കീഴ്ശാന്തിയായി വിളമ്പിക്കൊടുത്തു; മേല്‍ശാന്തിയായി വാരിക്കൊടുക്കുന്നു... കൊട്ടാരക്കര ഗണപതിയുടെ മേല്‍ശാന്തി രതീഷ്‌കുമാര്‍
എന്നെ സംബന്ധിച്ചിടത്തോളം കൊട്ടാരക്കര ഗണപതിക്ക് വിളമ്പിക്കൊടുക്കുവാനും വാരിക്കൊടുക്കുവാനും ഭാഗ്യം സിദ്ധിച്ചവനാണ് ഞാന്‍. കീഴ്ശാന്തിയായിരിക്കുമ്പോള്‍ അമ്മയുടെ സ്ഥാനത്ത് നിന്ന് നേദ്യം തയ്യാറാക്കി വിളമ്പിക്കൊടുക്കുന്ന ആളായിരുന്നു ഞാന്‍. ഇന്ന് മേല്‍ശാന്തി എന്ന നിലയില്‍ അച്ഛന്റെ സ്ഥാനത്തുനിന്ന് വാരിക്കൊടുക്കുകയാണ്. ഇതില്‍പ്പരമൊരു ഭാഗ്യം മറ്റെന്താണുള്ളത്.'
കൊട്ടാരക്കര ഗണപതിയുടെ കീഴ്ശാന്തിയായും മേല്‍ശാന്തിയായും നറുക്കില്‍ വിജയിച്ച രതീഷ്‌കുമാര്‍ എന്ന കണ്ണന്‍
കൊല്ലം ഓടനാവട്ടം കുടവട്ടൂര്‍ കുതിരക്കുളത്തില്ലത്ത് ജയാഭവനില്‍ രതീഷ്‌കുമാര്‍ എന്ന കണ്ണന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ നൂറുകണക്കിന് ശാന്തിക്കാരില്‍ കേവലം ഒരു ശാന്തിക്കാരന്‍ മാത്രമാണ്. പക്ഷെ ഈ ശാന്തിക്കാരന്‍ കണ്ണനും കൊട്ടാരക്കര ഗണപതിയും തമ്മില്‍ അധികമാരും അറിയാത്ത, അല്ലെങ്കില്‍ ശ്രദ്ധിച്ചിട്ടില്ലാത്ത വലിയൊരു ബന്ധമുണ്ട്. ഒരു ഗാഢബന്ധം. 'ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം' എന്ന് ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി എഴുതിയതുപോലൊരു ബന്ധം.
കൊട്ടാരക്കര ഗണപതിക്ക് കണ്ണനേയും കണ്ണന് ഗണപതിയേയും അധികനാള്‍ കാണാതിരിക്കാനാവില്ല. വളരെ ചെറുപ്രായത്തില്‍ തന്നെ ഭക്തനായും, പിന്നെ മറ്റ് പൂജാരിമാരുടെ(സഹശാന്തിമാരുടെ) സഹായിയായുമൊക്കെ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെത്തി ഗണപതി ഭഗവാനെ തൊഴുതുവണങ്ങുകയും സേവിക്കുകയുമൊക്കെ ചെയ്തിട്ടുള്ള കണ്ണന്‍ പിന്നീട് ദേവസ്വം ബോര്‍ഡ് ശാന്തിക്കാരനായപ്പോള്‍ ഒന്നല്ല, രണ്ട് പ്രാവശ്യമാണ് തന്നെ പൂജിക്കുവാനുള്ള സൗഭാഗ്യം ഭഗവാന്‍ അദ്ദേഹത്തിന് നല്‍കിയത്. ആദ്യം കീഴ്ശാന്തിയായിട്ടായിരുന്നെങ്കില്‍ പിന്നീട് മേല്‍ശാന്തിയായി. രണ്ടും നറുക്കെടുപ്പിലൂടെയാണെന്നും, കീഴ്ശാന്തിയായിരുന്ന ഒരാള്‍ ചെറിയൊരു ഇടവേളയ്ക്കുശേഷം നറുക്കെടുപ്പിലൂടെ അതേ ക്ഷേത്രത്തില്‍ തന്നെ മേല്‍ശാന്തിയാകുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇന്നോളമുള്ള ചരിത്രത്തിലെ ആദ്യസംഭവമാണെന്നും കൂടി അറിയുമ്പോഴാണ് കുടവട്ടൂര്‍കാരന്‍ കണ്ണന്‍ കൊട്ടാരക്കര ഗണപതിക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് മനസ്സിലാകുന്നത്.

വളരെ ചെറുപ്രായത്തില്‍തന്നെ അച്ഛന്‍ ശങ്കരന്‍ നമ്പൂതിരിയില്‍ നിന്ന് പൂജാവിധിയുടെ അടിസ്ഥാനവശങ്ങളൊക്കെ മനസ്സിലാക്കിയ കണ്ണന്‍, പതിനാറുവര്‍ഷം തുടര്‍ച്ചയായി താന്‍ സേവിച്ച കൊല്ലത്ത് ചേരിയില്‍ ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളില്‍ ദേവിക്ക് മുന്നില്‍ കിടന്ന് അച്ഛന്‍ മരിച്ചശേഷം വല്യച്ഛന്‍മാര്‍ക്കൊപ്പം കൂടി. അതിനുശേഷം ചിറ്റപ്പന്റെ മകന്‍ കൃഷ്ണശര്‍മ്മയ്‌ക്കൊപ്പം സഹായിയായി. ഒട്ടനവധി ക്ഷേത്രങ്ങളില്‍ താന്ത്രികാവകാശമുള്ള കൃഷ്ണശര്‍മ്മയില്‍ നിന്നും, അച്ഛനില്‍ നിന്ന് പഠിച്ചതിന്റെ ബാക്കികൂടി പഠിച്ചശേഷമാണ് 2010 ല്‍ ദേവസ്വം ബോര്‍ഡില്‍ ശാന്തിയായി ജോലിക്ക് കയറിയത്.
പ്രീഡിഗ്രി പഠനം കഴിഞ്ഞ് ഐ.ടി.ഐയും ഡിപ്ലോമയുമൊക്കെ പാസ്സായെങ്കിലും അത് സംബന്ധമായ ഒരു ജോലിക്കും കണ്ണന്‍ ശ്രമിച്ചിരുന്നില്ല. കാരണം, ദേവീ-ദേവന്‍മാരെ പൂജിക്കുന്നതിനപ്പുറം മറ്റൊന്നും ആ മനസ്സിലുണ്ടായിരുന്നില്ല. അതുകൊണ്ടാണ് വളരെ ചെറുപ്രായം മുതല്‍ക്കേ ചില സ്വകാര്യക്ഷേത്രങ്ങളിലൊക്കെ പൂജാരിയായിപ്പോയിത്തുടങ്ങിയത്. കട്ടയില്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലായിരുന്നു തുടക്കം. അതുകഴിഞ്ഞ് വേങ്ങനാട് ക്ഷേത്രത്തില്‍പോയി. അവിടിരിക്കുമ്പോഴാണ് ബാലരാമപുരം സ്വദേശിനി ഹരിപ്രിയയെ വേളി കഴിച്ചതും, പിറകെ മേലില കടുമംഗലം മഹാദേവ ക്ഷേത്രത്തില്‍ പാര്‍ട്ട് ടൈം ശാന്തിക്കാരനായി ദേവസ്വം ബോര്‍ഡില്‍ കയറിയതും. പിന്നെ കുറികേശ്വരം മഹാവിഷ്ണു ക്ഷേത്രത്തിലും പാര്‍ട്ട്‌ടൈം ശാന്തിയായി. അവിടുന്ന് പ്രമോഷനോടുകൂടി ഫുള്‍ടൈം ശാന്തിയായി അച്ചന്‍ കോവിലിലേക്ക്.
തുടര്‍ന്ന് ആര്യങ്കാവ്, ചടയമംഗലം... എന്നിങ്ങനെ പലപല ക്ഷേത്രങ്ങളും കടന്ന് നറുക്കെടുപ്പിലൂടെ ഇഷ്ടഭഗവാന്റെ സവിധത്തിലെത്തി. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ കീഴ്ശാന്തി. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ പുല്ലാമലയിലേക്കും, തൃക്കണ്ണമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലേക്കും പോയെങ്കിലും കണ്ണന്റെ മനസ്സുകണ്ട വിഘ്‌നേശ്വരന്‍ വീണ്ടും വിളിച്ചു. അങ്ങനെനറുക്കെടുപ്പിലൂടെത്തന്നെ ഈ വര്‍ഷം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി. അതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തിലാദ്യമായി നറുക്കെടുപ്പിലൂടെ കീഴ്ശാന്തിയായി വന്ന ഒരാള്‍ നറുക്കെടുപ്പിലൂടെത്തന്നെ മേല്‍ശാന്തിയായി അതേ ക്ഷേത്രത്തിലെത്തുന്ന അപൂര്‍വ്വതയാണ് സംഭവിച്ചത്.
ബോര്‍ഡില്‍ കയറുന്നതിന് മുമ്പ് കൊട്ടാരക്കരയിലെ ഹീറോ ഹോണ്ട ഷോറൂമിന്റെ ചുമതലയുണ്ടായിരുന്നപ്പോഴും എല്ലാദിവസവും ഈ തിരുനടയിലെത്തി വിഘ്‌നവിനായകനെ വണങ്ങിയിട്ടേ കണ്ണന്‍ ഷോറൂമിലേക്ക് പോയിരുന്നുള്ളൂ. അതുമൊക്കെ ഈ അപൂര്‍വ്വ സൗഭാഗ്യത്തിന് കാരണമായിട്ടുണ്ടാകാം എന്ന് കരുതുന്ന കണ്ണന് മറ്റൊരു സ്വഭാവം കൂടിയുണ്ട്. പലപ്പോഴും പൂജ കഴിഞ്ഞിട്ട് അകത്തിരുന്ന് ഗണപതിയോട് കാര്യങ്ങള്‍ സംസാരിക്കും.' എന്താണ് തിരുമേനി ഭഗവാനോട് ഇങ്ങനെ സംസാരിക്കുന്നതെന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. 'അതൊരു അറ്റാച്ചുമെന്റിന്റെ ഭാഗമാണ്' എന്നാണ് ഇദ്ദേഹത്തിന്റെ മറുപടി.
ഇവിടെ മാത്രമല്ല, പമ്പ ഗണപതി ക്ഷേത്രത്തിലും സഹായിക്കാന്‍ പോയിട്ടുണ്ട് കണ്ണന്‍. അവിടെ മേല്‍ശാന്തിക്കാരെ രണ്ടുകൊല്ലം സഹായിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ ഗണപതി ഭഗവാനെആരാധിച്ചാരാധിച്ച് ഗണപതി ഭഗവാന്റെ മേല്‍ശാന്തിയായി. മഹാദേവനേയും ദേവിയേയും അയ്യപ്പനേയും മഹാവിഷ്ണുവിനേയുമൊക്കെ പൂജിച്ചിട്ടുണ്ടെങ്കിലും ഗണപതിയോടാണ് തനിക്ക് ഒരാത്മ ബന്ധം തോന്നിയിട്ടുള്ളത് എന്ന് തുറന്നുപറയുന്ന രതീഷ്‌കുമാറിന് പിന്നൊരു മമത ദേവിയോടാണ്.
'അതിനൊരു കാരണം, അച്ഛന്‍ അവസാനനിമിഷം വരെ ദേവിയെയായിരുന്നല്ലോ പൂജിച്ചിരുന്നത്. കണ്ണ് തുറക്കുന്ന കാലം മുതല്‍ 16 കൊല്ലത്തോളം ആ മണ്ഡപത്തിലിരുന്നാണ് ഞാന്‍ പൂജ പഠിച്ചുകൊണ്ടിരുന്നത്. ഒടുവില്‍ അച്ഛന്റെ മരണവും ശ്രീകോവിലിനകത്തായിരുന്നു. അതൊക്കെക്കൊണ്ടുതന്നെ ദേവിയുമായി അഭേദ്യമായ ഒരു ബന്ധമുണ്ട്. ഒരുപക്ഷെ അതിനാലൊക്കെയായിരിക്കാം, വള്ളിയങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ പൂജാരിയാകണം എന്നുള്ള ഒരാഗ്രഹമുണ്ട്. പമ്പയും ഒരാഗ്രഹമായിരുന്നെങ്കിലും കൊട്ടാരക്കര കിട്ടിയതോടെ അതങ്ങുമാറി. ഇക്കുറി നറുക്കില്‍ വള്ളിയങ്കാവിലേക്ക് വിളി വരും എന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. അവിടെ പല പ്രാവശ്യം പോയിട്ടുണ്ട്. ഗുരുസി കൂടിയിട്ടുമുണ്ട്.'
ഇത്രയും മാനസിക അടുപ്പമുള്ള കൊട്ടാരക്കര ഗണപതിയെക്കുറിച്ച് എന്താണ് പറയാനുള്ളത്?
പറയാന്‍ വാക്കുകളില്ല എന്നുള്ളതാണ് സത്യം. കേരളത്തില്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ളതും അല്ലാത്തതുമായി പഴവങ്ങാടി, പമ്പ, കക്കാട്, വാഴപ്പള്ളി, മള്ളിയൂര്‍... തുടങ്ങി പേരുകേട്ട ഗണപതി ക്ഷേത്രങ്ങള്‍ വേറെയുമുണ്ടെങ്കിലും ഒത്തിരി പ്രത്യേകതകളുള്ളതാണ് കൊട്ടാരക്കര ഗണപതി. പെരുന്തച്ചന്‍ പ്രതിഷ്ഠാകര്‍മ്മം നടത്തിയ ബാലഗണപതിയുടെ ദാരുശില്‍പ്പമാണ് ഇവിടുള്ളത്. ദാരുശില്‍പ്പമാകയാല്‍ താഴെ അര്‍ച്ചനാബിംബം വച്ചിട്ടാണ് അഭിഷേകവും കാര്യങ്ങളുമൊക്കെ നടത്തുന്നത്. എല്ലാ ഗണപതിക്കും ഉണ്ണിയപ്പം വഴിപാട് ഇഷ്ടമാണെങ്കിലും ഇവിടത്തെ ഒരു പ്രത്യേകത ഉണ്ണിയപ്പമാണ് മൊത്തം നിവേദ്യം എന്നതാണ്. എപ്പോള്‍ നിവേദിച്ചാലും ഉണ്ണിയപ്പം കൂട്ടാണ്. കുറച്ച് മാറ്റം വരുന്നത് ഉദയാസ്തമനപൂജയ്ക്ക് മാത്രമാണ്. അതിലും പക്ഷെ ഉണ്ണിയപ്പം കാണും.
മകന്റെ പേരുകൊണ്ട് അച്ഛന്‍ അറിയപ്പെടുന്നു എന്ന പ്രത്യേകതയും കൊട്ടാരക്കര ക്ഷേത്രത്തിന് മാത്രം സ്വന്തമായ കാര്യമാണ്. ആളുകള്‍ ഇവിടേക്ക് വരുന്നത് ഗണപതിക്ഷേത്രം എന്ന നിലയിലാണ്. ഇവിടെ വരുമ്പോഴാണ് പ്രധാന പ്രതിഷ്ഠ മഹാദേവനാണെന്നറിയുന്നത്. പ്രധാനപ്രതിഷ്ഠ മഹാദേവനായതുകൊണ്ട് ഉഷഃപൂജ, എതിര്‍ത്തുപൂജ, പന്തീരടി പൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിങ്ങനെഅഞ്ച് പൂജകളും ശീവേലിയും കൊടിയേറ്റുമൊക്കെ മഹാദേവനാണ്. ഗണപതിക്ക് ഉഷഃനിവേദ്യവും, ഉച്ചപൂജയും, അത്താഴപൂജയും മാത്രമേയുള്ളൂ.
വര്‍ഷത്തിലൊരിക്കലേ ഗണപതിയെ പുറത്തേക്കെഴുന്നെള്ളിക്കുകയുള്ളൂ. വിനായകചതുര്‍ത്ഥിക്കാണത്. മഹാദേവന്റെ ശീവേലിയും കഴിഞ്ഞുള്ള എഴുന്നെള്ളത്തിന് എഴുന്നെള്ളത്ത് വിഗ്രഹമാണ് പുറത്തേക്കെടുക്കുന്നത്. വര്‍ഷത്തിലൊരിക്കല്‍, അന്നുമാത്രം ഉണ്ണിയപ്പം കൂടാതെ മോദകവും നിവേദിക്കും. എല്ലാദിവസവും ഉണ്ണിയപ്പം നിവേദിക്കുമെങ്കിലും, വിശേഷ ദിവസങ്ങളൊഴിച്ചാല്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ഗണപതിക്ക് ഉദയാസ്തമനപൂജയുമുണ്ടാകും.

കൂട്ടപ്പമാണ് പ്രധാന വഴിപാട്. ഒരു വലിയ ഉരുളിയില്‍ ഉണ്ണിയപ്പം നിറച്ച് കുന്നുകൂട്ടി വയ്ക്കും. ഈ നിവേദ്യം നേദിച്ചിട്ട് കുറച്ചെടുത്ത് വഴിപാട് നടത്തുന്നയാള്‍ക്ക് പ്രസാദമായി നല്‍കും. ബാക്കിയുള്ളവ ഒരു പെട്ടിയിലാക്കിയും നല്‍കും. കൂട്ടപ്പ വഴിപാടിന്റെ ഇപ്പോഴത്തെ നിരക്ക് 2000 രൂപയാണ്. കൂട്ടപ്പം എപ്പോള്‍ വേണമെങ്കിലും നിവേദിക്കാം. മറ്റൊരു പ്രധാന വഴിപാട് ഉദയാസ്തമന അപ്പം വാര്‍പ്പാണ്. അതിനുള്ള ബുക്കിംഗ് 45 വരെ തീര്‍ന്നുകഴിഞ്ഞു. 2046, 47 ലേക്കുള്ള ബുക്കിംഗാണ് ഇപ്പോള്‍ എടുക്കുന്നത്. ഉദയാസ്തമന ഉണ്ണിയപ്പ വഴിപാടിന് വെളുപ്പിന് 4.30 ന് അടുപ്പുകത്തിച്ച് വാര്‍ത്തു തുടങ്ങിയാല്‍ 6.30 ന് ദീപാരാധനകഴിഞ്ഞ് എല്ലാം കൂടി വച്ചാണ് നേദിക്കുന്നത്. പന്ത്രണ്ടര പറ അരി പൊടിച്ച് ആ മാവുകൊണ്ടാണ് ഉണ്ണിയപ്പം ഉണ്ടാക്കുന്നത്. നേദിച്ചുകഴിഞ്ഞ് അത് മൂന്നായി വിഭജിക്കും. ഒരു പങ്ക് ഭക്തജനങ്ങള്‍ക്കുള്ളതാണ്. ഒരു പങ്ക് വഴിപാട് നടത്തുന്നയാള്‍ക്ക്. മൂന്നാമത്തെ പങ്ക് പ്രമാണിമാര്‍ക്കുള്ളതാണ്. പണ്ടൊക്കെ കിഴക്കേക്കര, പടിഞ്ഞാറ്റിന്‍കര പ്രമാണിമാര്‍, ട്രഷറര്‍ എന്നൊക്കെയുണ്ടല്ലോ. അവര്‍ക്കാണ് മൂന്നാമത്തെ പങ്ക്.
ഉത്സവം
ഗണപതിയുടെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നതെങ്കിലും കൊടിയേറ്റുത്സവം നടക്കുന്നത് മഹാദേവനാണ്. ഇതിന്റെ ചടങ്ങുകളില്‍ പ്രധാനമാണ് കരപറച്ചില്‍.
മഹാദേവനെ എഴുന്നെള്ളിച്ച് വടക്കോട്ട് നോക്കി നിര്‍ത്തുമ്പോള്‍ രണ്ടുകരക്കാരും വന്ന് കര പറയും. 5-ാം ഉത്സവത്തിനാണ് കരപറച്ചില്‍ നടത്തുന്നത്. ഭഗവാന് മുന്നില്‍ തിരുമുല്‍ക്കാഴ്ച തൊഴുതു സമര്‍പ്പിച്ചാണ് കര പറയുന്നത്. പള്ളിവേട്ടയുടെ അന്ന്, ഇനിയും കാണാമെന്നു പറഞ്ഞ് രണ്ട് കരക്കാരും പിരിയും. മേടത്തിരുവാതിരയ്ക്ക് ആറോട്ടോടുകൂടി പതിനൊന്ന് ദിവസമാണ് ഉത്സവം.
കൊട്ടാരക്കരയേയും പരിസരപ്രദേശങ്ങളേയും എല്ലാ നിലയിലും ഇളക്കിമറിക്കുന്ന ഉത്സവമാണ് പതിനൊന്നുദിവസത്തെ മേടത്തിരുവാതിര ഉത്സവമെങ്കിലും, അതിലും വലിയ വിശേഷമാണ് വിനായകചതുര്‍ത്ഥി. അതൊരു മഹാ ഉത്സവമാണ്. പൂഴിമണ്ണ് തറയില്‍ വീഴാത്തത്ര ജനസഞ്ചയം എന്നൊക്കെപ്പറയുന്നത് അക്ഷരം പ്രതി ശരിയാണെന്നു തെളിയിക്കുന്ന ജനബാഹുല്യമായിരിക്കും ഇവിടെയാകെ.
പൂജാക്രമം
കീഴ്ശാന്തി, മേല്‍ശാന്തി, രണ്ട് സഹശാന്തിമാര്‍ എന്നിങ്ങനെനാല് പേരാണ് ശാന്തിമാരായിട്ടുള്ളത്. ദിവസവും 4.20 ന് നട തുറക്കും. മണിയടിച്ച് നട തുറന്ന് ആദ്യമായി വിളക്ക് കൊളുത്തുന്നത് മഹാദേവനാണ്. പിന്നെ പാര്‍വ്വതിയുടെ നട തുറക്കും. തുടര്‍ന്ന് ഗണപതിയുടെ നട തുറന്ന് അഭിഷേകവും നിവേദ്യവും ഒക്കെ നടത്തും. അപ്പോഴേക്കും സഹശാന്തിമാര്‍ രണ്ടുപേര്‍ മഹാദേവന്റെയും പാര്‍വ്വതിയുടെയും കാര്യങ്ങളൊക്കെ നോക്കിയിരിക്കും.
ഗണപതി ഭഗവാന് ആദ്യത്തെ നിവേദ്യം എടുത്ത് മേല്‍ശാന്തിയുടെ കയ്യില്‍ നല്‍കേണ്ടത് കീഴ്ശാന്തിയാണ്. അഷ്ടദ്രവ്യത്തിന്റെ കൂട്ട്, ഒരുരുളി ഉണ്ണിയപ്പം, നാളികേരം ഉടച്ചത് എന്നിവയാണ് ആദ്യനിവേദ്യം. ഇതെടുത്ത് മേല്‍ശാന്തിയുടെ കയ്യില്‍ കൊടുക്കുന്നത് കീഴ്ശാന്തി തന്നെയായിരിക്കണം എന്നതാണ് ചടങ്ങ്. പിന്നീട് സഹശാന്തിമാരോ സഹായികളോ ചെയ്യാം.
കൊട്ടാരക്കര ക്ഷേത്രത്തിലെ മേല്‍ശാന്തി ശരിക്കും ശിവന്റെ മേല്‍ശാന്തിയാണെങ്കിലും പ്രാധാന്യം ഗണപതിക്കാകയാല്‍ എപ്പോഴും ഗണപതിക്കരികില്‍ തന്നെയായിരിക്കും. പ്രധാന പൂജകള്‍ ചെയ്യുവാനായി മാത്രമേ ശിവന്റടുത്തേക്ക് പോവുകയുള്ളൂ. ബാക്കി സമയത്തൊക്കെ ഗണപതിക്കരികില്‍ തന്നെയായിരിക്കും. ഈ സമയം ശിവന്റേയും പാര്‍വ്വതിയുടേയും അരികില്‍ സഹശാന്തിമാരായിരിക്കും. കീഴ്ശാന്തി ഉണ്ണിയപ്പത്തിന്റെ ചുമതലയും.
'എന്നെ സംബന്ധിച്ചിടത്തോളം കൊട്ടാരക്കര ഗണപതിക്ക് വിളമ്പിക്കൊടുക്കുവാനും വാരിക്കൊടുക്കുവാനും ഭാഗ്യം സിദ്ധിച്ചവനാണ് ഞാന്‍. കീഴ്ശാന്തിയായിരിക്കുമ്പോള്‍ അമ്മയുടെ സ്ഥാനത്ത് നിന്ന് നേദ്യം തയ്യാറാക്കി വിളമ്പിക്കൊടുക്കുന്ന ആളായിരുന്നു ഞാന്‍. ഇന്ന് മേല്‍ശാന്തി എന്ന നിലയില്‍ അച്ഛന്റെ സ്ഥാനത്തുനിന്ന് വാരിക്കൊടുക്കുകയാണ്. ഇതില്‍പ്പരമൊരു ഭാഗ്യം മറ്റെന്താണുള്ളത്.'
രതീഷ്‌കുമാറിന് മക്കള്‍ രണ്ടുപേര്‍. ചെന്നൈയില്‍ ബിരുദവിദ്യാര്‍ത്ഥി ദേവദത്തനും, നാട്ടില്‍തന്നെ എട്ടാം തരത്തില്‍ പഠിക്കുന്ന ദേവതീര്‍ത്ഥയും. അച്ഛന്‍ കീഴ്ശാന്തിയായിരിക്കുമ്പോള്‍ സഹായിക്കാനെത്തുമായിരുന്ന ദേവദത്തനെ ഒന്‍പത് ദേവന്‍മാരുടെ പൂജയും, അത്യാവശ്യം ഗണപതിഹോമവും ഭഗവതിസേവയും പഠിപ്പിച്ചിടാണ് രതീഷ്‌കുമാര്‍ പഠിക്കാന്‍ വിട്ടത്. അയാള്‍ക്കാകട്ടെ ശാന്തിപ്പണിയില്‍ താല്‍പ്പര്യവും ഉണ്ടെന്നുപറയുന്ന രതീഷ്‌കുമാര്‍, അതുകൊണ്ടുതന്നെ ചെന്നൈയില്‍ നിന്ന് മടങ്ങി വന്നാലുടന്‍ ചേട്ടന്‍മാര്‍ക്കൊപ്പം വിട്ട് വിശേഷാല്‍പൂജകള്‍, കൊടിയേറ്റ്, ഗുരുസി, സുദര്‍ശനഹോമം, മൃത്യുഞ്ജയ ഹോമം എന്നിവയൊക്കെ പഠിപ്പിക്കുവാനുള്ള തീരുമാനത്തിലാണ്.
