ഗ്രഹങ്ങളുടെ രാശിമാറ്റം ഗർഭധാരണത്തെ എങ്ങനെ ശക്തമായി സ്വാധീനിക്കുന്നു എന്നറിയാം

ഗ്രഹങ്ങളുടെ രാശിമാറ്റം ഗർഭധാരണത്തെ എങ്ങനെ ശക്തമായി സ്വാധീനിക്കുന്നു എന്നറിയാം

HIGHLIGHTS

ഗ്രഹങ്ങളുടെ സ്വാധീനവും സന്താനലബ്ധിയും

ജ്യോതിഷപരമായി അഞ്ചാംഭാവത്തിന് ഏറെ പ്രാധാന്യമുണ്ട്. സന്താനലബ്ധി, ഗ്രഹണശേഷി, ഓർമ്മശക്തി, ബുദ്ധിശക്തി, വിദ്യാ, വിനയം, ധനാഗമ മാർഗ്ഗങ്ങൾ, അമ്മാവൻ, മാന്ത്രികകർമ്മങ്ങൾ, പൂർവ്വജന്മം, പാപപുണ്യകർമ്മങ്ങൾ എന്നിവയെ പറ്റി ചിന്തിക്കുന്ന ശുഭകരമായ രാശിയാണ് അഞ്ചാംഭാവം. ഈ ഭാവത്തിന്റെ കാരകൻ വ്യാഴമാണ്.

പ്രജ ആണോ, പെണ്ണോ
സന്താനലബ്ധിയെ പൂർവ്വജന്മം, ജന്മാന്തരകൃതകർമ്മങ്ങൾ എന്നിവയുമായി ബന്ധപ്പെടുത്തി ജ്യോതിഷം നന്നായി കൈകാര്യം ചെയ്യുന്നയാളിന് ശരിയായ ഫലപ്രചവനം സാദ്ധ്യമാകും. രാശിചക്രത്തിലെ രാശികളെ സ്ത്രീപുരുഷ(ഓജം, യുഗ്മം) രാശികളായി വിഭജിച്ചിട്ടുണ്ടല്ലോ.

ലഗ്നരാശിയുടേയോ, ചന്ദ്രരാശിയുടേയോ അഞ്ചാംഭാവം (ഓജം) ക്രൂരരാശിയെങ്കിൽ പുരുഷപ്രജയും (യുഗ്മം) സൗമ്യരാശിയെങ്കിൽ സ്ത്രീപ്രജയും ആയിരിക്കുമെന്ന് ഗ്രഹനില നോക്കി പ്രവചിക്കാവുന്നതാണ്.

കോൺരാശികളായ മിഥുനം, കന്നി, ധനു, മീനം എന്നീ രാശികളിൽ ഒന്ന് അഞ്ചാംരാശിയായി വന്നാൽ (ഉഭയം) ഇരട്ടക്കുട്ടികളായിരിക്കും.

ഗ്രഹങ്ങളുടെ സ്വാധീനം
ഗ്രഹങ്ങളുടെ ചാരവശാലുള്ള രാശിമാറ്റവും ഗർഭധാരണത്തെ ശക്തമായി സ്വാധീനിക്കുന്നുണ്ട്.
സൂര്യൻ പ്രാണന്റെയും ചന്ദ്രൻ മനസ്സിന്റെയും കാരകത്വം വഹിക്കുന്നു. ആർത്തവം, ഗർഭധാരണം, വൈകാരികമാറ്റം തുടങ്ങിയവയെ നിയന്ത്രിക്കുന്നത് ചന്ദ്രൻ. രക്തസഞ്ചാരത്തെ കുജനും, ലൈംഗികത, കാമാവേശം, രതി എന്നിവയെ ശുക്രനും നിയന്ത്രിക്കുന്നു. സൂര്യൻ, ചന്ദ്രൻ, കുജൻ, ബുധൻ, ഗുരു, ശുക്രൻ, ശനി എന്നീ ഗ്രഹങ്ങളുടെ സംഘടിത പ്രയത്‌നത്തിന്റെ ഫലമായിട്ടാണ് പുതിയ പ്രജയുടെ ജന്മം!
രവി, കുജൻ, വ്യാഴം എന്നിവർ പുരുഷഗ്രഹങ്ങളും ചന്ദ്രൻ, ശുക്രൻ എന്നിവർ സ്ത്രീഗ്രഹങ്ങളുമായി കൽപ്പിക്കപ്പെട്ടിരിക്കുന്നു.

ലിംഗനിർണ്ണയം
അഞ്ചാംഭാവത്തിൽ നിൽക്കുന്നത് സ്ത്രീഗ്രഹമാണോ പുരുഷഗ്രഹമാണോ എന്ന് നോക്കി ഉറപ്പാക്കി ജനിക്കാൻ പോകുന്ന കുട്ടികളുടെ ലിംഗനിർണ്ണയം നടത്താം.

ഭാഗ്യദോഷങ്ങൾ
(1) സന്താനമില്ലായ്മയെ സൂചിപ്പിക്കുന്ന ചില ഗ്രഹനിലകൾ.
വ്യാഴം, ലഗ്നാധിപൻ, പുഷ്ടിമയില്ലാത്ത അഞ്ച്, ഏഴ് എന്നീ ഭാവാധിപതികൾ രാശിയിലും നവാംശത്തിലും അവയിലെ പാപഗ്രഹങ്ങളുടെ സാന്നിദ്ധ്യവും, ദൃഷ്ടിയും ഇവ ഉണ്ടായാൽ സന്താനമില്ലായ്മ അനുഭവപ്പെടും എന്നാണ് ശാസ്ത്രം.
(2) അഞ്ചാംഭാവത്തിലെ കുജനെ രാഹുദൃഷ്ടി ചെയ്യുന്നതും, സന്താനമില്ലായ്മയ്ക്ക് മറ്റൊരു കാരണമാകുന്നു. 
(3) പാപഗ്രഹങ്ങൾ അഞ്ചാംഭാവത്തിൽ കയറിപ്പറ്റുന്നതും കുജന്റെ സ്വക്ഷേത്രങ്ങളായ മേടം, വൃശ്ചികം എന്നീ രാശികളിൽ രാഹു നിൽക്കുകയോ ദൃഷ്ടി പതിപ്പിക്കുകയോ ചെയ്യുന്നത് ഇക്കാര്യത്തിലുള്ള ദോഷാനുഭവങ്ങൾക്ക് കാരണമാകാറുണ്ട്.
(4) അഞ്ചാംഭാവത്തിൽ ലഗ്നാധിപനും, കുജനുമായി യോഗം ചെയ്യുന്നതും, സന്താനമില്ലായ്മയ്ക്ക് ഹേതുവാകുന്നു.
(5) പരസ്പരം പരിവർത്തനം ചെയ്ത് ഒൻപതും, അഞ്ചും ഭാവാധിപതിന്മാർ നിൽക്കുന്നതും സന്താനഭാഗ്യമില്ലായ്മയ്ക്ക് പ്രത്യക്ഷഹേതുവാകുന്നു.
(6) പരമനീചാവസ്ഥയിലേക്ക് പ്രയാണം ചെയ്യുന്ന വ്യാഴം നിൽക്കുന്ന രാശി- ലഗ്നരാശിയാവുന്നതും അല്ലെങ്കിൽ ആ രാശി അഞ്ചാംഭാവമായി തീരുന്നതും, സന്താനമില്ലായ്മയ്ക്ക് കാരണമാകാറുണ്ട്.
(7) ലഗ്നാൽ അഞ്ചാംഭാവത്തിൽ ബുധനും, ഗുരുവും, കയറിക്കൂടുകയോ ഭാവാധിപനോടൊത്ത് അഞ്ചാം ഭാവത്തിൽ കുജൻ നിൽക്കുക, രാഹുവിന്റെ ദൃഷ്ടി പതിയുക, ശനിയുമൊത്ത് യോഗം ചെയ്യുകയോ, ശനിയുടെ ദൃഷ്ടിയിൽ പെടുകയോ ചെയ്യുന്നതും സന്താനഭാഗ്യാനുഭവങ്ങൾക്ക് ക്ഷതം വരുത്തുന്നു. പുരാതന വൈദ്യശാസ്ത്രഗ്രന്ഥങ്ങളിൽ അതായത് ആയുർവ്വേദത്തിലും ഇതിന്റെ കാരണവും പ്രതിവിധിയും പറയുന്നുണ്ട്. ഇന്ന് ആധുനിക വൈദ്യശാസ്ത്ര പരിശോധനകളിലൂടെ ബീജസംഖ്യയുടെ കുറവ് അണ്ഡത്തിന്റെ ബലക്കുറവ് ഇവകൊണ്ടാണ് ഗർഭധാരണം സാധ്യമാകാത്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫലപ്രദമായ കുത്തിവയ്പ്പുകളും മറ്റും സുലഭമെങ്കിലും അതിനുള്ള വിജയം സുനിശ്ചിതമല്ല എന്നും കണ്ടുവരുന്നു.

പൗരാണികായുർവ്വേദാചാര്യന്മാർ പാർശ്വഫലമില്ലാത്ത നിരവധി ഔഷധക്കൂട്ടുകളെയും, ചികിത്സാചര്യകളെയും നിർദ്ദേശിച്ചിട്ടുണ്ട്. സപ്തധാതുക്കളുടെ പോഷണം വഴി ബീജസംഖ്യ വർദ്ധിപ്പിക്കുകയും സ്ത്രീകളിൽ അണ്ഡത്തിന് ബലവും ശക്തിയും കൊടുക്കുകയും ചെയ്ത് അനേകം പേർ അമ്മമാരായി ഇന്ന് ഭാരതത്തിൽ മാത്രമല്ല വിദേശരാജ്യങ്ങളിലും ജീവിക്കുന്നുണ്ട്. അതിന് മുന്നോടിയായി ജ്യോതിഷപരമായ നിരീക്ഷണങ്ങൾ നടത്തി ദോഷങ്ങൾ കാണുന്ന പക്ഷം ലഘുപരിഹാരങ്ങൾ ചെയ്ത് ശ്രമം തുടർന്നാൽ സന്താനഭാഗ്യം സിദ്ധിക്കുമെന്ന് ഉറപ്പാണ്.