കുജന്റെ ഗുണദോഷങ്ങള്‍
ഭൂമീപുത്രനാണ് കുജന്. മനുഷ്യരിലും മറ്റ് ജീവജാലങ്ങളിലും സ്വന്തം പ്രകാശധാര കൊണ്ട് കുജന് ഒരുപാട് നല്ലതും ചീത്തയുമായ ഫലങ്ങള്‍ ഉണ്ടാക്കുന്നു. ജീവിതത്തെ പലനിലയില്‍ ബാധിക്കുന്ന പ്രവര്‍ത്തനങ്ങളെ കുജന് സ്വാധീനിക്കുന്നു. സ്ത്രീകളുടെ പ്രതിമാസ ആര്‍ത്തവത്തിന് ഹേതു കുജനും ചന്ദ്രനുമാണ്.
ഭൂമീപുത്രനാണ് കുജന്. ഭൂമിയേക്കാള്‍ ചെറിയ ഗ്രഹവുമാണ്. ഭൂമിയില്‍നിന്നും ഏറ്റവും അടുത്തുനില്ക്കുന്ന ഗ്രഹവും കുജനാണ്. ഭൂമി 365 മ്പ ദിവസം കൊണ്ട് സൂര്യനെ ചുറ്റുന്നു എന്നാല്‍ കുജന് 687 ദിവസം കൊണ്ടാണ് സൂര്യനെ ഒരുവട്ടം ചുറ്റുന്നത്.
മനുഷ്യരിലും മറ്റ് ജീവജാലങ്ങളിലും സ്വന്തം പ്രകാശധാര കൊണ്ട് ഒരുപാട് നല്ലതും ചീത്തയുമായ ഫലങ്ങള്‍ ഉണ്ടാക്കുന്നു. ജീവിതത്തെ പലനിലയില്‍ ബാധിക്കുന്ന പ്രവര്‍ത്തനങ്ങളെ കുജന് സ്വാധീനിക്കുന്നു. കുജന് ശനിയുമായി ചേര്‍ന്നാലുണ്ടാകുന്ന യോഗമാണ് അഗ്നിമാരുതയോഗം. ഈ യോഗം ഏത് ഭാവത്തിലാണെങ്കിലും ആ ഭാവത്തെ നശിപ്പിക്കും. കുജന് അഗ്നിയേയും ശനി വായുവിനേയും പ്രതിനിധീകരിക്കുന്നു.
സ്ത്രീകളുടെ പ്രതിമാസ ആര്‍ത്തവത്തിന് ഹേതു കുജനും ചന്ദ്രനുമാണ്. സ്ത്രീ ജനിച്ച കൂറില്‍നിന്ന് അപചയരാശിയില് ചന്ദ്രന് നില്‍ക്കുകയും, ആ ചന്ദ്രന് കുജന്റെ യോഗദൃഷ്ട്യാദികള്‍ ഉണ്ടായിരിക്കുകയും ചെയ്താല്‍ ആ ആര്‍ത്തവം ഗര്‍ഭധാരണ ക്ഷമമായിരിക്കും.
കാരകത്വം
സഹോദരന്, ധൈര്യം, ആപത്ത്, നിര്‍വ്വികാരത, ഭൂമി, അഗ്നി, യുദ്ധം, പോലീസ്, പട്ടാളം, വ്യഭിചാരം, കല്ല്യാണം, വൈധവ്യം, സ്വര്‍ണ്ണം, ശസ്ത്രക്രിയ, ചൊറി, വ്രണം, രക്തംപോക്ക്, ക്രൂരത, കൊലപാതകം, കള്ളന്, ശത്രു, പുളി എന്നിവയുടെ കാരകന്‍ ചൊവ്വയാണ്. ആയതിനാല്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ചൊവ്വയെ കൊണ്ട് ചിന്തിക്കാം.
ഭാവസ്ഥിതി
ഉച്ചസ്ഥനോ, സ്വക്ഷേത്രാധിപനോ ആയ ചൊവ്വ ലഗ്നകേന്ദ്രത്തില്നിന്നാല് രുചകമഹായോഗമായി. ബലമുള്ള ശരീരം, ഐശ്വര്യം, കീര്‍ത്തി, സൗന്ദര്യം, ധനവാന്, ദീര്‍ഘായുസ്സുള്ളവന്‍, രാജ്യഭരണമുള്ളവന് എന്നിങ്ങനെ ആയിത്തീരാം
ജാതകത്തില്‍ കുജന് 7 ലും ചന്ദ്രന് 10 ലും നില്ക്കുക, അല്ലെങ്കില്‍ പാപദൃഷ്ടനായ കുജന് 5 ലോ 9 ലോ നില്ക്കുന്നു എങ്കില്‍ ആ ജാതകന് അംഗവൈകല്യം ഉള്ളയാളായിരിക്കും.
കുജന് രണ്ടിലും ചന്ദ്രന് ആറിലും, സൂര്യന് എട്ടിലും പന്ത്രണ്ടില്‍ ശനിയും നിന്നാല്‍ കണ്ണിന്റെ കാഴ്ചയില്ലായ്മയെ കാണിക്കുന്നു.
ചന്ദ്രന്റെ പന്ത്രണ്ടിലോ പത്തിലോ കുജന് നിന്നാല്‍ അനഭായോഗം ഭവിക്കും.
അഷ്ടമത്തില്‍ കുജസൂര്യന്മാര് നില്‍ക്കുകയോ, നോക്കുകയോ ആധിപത്യം വഹിക്കുകയോ ചെയ്യുക, ജനനസമയത്ത് ചന്ദ്രന് കുജദൃഷ്ടി വരിക എന്നിങ്ങനെ ഉണ്ടായാല്‍ അപസ്മാര രോഗലക്ഷണമാണ് ഉണ്ടാകേണ്ടത്. ഈ വ്യക്തി മുജ്ജന്മത്തില് പാപകര്‍മ്മങ്ങള്‍ ചെയ്തവനായിരിക്കും.
ശുഭദൃഷ്ടിയില്ലാതെ ലഗ്നത്തില്‍ കുജനും ഷഷ്ഠാഷ്ടമങ്ങളില് ഒന്നില്‍ ശനി നില്‍ക്കുകയും, ഗ്രഹണമുള്ള ചന്ദ്രന് ലഗ്നത്തിനൊപ്പം നില്ക്കുമ്പോള് കുജന് അഷ്ടമത്തില്‍ നില്ക്കുക എന്നീ യോഗം ഒരു കുട്ടിയുടെ ജാതകത്തില്‍ കണ്ടാല്‍ അരിഷ്ടയോഗമാണ്. ജാതകന് ഒരു വയസ്സിനകം മരിക്കും.
ലഗ്നത്തില്‍നിന്ന് പന്ത്രണ്ടാം ഭാവത്തില്‍ കുജന് ശുഭഗ്രഹദൃഷ്ടിയില്ലാതെ നിന്നാല്‍ എന്നും ക്ലേശങ്ങള്‍ അനുഭവിക്കുന്നവനും അല്പ്പായുസ്സും, ചഞ്ചലഹൃദയനും ആയിരിക്കും.
ചൊവ്വാദോഷം
സ്ത്രീജാതകത്തിലുള്ള അഷ്ടമ ചൊവ്വാ വൈധവ്യലക്ഷണമാണ്. പുരുഷജാതകത്തില്‍ ഏഴില്‍ ചൊവ്വ നിന്നാല്‍ ആ ദോഷം പരിഹരിക്കപ്പെടും. അല്ലെങ്കില്‍ സ്ത്രീജാതകത്തില്‍ രണ്ടിലോ ഒമ്പതിലോ ശുഭന് നിന്നാല്‍ അല്‍പ്പം ദോഷം പരിഹരിക്കപ്പെടും. കന്നി മകരലഗ്നക്കാര്ക്ക് അഷ്ടമചൊവ്വാ ദോഷകാരിയല്ലെന്ന് ഒരു വിധിയുണ്ട്.
യോഗവും രോഗവും
ഒരു ജാതകത്തില്‍ ചന്ദ്രന്റെ ഏഴില്‍ കുജനും, കുജന്റെ ഏഴില്‍ ശനിയും നിന്നാല്‍ ഇന്ദ്രയോഗം ഭവിക്കുന്നു. ഈ യോഗത്തില്‍ ജനിച്ചാല്‍ പ്രസിദ്ധനും, സല്‍ഗുണ സമ്പന്നനും, പ്രതാപശാലിയും ആയിതീരുന്നു.
കുജന് ഏഴിലും വ്യാഴം ലഗ്നാല്‍ നില്‍ക്കുകയോ, കുജന് അഞ്ചിലോ ഏഴിലോ നില്‍ക്കുകയും ശനി ലഗ്നത്തില്‍ നില്‍ക്കുകയോ ചെയ്താല്‍ ഉന്മാദലക്ഷണം ഉണ്ടാകും.
കര്‍ക്കിടകം രാശിയുടെ ആദ്യദ്രേക്കാണനാഥന് ചന്ദ്രനും മദ്ധ്യദ്രേക്കാണനാഥന് കുജനും, അന്ത്യദ്രേക്കാണ നാഥന് വ്യാഴവുമാണ്. ആയതിനാല്‍ കര്‍ക്കിടകലഗ്നത്തില്‍ ജനിച്ചവര്‍ക്ക് കുജനും വ്യാഴവും ശുഭന്മാരാണ്. എന്നാല്‍ വ്യാഴത്തിന് ഷഷ്ഠാധിപത്യം ഉള്ളതിനാല്‍ ശുഭത്തിന് അല്‍പ്പം ന്യൂനതയുണ്ട്. ഇവിടെ കുജന് ഏറ്റവും ശുഭനും യോഗകാരകനുമാണ്.
കുജനും ബുധനും ചേര്ന്നുനിന്നാല് ഹസ്തബലമുള്ളവനും കുജനും ബുധനും വ്യാഴവും ചേര്ന്നുനിന്നാല് നിത്യരോഗിയും ദരിദ്രനും കുജബുധ, ഗുരു, ശുക്രയോഗമുണ്ടായാല് ധനവാനും, അതേസമയം നിന്ദിതനുമായിരിക്കും. കുജനും വ്യാഴവും ചേര്ന്നുനിന്നാല് രാജ്യ, ധനലക്ഷ്മി പ്രതീക്ഷിക്കാം.
കുജനും ചന്ദ്രനും, ബുധനും ഗുരുവും യോഗം ചെയ്താല്‍ രാജപ്രീതിയും, കുജന്, ചന്ദ്രന്, ഗുരു, ബുധന്‍, ശുക്രന് എന്നീ പഞ്ചമഹായോഗം ഉണ്ടായാല്‍ ആ ജാതകന് സജ്ജനവും ചന്ദ്രനും കുജനും ബുധനും ചേര്ന്നുനിന്നാല് കൃഷി, വ്യാപാരം ഇവയില്‍ വിജയവുമുണ്ടാകും. ചന്ദ്രനും കുജനും ചേര്ന്നുനിന്നാല് വ്യാപാരം ചെയ്യുന്നവനായി തീരും.
സ്ത്രീജാതകത്തില്‍ ശുക്രക്ഷേത്രത്തില്‍ കുജനും, കുജക്ഷേത്രത്തില്‍ ശുക്രനും പരസ്പരം രാശി മാറിനിന്നാല്‍ പരപുരുഷാസക്തനായിരിക്കും. കുജ, ശുക്രന്മാര് ചന്ദ്രനോടുകൂടി യോഗം ചെയ്താല്‍ ഭര്‍ത്താവിന്റെ അനുമതിയോടെ പരപുരുഷനെ പ്രാപിക്കും.
ചൊവ്വയും സൂര്യനും ഏഴാം ഭാവത്തില്‍ അംശിക്കുകയോ അവിടെ നില്‍ക്കുകയോ ചെയ്താല്‍ ഒന്നിലധികം ഭാര്യമാര്‍ ഉണ്ടാകാം. പക്ഷേ ഒരു ഭാര്യയോട് കൂടി മാത്രമേ ജീവിക്കുകയുള്ളൂ. ഏഴിലോ എട്ടിലോ പാപനും പന്ത്രണ്ടില്‍ ചൊവ്വയും ഏഴാം ഭാവാധിപതി ഏഴില്‍ വരാതിരിക്കുകയും ചെയ്താല്‍ പുനര്‍ വിവാഹത്തിന് യോഗമുണ്ട്.
കുജന് സൂര്യനോട് ചേര്‍ന്ന് നിന്നാലും ലഗ്നത്തില്‍ സൂര്യന്റെയോ ശനിയുടെയോ ദൃഷ്ടിയോടുകൂടി നിന്നാലും സ്ത്രീജാതകത്തില്‍ ലഗ്നാല്‍ ഏഴാം ഭാവാധിപന്റെ നവാംശകാധിപന് കുജനാവുകയും ആ നവാംശകത്തിലേക്ക് ശനി ദൃഷ്ടി വരികയും ചെയ്താല്‍ രോഗമാണ് ഫലം.
ലഗ്നത്തിലോ അഞ്ചിലോ ഒമ്പതിലോ വ്യാഴവും പത്തില്‍ ശുക്രനും ആറില്‍ ചൊവ്വയും ലഗ്നത്തില്‍ ബലവാനായ ചന്ദ്രനും നിന്നാല്‍ രാജയോഗമാണ് ഫലം.
കുജചന്ദ്രന്മാര് ഒരുമിച്ച് ചേര്‍ന്നാലുണ്ടാകുന്ന യോഗമാണ് ശശിമംഗലയോഗം. ഈ യോഗമുള്ളവര്‍ക്ക് ധനസമൃദ്ധിയാണ് ഫലം.
രണ്ടാം ഭാവത്തില്‍ ശനിയും, ചൊവ്വയും ചേര്‍ന്ന് നില്‍ക്കുകയും ആ സ്ഥാനങ്ങള്‍ മകരം, കുംഭം, തുലാം, കര്‍ക്കിടകം, മേടം, വൃശ്ചികം എന്നീ രാശികളല്ലാതിരിക്കുകയും ചെയ്താല്‍ ജാതകന് പലവിധ വിഷമതകള്‍ വരും.
ഏഴില്‍ കുജന് ശനിയോട് ചേര്ന്നുനിന്നാല് ദാമ്പത്യജീവിതം ശുഭകരമാവില്ല. പ്രശ്നങ്ങള്‍ നേരിടേണ്ടതായി വരും. പരസ്ത്രീഗമനം, ഭാര്യയുടെ ചാരിത്ര്യഭംഗം, സ്ത്രീകള്‍ നിമിത്തം ദുഷ്പ്പേര്, ശാരീരിക അസുഖങ്ങള്‍ മുതലായവ ഉണ്ടാകും.
കുജന് ഇടവത്തില്‍ നിന്നാല്‍ പരസ്ത്രീ തല്പ്പരന്. കന്നി, മിഥുനം എന്നീ രാശികളില് നിന്നാല്‍ എല്ലാ കാര്യത്തിലും സാമര്‍ത്ഥ്യന്‍.
കര്‍ക്കിടകത്തില്‍ നിന്നാലും ചിങ്ങത്തില് നിന്നാലും നല്ലതല്ലാത്ത ഫലങ്ങളാണ്.
ധനു, മീനം രാശികളില് നിന്നാലും കുംഭത്തില്‍ നിന്നാലും സമ്മിശ്ര ഗുണദോഷ ഫലങ്ങളാണുണ്ടാവുക. സഞ്ചാരപ്രിയന്‍, ദുഃഖിതന്, പീഡിതന്, ദരിദ്രന് എന്നിവ ഫലം.
പരിഹാരം
ഓജരാശിയില്‍ നില്ക്കുന്ന ചൊവ്വ സുബ്രഹ്മണ്യസ്വാമിയേയും യുഗ്മരാശിസ്ഥിതനായ കുജന് ഭദ്രകാളി ഭജനത്തിലൂടെയും കുജഗായത്രി ജപം നടത്തുന്നതിലൂടെയും കുജദോഷപരിഹാരം ലഭ്യമാകും.
'ഓം അംഗാരകായ വിദ്മഹേ
രക്തവര്‍ണ്ണായ ധീമഹി
തന്നോ ഭൗമഃ പ്രചോദയാത്'
ഭക്തിപൂര്‍വ്വം നവഗ്രഹഗായത്രി നിത്യം ജപിച്ചാലും ഗ്രഹദോഷപരിഹാരമായി.
Photo Courtesy - jyothisharathnam
