കുപ്പയിലെ മാണിക്യം കൊട്ടാരത്തിലെ യാചകൻ

കുപ്പയിലെ മാണിക്യം കൊട്ടാരത്തിലെ യാചകൻ

കേവലം 12 വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടി. അനാഥാലയത്തിലെ അന്തേവാസി നഗരത്തിലെ ഒരു പുസ്തകപ്രദർശനവേദിയിൽ വച്ച് തേജോവധം ചെയ്യപ്പെടുന്നു. കുട്ടി ചെയ്ത തെറ്റ് തനിക്ക് പ്രിയപ്പെട്ട ഒരു കഥാബുക്ക് കൈക്കലാക്കി. വാങ്ങാൻ പണമില്ല. പുസ്തകം വസ്ത്രത്തിൽ ഒളിപ്പിച്ചുനിന്ന കുഞ്ഞിനെ വിൽപ്പനക്കാരൻ ശകാരിക്കുന്നു.
അതുകണ്ടു നിന്ന മലയാളം അറിയാവുന്ന കഴിഞ്ഞ 30 വർഷങ്ങളായി കേരളത്തിൽ താമസമാക്കിയ സായിപ്പ് ജോൺ ഫിഗറാറോ ഓടിവന്ന് കുഞ്ഞിനെ ആശ്വസിപ്പിച്ച് ആ ബുക്ക് വാങ്ങി കൊടുക്കുന്നു. കുട്ടികളില്ലാത്ത സായിപ്പ് അനാഥാലയ അധികാരികളുമായി ബന്ധപ്പെട്ട് കുഞ്ഞിനെ ദത്തെടുക്കുന്നു. അവളാണ് റോസ് വാണി.

സായിപ്പും ഭാര്യയും മാത്രമുള്ള ബംഗ്ലാവ് നിറയെ പുസ്തകങ്ങളാണ്. ഇംഗ്ലീഷും മലയാളവും സംസ്‌കൃതവും അങ്ങനെ ഒരു സമ്പൂർണ്ണ വായനശാല. കുട്ടി അടുക്കളയിൽ മദാമ്മയെ സഹായിക്കും. വീട്ടുജോലികളെല്ലാം ചെയ്യും. അതിനുശേഷം പുസ്തകമുറിയിലാണ് സദാസമയവും. സായിപ്പ് ദൂരെ മാറിനിന്ന് കുട്ടിയുടെ ചലനങ്ങൾ എപ്പോഴും വീക്ഷിച്ചു കൊണ്ടിരുന്നു. ഏതാനും നാൾ കൊണ്ട് അവൾ എന്താകുമെന്ന് അയാൾ മനസ്സിൽ കണ്ടു. മുടങ്ങിപ്പോയ വിദ്യാഭ്യാസം പുനരാരംഭിച്ചു. ഓരോ ക്ലാസിലും കുട്ടി അതിശയകരമായി മുന്നേറി. എവിടെയും ഒന്നാം റാങ്ക്. എസ്.എസ്.എൽ.സിയിൽ തുടങ്ങി പോസ്റ്റ് ഗ്രാജുവേഷൻ വരെ ഒന്നാം റാങ്ക്, തുടർന്ന് ഡോക്ടറേറ്റ് നേടി. ഇന്ന് അവൾ അമേരിക്കയിലാണ്. അവിടെ ശാസ്ത്രഗവേഷണ വകുപ്പിൽ ഉന്നതസ്ഥാനത്തിരിക്കുന്നു. സായിപ്പും മദാമ്മയും അവളോടൊപ്പം അമേരിക്കയിൽ താമസമാക്കി. റോസ് അവിടെ ഒരു ഇസ്രായേൽ ശാസ്ത്രജ്ഞനെ വിവാഹം ചെയ്ത് രണ്ട് കുട്ടികളുമായി അവിടെ സുഖമായി ജീവിക്കുന്നു.

പുസ്തകമോഷണത്തിന് പിടിക്കപ്പെട്ട, കുപ്പയിലെ മാണിക്യം എങ്ങനെ ഇവിടെ വരെ എത്തി. അവളുടെ ജാതകത്തിലെ സരസ്വതിയോഗം വിദ്യ നൽകി, കേസരിയോഗവും നീചഭംഗ രാജയോഗവും പദവിയും നൽകി. ബുധൻ, ഗുരു, ശുക്രൻ ഇവർ കേന്ദ്ര സ്ഥാനത്ത്(ലഗ്നം 4-7-10) നിൽക്കുക, അവർ സ്വക്ഷേത്ര- ഉച്ചബലവാന്മാരാവുക മുതലായവയാണ് ഈ യോഗലക്ഷണം. അമ്പതോ നൂറോ ജാതകം കാണുമ്പോൾ ഒരു ജാതകത്തിലാവും സരസ്വതി യോഗം കാണുക. അത്തരക്കാർ വലിയ കലാകാരന്മാരോ, കവികളോ, സംഗീത ഗുരുക്കന്മാരോ, ഗായകരോ എല്ലാമാവും. അവർ വിദ്യാകാര്യത്തിലും മിടുക്ക് കാണിക്കും. സാക്ഷാൽ സരസ്വതിദേവി അവരിൽ വാക്കും വാചകവുമായി നിൽക്കുമ്പോൾ പ്രപഞ്ച ഗുരു ദക്ഷിണാമൂർത്തി ഗുരുത്വമായും ബുദ്ധിയായും ഭവിക്കും.

മറുപുറം

നന്ദഗോപന്റെ കഥ മറ്റൊരു  തരത്തിലാണ്. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചുവെന്ന് പറയാം. ധനത്തിന്റെ നടുവിൽ രാജകുമാരനായി ജീവിതം. ഊട്ടി സെൻട്രൽ സ്‌ക്കൂളിൽ വിദ്യാഭ്യാസം. എഞ്ചിനീയറിംഗിൽ മാസ്റ്റർ ബിരുദം. എം.ഫിൽ, അതിനുശേഷം ഗവേഷണത്തിന് ഡോക്ടറേറ്റ്. അനേകം വിദേശകമ്പനികളിൽ ഉന്നതസ്ഥാനമാനങ്ങൾ. ഒരിടത്തും ഒരു വർഷം പോലും ഉറക്കില്ല. വിവാഹം കഴിച്ചത് ജർമ്മൻകാരിയെ. വിവാഹബന്ധത്തിന്റെ ആയുസ്സ് 10 മാസം. വീണ്ടും വിവാഹം അമേരിക്കക്കാരിയെ. അതിന്റെ കാലാവധി 6 മാസം. മൂന്നാം വിവാഹം മലയാളിസ്ത്രീയെ. അതിനും ഒരു വർഷത്തെ ആയുസ്സുമാത്രം.

ഇപ്പോൾ താടിയും മുടിയും പ്രാകൃതമായി വളർത്തി തനി ഭ്രാന്തനെപ്പോലെ അലയുന്നു. കൈനഖം മുറിക്കാറില്ല. കുളിയില്ല. ലഹരിവസ്തുക്കൾ മാത്രം ആഹാരം. സ്ത്രീകളെ കണ്ടാൽ അക്രമവാസനയുണരും. അനേകം കേസുകളിൽ ചെന്നുപെട്ടു. കുടുംബ പശ്ചാത്തലവും വിദ്യാഭ്യാസവും അറിയുമ്പോൾ പോലീസ് കേസ് ചാർജ്ജ് ചെയ്യാറില്ല. മനോരോഗാശുപത്രിയിൽ നിന്നും ചാടിപ്പോയി. എന്താണിതിന് കാരണം? ഉന്നത വിദ്യായോഗമുണ്ട്. പക്ഷേ കേമദ്രുമ യോഗം, ഗണ്ഡാന്ത സന്ധിയിലെ ജനനം. മനസ്സിന്റെ ആധിപത്യമുള്ള ഗ്രഹസ്ഥാനത്ത് ഗുളികനില- ഇതെല്ലാം അയാളെ തകർത്തു. നപുംസകത്വം എന്ന ദോഷം, വിവാഹജീവിതം തുലച്ചു. ദീർഘായുസ്സുണ്ടുതാനും. ദൈവത്തിന്റെ അദൃശ്യകരങ്ങൾ എങ്ങനെയൊക്കെയാണ് അനുഭവപ്പെടുക? എല്ലാമുണ്ട് ഒന്നുമില്ല. സരസ്വതിയോഗം പോലെയുള്ള യോഗം അനുഭവയോഗ്യമല്ലാതെ വരിക. കാട്ടിൽ ആന ബലവാനാണെങ്കിലും വിശന്നുവലഞ്ഞു പല്ലുകൊഴിഞ്ഞു കിടക്കുന്ന സിംഹത്തിന് മുന്നിലൂടെ ആന കടന്നുപോയാൽ മസ്തകം അടിച്ചുതകർത്ത് നിഗ്രഹിക്കും. അതാണിവിടെ നടന്നത്. കേമദ്രുമത്തിന്റെ ശക്തിയെ തടുക്കാൻ മറ്റ് നല്ല യോഗത്തിന് കഴിയില്ല.
 

വിദ്യാധനം

വിദ്യ നന്നാവാൻ സൂര്യൻ ബലവാനാവണം. നാലും 11 ഉം ഭാവാധിപന്മാരുടെ ബന്ധം, വിദ്യാനേട്ടം തരും. 

വ്യാഴം സ്വക്ഷേത്രത്തിലും ബുധശുക്രന്മാരുടെ കേന്ദ്ര ത്രികോണസ്ഥിതിയും ഉന്നത വിദ്യ നൽകും.

ബലമുള്ള വ്യാഴം, ബുധൻ ഇവർ രണ്ടിൽ നിന്നാൽ വിദ്യ ലഭിക്കും. അവിടെ പക്ഷബലമുള്ള ചന്ദ്രബന്ധവും ഉന്നത വിദ്യാപ്രേരകമാണ്.

ലഗ്നം, 2,4,5 ഭാവനാഥന്മാർ ശുഭവീക്ഷിതരായി സൽസ്ഥാനത്ത് നിൽക്കുന്നതും വിദ്യാ നേട്ടം തരും.

രണ്ടിലെ ബുധനെ വ്യാഴം, ചന്ദ്രൻ ഇവർ നോക്കുക. ബുധ ശുക്രന്മാർ രണ്ടിലോ കേന്ദ്ര ത്രികോണങ്ങളിലോ നിന്നാൽ വിദ്യ നന്നാവും.

ബുധനും ശനിയും ഉച്ചരായി, അഞ്ചാം ഭാവാധിപന് ചന്ദ്രബന്ധം ഉണ്ടായാലും ഉന്നത വിദ്യയാണ് ഫലം.

കുജനെ ശനി രാഹുക്കൾ നോക്കുക, ബുധൻ വീക്ഷിക്കുക, ബുധനോ ചന്ദ്രനോ വീക്ഷിക്കുക, വ്യാഴം ഒറ്റയ്‌ക്കോ ശുക്രയോഗം വരിച്ച് രണ്ടിൽ നിൽക്കുക, നാലും അഞ്ചും ഭാവാധിപന്മാർ അഞ്ചിലോ പത്തിലോ വരിക, ഇതെല്ലാം വിദ്യാനേട്ടം തരും. ബുധന് മൗഢ്യം ഉണ്ടാവരുത്. പ്രത്യേകിച്ച് രണ്ടാം ഭാവാധിപന്. പ്രപഞ്ചഗുരു ദക്ഷിണാമൂർത്തിയും വിദ്യാദേവത മൂകാംബികയും ബുധനും ഏവരെയും അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.