ഓരോ കൂറിന്‍റേയും ദേവതകളും ജപിക്കേണ്ട മന്ത്രങ്ങളും വഴിപാടുകളും

ഓരോ കൂറിന്‍റേയും ദേവതകളും ജപിക്കേണ്ട മന്ത്രങ്ങളും വഴിപാടുകളും

 

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം നക്ഷത്രങ്ങളില്‍ പിറന്ന മേടക്കൂറുകാര്‍ ഗണപതി ഭഗവാനെ പൂജിക്കണം. 

ഓം ഗം ഗണപതയേ നമഃ നിത്യവും ജപിക്കണം.  

ക്ഷേത്രത്തില്‍ ചെയ്യേണ്ട വഴിപാടുകള്‍ ആയുര്‍സൂക്ത പുഷ്പാഞ്ജലി, ഗണപതിഹോമം, കറുകമാല, നെയ്വിളക്ക് എന്നിവയാണ്. 

ഇടവക്കൂറ്: കാര്‍ത്തിക അവസാന മൂന്നുപാദം, രോഹിണി, മകയിരം ആദ്യ പകുതി നക്ഷത്രങ്ങളില്‍ പിറന്ന ഇടവക്കൂറുകാര്‍ ഭദ്രകാളിയെ ആരാധിക്കണം. 

ഓം ഐം ക്ലീം സൗഃ ഹ്രീം ഭദ്രകാള്യൈ നമഃ പതിവായി ജപിക്കണം.

ചുവന്നപട്ട്, ഹാരം, കടുംപായസം, ഐകമത്യസൂക്തം, ദേവീസൂക്താര്‍ച്ചന എന്നീ വഴിപാടുകള്‍ ചൊവ്വാഴ്ചകളില്‍ നടത്തണം.

മിഥുനക്കൂറ്: മകയിരം രണ്ടാം പകുതി, തിരുവാതിര, പുണര്‍തം ആദ്യപാദം നക്ഷത്രങ്ങളില്‍ പിറന്നവര്‍ മഹാവിഷ്ണുവിനെ ആരാധിക്കണം. 

ഓം നമോ നാരായണായനമഃ നിത്യവും ജപിക്കണം.

ക്ഷേത്രദര്‍ശനവേളയില്‍ മഞ്ഞപ്പട്ട്, താമരപ്പൂമാല, മഞ്ഞപ്പൂമാല എന്നിവ സമര്‍പ്പിക്കാം. മുഴുക്കാപ്പ്, പാല്‍പ്പായസം എന്നീ വഴിപാടുകള്‍ നടത്തുക. ഭാഗവത പാരായണം, നാരായണസൂക്താര്‍ച്ചന എന്നിവ നടത്തുക.

കര്‍ക്കിടകക്കൂറ്: പുണര്‍തം അവസാനപാദം, പൂയം, ആയില്യം നക്ഷത്രങ്ങളില്‍ പിറന്നവര്‍ ദുര്‍ഗ്ഗാദേവിയെ പൂജിക്കണം. വനദുര്‍ഗ്ഗ, കിരാതപാര്‍വ്വതി എന്നീ ദേവതകളെ ഉപാസിക്കാന്‍ കഴിയുമെങ്കില്‍ വളരെ നല്ലത്. 

പതിവായി ഓം ഹ്രീം ദും ദുര്‍ഗ്ഗായ നമഃ   ജപിക്കുക. 

നെയ്പ്പായസം, വെളള പുഷ്പങ്ങളാല്‍ പുഷ്പാഞ്ജലി എന്നിവ നടത്തി മൂന്ന് തവണ ദുര്‍ഗ്ഗാക്ഷേത്രത്തില്‍ അടിപ്രദക്ഷിണം വയ്ക്കുക. 

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം ആദ്യപാദം നക്ഷത്രങ്ങളില്‍ പിറന്നവര്‍ ശാസ്താവിനെ ഉപാസിക്കണം. 

ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ പതിവായി ജപിക്കണം.

ശാസ്താവ്, അയ്യപ്പന്‍, വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തണം. നീരാജനം, എളളുപായസം, നീലപ്പൂക്കള്‍ കൊണ്ട് ഹാരം, നെയ്വിളക്ക്, നെയ്യഭിഷേകം എന്നിവ നടത്തണം. നീലപ്പട്ട്, കറുത്തപട്ട് എന്നിവ സമര്‍പ്പിക്കാം.
 

കന്നിക്കൂറ്: ഉത്രം അവസാന മൂന്ന് പാദം, അത്തം, ചിത്തിര ആദ്യപകുതി നക്ഷത്രക്കാര്‍ ലക്ഷ്മീദേവിയെ ഉപാസിക്കണം. 

ഓം ഐം ശ്രീം ഹ്രീം ക്ലീം നമഃ  പതിവായി ജപിക്കണം.

പാല്‍ പ്പായസം, വെളളപ്പട്ട്, വെളള നിവേദ്യം, നന്ത്യാര്‍വട്ടപ്പൂവുകൊണ്ട് പുഷ്പാഞ്ജലി, വെളളത്താമരമാല, അന്നദാനം, ക്ഷേത്രത്തില്‍ 21 പ്രദക്ഷിണം എന്നിവയാണ് ദോഷപരിഹാരങ്ങള്‍.

തുലാക്കൂറ്: ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യ മൂന്നുപാദം നക്ഷത്രക്കാര്‍ സുബ്രഹ്മണ്യനെ ഉപാസിക്കണം. 

ഓം വചത്ഭുവേ നമഃ മന്ത്രം നിത്യവും ജപിക്കണം.

നാരങ്ങാമാല, പഞ്ചാമൃതാഭിഷേകം പനിനീര്‍ അഭിഷേകം എന്നിവയാണ് മുരുക ക്ഷേത്രങ്ങളില്‍ നടത്താവുന്ന വഴിപാടുകള്‍, കാവിപ്പട്ട്, വെളളിവേല്‍ എന്നിവ സമര്‍പ്പിക്കുന്നത് നല്ലതാണ്.
 

വൃശ്ചികക്കൂറ്: വിശാഖം അവസാനപാദം, അനിഴം,തൃക്കേട്ട നക്ഷത്രക്കാര്‍ അന്നപൂര്‍ണ്ണേശ്വരിയെ ഉപാസിക്കണം. 

ഓം ഹ്രീം ശ്രീം നമോ ഭഗവതി മഹേശ്വരി അന്നപൂര്‍ണ്ണ സ്വാഹ  എന്ന മന്ത്രം പതിവായി ജപിക്കണം. 

പാല്‍പ്പായസം, ഒറ്റയപ്പം എന്നിവയാണ് നിവേദ്യങ്ങള്‍. താമ്പൂലം, വെളുത്ത ഹാരം എന്നിവ സമര്‍പ്പിക്കണം. ക്ഷേത്രത്തില്‍ 21 തവണ പ്രദക്ഷിണം ഉത്തമം.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം ആദ്യപാദം നക്ഷത്രക്കാര്‍ ശ്രീരാമനെ ഉപാസിക്കണം. 
 

ഓം രാം രാമായ നമഃ മന്ത്രം പതിവായി ജപിക്കണം. 

പാല്‍പ്പായസമാണ് നിവേദ്യം. മുഴുക്കാപ്പ് രാമതുളസീഹാരം, അശോക പുഷ്പം കൊണ്ട് പുഷ്പാഞ്ജലി എന്നിവ ഉത്തമം.
 

മകരക്കൂറ്: ഉത്രാടം അവസാനമൂന്ന് പാദം, തിരുവോണം, അവിട്ടം ആദ്യപകുതി നക്ഷത്രക്കാര്‍ ദുര്‍ഗ്ഗാദേവിയെ ഉപാസിക്കണം. 

ഓം ഹ്രീം ദും ദുര്‍ഗ്ഗായെ നമഃ മന്ത്രജപം പതിവാക്കണം. 

കടും പായസം വഴിപാട് നടത്തുക. ചിത്രവര്‍ണ്ണപ്പട്ട്, വിവിധ വര്‍ണ്ണ ഹാരം, ക്ഷേത്രപ്രദക്ഷിണം എന്നിവയാണ് മറ്റ് പരിഹാരങ്ങള്‍.
 

കുംഭക്കൂറ്:
 അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ നക്ഷത്രക്കാര്‍ ഉമാമഹേശ്വര ഉപാസന നടത്തണം. 

ഓം നമഃ ശിവായ മന്ത്രജപം പതിവാക്കണം. 

തിങ്കളാഴ്ചകളില്‍ ജലധാര, ക്ഷീരധാര, ശംഖാഭിഷേകം എന്നിവ നടത്തണം. എരിക്കിന്‍ പൂമാല, കൂവളമാല, തുമ്പപ്പൂ എന്നിവ സമര്‍പ്പിക്കാം. പുഷ്പാഞ്ജലി, ഉമാമഹേശ്വരപൂജ എന്നിവയാണ് മറ്റ് പരിഹാരങ്ങള്‍. 

മീനക്കൂറ്: പൂരുരുട്ടാതി അവസാനപാദം, ഉത്തൃട്ടാതി, രേവതി നക്ഷത്രത്തില്‍ പിറന്നവര്‍ ശ്രീകൃഷ്ണപൂജ നടത്തണം.

ഓം ക്ലീം കൃഷ്ണായ നമഃ നിത്യവും ജപിക്കണം.

ക്ഷേത്രത്തില്‍ പാല്‍പ്പായസം, ഉണ്ണിയപ്പം, തൃക്കൈവെണ്ണ എന്നിവയാണ് വഴിപാടുകള്‍ നടത്തേണ്ടത്. മുഴുക്കാപ്പ്, മഞ്ഞപ്പൂക്കള്‍, തുളസീഹാരം, പച്ചപ്പട്ട്, സ്വര്‍ണ്ണമാല, താലി എന്നിവ സമര്‍പ്പിക്കാം.

           ജ്യോതിഷാചാര്യന്‍ കാടാമ്പുഴ തിരുമേനി
                9847475559

Photo Courtesy - Google