നാഗം തപസ്സനുഷ്ഠിച്ച കുക്കേ സുബ്രഹ്മണ്യക്ഷേത്രം
ഭക്തരുടെ സര്‍പ്പദോഷം രാഹു-കേതുദോഷം, വിവാഹതടസ്സം, സന്താനഭാഗ്യമില്ലായ്മ, തൊഴില്‍ തടസ്സം എന്നിവ ദൂരീകരിച്ച് അവര്‍ക്ക് ഐശ്വര്യമേകുന്ന ക്ഷിപ്രപ്രസാദിയാണ് കുക്കേ സുബ്രഹ്മണ്യായിലെ മുരുകന് എന്നത് ഭക്തരുടെ വിശ്വാസം മാത്രമല്ല അനുഭവവും കൂടിയാണ്.
കര്‍ണ്ണാടകത്തിലെ കീര്‍ത്തികേട്ട ഏഴു പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് കുക്കേ സുബ്രഹ്മണ്യാക്ഷേത്രം. ദക്ഷിണ കര്‍ണ്ണാടകയിലെ കള്ളിയാ താലൂക്കിലെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പുണ്യഭൂമിയുടെ പേര് തന്നെ സുബ്രഹ്മണ്യം എന്നാണ്. കുമാരപര്വ്വതാമലയില് നിന്നും ഉത്ഭവിച്ച പുണ്യതീര്‍ത്ഥം ഒഴുകിയെത്തുന്ന കുമാരധാരാനദിയുടെ തീരത്താണ് നാടും ക്ഷേത്രവും. പുരാണപ്രസിദ്ധമായ ക്ഷേത്രമാണിത്.
മുരുകന് യുദ്ധത്തില്‍ താരകാസുരന്, ശൂരപത്മന് എന്നിവര്‍ ഉള്‍പ്പെടെയുള്ള അസുരന്മാരെ നിഗ്രഹിച്ചശേഷം തന്റെ സഹോദരന് ഗണപതിക്കും ഭക്തര്‍ക്കുമൊപ്പം അകമ്പടിയോടെ കുമാര പര്‍വ്വതത്തിലെത്തി. അവരെ അവിടെ ഇന്ദ്രാദി ദേവന്മാര് സ്വീകരിച്ചു. ആ സമയത്ത് ഇന്ദ്രന് തന്റെ മകള്‍ ദേവസേനയെ വിവാഹം കഴിക്കണമെന്ന് മുരുകനോട് അഭ്യര്‍ത്ഥിച്ചു. മുരുകന് സമ്മതിക്കവേ, അവിടെവെച്ച് വള്ളി ദേവസേനാ വിവാഹം നടന്നു. ബ്രഹ്മാവ്, വിഷ്ണു, ശിവന് എന്നിവരും മറ്റ് ദേവന്മാരും വിവാഹത്തില്‍ പങ്കെടുക്കാന്‍ അവിടെ എത്തിയിരുന്നു. വിവിധ നദികളില്‍ നിന്നും ജലമെടുത്ത് കൊണ്ടുവന്ന് മുരുകന് അഭിഷേകം ചെയ്തു. ആ പവിത്രജലം നദിയായി ഒഴുകിയെന്നും അതാണ് കുമാരനദിയായതെന്നും പറയുന്നു.
അതുപോലെ ശിവഭക്തനും നാഗരാജാവുമായ വാസുകി തന്നെ ഗരുഡന് ആക്രമിക്കാതിരിക്കാനായി കുക്കേ സുബ്രഹ്മണ്യയിലുള്ള പിലാത്ത്വാരാഗുഹയില് തപസ്സനുഷ്ഠിച്ചിരുന്നു. അതിന്റെ ഫലമായി ശിവന്റെ ആജ്ഞയനുസരിച്ച് വാസുകിയെ ഇവിടെ തന്റെ പരമഭക്തനായി തന്നോടൊപ്പം പാര്‍പ്പിച്ച് മുരുകന് അനുഗ്രഹിച്ചു. അതുകൊണ്ട് ഇവിടെയെത്തി വാസുകിക്ക് വഴിപാട് നടത്തിയാല്‍ അത് മുരുകന് അഥവാ സുബ്രഹ്മണ്യന്‍സ്വാമിക്ക് പൂജ ചെയ്തതായി കരുതപ്പെടുന്നു.
ഈ ക്ഷേത്രത്തില്‍ വെള്ളികൊണ്ട് കവചമിട്ട ഗരുഡസ്തംഭമുണ്ട്. വാസുകിയുടെ വിഷം ഭക്തരെ തീണ്ടാതിരിക്കാനായി ആ ഗരുഡസ്തംഭം ഇവിടെ സ്ഥാപിച്ചതായിട്ടാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തര്‍, കുമാരധാരാ നദിയില്‍ സ്നാനം ചെയ്ത ശേഷം വേണം സ്വാമി ദര്‍ശനം നടത്താന്‍. ഈ നദിയിലെ വെള്ളത്തിന് രോഗങ്ങളെ ശമിപ്പിക്കുവാനുള്ള ശക്തിയുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.
മംഗലാപുരത്തുനിന്നും നൂറ്റി അമ്പത് കിലോമീറ്റര്‍ അകലെയും ബംഗളുരുവില്‍ നിന്നും മുന്നൂറ് കിലോമീറ്റര്‍ അകലെയുമായിട്ടാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ എച്ചില് ഇലയില്‍ ഭക്തര്‍ ഉരുണ്ട് നടത്തുന്ന 'ഉരുളസേവ' എന്ന നേര്‍ച്ച സവിശേഷമാണ്. ഭക്തരുടെ സര്‍പ്പദോഷം രാഹു-കേതുദോഷം, വിവാഹതടസ്സം, സന്താനഭാഗ്യമില്ലായ്മ, തൊഴില്‍ തടസ്സം എന്നിവ ദൂരീകരിച്ച് അവര്‍ക്ക് ഐശ്വര്യമേകുന്ന ക്ഷിപ്രപ്രസാദിയാണ് കുക്കേ സുബ്രഹ്മണ്യായിലെ മുരുകന് എന്നത് ഭക്തരുടെ വിശ്വാസം മാത്രമല്ല അനുഭവവും കൂടിയാണ്.
Photo Courtesy - Google
