നാഗദോഷവും ചൊവ്വാദോഷവും മാറാന്‍

നാഗദോഷവും ചൊവ്വാദോഷവും മാറാന്‍

HIGHLIGHTS

പരശുരാമന്‍ തന്‍റെ മാതാവിനെ കൊന്ന പാപം തീരാന്‍ ഇവിടെ വന്നതായും ഐതിഹ്യമുണ്ട്. മഹാന്മാരായ ആദിശങ്കരന്‍, മധ്വാചാര്യന്‍ എന്നിവരും ഇവിടെ വന്ന് നീരാടി മുരുകനെ പൂജിച്ചുപ്രാര്‍ത്ഥിച്ചിട്ടുണ്ട്. നാഗദോഷങ്ങളും ചൊവ്വാദോഷവും മാറുന്നതിനുള്ള പരിഹാരക്ഷേത്രം കൂടിയാണിത്. 

മുരുകന്‍റെ കാലിന് അടിയില്‍ നാഗങ്ങളുള്ളത് നമ്മള്‍ കണ്ടിട്ടുണ്ട് എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി അഞ്ചുതല നാഗവുമായി മുരുകന്‍ ദര്‍ശനമരുളുന്ന അപൂര്‍വ്വദൃശ്യം നമുക്ക് ദക്ഷിണ കര്‍ണ്ണാടകയിലെ കുക്കി സുബ്രഹ്മണ്യക്ഷേത്രത്തില്‍ കാണാം. പുരാണകാലത്ത് ഈ പുണ്യ സ്ഥലം 'കുക്ഷി' എന്നാണ് അറയപ്പെട്ടിരുന്നത്. കാലപ്പോക്കില്‍ സ്ഥലനാമം 'കുക്കി' എന്ന് മാറി. ഇപ്പോള്‍ 'കുക്കെ' എന്നുപറയാറുണ്ട്. സ്കന്ദപുരാണത്തില്‍ തീര്‍ത്ഥക്ഷേത്ര മഹിമണി രൂപണാ എന്ന പാട്ടില്‍ ഇവിടുത്തെ മുരുകന്‍റെ മഹിമയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

കശ്യപമഹര്‍ഷിയുടെ പത്നിമാരായ കദ്രുവും വിനതയും തമ്മില്‍ ഒരു വാഗ്വാദമത്സരമുണ്ടായി. തര്‍ക്കത്തില്‍ ആര് ജയിക്കുന്നുവോ അയാള്‍ അപരയുടെ അടിമയാവണം എന്നതായിരുന്നു നിബന്ധന. മത്സരത്തില്‍ കദ്രു പരാജിതയായതിനാല്‍ അവളും അവളുടെ കുട്ടികളായ നാഗങ്ങളും വിനതയുടെ അടിമകളായി. വിനതയുടെ മകനായ ഗരുഡന്‍ തന്‍റെ ചുണ്ടുകൊണ്ട് നാഗങ്ങളെ കൊത്തി പീഡിപ്പിച്ചുപോന്നു. പാലാഴിമഥനവേളയില്‍ ഞാണായിരുന്ന വാസുകി എന്ന സര്‍പ്പത്തിന്‍റെ നേതൃത്വത്തില്‍ നാഗങ്ങളെല്ലാവരും ഭൂലോകത്തെത്തി. അവര്‍ കുമാരധാര എന്ന ആറ്റിന്‍കരയില്‍ താമസിച്ചുകൊണ്ട് ശിവപൂജ നടത്തി പ്രാര്‍ത്ഥിച്ചു. അവരുടെ പൂജകളില്‍ സംപ്രീതനായ ശിവന്‍ പ്രത്യക്ഷപ്പെട്ട് തന്‍റെ പുത്രന്‍ സുബ്രഹ്മണ്യനെ ശരണാഗതി പ്രാപിക്കുവാന്‍ നിര്‍ദ്ദേശിച്ചു. അവന്‍ നിങ്ങളെ രക്ഷിക്കുമെന്നും പരമേശ്വരന്‍ അരുളിചെയ്തു. 

അതിനുശേഷം കുമാരധാര നദിയില്‍ നീരാടി നാഗങ്ങള്‍ സുബ്രഹ്മണ്യനോട് പ്രാര്‍ത്ഥിച്ചുതുടങ്ങി. അവരുടെ നിര്‍മ്മലഭക്തിയിലും പ്രാര്‍ത്ഥനയിലും സന്തുഷ്ടനായ സുബ്രഹ്മണ്യന്‍ മയില്‍വാഹനത്തില്‍ അവരുടെ മുമ്പാകെ പ്രത്യക്ഷപ്പെട്ടുകൊണ്ട് ഗരുഡന്‍റെ പീഡനങ്ങളില്‍ നിന്ന് അവരെ രക്ഷപ്പെടുത്തി. ഇതിന്‍റെ നന്ദിസൂചകമായി വാസുകി തന്‍റെ അഞ്ചുതലയും കുടവിരിച്ച കണക്കെ നിന്നു. അതിനെ അടിസ്ഥാനമാക്കിയാണ് ഇവിടെ ക്ഷേത്രം പണികഴിപ്പിച്ചത്. പുരാണങ്ങളില്‍ താരകാസുരനെ കൊന്നപ്പോള്‍ തന്‍റെ വേലില്‍ പറ്റി പിടിച്ച രക്തം കഴുകുവാനായി മുരുകന്‍ കുമാരധാരാ ആറ്റില്‍ വന്നതായും പറയപ്പെടുന്നുണ്ട്. ക്ഷേത്രത്തില്‍ നിത്യവും ഇതുമായി ബന്ധപ്പെട്ട പൂജ നടത്തപ്പെടുന്നു. 

ക്ഷേത്രത്തോട് ചേര്‍ന്നുള്ള 'പള്ളൂസ്' എന്ന സ്ഥലത്തുള്ള ഗുഹയില്‍ ശിവപാര്‍വ്വതി സന്നിധിയുണ്ട്. ഈ ക്ഷേത്രത്തിന് സമീപത്തായി ചുറ്റും 113 ശിവക്ഷേത്രങ്ങളുണ്ട്. രാഹു, കേതുദോഷങ്ങള്‍ ബ്രഹ്മഹത്യാദോഷം എന്നിവയാല്‍ ദുരിതം അനുഭവിക്കുന്നവരും വയറുവേദന, ചര്‍മ്മരോഗങ്ങള്‍, ചിത്തവ്യാധികള്‍ എന്നിവയാല്‍ ദുഃഖിക്കുന്നവരും ഇവിടെയെത്തി കുമാരധാര ആറ്റില്‍ നീരാടി സുബ്രഹ്മണ്യദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുന്നു.

പരശുരാമന്‍ തന്‍റെ മാതാവിനെ കൊന്ന പാപം തീരാന്‍ ഇവിടെ വന്നതായും ഐതിഹ്യമുണ്ട്. മഹാന്മാരായ ആദിശങ്കരന്‍, മധ്വാചാര്യന്‍ എന്നിവരും ഇവിടെ വന്ന് നീരാടി മുരുകനെ പൂജിച്ചുപ്രാര്‍ത്ഥിച്ചിട്ടുണ്ട്. നാഗദോഷങ്ങളും ചൊവ്വാദോഷവും മാറുന്നതിനുള്ള പരിഹാരക്ഷേത്രം കൂടിയാണിത്. മംഗലാപുരത്തുനിന്ന് 105 കിലോമീറ്ററും ബാംഗ്ലൂരില്‍ നിന്ന് 290 കിലോമീറ്റര്‍ അകലെയുമായിട്ടാണ് പ്രസിദ്ധമായ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കുക്കെ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ നിന്നും അമ്പതില്‍പരം കിലോമീറ്റര്‍ അകലെയായിട്ടാണ് ധര്‍മ്മസ്ഥല മഞ്ജുനാഥ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.