ആയുര്‍വര്‍ദ്ധനയേകുന്ന കാലകാലേശ്വരന്‍

ആയുര്‍വര്‍ദ്ധനയേകുന്ന കാലകാലേശ്വരന്‍

HIGHLIGHTS

 കോയമ്പത്തൂരിനടുത്ത് സത്യമംഗലം റോഡില്‍ കോയില്‍ പാളയം എന്ന സ്ഥലത്താണ് ഈ ഐതീഹ്യ പെരുമയാര്‍ന്ന ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ശിവനെ ദര്‍ശിച്ച് അഭിഷേകം നടത്തി പ്രാര്‍ത്ഥിച്ചാല്‍ ആയുസ് വര്‍ദ്ധിക്കുമെന്നും, അപകടമൃത്യു ഉണ്ടാവുകയുമില്ലെന്നും, നഷ്ടപ്പെട്ട പദവി വീണ്ടെടുക്കാനാവുമെന്നാണ് വിശ്വാസം. 

ശിവഭക്തനായ മാര്‍ക്കണ്ഡേയന് വയസ് പതിനാറ് തികഞ്ഞു. അവന്‍റെ ആയുസ് അവസാനിക്കാന്‍ പോകുകയാണെന്ന് ബോധ്യമായതിനെതുടര്‍ന്ന് അവന്‍ നേരെ ശിവക്ഷേത്രത്തിലേക്ക് ഓടി. അവിടെയെത്തിയ മാര്‍ക്കണ്ഡേയന്‍ ശിവലിംഗത്തെ ബലമായി കെട്ടിപ്പിടിച്ചു. എങ്കിലും യമന്‍ മരണക്കയര്‍ അവനുനേരെ എറിഞ്ഞു. അത് ശിവലിംഗത്തില്‍ വീണ് ലിംഗത്തെയും ചേര്‍ത്ത് വരിഞ്ഞു മുറുക്കി. കോപാകുലനായ ശിവന്‍ യമനെ കാലു കൊണ്ട് തൊഴിച്ചു. അവന്‍ ദൂരേക്ക് തെറിച്ചു വീണു. ആ സമയത്ത് കാലനെ ശിവന്‍ നീ ഇനിയുളള കാലം ഭൂമിയില്‍ മനുഷ്യനായി അലഞ്ഞു തിരിയുമാറാകട്ടെ എന്ന് ശപിച്ചു.

ഭൂലോകത്ത് എത്തിയ യമന്‍ ശാപമോക്ഷം നേടാനായി ഒരിടത്ത് ശിവലിംഗ പ്രതിഷ്ഠ നടത്തി പൂജ ചെയ്യുവാന്‍ തീരുമാനിച്ചു. പൂജയ്ക്കുളള തീര്‍ത്ഥത്തിനായി ഭൂമിയെ കുഴിച്ചു. അപ്പോള്‍ നുരയോടുകൂടിയ വെളളം പുറത്തേക്ക് വന്നു. അവിടുത്തെ മണലും വെളളവും കൊണ്ട് ഒരു ശിവലിംഗം ഉണ്ടാക്കി. അത് അവിടെ പ്രതിഷ്ഠിച്ചു പൂജിച്ചു. അപ്പോള്‍ കരുണാമൂര്‍ത്തിയായ ശിവന്‍ അവന്‍റെ മുമ്പാകെ പ്രത്യക്ഷപ്പെട്ട് ദര്‍ശനമരുളി അനുഗ്രഹിച്ചതോടെ യമന് ശാപമോക്ഷം ലഭിച്ചു.

വീണ്ടും യമന്‍ യമലോകത്തിന്‍റെ തലവനായി. കാലന്‍ പ്രതിഷ്ഠിച്ചു പൂജിച്ചതു കൊണ്ട് ശിവന് കാലകാലേശ്വരന്‍ എന്ന് പേരു സിദ്ധിച്ചു. കോയമ്പത്തൂരിനടുത്ത് സത്യമംഗലം റോഡില്‍ കോയില്‍ പാളയം എന്ന സ്ഥലത്താണ് ഈ ഐതീഹ്യ പെരുമയാര്‍ന്ന ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ശിവനെ ദര്‍ശിച്ച് അഭിഷേകം നടത്തി പ്രാര്‍ത്ഥിച്ചാല്‍ ആയുസ് വര്‍ദ്ധിക്കുമെന്നും, അപകടമൃത്യു ഉണ്ടാവുകയുമില്ലെന്നും, നഷ്ടപ്പെട്ട പദവി വീണ്ടെടുക്കാനാവുമെന്നാണ് വിശ്വാസം.