കുട്ടികളോടൊത്ത് കളിച്ചുല്ലസിച്ച പിള്ളേര്‍ ശാസ്താവ്
എല്ലാ ദിവസവും നിത്യപൂജകളുള്ള ക്ഷേത്രത്തില്‍ ശനിയാഴ്ചയാണ് ഭക്തജനത്തിരക്ക് ഏറുന്നത്. ശനിദോഷങ്ങള്‍ അകറ്റാന്‍ ഇവിടെത്തി തൊഴുന്ന ഭക്തര്‍ നിരവധിയാണ്. ശനിയാഴ്ച കുറൂരപ്പനെ കണ്ടുതൊഴുന്ന ഭക്തരില്‍ പലരും പ്രദക്ഷിണ നീരാജനം(ശനിദോഷ പരിഹാരം) കൂടി നടത്തിയ ശേഷമാകും മടങ്ങുക. ശനിദോഷനിവാരണത്തിന് ആയിരങ്ങള്‍ ശരണാഗതി പൂകുന്ന കുറ്റൂര്‍ ശാസ്താവിന്‍റെ വിശേഷങ്ങള്‍ പറഞ്ഞാലും തീരില്ല...
വാമനപുരം ആറ്റിന്‍കരയിലിരുന്ന് കുട്ടികള്‍ കളിക്കുകയായിരുന്നു. അവര്‍ മണ്ണില്‍ ക്ഷേത്രരൂപമുണ്ടാക്കിയാണ് കളിച്ചത്. ഏറെനേരം കളിച്ചുല്ലസിച്ച കുരുന്നുകള്‍ സമീപത്തെ ആറ്റിലേക്ക് കുളിക്കാന്‍ പോയി. അപ്പോള്‍ ധര്‍മ്മശാസ്താവും കുട്ടികള്‍ക്കൊപ്പം കുളിക്കാന്‍ കൂടി. അന്നേരം അതുവഴിവന്ന കുഴിക്കാട്ട് ഭട്ടതിരി ഇത് കാണാനിടയായി. തുടര്‍ന്നദ്ദേഹം ആറ്റിലെ മരക്കുറ്റിയില്‍ കയറിയിരുന്ന ശാസ്താവിനെ ആവാഹിച്ച് പ്രതിഷ്ഠ നടത്തി. കുറ്റിയില്‍ നിന്നും ആവാഹിച്ചിരുത്തിയത് കൊണ്ട് ആ മൂര്‍ത്തിക്ക് കുറ്റൂര്‍ ശാസ്താവെന്ന് പേര് വന്നു. കുട്ടികള്‍ സ്ഥാപിച്ച ക്ഷേത്രമായതുകൊണ്ട് പിള്ളേര്‍ ശാസ്താവെന്നും കുറ്റൂര്‍ ദേവന് വിളിപ്പേരുണ്ട്. ദേവന് കുട്ടികളുടെ വികൃതികള്‍ ഇഷ്ടമാണെന്നും പറയപ്പെടുന്നു.
ക്ഷേത്രോല്‍പ്പത്തി സംബന്ധിച്ച് വേറെയും ഐതിഹ്യങ്ങള്‍ പറഞ്ഞ് കേള്‍ക്കുന്നുണ്ട്. കുറ്റൂര്‍ ശാസ്താവ് കൈപ്പുഴ സ്വരൂപക്കാരുടെ ആരാധനാമൂര്‍ത്തിയായിരുന്നെന്നും രാജഭരണം അധഃപതിച്ചതോടെ കുറ്റൂര്‍ വാര്യക്കാരുടെ ചുമതലയിലായെന്നും അതുകൊണ്ടാണ് കുറ്റൂര്‍ ധര്‍മ്മശാസ്താക്ഷേത്രമെന്ന് പേരുണ്ടായതെന്നുമാണ് മറ്റൊരു കഥ.
തിരുവനന്തപുരം ജില്ലയില്‍ വാമനപുരം പഞ്ചായത്തിന്‍റെ ഭാഗമായ കുറ്റൂരില്‍(വെഞ്ഞാറമ്മൂട് നിന്നും ഏഴ് കിലോമീറ്റര്‍ വടക്കുദിശയില്‍) ആണ് കുറ്റൂര്‍ ശ്രീ ധര്‍മ്മശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം- കൊട്ടാരക്കര റൂട്ടില്‍ (എം.സി. റോഡ്) സഞ്ചരിക്കുന്ന മിക്ക ബസുകള്‍ക്കും ഇവിടെ സ്റ്റോപ്പുണ്ട്. സൂപ്പര്‍ ഫാസ്റ്റ് യാത്രക്കാര്‍ക്ക് കാരേറ്റ് ജംഗ്ഷനില്‍ ഇറങ്ങി പിന്നിലേക്ക് സഞ്ചരിക്കാവുന്നതാണ്(ഓട്ടോ സൗകര്യം ലഭ്യം). ഇവിടെ പ്രധാനമൂര്‍ത്തി ശ്രീ ധര്‍മ്മശാസ്താവാണ്. ഒരു കാല്‍ മടക്കി മറുകാല്‍ താഴ്ത്തി കൈകള്‍ നിവര്‍ത്തി പട്ടബന്ധത്തിലിരിക്കുന്ന ശിലാവിഗ്രഹമാണ് പ്രതിഷ്ഠ.
ചെമ്പുമേഞ്ഞ് ചതുരാകൃതിയിലുള്ള ശ്രീകോവിലാണ് ഇവിടുള്ളത്. മുന്നില്‍ മണ്ഡപമുണ്ട്. കൂടാതെ ബലിക്കല്ലും ബലിക്കല്‍പ്പുരയും നാലമ്പലവും ഇവിടുണ്ട്. നാലമ്പലത്തിന്‍റെ കന്നിക്കോണില്‍ വിഘ്നശ്വരനെ പ്രതിഷ്ഠിച്ചിരിക്കുന്നു. പുറത്ത് തെക്കുഭാഗത്ത് മാടസ്വാമിയും അതിനും തെക്കുമാറി റോഡരികിലായി സര്‍പ്പക്കാവും സ്ഥിതി ചെയ്യുന്നു. കാവില്‍ ധാരാളം മരങ്ങളുണ്ട്. ഇതില്‍ പലതിനും ദശാബ്ദങ്ങളുടെ പഴക്കമാണുള്ളത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്ന കുറ്റൂര്‍ ക്ഷേത്രത്തില്‍ കൊടിമരം സ്ഥാപിക്കപ്പെട്ടിട്ടില്ല. എങ്കിലും മേജര്‍ ക്ഷേത്രങ്ങളില്‍ നടക്കുന്ന എല്ലാ ചടങ്ങുകളിലും ഇവിടെ പതിവാണ്.
ദിവസവും മൂന്നുനേരം പൂജ നടത്തപ്പെടുന്ന ക്ഷേത്രത്തിലെ ഉത്സവം മീനമാസത്തിലാണ്. മകയിരം നാളില്‍ കൊടിയേറി എട്ടുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമഹാമഹം കുറ്റൂര്‍ പൂരമെന്നാണ് അറിയപ്പെടുന്നത്. വാമനപുരം ആറ്റിന്‍റെ കിഴക്കേ ഓരത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഉത്സവനാളില്‍ ഭഗവാന്‍റെ ആറാട്ട് നടക്കുന്നത് വാമനപുരം നദിയിലാണ്. കുഴിക്കാട്ടില്ലത്തേക്കാണ് തന്ത്രത്തിന്‍റെ ചുമതല.
ഉത്സവത്തോടനുബന്ധിച്ച് ചില പ്രത്യേക ചടങ്ങുകള്‍ ഇവിടെ പതിവുള്ളതാണ്. അവ ഇപ്രകാരം- പള്ളിവേട്ട ദിവസം തിടമ്പ് ആനപ്പുറത്ത് എഴുന്നെള്ളിച്ച് ആറ്റിന്‍റെ മറുകരയില്‍ എത്തിക്കും. അന്നേരം കണിയാന്‍ (ഗണികന്‍) ഈറ്റയും ഓലക്കുടയും അവിടെ സൂക്ഷിച്ചിട്ടുണ്ടാകും. പൂജ കഴിഞ്ഞ് കുട ക്ഷേത്രം നടത്തിപ്പുകാരും ഈറ്റ നാട്ടുകാരും എടുക്കും. മാത്രമല്ല ഈറ്റയുമായി നാട്ടുകാര്‍ പോരിനിറങ്ങുകയും ചെയ്യും. ഈ പോരിന് കൂവക്കോലടി എന്നാണ് പേര്. കണിയാര്‍ കൊണ്ടുവന്ന ഓലക്കുട അടുത്ത ഉത്സവം വരെ പൂജാരി ഉപയോഗിക്കണം എന്നതാണ് ചട്ടം. പള്ളിവേട്ട എഴുന്നെള്ളിപ്പിന് കരപ്രമാണിയായ നായര്‍ ഊരിപ്പിടിച്ച വാളുമായി മുന്നില്‍ ഉണ്ടാകും. മാത്രമല്ല പള്ളിവേട്ടക്കഥ ചൊല്ലുന്നതും അയാളുടെ ചുമതലയാണ്. ഈ ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ പള്ളിവേട്ട പാടുള്ളൂ.
എല്ലാ ദിവസവും നിത്യപൂജകളുള്ള ക്ഷേത്രത്തില്‍ ശനിയാഴ്ചയാണ് ഭക്തജനത്തിരക്ക് ഏറുന്നത്. ശനിദോഷങ്ങള്‍ അകറ്റാന്‍ ഇവിടെത്തി തൊഴുന്ന ഭക്തര്‍ നിരവധിയാണ്. ശനിയാഴ്ച കുറൂരപ്പനെ കണ്ടുതൊഴുന്ന ഭക്തരില്‍ പലരും പ്രദക്ഷിണ നീരാജനം(ശനിദോഷ പരിഹാരം) കൂടി നടത്തിയ ശേഷമാകും മടങ്ങുക.
Photo Courtesy - Google