കുന്നിക്കുരുവും മഞ്ചാടിക്കുരുവും ഉണ്ണിക്കണ്ണന്
ഐതിഹ്യപ്പെരുമയും ചരിത്രപ്രാധാന്യവും ആചാരവിശുദ്ധിയും കൊണ്ട് പ്രശസ്തമായ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കുട്ടികള്‍ക്ക് സദ്ബുദ്ധി ഉണ്ടാകാനും, അവരുമായി കുസൃതി കൂടാനുമായി(ചുറുചുറുക്ക് ഉണ്ടാകാന്‍) നടത്തുന്ന വഴിപാടാണ് കുന്നിക്കുരു/ മഞ്ചാടിക്കുരു വാരിക്കല്‍ വഴിപാട്. ദേവസ്വം വഴിപാട് ലിസ്റ്റില്‍ ഇങ്ങനൊരു വഴിപാട് ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഇവിടെ ഈ വഴിപാടിന് ഏറെ സവിശേഷതയാണുള്ളത്.
മഹാവിഷ്ണു വൈകുണ്ഠത്തില്‍ പൂജിച്ചിരുന്ന പാതാളാഞ്ജനശിലയിലുള്ള ചതുര്‍ബാഹു വിഷ്ണുവിഗ്രഹമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹാവിഷ്ണു ബ്രഹ്മാവിനും ബ്രഹ്മാവ് സുതപസ്സിനും അദ്ദേഹം കശ്യപപ്രജാപതിയ്ക്കും അവിടെനിന്ന് വസുദേവരിലേയ്ക്കും ഈ ചതുര്ബാഹുവിഷ്ണുവിഗ്രഹം കൈമാറിയെത്തി. തുടര്‍ന്ന് ശ്രീകൃഷ്ണന് ദ്വാരകയില്‍ ഈ വിഗ്രഹമാണ് പൂജിച്ചിരുന്നത്. ദ്വാരക പ്രളയത്തിലാണ്ടുപോകുമ്പോള്‍ ജലോപരിതലത്തില്‍ ഈ വിഗ്രഹം കാണാമെന്നും കലിയുഗത്തില്‍ സര്‍വ്വര്‍ക്കും മുക്തിനേടാനായി ഉചിതമായ സ്ഥലത്ത് പ്രതിഷ്ഠിക്കണമെന്നും ദേവഗുരുവായ ബൃഹസ്പതിയോട് അപേക്ഷിക്കാന്‍ സ്വര്‍ഗ്ഗാരോഹണത്തിന് മുമ്പായി ഭഗവാന് ഉദ്ധവരെ ഏല്‍പ്പിക്കുന്നു.
പ്രളയജലവിതാനത്തിന് മുകളില്‍ കണ്ട വിഗ്രഹപ്രതിഷ്ഠയ്ക്ക് ഉചിതമായ ഇടംതേടി ദേവഗുരുവും, വായുവും ചേര്‍ന്ന് ഉലകം മുഴുവന്‍ ചുറ്റി. രുദ്രതീര്‍ത്ഥത്തില്‍ തപസ്സ് ചെയ്തിരുന്ന ശിവഭഗവാന് പ്രത്യക്ഷനായി വിഗ്രഹം പ്രതിഷ്ഠിക്കേണ്ട ഉചിതമായ ഇടം ഈ തീര്ത്ഥക്കരയാണെന്ന് ആരായുകയും പാര്‍വ്വതീസമേതനായി മറുകരയില്‍ മമ്മിയൂരിലേയ്ക്ക് മാറുകയും ചെയ്തത്രേ.
ഗുരുവും വായുവും ചേര്‍ന്ന് പ്രതിഷ്ഠ നടത്തിയ സ്ഥലം ഗുരുവായൂരായി. ശിവഭഗവാനും പരശുരാമനും ഇവിടെ പൂജകള്‍ ചെയ്തിട്ടുണ്ടത്രേ. ദേവശില്പിയായ വിശ്വകര്‍മ്മാവാണ് ക്ഷേത്രം പണിയുന്നത്. വിഷുദിനം ഉദയസൂര്യകിരണങ്ങള്‍ ഭഗവത് പാദങ്ങളില്‍ പതിക്കുംവിധമാണ് വിശ്വകര്‍മ്മാവ് ക്ഷേത്രം പണിതിരിക്കുന്നത്.
ഐതിഹ്യപ്പെരുമയും ചരിത്രപ്രാധാന്യവും ആചാരവിശുദ്ധിയും കൊണ്ട് പ്രശസ്തമായ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കുട്ടികള്‍ക്ക് സദ്ബുദ്ധി ഉണ്ടാകാനും, അവരുമായി കുസൃതി കൂടാനുമായി(ചുറുചുറുക്ക് ഉണ്ടാകാന്‍) നടത്തുന്ന വഴിപാടാണ് കുന്നിക്കുരു/ മഞ്ചാടിക്കുരു വാരിക്കല്‍ വഴിപാട്. ദേവസ്വം വഴിപാട് ലിസ്റ്റില്‍ ഇങ്ങനൊരു വഴിപാട് ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഇവിടെ ഈ വഴിപാടിന് ഏറെ സവിശേഷതയാണുള്ളത്. മഞ്ഞപ്പട്ടും സ്വര്ണ്ണക്കിങ്ങിണിയും പീലിത്തിരുമുടിയും ഓടക്കുഴലും പാല്പ്പുഞ്ചിരിക്കുമൊപ്പം കുന്നിക്കുരുവിന്റേയും മഞ്ചാടിക്കുരുവിന്റേയും ചാരുതയും ഉണ്ണിക്കണ്ണന്റെ ചാരുബിംബങ്ങളായി.
സ്വന്തം മുഖത്തേയ്ക്ക് മഞ്ചാടിക്കുരു വാരിയെറിഞ്ഞ് കുസൃതികാട്ടുന്ന ഉണ്ണിക്കണ്ണന്റെ രൂപമായിരിക്കും മിക്ക കൃഷ്ണഭക്ത മാനസങ്ങളിലും നിറഞ്ഞുനില്ക്കുന്നത്. ഉണ്ണിക്കണ്ണന് ഏറെ ഇഷ്ടപ്പെട്ട വസ്തുക്കളായിട്ടാണ് കുന്നുക്കുരുവിനേയും മഞ്ചാടിക്കുരുവിനേയും കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇവ പരിശുദ്ധിയുടെ ചിഹ്നമായി സങ്കല്‍പ്പിക്കുന്നു.
ക്ഷേത്രക്കൊടിമരച്ചുവട്ടിന്റെ വടക്കുഭാഗത്തായി ഒരു ചെമ്പിനുള്ളില്‍ കുന്നിക്കുരുവും മഞ്ചാടിക്കുരുവും നിറച്ചുവച്ചിട്ടുണ്ട്. ഇതില്‍ നിരവധി നാണയത്തുട്ടുകളും കാണാറുണ്ട്. ഇതെല്ലാം ഭക്തരുടെ സമര്‍പ്പണമാണ്. കുട്ടികള്‍ ഇരുകൈകളും കൊണ്ട് കുന്നിക്കുരുവും മഞ്ചാടിക്കുരുവും വാരിയിടുന്നതാണ് ചടങ്ങ്. കുട്ടികള്‍ക്കൊപ്പം സാക്ഷാല്‍ ഉണ്ണിക്കണ്ണനും ഉണ്ടാകുമെന്നാണത്രേ സങ്കല്‍പ്പം.
ഒരിക്കല്‍ മൂന്ന് കുട്ടികള്‍ ചേര്‍ന്ന് കുന്നിക്കുരു ച്ചെമ്പിലെ നാണയത്തുട്ടുകള്‍ മോഷ്ടിച്ച് മിഠായി വാങ്ങുന്നത് പതിവാക്കിയത്രേ. ഇവര്‍ 4 മിഠായികളാണ് വാങ്ങുക. മൂവരും ഓരോന്നുവീതം കഴിച്ചിട്ട് ഒരെണ്ണം ഉണ്ണിക്കണ്ണന് നല്കുന്നു എന്ന സങ്കല്‍പ്പത്തില്‍ ക്ഷേത്രഭണ്ഡാരത്തില്‍ സമര്‍പ്പിക്കും.
കുന്നിക്കുരുച്ചെമ്പില്നിന്ന് നാണയത്തുട്ടുകള്‍ നഷ്ടപ്പെടുന്നത് ക്ഷേത്രമാനേജരുടെ ശ്രദ്ധയില്‍പ്പെട്ടു. താമസംവിനാഃ കുട്ടികളുടെ കള്ളത്തരങ്ങള്‍ വെളിച്ചത്തിലായി. കുട്ടികളെ പിടികൂടി ക്ഷേത്രമാനേജര്‍ ഇവര്‍ക്ക് ശിക്ഷ വിധിച്ചു. ക്ഷേത്രത്തിന് 7 പ്രദക്ഷിണം വയ്ക്കുക. കുട്ടികള്‍ ശിക്ഷ സ്വീകരിച്ച് ക്ഷേത്രപ്രദക്ഷിണം തുടങ്ങി. മാനേജര്‍ നോക്കുമ്പോള്‍ മൂന്ന് കുട്ടികള്‍ക്കൊപ്പം മറ്റൊരു കുട്ടി കൂടി പ്രദക്ഷിണം നടത്തുന്നു. മുടിയില്‍ മയില്‍പ്പീലി ചൂടിയ കുട്ടി സാക്ഷാല്‍ ഉണ്ണിക്കണ്ണനാണെന്ന് മനസ്സിലാക്കിയ മാനേജര്‍ ഞെട്ടി. മോഷണമുതലിന്റെ പങ്കുപറ്റിയതിന്റെ ശിക്ഷ ഭഗവാന് സ്വയം ഏറ്റുവാങ്ങുകയായിരുന്നത്രേ.
എങ്ങനെയാണ് രക്തവര്‍ണ്ണ നിറത്തിലുള്ള ഈ ചെറുകായ് ഉണ്ണിക്കണ്ണന് ഏറെ പ്രിയമായത്...? അതിനുപിന്നിലൊരു സംഭവകഥയുണ്ട്... ഉത്തരകേരളത്തില്‍ ഉണ്ണിക്കണ്ണനോട് ഏറെ ഭക്തിയും വാത്സല്യവുമുള്ള ഒരു മുത്തശ്ശി ഉണ്ടായിരുന്നത്രേ. അവരുടെ ചിരകാല അഭിലാഷമായിരുന്നു ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി ഉണ്ണിക്കണ്ണനെ കണ്‍നിറയെ കണ്ട് സായൂജ്യം നേടുക എന്നത്. ഏറെ ദരിദ്രയായിരുന്ന മുത്തശ്ശിക്ക് ഗുരുവായൂരിലെത്തുക എന്നത് പ്രായോഗികമായിരുന്നില്ല. എങ്കിലും ആഗ്രഹസഫലീകരണത്തിനായി ഇവര്‍ നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ മുത്തശ്ശിക്ക് ഗുരുവായൂരിലേയ്ക്ക് പോകാനുള്ള നിയോഗം വന്നെത്തിയത്രേ.
മകനായിട്ടാണ് ഉണ്ണിക്കണ്ണനെ മുത്തശ്ശി സങ്കല്പ്പിച്ചിരിക്കുന്നത്. മകനെക്കാണാന്‍ പോകുമ്പോള്‍ എന്തെങ്കിലും കയ്യില്‍ കരുതേണ്ടതുണ്ടല്ലോ.. പക്ഷേ അതിനുള്ള സാമ്പത്തികസ്ഥിതിയും ഇല്ല. വെറും കയ്യോടെ മകന്റെ അരികിലേക്ക് ചെല്ലുന്നത് ഓര്‍ത്ത് മുത്തശ്ശിയുടെ കണ്ണുകള്‍ ഈറനായി. അപ്പോഴാണ് വീടിന്റെ അടുത്തുള്ള മഞ്ചാടിമരം ശ്രദ്ധിക്കുന്നത്. അതിന്റെ ചുവട്ടില്‍ ധാരാളം മഞ്ചാടിക്കുരുക്കള്‍ വീണുകിടപ്പുണ്ട്. മുത്തശ്ശി മഞ്ചാടിക്കുരുക്കള്‍ ഉണ്ണിക്കണ്ണന് നല്‍കാനായി പെറുക്കിയെടുത്തു.
ഇത് കൊണ്ടുപോയി ഉണ്ണിക്കണ്ണന് സമര്‍പ്പിക്കാം എന്നതായിരുന്നു മുത്തശ്ശിയുടെ തീരുമാനം. ഉണ്ണിക്കണ്ണന് കുട്ടിയല്ലേ.. നിറമുള്ള കുഞ്ഞുകായ്കള് കണ്‍നിറയെ കാണുമ്പോള്‍ ഉള്ളുനിറഞ്ഞ് സന്തോഷമാകും. മുത്തശ്ശിയുടെ വീട്ടില്‍ നിന്നും ഗുരുവായൂരിലെത്തുക എന്നത് അത്രയ്ക്ക് നിസ്സാരമല്ല. 44 ദിനങ്ങള്‍ കാടും, മേടും, കുന്നും മലയും കയറിവേണം അങ്ങെത്താന്. മാതൃവാത്സല്യ ലഹരിയില്‍ മുത്തശ്ശി ശാരീരിക അവശതകള്‍ മറന്നു.
ഒരു മലയാള മാസം ഒന്നാം തീയതി രാവിലെ മുത്തശ്ശി ഗുരുവായൂര്‍ ക്ഷേത്രസന്നിധിയണഞ്ഞു. ധനാഢ്യനായ നാട്ടുപ്രമാണി കടിഞ്ഞില് തിരുമുല്‍പ്പാട് എല്ലാ മലയാളമാസം ഒന്നാം തീയതികളില്‍ ഓരോ ആനകളെ ഗുരുവായൂര്‍ ക്ഷേത്രനടക്കിരുത്തുന്ന പതിവ് ഉണ്ടായിരുന്നു. മുത്തശ്ശിയും തിരുമുല്‍പ്പാടും ഗുരുവായൂര്‍ ക്ഷേത്രസന്നിധിയിലെത്തുന്നത് ഏകദേശം ഒരേനേരം.
ക്ഷേത്രപരിസരത്ത് വന്‍ഭക്തജനത്തിരക്ക്. തിരുമുല്‍പ്പാട് നടക്കിരുത്തുന്ന ആനയെ കാണാനും ജനത്തിരക്കുണ്ട്. മുത്തശ്ശി ജനത്തിരക്കും ബഹളവും കണ്ടും കേട്ടും അത്ഭുതലോകത്തില്‍ എത്തിയതുപോലെ ആശ്ചര്യപ്പെട്ട് നിന്നു. ഇതിനിടയില്‍ തിരുമുല്‍പ്പാടിന്റെ അംഗരക്ഷകര്‍ മുത്തശ്ശിയെ തള്ളിമാറ്റിയതോടെ അവര്‍ നിലത്തുവീണു. ഭഗവാന് നല്കാന് കിഴിയില്‍ കരുതിയിരുന്ന മഞ്ചാടിക്കുരുക്കള്‍ നിലത്തുവീണ് ചിതറി. ആള്‍ക്കൂട്ടത്തിനിടയില്‍ ചിതറിത്തെറിച്ച മഞ്ചാടിമണികള്‍ പെറുക്കിയെടുക്കാനാകാതെ മുത്തശ്ശി നിലവിളിച്ചു.. അവര്‍ക്കതിനല്ലേ സാധിക്കൂ... എന്നാല്‍ സര്‍വ്വതും വീക്ഷിച്ചുനിന്നിരുന്ന സാക്ഷാല്‍ ഗുരുവായൂരപ്പന് സംഭവം കള്ളച്ചിരിയോടെ കണ്ടിരുന്നത്രേ.
ക്ഷേത്രപരിസരത്ത് ആകെ ബഹളം. ഇതിനിടയില്‍ തിരുമുല്‍പ്പാട് നടക്കിരുത്താന്‍ കൊണ്ടുവന്ന ആനയ്ക്ക് മദമിളകി. ജനങ്ങള്‍ തലങ്ങും വിലങ്ങും ഓടി. ആന ക്ഷേത്രപരിസരത്ത് പാഞ്ഞുനടന്നു. സംഗതി കൈവിടുമെന്ന് ബോധ്യമായതോടെ തിരുമുല്‍പ്പാട് ഭഗവാനെ വിളിച്ച് ഉറക്കെ പ്രാര്‍ത്ഥിച്ചു... ഭഗവാനേ.. എന്താണ് ഇതെല്ലാം... രക്ഷിക്കണേ... ഇതൊന്ന് നിര്‍ത്തൂ... ശ്രീകോവിലില്‍ നിന്ന് അശരീരി ഉണ്ടായി... എവിടെ എനിക്കുള്ള മഞ്ചാടിക്കുരുക്കള്‍....? എനിക്കതിപ്പോള്‍ തന്നെ വേണം.... എല്ലാവരും കൂടി ഉടന്‍തന്നെ മഞ്ചാടിക്കുരുക്കള്‍ പെറുക്കിയെടുത്ത് മുത്തശ്ശിയെ ഏല്‍പ്പിച്ചു. ആഡംബര സമ്മാനങ്ങളിലല്ല.. ആത്മസമര്‍പ്പണമുള്ള മനസ്സുകളിലെ ചെറിയ അര്ച്ചനകളിലാണ് ഭഗവാന് സംപ്രീതിയും സന്തോഷവുമെന്ന് എല്ലാവര്ക്കും ഇതോടെ ബോധ്യമായി.
ഉണ്ണികൃഷ്ണന് പുതൂരിന്റെ 'ഗുരുവായൂരപ്പന്റെ കുന്നിക്കുരുമാല' എന്ന പുസ്തകത്തിലാണ് ഈ സംഭവകഥയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. മഹാകവി പി. കുഞ്ഞിരാമന് നായരുടെ 'ഭദ്രദീപം' എന്ന കവിതയിലും കുന്നിക്കുരുവും ഉണ്ണിക്കണ്ണനുമായുള്ള ഇഷ്ടത്തെക്കുറിച്ച് പറയുന്നുണ്ട്.
'കറുത്ത പൊട്ടുതൊട്ടും നല്ക്കാവിവസ്ത്രം ധരിച്ചുമേ
ഭജിപ്പൂ തൃപ്പദം, കുന്നിക്കുരുവിന് കൂട്ടമിങ്ങനെ
ഉച്ചക്കാദിത്യബിംബത്തെ നോക്കി, മണ്ണില്‍ ശയിച്ചതാ
തപസ്സ് ചെയ്വൂ മഞ്ചാടിക്കുരുവിന് വര്ഗ്ഗമിങ്ങനെ
വാലിട്ടു കണ്ണെഴുതിയ കുന്നിക്കുരുവും ഏഴുനിറങ്ങള്‍
ചാലിച്ച മയില്‍പ്പീലിയും പാട്ടൊഴുകുന്ന മുളംതണ്ടും
കണ്ണന്റെ അലങ്കാരങ്ങള്‍ എത്ര സുന്ദരം.
