ഗുരുവായൂരപ്പന് കൃഷ്ണനാട്ടം ഉടയാടകൾ വഴിപാടായി സമർപ്പിച്ച് ഭക്തൻ

ഗുരുവായൂരപ്പന് കൃഷ്ണനാട്ടം ഉടയാടകൾ വഴിപാടായി സമർപ്പിച്ച് ഭക്തൻ

 

ഗുരുവായൂരപ്പന്റെ പ്രിയകലാരൂപമായ കൃഷ്ണനാട്ടത്തിനായി ആവശ്യമായ വിവിധ കഥാപാത്രങ്ങളുടെ ഉടയാടകൾക്കുള്ള തുണിത്തരങ്ങൾ ഭക്തിസമർപ്പണമായി ക്ഷേത്രത്തിന് കൈമാറി. ചെന്നൈ സ്വദേശിയായ ഭക്തൻ നിവാസും കുടുംബവുമാണ് ഈ വഴിപാട് നടത്തിയത്. ശ്രീകൃഷ്ണൻ, ബലരാമൻ, മഹാവിഷ്ണു, കംസൻ, ജരാസന്ധൻ, യവനൻ, ഘണ്ടാകർണ്ണൻ, ദേവകി, രാധ, രുക്മിണി, ഗോപസ്ത്രീകൾ എന്നിവരുൾപ്പെടെയുള്ള കഥാപാത്രങ്ങളുടെ ആഹാര്യത്തിനാവശ്യമായ കുപ്പായങ്ങൾ, പൈജാമകൾ, ഞൊറികൾ, ഉത്തരീയങ്ങൾ, ഉള്ളുവാൽ, സ്ത്രീവേഷപ്പുടവ, സ്ത്രീവേഷ കുപ്പായം, കച്ചച്ചിറ്റ്, തലേക്കെട്ട് ശീല, മദ്ദളങ്ങൾക്കുള്ള കച്ചച്ചിറ്റ്, കുപ്പായം, കണ്ണംമൂടി തുടങ്ങി വിവിധ തുണിത്തരങ്ങളാണ് സമർപ്പിച്ചത്.

വിജയദശമി മുതൽ ദേവസ്വം വക അരങ്ങേറുന്ന കൃഷ്ണനാട്ടം അവതരണങ്ങളിൽ ഈ പുതിയ ഉടയാടകൾ കൂടുതൽ ദൃശ്യഭംഗി പകരുമെന്ന് അധികൃതർ അറിയിച്ചു.

ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം. രാധ, കലാനിലയം സൂപ്രണ്ട് മുരളി പുറനാട്ടുകര, കളിയോഗം ആശാൻ രമേശൻ കരുമത്തിൽ എന്നിവർ ചേർന്ന് വഴിപാടായി സമർപ്പിച്ച തുണിത്തരങ്ങൾ ഏറ്റുവാങ്ങി. അസിസ്റ്റന്റ് മാനേജർ എ.വി. പ്രശാന്ത്, ജ്യോതിഷപണ്ഡിതൻ ചെത്തല്ലൂർ വിജയകുമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

സെപ്റ്റംബർ 2 മുതൽ 'അവതാരം' കഥയോടെ ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം വഴിപാട് കളികൾ വീണ്ടും ആരംഭിക്കും. ഭക്തർക്ക് ഓൺലൈനിലൂടെയും അഡ്വാൻസ് ബുക്കിംഗ് കൗണ്ടറിലൂടെയും കൃഷ്ണനാട്ടം വഴിപാട് ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.