കൊട്ടിയൂര്‍ പെരുമാളിന്‍റെ വൈശാഖോത്സവം
ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂര്‍ കണ്ണൂര്‍ ജില്ലയിലാണ്. മലബാറിന്‍റെ മഹോത്സവം എന്ന് വിശേഷിപ്പിക്കാവുന്ന വൈശാഖോത്സവം കേരളത്തിലെ വിവിധങ്ങളായ ജാതിസ്വത്വങ്ങള്‍ക്ക് തങ്ങളുടേത് മാത്രമായ അവകാശങ്ങള്‍ പ്രത്യേകമായി അനുഷ്ഠിക്കാനാകുന്ന ഈ ഉത്സവം മറ്റെങ്ങുമില്ലാത്ത ജാതിക്കൂട്ടായ്മയുടെ സവിശേഷതയും പേറുന്നു. ഹിന്ദുമതത്തില്‍പ്പെട്ട എല്ലാവിഭാഗം ആളുകളുടെയും സാന്നിദ്ധ്യത്തോടെ അവരുടേതായ കര്‍മ്മങ്ങള്‍ നടക്കുന്ന ഒരുത്സവം കൂടിയാണ് വൈശാഖ മഹോത്സവം. പടിഞ്ഞാറ്റെ നമ്പൂതിരി ക്ഷേത്രം തന്ത്രിയായും മണത്തണ നാലുവീട്ടില്‍ നായര്‍ പ്രമാണിമാര്‍ ഊരാളന്മാരായും ആദിവാസി കുറിച്യന്‍ 'ഒറ്റപ്പിലാന്‍' ആയും ഉള്‍പ്പെട്ട ഒരു ട്രസ്റ്റാണ് ഉത്സവം നടത്തുന്നത്.
ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂര്‍ കണ്ണൂര്‍ ജില്ലയിലാണ്. കൈലാസസമാനമായ, പ്രകൃതിരമണീയമായ മലമടക്കുകളാല്‍ ചുറ്റപ്പെട്ട പ്രദേശം. ദക്ഷയാഗംനടന്ന പുണ്യഭൂമി. കൂത്തുപറമ്പില്‍നിന്നും ഏകദേശം അമ്പതുകിലോമീറ്റര്‍ യാത്ര ചെയ്താല്‍ ക്ഷേത്രത്തിലെത്താം.
കൊട്ടിയൂരില്‍ രണ്ട് ക്ഷേത്രമുണ്ട്. ഇക്കരെ കൊട്ടിയൂരും അക്കരെ കൊട്ടിയൂരും. അക്കരെ കൊട്ടിയൂരാണ് മൂലക്ഷേത്രം. ഭക്തജനമനസ്സുകളില്‍ ഭക്തി സായൂജ്യമുണ്ടാക്കുന്ന കൈലാസനാഥനായ കൊട്ടിയൂര്‍ പെരുമാള്‍. പുണ്യവാഹിനിയായ ബാവലിപ്പുഴയടെ വടക്കേതീരത്ത് തിരുവഞ്ചിറയില്‍ സ്ഥിതിചെയ്യുന്നു. ഇവിടെ ശിവനും പാര്‍വ്വതിയും, രണ്ടും തിരുവഞ്ചിറ ജലാശയത്തിന്‍റെ നടുവിലാണ്. സ്വയംഭൂ ചൈതന്യമായി മഹാദേവന്‍ കുടിയിരിക്കുന്ന തിരുവഞ്ചിറയിലെ മണിത്തറ. ശക്തി ചൈതന്യമായ പാര്‍വ്വതി അനുഗ്രഹം ചൊരിയുന്ന അമ്മാറക്കല്‍ത്തറ.
ഇടവത്തിലെ ചോതി മുതല്‍ മിഥുനത്തിലെ ചിത്തിര വരെ മാത്രമേ അക്കരെ കൊട്ടിയൂരില്‍ പൂജയുള്ളൂ. യാഗസമാനമായ അനുഷ്ഠാനകര്‍മ്മങ്ങള്‍ നടക്കുന്നത് വൈശാഖോത്സവ നാളുകളിലാണ്. അപ്പോള്‍ താല്‍ക്കാലികമായി പന്തലിടും.
ബാക്കി കാലം ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലാണ് ഭഗവാന്‍ സാന്നിദ്ധ്യമരുളുക. അക്കാലത്ത് അക്കരെ കൊട്ടിയൂര്‍ക്ക് ആര്‍ക്കും പ്രവേശനമില്ല. ഇക്കരെ കൊട്ടിയൂരില്‍ തിടമ്പില്‍ സാന്നിദ്ധ്യമരുളുന്നു. കിഴക്കോട്ടാണ് ദര്‍ശനം. ദിവസവും മൂന്ന് പൂജയുണ്ട്. പുറപ്പെടാ ശാന്തിയാണ്. ദക്ഷിണാമൂര്‍ത്തി മാത്രമേ ഉപദേവനായുള്ളൂ. കൊട്ടിയൂരപ്പന്‍റെ ഐതിഹ്യവും ക്ഷേത്രോത്സവചരിത്രവും ഭക്തരുടെ മനസ്സില്‍ തലമുറകളായി പകര്‍ന്നുവന്ന ചിരപ്രതിഷ്ഠ നേടിയ പുരാവൃത്തം തന്നെയാണ്.
ഇടവത്തിലെ ചോതി മുതല്‍ മിഥുനത്തിലെ ചിത്തിര വരെ 28 ദിവസം നീളുന്ന കൊട്ടിയൂര്‍ യാഗോത്സവം പോലെ വൈവിധ്യം നിറഞ്ഞ മഹോത്സവം ലോകത്തെവിടെയുമില്ല. ഭണ്ഡാരം എഴുന്നെള്ളിക്കുന്നതു മുതല്‍ ഉത്രാടം വരെ ദേവതമാരും തിരുവോണം തൊട്ട് ആയില്യം വരെ മനുഷ്യരും മകം തൊട്ട് ഭൂതഗണങ്ങളുമാണ് ഉത്സവം നടത്തുകയെന്നാണ് വിശ്വാസം. 64 ഗോത്രവിഭാഗങ്ങള്‍ ചേര്‍ന്ന് നടത്തുന്ന ഉത്സവത്തിന് ഉച്ചനീചത്വങ്ങളില്ല, ജാതി ചിന്തകളില്ല, മേലാളനും കീഴാളനുമില്ല. കാടന്‍ തൊട്ട് ബ്രാഹ്മണന്‍ വരെ ഒരേ ചൈതന്യത്തിന്‍റെ ഏക ഭാവങ്ങളാണെന്ന് തെളിയിക്കപ്പെടുന്നു. അക്കരെ ദേവസ്ഥാനത്തെ യാഗോത്സവം ഒരു മാസം നീളുന്നതും ഒരു നാടൊന്നാകെ ജാതിഭേദം കൂടാതെ ഒറ്റക്കെട്ടായി നടത്തുന്നതുമാണ്. ബ്രാഹ്മണര്‍ മുതല്‍ കാനനവാസികള്‍ വരെ സര്‍വ്വജാതി വിഭാഗത്തിനും അവകാശവും പങ്കാളിത്തവുമുള്ള ഇതുപോലൊരു മഹോത്സവം വേറെയില്ല.
എല്ലാ നാട്ടിലും മഴ തുടങ്ങും മുമ്പെ ഉത്സവങ്ങളെല്ലാം അവസാനിക്കാറാണ് പതിവ്. പക്ഷെ മഴ തുടങ്ങുന്നതോടെയാണ് കൊട്ടിയൂരിന്‍റെ ഉത്സവം. പ്രകൃതിയും മനുഷ്യനും ദേവതകളും ഒന്നിക്കുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഉത്സവമാണ് കൊട്ടിയൂരിലേത്. മഴയും ചെളിയും മഞ്ഞും തണുപ്പും ഈ ഉത്സവത്തിന്‍റെ അണിയറക്കാരാണ്. കൂവയും കല്ലുവാഴയും ഓടയും ഓലയും മരങ്ങളുമെല്ലാം ഇവിടെ കാഴ്ചയുടെ പ്രമാണിമാര്‍. മഴയുടെയും പുഴയുടെയും ഉത്സവം കൂടിയാണ്. മലകള്‍ തുള്ളി ഇരമ്പിയെത്തുന്ന ബാവലി മന്ദംചേരിയില്‍ നിന്നും ചെറുചാലായെത്തി തീര്‍ത്ഥാടകരുടെ പാദം നനച്ച് പ്രദക്ഷിണവഴിയെ തിരുവഞ്ചിറ ചുറ്റിയൊഴുകുന്ന കാലം.
കാടിന് നടുവില്‍ വൃത്താകൃതിയില്‍ താഴ്ത്തിക്കെട്ടിയ സ്ഥലമാണ് ഭക്തര്‍ പ്രദക്ഷിണത്തിനുപയോഗിക്കുന്ന തിരുവഞ്ചിറ. അതിന് നടുവിലായി കല്ലുകള്‍ കെട്ടിയൊരുക്കിയ മണിത്തറയും. ഇതില്‍ ഉത്സവക്കാലത്തുമാത്രം പൂജ നടക്കുന്ന ശ്രീകോവിലും. ഇതാണ് അക്കരെ കൊട്ടിയൂരിലെ കാഴ്ച. തിരുവഞ്ചിറയ്ക്ക് നടുവിലെ മണിത്തറയെന്ന കല്‍ക്കെട്ടിലാണ് ഭഗവാന്‍ സ്വയംഭൂവായി കുടികൊള്ളുന്നത്. ഇതുകൂടാതെ തിരുവഞ്ചിറയില്‍ വേറെയും രണ്ട് കല്‍ത്തറകള്‍ കാണാനാകും. ഒന്ന് ആല്‍ത്തറയാണ്. മറ്റൊന്ന് ഭഗവതി സതീദേവീ കുടികൊള്ളുന്ന അമ്മാറക്കല്‍ത്തറ. ഇടവത്തിലെ ചോതിനാളില്‍ തുടങ്ങി മിഥുനത്തിലെ ചിത്തിരനാളില്‍ തൃക്കലശ്ശാട്ടോടെ അവസാനിക്കുന്നതാണ് അക്കരെ കൊട്ടിയൂര്‍ ദേവസന്നിധിയിലെ ഉത്സവച്ചടങ്ങുകള്‍.
ജഗദ്ഗുരു ആദിശങ്കരന്‍ നിശ്ചയിച്ച പ്രകാരമാണ് ഇവിടെ ഉത്സവചിട്ടകള്‍ നടക്കുന്നത്. കൊട്ടിയൂര്‍ യാഗഭൂമിപോലെ നെയ്യാട്ടഭൂമിയുമാണ്. ചൂരല്‍വള കഴുത്തിലണിഞ്ഞ് വിഭൂതിയായ ഭസ്മം ധരിച്ച് നെയ്ക്കുടം ശിരസ്സിലേറ്റി നെയ്യമൃതുമായി വരുന്ന ശിവഭൂത ഗണങ്ങളെ കാണുമ്പോള്‍ വഴിയോരങ്ങളില്‍ തൊഴുകൈയ്യുമായി ഭക്തജനങ്ങള്‍ കാത്തിരിപ്പുണ്ടാകും.
നെയ്യാട്ടത്തിന് കൊണ്ടുവരുന്ന നെയ്യ് വെറും നെയ്യല്ല. അത് സ്വയംഭൂവില്‍ അഭിഷേകം ചെയ്യാനുള്ളതാണ്. അഞ്ച് നെയ്യമൃത സംഘങ്ങള്‍ക്കായി മഠങ്ങള്‍ 64 എണ്ണമുണ്ട്. ഇവ മൂന്ന് രാജവംശങ്ങളെ പ്രതിനിധാനം ചെയ്യുന്നുവെന്നാണ് ചരിത്രം പറയുന്നത്. നെടുമ്പ്രംമഠം ഇരുവഴിനാട് സ്വരൂപത്തിന്‍റെയും തൃക്കപാലം മഠം ചിറക്കല്‍ രാജാവിന്‍റെയും മറ്റുള്ളവ കോട്ടയം രാജവംശത്തിന്‍റെയും പ്രതിനിധികളായാണ് ഗണിക്കപ്പെടുക. മണത്തണയിലെ സപ്തമാതൃപുരം എന്ന ചപ്പാരം ഭഗവതിക്ഷേത്രത്തിലാണ് നെയ്യമൃത് സംഘങ്ങള്‍ ഒത്തുചേരുന്നത്.
നെയ്യാട്ടത്തിന് മുന്‍പെ ഒരു വര്‍ഷം അഷ്ടബന്ധത്താല്‍ ആവൃതമായ അക്കരെ ക്ഷേത്രത്തിലെ ഭഗവല്‍വിഗ്രഹം പടിഞ്ഞീറ്റ നമ്പൂതിരിയുടെയും പാലോണം നമ്പൂതിരിയുടെയും പനയൂര്‍ നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തില്‍ ആവരണം നീക്കി ശുദ്ധീകരിച്ച് നെയ്യഭിഷേകത്തിനായി ഒരുക്കിവയ്ക്കും. ആദ്യമായി വില്ലിപാലം കുറുപ്പിന്‍റെ നെയ്ക്കുടമാണ് അഭിഷേകത്തിന് സ്വീകരിക്കുക. തുടര്‍ന്ന് തമ്മേങ്ങാടന്‍ നമ്പ്യാരുടെ നെയ്ക്കുടം സ്വീകരിച്ച് അഭിഷേകം ചെയ്യും. തൃക്കട്ടാരി നമ്പൂതിരിയാണ് നെയ്യ്ക്കിണ്ടികളുടെ വായപൊതി മുറിച്ചു മാറ്റുക.
ഉത്സവം നടത്തിപ്പിനും അവകാശികള്‍ക്കുമുള്ള കയ്യാലകള്‍
യാഗത്തിനൊരുക്കിയ പര്‍ണ്ണശാലകളുടെ സ്മരണയിലാണ് ഇവിടെ കയ്യാലകള്‍ ഒരുക്കുന്നത്. ഓലമേഞ്ഞാണ് ഇവ തയ്യാറാക്കുക. യാഗഭൂമിയെന്ന സങ്കല്‍പ്പത്തിലാണ് അക്കരെ കൊട്ടിയൂരിലെ ഉത്സവകാല നിര്‍മ്മിതികളെല്ലാം. എല്ലാം പ്രകൃതിക്കിണങ്ങുന്നത് മാത്രം. വൈദ്യുതിയൊഴികെ ആധുനികമായതൊന്നും അവിടെ കാണാനാകില്ല. തിരുവഞ്ചിറയ്ക്ക് ചുറ്റുമുള്ള കല്‍ക്കെട്ടുകള്‍ക്ക് മുകളില്‍ തിരുവഞ്ചിറയ്ക്ക് ചുറ്റുമായിട്ടാണ് അവകാശികള്‍ക്കും ഉത്സവം നടത്തിപ്പുകാര്‍ക്കും താമസിക്കാനും വിശ്രമിക്കാനുമായി കയ്യാലകള്‍ ഒരുക്കുന്നത്. 32 കയ്യാലകളാണ് കൊട്ടിയൂരില്‍ ഉത്സവം നടത്തിപ്പ് ആവശ്യങ്ങള്‍ക്കായി ഒരുക്കാറുള്ളത്.
കരിമ്പനയ്ക്കല്‍ ചാത്തോത്ത്, പേരിയ നായര്‍, വടക്കേടത്ത് നായര്‍, തന്ത്രി കോഴിക്കാട്ടിരി, പടിത്തീറ്റ, കോവിലകം, ആശാരി, പുറംകലയന്‍, പെരുവണ്ണാന്‍, ഒറ്റപ്പിലാന്‍, കലശമണ്ഡപം, പാലോന്നം, കൂത്തമ്പലം, കണക്കപ്പിള്ള, സമുദായി, തന്ത്രി നന്ത്യാര്‍ വള്ളി, ദേവസ്വം ഓഫീസ്, തേടന്‍ വാരിയര്‍, നമ്പീശന്‍, പൂവന്‍, പൂവന്‍ നമ്പീശന്‍, കുളങ്ങരത്ത് തിട്ടയില്‍, ഉഷകാമ്പ്രം, പന്തീരടി കാമ്പ്രം, എക്സിക്യുട്ടീവ് ഓഫീസര്‍, പോലീസ്, എന്‍.എച്ച്. ട്രസ്റ്റീസ്, അന്നദാനം, പ്രാഥമിക ചികിത്സാകേന്ദ്രം എന്നിങ്ങനെയൊക്കെയുള്ള കയ്യാലകളാണ് ഉത്സവക്കാലത്ത് തിരുവഞ്ചിറയ്ക്ക് ചുറ്റും പ്രവര്‍ത്തിക്കുക.
മണത്തണ വഴി കൊട്ടിയൂരിലേക്ക്
പണ്ടുകാലത്ത് കൊട്ടിയൂര്‍ തീര്‍ത്ഥാടകര്‍ക്ക് വാഹനസൗകര്യം മണത്തറ വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൊട്ടിയൂര്‍ തീര്‍ത്ഥാടനങ്ങളിലെ ഒരു പ്രധാന കേന്ദ്രമാണ് മണത്തണ. ഇവിടെ നിന്നും 13 കിലോമീറ്ററാണ് കൊട്ടിയൂരിലേക്കുള്ളത്. മുന്‍കാലങ്ങളില്‍ ഇവിടെ നിന്നും കാല്‍നടയായാണ് ഭക്തര്‍ കൊട്ടിയൂരിലേക്ക് പോയിരുന്നത്. അന്ന് മുതലേ കൊട്ടിയൂര്‍ തീര്‍ത്ഥാടനത്തിന്‍റെ പ്രധാന കേന്ദ്രമായി മണത്തണ.
കൊട്ടിയൂരിലേക്ക് ഭണ്ഡാരം എഴുന്നെള്ളത്ത് തുടങ്ങുന്നത് മണത്തറ കരിമ്പനഗോപുരത്തില്‍ നിന്നാണ്. ഭഗവാന്‍റെ പൂജാപാത്രങ്ങളും ആഭരണങ്ങളും ഭഗവാന്‍റെ സ്വത്തുവകകളെല്ലാം ഇവിടെ നിന്ന് എഴുന്നെള്ളിച്ച് കൊട്ടിയൂരിലെത്തിയാല്‍ മാത്രമേ ഉത്സവം തുടങ്ങുകയുള്ളൂ. 15 ക്ഷേത്രങ്ങളും അതിനേക്കാളേറെ ദൈവിക സ്ഥാനങ്ങളുമുള്ള പ്രദേശമാണ് മണത്തണ ക്ഷേത്രനഗരി.
വിളക്കുതിരികളും ശീലകളും പുറക്കുളത്തുനിന്ന്
വൈശാഖ മഹോത്സവത്തിന്‍റെ പ്രധാന ചടങ്ങുകള്‍ക്ക് ആവശ്യമായ വിളക്കുതിരികളും മറ്റ് ഉല്‍പ്പന്നങ്ങളും നെയ്യുന്നതും അവ കൊട്ടിയൂരിലേക്ക് എഴുന്നെള്ളിച്ച് എത്തിക്കുന്നതും കൂത്തുപറമ്പിനടുത്ത് പുറക്കുളത്തെ മണിയന്‍ ചെട്ടിയാന്‍ സ്ഥാനികന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്. പുറക്കുളം തിരൂര്‍കുന്ന് മഹാഗണപതി ക്ഷേത്രത്തിനടുത്തുള്ള മഠത്തിലാണ് വ്രതനിഷ്ഠരായ സംഘം ഉത്സവത്തിന് ആവശ്യമായ ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്.
ഇളനീര്‍ എഴുന്നെള്ളത്ത്
കോരപ്പുഴയ്ക്കും വളപട്ടണം പുഴയ്ക്കും ഇടയിലുള്ള പ്രദേശത്തുനിന്നാണ് കൊട്ടിയൂര്‍ക്ക് ഇളനീര്‍ സമര്‍പ്പണക്കാര്‍ എഴുന്നെള്ളുക. ഇവര്‍ വിഷു മുതല്‍ വ്രതാനുഷ്ഠാനങ്ങളോടെയാണ് കഴിയുക. സപ്തമിനാളില്‍ ഇളനീര്‍ക്കാരെല്ലാം ക്ഷേത്രത്തിന്‍റെ കിഴക്കെ നടയായ മന്ദംചേരിയിലെത്തി ഇളനീര്‍വെപ്പ് മുഹൂര്‍ത്തം കാത്തിരിക്കും. ഇളനീര്‍വെപ്പിനുള്ള രാശി വിളിക്കുന്നതോടെ ആയിരത്തി എരുവട്ടി തണ്ടയാന്മാരാണ് ആദ്യകാവുകള്‍ സമര്‍പ്പിക്കുക. ഇളനീര്‍ക്കാവുകള്‍ രാത്രി മുഴുവന്‍ വര്‍ഷിച്ചുകൊണ്ടേയിരിക്കും. കുറ്റ്യാടി തണ്ടയാന്‍ എണ്ണയും ഇളനീരും സമര്‍പ്പിച്ചുകഴിഞ്ഞാല്‍ മറ്റാര്‍ക്കും കാവുകള്‍ സമര്‍പ്പിക്കാന്‍ കഴിയില്ല. ഇളനീരഭിഷേകം കഴിയുന്നതുവരെ മറ്റു പൂജാസമയങ്ങളില്‍ മാറ്റം വരുന്നതാണ്.
ഇടവത്തിലെ ചോതിനാളിലാണ് മുതിരേരി ക്ഷേത്രത്തില്‍ നിന്ന് വാള്‍ എഴുന്നെള്ളിക്കുന്നത്. അതോടുകൂടിയാണ് കൊട്ടിയൂരില്‍ ഉത്സവം തുടങ്ങുന്നതും. വീരഭദ്രന്‍ ദക്ഷന്‍റെ തലയറുത്ത വാള് ചെന്നുവീണത് മുതിരേരി വയലിലാണ്. രുധിരം(രക്തം) വീണ തേരി മുതിരേരി ആയെന്നുമാണ് വിശ്വാസം. ഈ വിശ്വാസത്തിലാണ് വാള് ക്ഷേത്രത്തില്‍ പ്രത്യേകം തയ്യാറാക്കിയ വാളുറയില്‍ സൂക്ഷിക്കുന്നതും ഉത്സവസമയത്ത് കൊട്ടിയൂരിലേക്ക് എഴുന്നെള്ളിക്കുന്നതും.
ജാതിക്കൂട്ടായ്മയുടെ ഉത്സവം
മലബാറിന്‍റെ മഹോത്സവം എന്ന് വിശേഷിപ്പിക്കാവുന്ന വൈശാഖോത്സവം കേരളത്തിലെ വിവിധങ്ങളായ ജാതിസ്വത്വങ്ങള്‍ക്ക് തങ്ങളുടേത് മാത്രമായ അവകാശങ്ങള്‍ പ്രത്യേകമായി അനുഷ്ഠിക്കാനാകുന്ന ഈ ഉത്സവം മറ്റെങ്ങുമില്ലാത്ത ജാതിക്കൂട്ടായ്മയുടെ സവിശേഷതയും പേറുന്നു. ഹിന്ദുമതത്തില്‍പ്പെട്ട എല്ലാവിഭാഗം ആളുകളുടെയും സാന്നിദ്ധ്യത്തോടെ അവരുടേതായ കര്‍മ്മങ്ങള്‍ നടക്കുന്ന ഒരുത്സവം കൂടിയാണ് വൈശാഖ മഹോത്സവം.
പടിഞ്ഞാറ്റെ നമ്പൂതിരി ക്ഷേത്രം തന്ത്രിയായും മണത്തണ നാലുവീട്ടില്‍ നായര്‍ പ്രമാണിമാര്‍ ഊരാളന്മാരായും ആദിവാസി കുറിച്യന്‍ 'ഒറ്റപ്പിലാന്‍' ആയും ഉള്‍പ്പെട്ട ഒരു ട്രസ്റ്റാണ് ഉത്സവം നടത്തുന്നത്. ഇതിനുപുറമെ പാട്ടാളി, ഉള്ളാട്ട് മനുഷ്യര്‍, കുടിപതികള്‍, സമുദായി, കണക്കപ്പിള്ള മനുഷ്യങ്ങള്‍, തൃക്കരാടി നമ്പിടി, തെയ്യമ്പാടി, മച്ചന്‍, വിളക്കന്‍, തേടന്‍, വറ്റന്‍, കേളന്‍, വിളമ്പന്‍, മണാളന്‍, പെരിയ നായര്‍, ഉറക്കന്‍, ഓച്ചാര്‍, വടക്കേടത്ത് നായര്‍, പന്തിക്കിടാങ്ങള്‍, കാര്യത്ത് കൈക്കോളനും പരിവാരവും, മാരാര്‍, ചാക്യാര്‍, നങ്ങ്യാര്‍, ഭാരതഭട്ടതിരി, മുതുകുറ്റേരി, ആശാരി, മൂശാരി, കൊല്ലന്‍, എന്നീ വിവിധ ജാതിയില്‍പ്പെട്ടവരെല്ലാം പാരമ്പര്യസ്ഥാനികരും അടിയന്തിരക്കാരുമെന്നതാണ് കൊട്ടിയൂര്‍ വൈശാഖോത്സവത്തിന്‍റെയും പ്രത്യേകത.
കൊട്ടിയൂരിലെ ഓടപ്പൂ
അക്കരെ കൊട്ടിയൂര്‍ ദേവസ്ഥാനത്തും ഇക്കരെ കൊട്ടിയൂര്‍ ദേവസ്ഥാനത്തും ദൈവികമായ ചടങ്ങുകളിലൊന്നിലും ഓടപ്പൂവിന് ഒരു സ്ഥാനവുമില്ല. പക്ഷെ ഭക്തരെ സംബന്ധിച്ചിടത്തോളം കൊട്ടിയൂര്‍ തീര്‍ത്ഥാടനത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകം തന്നെയാണ് ആ ഓടപ്പൂ. ലോകത്ത് മറ്റെവിടെയും കാണാത്തതും കൊട്ടിയൂരിന്‍റെ മാത്രം പ്രത്യേകതയുമാണ് ഈ ഓടപ്പൂ. കൊട്ടിയൂരിലെ ഉത്സവച്ചന്തയില്‍ പ്രധാന വില്‍പ്പനവസ്തു ഓടപ്പൂവാണ്.
ദക്ഷയാഗത്തിന് നേതൃത്വം നല്‍കിയ ഭൃഗുമുനിയുടെ താടിയാണിതെന്നാണ് സങ്കല്‍പ്പം. ശിവന്‍റെ നിര്‍ദ്ദേശപ്രകാരം യാഗം മുടക്കാനെത്തിയ വീരഭദ്രനും ഭൂതഗണങ്ങളും ചേര്‍ന്ന് മുനിമാരുടെ താടി പിടിച്ചുവലിക്കുകയും പറിച്ചെടുക്കുകയും ചെയ്തെന്ന് പുരാണത്തില്‍ പറയുന്നു. അങ്ങനെ പറിച്ചെറിഞ്ഞ താടിയാണിതെന്ന സങ്കല്‍പ്പത്തിലാണ് യാഗസ്മരണയ്ക്കും കൊട്ടിയൂര്‍ ദര്‍ശനത്തിന്‍റെ ഓര്‍മ്മയ്ക്കും ഭക്തര്‍ ഓടപ്പൂ വാങ്ങി കൊണ്ടുപോയി വീടുകളിലും സ്ഥാപനങ്ങളിലും വാഹനത്തിലും തൂക്കിയിടുന്നത്. കാട്ടിലെ ഓടത്തണ്ട് മുറിച്ചെടുത്ത് ചതച്ച് പ്രത്യേകരീതിയില്‍ ചീകിയെടുക്കുന്നതാണ് ഓടപ്പൂ.
ഒരു പുരാവൃത്തം
തന്‍റെ സമ്മതമില്ലാതെ മകളായ സതീദേവിയെ വിവാഹം കഴിച്ചതിന്‍റെ വൈരാഗ്യത്തില്‍ ദക്ഷപ്രജാപതി ശിവഭഗവാനെ നാണം കെടുത്താനായി ഒരു യാഗം നടത്താന്‍ തീരുമാനിച്ചു. യാഗത്തിലേക്ക് എല്ലാവരെയും ക്ഷണിച്ചെങ്കിലും സതിദേവിയേയും ശിവഭഗവാനെയും ക്ഷണിച്ചില്ല. അച്ഛന്‍ നടത്തുന്ന യാഗത്തില്‍ പങ്കെടുക്കാന്‍ സതിദേവിക്ക് ആഗ്രഹമുണ്ടായെങ്കിലും ശിവഭഗവാന്‍ അനുവാദം നല്‍കിയില്ല. എന്നാല്‍ സതിദേവിയുടെ നിരന്തരമായ അഭ്യര്‍ത്ഥനമാനിച്ച് പോകാന്‍ അനുവദിച്ചു.
അച്ഛന്‍റെ യാഗവേദിയിലെത്തിയ സതിയെ ദക്ഷന്‍ ശരിക്കും ആക്ഷേപിച്ചു. ദക്ഷന്‍റെ ആക്ഷേപം കേട്ട് അവിടെ നില്‍ക്കാനോ കൈലാസത്തിലേയ്ക്ക് മടങ്ങാനോ കഴിയാത്ത അവസ്ഥയില്‍ സതി യാഗശാലയ്ക്ക് സമീപത്ത് തന്നെ സ്വന്തം പാതിവ്രത്യം കൊണ്ട് അഗ്നി ജ്വലിപ്പിച്ച് അതില്‍ ആത്മാഹുതി ചെയ്തു. ഈ വിവരമറിഞ്ഞ ശിവഭഗവാന്‍ ജട പറിച്ചെറിഞ്ഞ് സൃഷ്ടിച്ച ഭൂതഗണങ്ങള്‍ യാഗം അലങ്കോലപ്പെടുത്തി. ദക്ഷന്‍റെ തലയറുത്ത് ഹോമാഗ്നിയില്‍ വലിച്ചെറിഞ്ഞു.
പരിഭ്രാന്തരായ ബ്രഹ്മാവും വിഷ്ണുവും മറ്റ് ദേവന്മാരും കൈലാസത്തിലെത്തി യാഗഭംഗത്തിന്‍റെ ഭവിഷ്യത്ത് ശിവനെ അറിയിക്കുകയും ചെയ്തു. കോപമടങ്ങിയ ശിവന്‍ യാഗം പുനരാരംഭിക്കുവാന്‍ അനുവാദവും നല്‍കി. ബ്രഹ്മാവ് ദക്ഷനെ പുനര്‍ജീവിപ്പിച്ച് യാഗം മുഴുമിപ്പിച്ചു. ദക്ഷന്‍ ശിവനോട് ക്ഷമാപണം നടത്തി. യാഗത്തിന്‍റെ ഹവിര്‍ഭാഗം നല്‍കി ബഹുമാനിക്കുകയും ചെയ്തു. ദക്ഷന്‍റെ ഈ യാഗഭൂമിയാണത്രെ പില്‍ക്കാലത്ത് പുണ്യസ്ഥലമായി തീര്‍ന്ന കൊട്ടിയൂര്‍. യാഗസ്ഥലമെന്നു കരുതുന്ന ക്ഷേത്രശ്രീകോവിലിനുചുറ്റുമുള്ള തിരുവഞ്ചിറ വെള്ളത്താല്‍ ചുറ്റപ്പെട്ടതാണ്. ഭക്തജനങ്ങള്‍ക്ക് ക്ഷേത്രപ്രദക്ഷിണവും ശയനപ്രദക്ഷിണവും വെള്ളത്തിലൂടെ നടത്താനാകുന്ന അപൂര്‍വ്വദേവസ്ഥാനമാണിത്.
ബാബുരാജ് പൊറത്തിശ്ശേരി,
9846025010
