ഭൃഗുനാഡിയിലെ  കുജന്‍

ഭൃഗുനാഡിയിലെ കുജന്‍

HIGHLIGHTS

കുജന്‍ അഥവാ ചൊവ്വാഗ്രഹം ഓരോരുത്തരുടെയും ഭാഗധേയം നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായകസ്വാധീനം വഹിക്കുന്നു എന്നാണ് ജ്യോതിഷമതം. ഇംഗ്ലീഷില്‍ മാര്‍സ് എന്ന ഈ ചൊവ്വാഗ്രഹത്തിന്‍റെ ദശാകാലം 7 വര്‍ഷമാണ്. ജാതകത്തിലെ ചൊവ്വാഗ്രഹത്തിന്‍റെ നിലയനുസരിച്ച് ഓരോരുത്തരില്‍ വന്നുഭവിക്കുന്ന അനുഭവങ്ങളുടെ ചുരുക്കമാണിതില്‍...

 

കാരകത്വം

കാര്‍ഷികവൃത്തി, അത്യാഹിതങ്ങള്‍, സഹോദരന്മാര്‍, രക്തം, ചെവിവേദന, പട്ടാളം, ഒടിവും ചതവും, രക്തസ്രാവം, ധൈര്യം, ഋണബാധ്യത, അഗ്നിബാധ, മരണങ്ങള്‍, കോപാവേശം, ധര്‍മ്മച്യുതി, ദുഃസ്വഭാവം, കാമാസക്തി, നിഗൂഢ ശാസ്ത്രങ്ങളില്‍ താല്‍പ്പര്യം എന്നിവയുടെ കാരകത്വം കുജനാണ്. ദേവത സുബ്രഹ്മണ്യന്‍.

ആധിപത്യം

ദൃഢമായ സംസാരശേഷി, പ്രയത്നങ്ങളില്‍ വിജയം, പഴിചാരല്‍, കുറ്റപ്പെടുത്തല്‍, ആരോപണങ്ങള്‍, മാന്ത്രികകാര്യങ്ങള്‍, ആറ്റമിക് എനര്‍ജി, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, ഖനനവ്യവസായം, ഇഷ്ടികനിര്‍മ്മാണം, വൈദ്യുതി, യുവത്വം, പ്രസരിപ്പ്, പ്രതികാരേച്ഛ, ഇരുമ്പ്, സാമവേദം, ലോഹനിര്‍മ്മാണം, ഗവേഷണകേന്ദ്രം, പലഹാര നിര്‍മ്മാണം,  ബേക്കറി, ഗ്രാമസഭ, തെക്കു ദിക്ക് ഔഷധനിര്‍മ്മാണം എന്നീ വിഷയങ്ങളില്‍ ആധിപത്യമുറപ്പിച്ച് അവയെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത് കുജനാണ്.
ജാതകപരിശോധനയില്‍ കുജന്‍റെ സ്ഥിതി പ്രത്യേകം ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്യേണ്ടതാണ്.

ലഗ്നരാശിയില്‍ കുജന്‍വന്നാല്‍

ശരീരത്തോ, മുഖത്തോ മുറിവേറ്റതുകൊണ്ട് ഉണ്ടായ പാടുകള്‍ ഉണ്ടായിരിക്കും. ക്ഷിപ്രകോപം, മോഷ്ടിക്കുന്ന സ്വഭാവം, അസാധാരണ സാഹസികത്വം, ഏതെങ്കിലും ഒരു രോഗത്താല്‍ കഷ്ടപ്പെടുക. ചീത്ത കൂട്ടുകെട്ട് തുടങ്ങിയ സ്വഭാവരീതികള്‍ കുജന്‍ ലഗ്നത്തില്‍ നിന്നാലുള്ളതാണ്.

സ്വക്ഷേത്രത്തിലോ, ഉച്ചസ്ഥാനത്തോ ആണെങ്കില്‍

നല്ല ആരോഗ്യാവസ്ഥ, ഉന്നതരുടെ സഹായം, ദീര്‍ഘായുസ്, നല്ല സാമ്പത്തികശേഷി, വിദ്യാഗുണം എന്നിവ ഫലം.

കുജന്‍ ശത്രുക്ഷേത്രത്തില്‍ ആണെങ്കില്‍

മോശപ്പെട്ട ആരോഗ്യാവസ്ഥ, സന്താനങ്ങള്‍ കുറവ്, അനാകര്‍ഷകത്വം, വൈരൂപ്യമുള്ള മുഖം.

രണ്ടാം ഭാവത്തിലെ കുജന്‍

മോശപ്പെട്ട വിദ്യാഭ്യാസം.

* പതിനൊന്നാം ഭാവാധിപനായ കുജന്‍ 6, 12, 2 എന്നീ സ്ഥാനങ്ങളില്‍ ആണെങ്കില്‍ കാഴ്ചശക്തിക്ക് തകരാറുണ്ടായിരിക്കും.

* കുജന് ശുഭഗ്രഹത്തിന് ദൃഷ്ടിയുണ്ടായാല്‍ നല്ല കാഴ്ചശക്തിയും, ദീര്‍ഘായുസും ഫലം.

* സ്വക്ഷേത്രത്തിലോ ഉച്ചത്തിലോ കുജന്‍ രണ്ടാംഭാവത്തില്‍ നിന്നാല്‍ നല്ല വിദ്യാഭ്യാസവും ഉപരിപഠനവും, നല്ല കാഴ്ചശക്തിയും ജാതകന് ലഭിക്കും.
 

മൂന്നാം ഭാവത്തിലെ കുജന്‍

* കുജന്‍ മൂന്നാം ഭാവത്തില്‍ നില്‍ക്കുന്ന ജാതകന്‍റെ പത്നി ഏതിനെയും 
എന്തിനെയും യുക്തിരഹിതമായി എതിര്‍ക്കുന്നവളായിരിക്കും.

* ശുഭദൃഷ്ടിയുണ്ടെങ്കില്‍ സഹോദരങ്ങളില്‍ നിന്ന് ഗുണാനുഭവങ്ങള്‍ ഉണ്ടാകാതിരിക്കുകയോ, സഹോദരന്മാരില്ലാതിരിക്കുകയോ ആയിരിക്കും.

* രാഹുകേതുക്കളുടെ യോഗമുണ്ടെങ്കില്‍ കലഹപ്രിയരായ സ്ത്രീകളെ ഇഷ്ടപ്പെടുന്നവനായിരിക്കും.

* പാപഗ്രഹങ്ങളുടെ യോഗമോ, ദൃഷ്ടി ഉണ്ടെങ്കില്‍ സഹോദരന്മാരെ നഷ്ടപ്പെടുന്നവനായിരിക്കും.

* ഉച്ചത്തിലോ, സ്വക്ഷേത്രത്തിലോ, ശുഭഗ്രഹത്തിന്‍റെ ദൃഷ്ടിയോ ഉണ്ടെങ്കില്‍ ധനശേഷിയും, ആയുരാരോഗ്യവും ഉള്ള സഹോദരന്മാരായിരിക്കും.

* കുജന് പാപഗ്രഹദൃഷ്ടിയുണ്ടെങ്കില്‍ രോഗാതുരതകൊണ്ട് ക്ലേശിക്കുന്ന സഹോദരന്മാരായിരിക്കും.

* മിത്രഗ്രഹത്തിലാണെങ്കില്‍ ധൈര്യശാലികളായിരിക്കും.

നാലാംഭാവത്തിലെ കുജന്‍

ധനശേഷി കുടുംബത്തിന് കുറഞ്ഞിരിക്കും. മാതാവ് രോഗിയായിരിക്കും.

* ശുഭഗ്രഹത്തിന്‍റെ യോഗമുണ്ടെങ്കില്‍, മറ്റുള്ളവരുടെ ഗൃഹങ്ങളിലായിരിക്കും ജാതകന്‍റെ ജീവിതം. കാര്‍ഷികവൃത്തിയില്‍ നിന്നുള്ള ആദായം കുറഞ്ഞിരിക്കും.

* സ്വക്ഷേത്രത്തിലോ ഉച്ചത്തിലോ മിത്രക്ഷേത്രത്തിലോ ഒരു ശുഭഗ്രഹത്തിന്‍റെ യോഗത്തോടെ നില്‍ക്കുന്ന കുജന്‍ മാതാവിന് ആയുസ്സും, ആരോഗ്യവും പ്രദാനം ചെയ്യും.

അഞ്ചാം ഭാവത്തിലെ കുജന്‍

ധനശേഷിയില്ലായ്മ, ഋണഭാരം, സന്താനദുഃഖം, മാന്യതയില്ലാത്ത പ്രവര്‍ത്തനശൈലി, അധികാരികളില്‍ നിന്നുള്ള പ്രതികൂല മനോഭാവം, ബാല്യത്തില്‍ ശരീരാവയത്തില്‍ മുറിവ്, ഭീരുത്വം നിറഞ്ഞ സ്വഭാവം.

* സ്വക്ഷേത്രത്തിലോ, ഉച്ചക്ഷേത്രത്തിലോ ആണെങ്കില്‍ ഉന്നതപദവി, നല്ല സന്താനങ്ങള്‍, ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവങ്ങള്‍ എന്നിവയുണ്ടാകും.

* പാപഗ്രഹത്തിന്‍റെ യോഗമോ, ദൃഷ്ടിയോ ഉണ്ടെങ്കില്‍ സന്താനനഷ്ടം മൂലം മനോവിഭ്രാന്തിയും മറ്റ് അനുബന്ധരോഗങ്ങളും.

* ലഗ്നാല്‍ എട്ടാം ഭാവാധിപനായി കുജന്‍ വരികയും, പാപഗ്രഹമായി യോഗം ചെയ്യുകയും ചെയ്താല്‍ സന്താനങ്ങളെ ദത്തെടുത്ത് വളര്‍ത്തുവാനാകും.

ആറാം ഭാവത്തിലെ കുജന്‍

മറ്റുള്ളവരില്‍ നിന്ന് ആദരവും, ബഹുമാനവും, ഏറ്റെടുക്കുന്ന പ്രവര്‍ത്തനമേഖലയില്‍ വിജയം, ആനന്ദകരമായ ദാമ്പത്യജീവിതം, ഇരുപത്തിയേഴാം വയസ്സില്‍ വീട്, വാഹനം, ഭൂമി എന്നിവ സ്വായത്തമാക്കും.

* പാപഗ്രഹത്തില്‍ ദൃഷ്ടിയോ, യോഗമോ ആറാംഭാവത്തില്‍ നില്‍ക്കുന്ന കുജനുണ്ടെങ്കില്‍ മുകളില്‍ പറയുന്ന ഫലങ്ങള്‍ അനുഭവിക്കാന്‍ കഴിയും. വാതരോഗിയായിത്തീരും.

* മിഥുനത്തിലോ കന്നിയിലോ ആണെങ്കില്‍ ത്വക്ക് രോഗിയായിത്തീരും.

* ഒരു ശുഭഗ്രഹത്തിന്‍റെ ദൃഷ്ടി പതിയുന്നെങ്കില്‍, മുകളില്‍ കൊടുത്ത ഫലങ്ങള്‍ ത്വക് രോഗങ്ങള്‍ക്ക് അധീനമായിരിക്കില്ല.

ഏഴാം ഭാവത്തിലെ കുജന്‍

ലഗ്നാല്‍ കുജന്‍ ഏഴാം ഭാവത്തില്‍ ഒരു ശുഭക്ഷേത്രത്തിലോ, അശുഭഗ്രഹത്തിന്‍റെ ദൃഷ്ടിയില്‍പ്പെട്ടോ, അശുഭഗ്രഹവുമായി യോഗം ചെയ്തോ, പ്രത്യേകിച്ച് ഏഴാം ഭാവം മേടമോ, വൃശ്ചികമോ ആയിവരുകയാണെങ്കില്‍ ജീവിതപങ്കാളിയുടെ നഷ്ടം ഉണ്ടാകുമെന്ന് പറയാം.

* ഒരു ശുഭഗ്രഹത്തിന്‍റെ യോഗമോ, ദൃഷ്ടിയോ ഉണ്ടായാല്‍ മുകളില്‍ പറയുന്ന ഫലം ജാതകന് അനുഭവിക്കേണ്ടി വരികയില്ല.

* ഒരു ശുഭഗ്രഹത്തിന്‍റെ യോഗമുണ്ടാവുകയോ, ദൃഷ്ടിയുണ്ടാവുകയോ, മിത്രക്ഷേത്രത്തിലായിരിക്കുകയോ ആയാല്‍ ഭാര്യയെയോ, കാമുകിയെയോ ജാതകന് വരും.

* കേതുവുമൊത്ത് നില്‍ക്കുന്ന കുജന് ഒരു ശുഭഗ്രഹത്തിന്‍റെ ദൃഷ്ടിയുണ്ടായാല്‍ സത്സ്വഭാവിയായിരിക്കും.

കുജന്‍ എട്ടാം ഭാവത്തില്‍

നേത്രരോഗം, മധ്യായുസ്സ്, പിതാവിന്‍റെ വിയോഗം, മൂത്രാശയ രോഗങ്ങള്‍, കുറഞ്ഞ സന്താനങ്ങള്‍.

* ശുഭഗ്രഹവുമായി യോഗം ചെയ്താല്‍ നല്ല ആരോഗ്യസ്ഥിതിയും ദീര്‍ഘായുസ്സും.

* പാപഗ്രഹത്തിന്‍റെ ദൃഷ്ടിയോടെ ശത്രുഗ്രഹത്തിലായാല്‍ ശ്വാസകോശരോഗങ്ങള്‍, വാതരോഗത്താല്‍ ദുരിതപ്പെടുക എന്നിവ ഫലം.

* കുജന് ബലം ഉണ്ടെങ്കില്‍ ദീര്‍ഘായുസ്സും സാമ്പത്തികപുരോഗതിയും.

കുജന്‍ ഒന്‍പതാം ഭാവത്തില്‍

*കുജന്‍ ബലവാനാണെങ്കില്‍ ധനശേഷി, പരസ്ത്രീകളില്‍ താല്‍പ്പര്യം.

കുജന്‍ പത്താംഭാവത്തില്‍

സ്വക്ഷേത്രത്തിലോ, ഉച്ചത്തിലോ നില്‍ക്കുന്നുവെങ്കില്‍ ദീര്‍ഘായുസ്സ്, നല്ല ആരോഗ്യസ്ഥിതി, സാമ്പത്തികശ്രേയസ്സ്, മതാചാരങ്ങളില്‍ താല്‍പ്പര്യം, പുണ്യസ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുക എന്നിവ ഫലം.

* പാപഗ്രഹങ്ങളുമായി യോഗം ചെയ്താല്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകാത്ത സ്വഭാവവിശേഷങ്ങള്‍. യുവാവായിരിക്കുമ്പോള്‍ തന്നെ ധനമാര്‍ജിക്കുന്ന സ്വഭാവക്കാരനുമായിരിക്കും.

* ഒന്‍പതും പത്തും ഭാവാധിപനോട് ചേര്‍ന്നുനിന്നാല്‍ രാജയോഗം അനുഭവിക്കും.

* ഗുരുവുമൊത്ത് യോഗം ചെയ്താല്‍ ധനവാനും, ഭൂ സ്വത്തുടമയും ആകും.

കുജന്‍ പതിനൊന്നില്‍

ഉയര്‍ന്ന ധനശേഷി കൂടാതെ ജീവിതത്തിന്‍റെ വിവിധ മേഖലകളില്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കുന്ന വ്യക്തിയായിരിക്കും ജാതകന്‍.

* പതിനൊന്നാം ഭാവാധിപനോടൊത്ത് യോഗം ചെയ്താല്‍ നഗരസഭാദ്ധ്യക്ഷനോ, സംഘടനയുടെ നേതാവോ ആയിരിക്കും.

* ഒരു ശുഭഗ്രഹത്തിന്‍റെ യോഗത്തോടെ നിന്നാല്‍ ഉയര്‍ന്ന സ്ഥാനമാനങ്ങളുള്ള സഹോദരന്മാരും, രാജയോഗവും ജാതകന് ലഭിക്കും.

കുജന്‍ 12-ാം ഭാവത്തില്‍

വാതരോഗാദിക്ലേശങ്ങള്‍, മാന്യമല്ലാത്ത പ്രവര്‍ത്തനശൈലി, വരവില്‍ കൂടുതല്‍ ചെലവ്, ഋണബാധ്യതയാല്‍ മന:സുഖം നഷ്ടപ്പെടും.

എം.പി.മാണിക്യത്ത്
(9400804501)