെള്ളി ഭക്തരില്‍ കാരുണ്യാമൃതവര്ഷം പൊഴിയുന്നു. പുറത്തുകടന്ന് മഹാമണ്ഡപത്തിലെത്തിയാല് അവിടെ ഗണപതി, മഹാവിഷ്ണു എന്നിവര്‍ ദര്‍ശനമരുളുന്നു.
ഒരു വ്യക്തിയുടെ ജാതകത്തില്‍ ശനിയും ചൊവ്വയും ചേര്ന്നുനില്ക്കയോ ശനി-ചൊവ്വയുടെ ദൃഷ്ടിയോ ഉള്ളവര്‍ക്ക് പല ദുരിതങ്ങള്‍ക്കും പാത്രീഭൂതരാവേണ്ടി വന്നേക്കാം. അത്തരം ദോഷമുള്ളവര്‍ ഈ ക്ഷേത്രത്തിലെത്തി ഒരു മഞ്ഞ സഞ്ചിയില്‍ നാളികേരവും താംബൂലവും ദക്ഷിണയായി വെച്ച്, മുരുകന് പുഷ്പാഞ്ജലി നടത്തി മൂന്ന് പ്രദക്ഷിണം വെച്ച്, ആ മഞ്ഞസഞ്ചി മുരുകന്റെ സന്നിധിക്ക് മുന്നിലുള്ള കൊടിക്കയറില്‍ കെട്ടിവച്ച് പ്രാര്‍ത്ഥിക്കണം. ഇങ്ങനെ പ്രാര്‍ത്ഥിച്ചാല്‍, പ്രാര്‍ത്ഥിച്ച ഏത് ആവശ്യവും മൂന്ന് മുതല്‍ മുന്നൂറ് ദിവസത്തിനുള്ളില്‍ നിറവേറും എന്നത് നിസ്തര്ക്കമെന്ന് ഭക്തര്‍ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
കൂടാതെ ശനി, ചൊവ്വാദോഷത്താല്‍ ബുദ്ധിമുട്ടുന്നവര്‍ ശനിയാഴ്ച ചൊവ്വാഹോരയിലും ചൊവ്വാഴ്ച ശനിഹോരയിലും ഇവിടെയെത്തി മുരുകനും ശനീശ്വരനും അഭിഷേകം നടത്തി, മാലയണിയിച്ച്, ശനിക്ക് നീല വസ്ത്രവും മുരുകന് ചുവപ്പ് വസ്ത്രവും വഴിപാടായി നല്കി മുരുകന് ചൂണ്ടലും മധുരപലഹാരവും, ശനീശ്വരന് എള്ളു ണ്ടയും നേദിക്കണം. ഈ വഴിപാടുകള്‍ ചെയ്ത ശേഷം പ്രാര്‍ത്ഥിച്ചാല്‍ സന്താനഭാഗ്യം, വിവാഹഭാഗ്യം, പുതിയ വീട് എന്നിവ ലഭിക്കുന്നു. ഒപ്പം മഹാവ്യാധികള്‍ മാറുന്നു. ഒപ്പം ദാരിദ്ര്യം മാറി സമ്പല്‍സമൃദ്ധിയും ഉണ്ടാവുന്നു എന്നത് ഇവിടെയെത്തുന്ന ഭക്തരുടെ അനുഭവപരമായ സത്യമാണ്.
ക്ഷേത്രനഗരമായ കുംഭകോണത്തുനിന്നും നാച്ചിയാര്കോവില് വഴി പൂന്തോട്ടം എന്ന സ്ഥലത്തേയ്ക്കുള്ള പാതയില്‍ എരവഞ്ചേരിക്കടുത്തായിട്ടാണ് കൂന്തല്ലൂര്‍ ജംബുകാരണ്യേശ്വര- മുരുകന് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചൊവ്വാ- ശനിദോഷങ്ങള്ക്കുള്ള ഏറ്റവും മികച്ച പരിഹാരകേന്ദ്രമാണിവിടം.
അജയ്കുമാര്‍
