വടക്കന്‍ പാട്ടിലെ ശക്തിചൈതന്യമായ ലോകനാര്‍ക്കാവിലമ്മ
വടക്കന്‍പാട്ടില്‍ പുത്തൂരം വീട്ടിലെ പരദേവതയാണ് ലോകനാര്‍ക്കാവ് ഭഗവതി. കോഴിക്കോട് ആയഞ്ചേരിയിലാണ് ക്ഷേത്രം. ദേവിക്കൊപ്പം മഹാവിഷ്ണുവും പരമശിവനും പ്രധാന ആരാധനാമൂര്‍ത്തികളാണ്. എങ്കിലും ഭഗവതിക്കാണ് പ്രാധാന്യം. മീനമാസത്തിലെ പൂരം നാള് മുതല്‍ എട്ടുദിവസമാണ് ഉത്സവം. ലോകനാര്‍ക്കാവിലെ ചുവര്‍ചിത്രങ്ങള്‍ ഏറെ പ്രശസ്തമാണ്. പതിനഞ്ചാം നൂറ്റാണ്ടിലാണ് ഈ ചിത്രങ്ങള്‍ രചിച്ചതെന്ന് പറയപ്പെടുന്നു. പുരാണകഥകളെ ആസ്പദമാക്കിയുള്ള കൊത്തുപണികളും ഈ ക്ഷേത്രത്തിന്റെ മഹനീയത വര്‍ദ്ധിപ്പിക്കുന്നു.
ലോകനാര് കാവിലമ്മയെക്കുറിച്ച് ഒരുപക്ഷേ കേരളം ഉടനീളം കേട്ടത് വടക്കന്‍പാട്ട് ചിത്രങ്ങളില്‍ പ്രേംനസീര്‍ ചെയ്ത കഥാപാത്രങ്ങളുടെ സത്യം ചെയ്യലിലൂടെയും പ്രാര്ത്ഥനയിലൂടെയുമായിരിക്കും. ശാക്തേയക്കാവുകളില്‍ അത്രയും പ്രസിദ്ധയും അഭീഷ്ട വരദായിനിയുമാണ് ലോകനാര് കാവിലമ്മ. പുരാണ പ്രസിദ്ധനായ കാര്ത്ത്യവീരാര്ജ്ജുനന്റെ ഹേഹ വംശജരായ ഏഴിമല രാജാക്കന്മാരാണ് ലോകനാര്‍ക്കാവ് ക്ഷേത്രം പണിതതെന്ന് വിശ്വസിക്കപ്പെടുന്നു.
പിന്നീട് ക്ഷേത്രത്തിന്റെ ചുമതല നീലം വെള്ളി നായര്‍ തറവാട്ടുകാരില്‍ വന്നുഭവിക്കുകയായിരുന്നു. എങ്കിലും തദ്ദേശീയരുടെ കാവല്ദേവതയായിരുന്നു ലോകാംബിക. അതുകൊണ്ടുതന്നെ അവര്‍ എല്ലാ വീടുകളിലും പത്മമിട്ട് ദേവിയെ ആരാധിച്ചിരുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നശിപ്പിച്ച മൊയിലോം ശിവക്ഷേത്ര നടത്തിപ്പുകാരനായിരുന്നു മണിയൂര്‍ ചാത്തോത്തെ കാരണവര്‍. അദ്ദേഹം നിത്യം ദേവിയെ ദര്‍ശിച്ചശേഷമേ ഭക്ഷണം കഴിക്കാറുള്ളൂ. ഒരു ദിവസം ദേവി ചാത്തോത്ത് പ്രത്യക്ഷപ്പെട്ട ശേഷമാണ് അവിടെ ഒരു മണ്ഡപം പണിതത്. അതും ടിപ്പുസുല്‍ത്താന്‍ നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

വടക്കന്‍ പാട്ടുകഥകളിലെ നായികനായകന്മാരുടെ സംഗമ സ്ഥാനമായിരുന്നു ലോകനാര്‍ക്കാവും അതിന്റെ പരിസരവും. ലോകനാര്‍ക്കാവില്‍ വച്ചാണ് തച്ചോളി ഒതേനന് കുഞ്ഞികുങ്കിയെ കണ്ടതും വിവാഹം കഴിച്ചതും. തച്ചോളി ഒതേനന്റെ കഥകള്‍ക്കുമപ്പുറം ഒരു വലിയ ദേശാടനത്തിന്റെ ചരിത്രപശ്ചാത്തലം ലോകനാര്‍ക്കാവ് ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ആയിരത്തഞ്ഞൂറ് വര്‍ഷം മുമ്പ് കുറെ വൈശ്യന്മാര് ഉത്തരേന്ത്യയില്‍ നിന്ന് തിരുവിതാംകൂറില്‍പ്പെട്ട കൊല്ലത്തെത്തുകയും അവിടെ താമസമുറപ്പിച്ചശേഷം അവര്‍ പിന്നീട് മലബാറിലെത്തി സ്ഥിരവാസമാക്കുകയും ചെയ്തു.
കൊല്ലത്തുനിന്നുവന്നെത്തിയ ആ വണിക്കുകള്‍ മലബാറിലെ വടകരയിലാണെത്തിയതെങ്കിലും ആ പ്രദേശത്തെയും അവര്‍ വിളിച്ചത് കൊല്ലമെന്നുതന്നെയായിരുന്നു. കൊല്ലത്തുനിന്നെത്തിയ ആ വാണിജ്യസംഘമാണ് മലബാര്‍ പ്രദേശത്ത് പിഷാരിക്കാവും ലോകനാര്‍ക്കാവും പണിതതെന്നാണ് മറ്റൊരു വിശ്വാസം. ഇവിടെ ഉപാസനയുമായി ബന്ധപ്പെട്ട് തുഞ്ചത്ത് എഴുത്തച്ഛന് വന്നു താമസിച്ചതായും പറയപ്പെടുന്നുണ്ട്. ലോകനാര്‍ക്കാവിലെ വലിയ ചിറ കോട്ടൂര്‍ തറവാട്ടിലെ ഒരു സ്ത്രീ പണിതീര്പ്പിച്ചതാണെന്നും തറവാട്ടിലെ ഗുഹ ചിറയിലേയ്ക്ക് പോകാനുള്ളതാണെന്നും പറയപ്പെടുന്നു.
ഈ സവിശേഷതകള്‍ക്കൊപ്പം വടക്കന്‍ പാട്ടുകഥയിലെ ശക്തിചൈതന്യമായ ലോകനാര്‍ക്കാവിലമ്മ നിലകൊണ്ടതിന് കുറെ സാക്ഷ്യങ്ങളുണ്ട്. അതില്‍ പ്രധാനമാണ് അറുപത്തിനാല് പടയില്‍ ജയിച്ച ഒതേനനോട് അറുപത്തിയഞ്ചാമത്തെ പൊന്നിയം പടയ്ക്ക് പോകരുതെന്ന് ഇഷ്ടദൈവതയായ ലോകാംബിക വിലക്കിയത്. അമ്മയുടെ വിലക്ക് ലംഘിച്ച് പടയ്ക്ക് യാത്രയായ ഒതേനനെ ദേവി പക്ഷിരൂപത്തിലെത്തി രക്ഷിച്ച കഥ പ്രശസ്തമാണ്. ലോകനാര് കാവിലമ്മ തന്റെ പ്രിയമക്കളെ സര്‍വ്വ ആപത്തുകളില്‍ നിന്നും എങ്ങനെയും രക്ഷിക്കും എന്നതിന് തെളിവാണ് ഒതേനനുമായി ബന്ധപ്പെട്ട ഇക്കഥ.
ലോകനാര്‍ക്കാവ് എന്ന ക്ഷേത്രനാമത്തെപ്പറ്റി പല ഐതിഹ്യങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും അതില്‍ ഏറ്റവും പ്രബലമായത് ക്ഷേത്രത്തിന് അരികിലൂടെ ഒരിക്കല്‍ ഒഴുകിയിരുന്ന മൂരാട് പുഴയുമായി ബന്ധപ്പെട്ടാണ്. പുഴയൊഴുകിയ വഴിയിലെ ആനവാതിലും ഉപ്പാലകുനിയും നല്കുന്ന സൂചന ഒരു കാലത്തെ നദിയുടെ നിറസമൃദ്ധിയാണ്. അങ്ങനെ വറ്റിപ്പോയ ആറിന്റെയും കാവിന്റെയും സംയോജിതനാമമാണ് പില്ക്കാലത്ത് ലോകനാര്ക്കാവായെന്നതാണ് അഭിജ്ഞമതം.
.jpg)
ലോകനാര്‍കാവിന്റെ ക്ഷേത്രപരിസരവും വീരയോദ്ധാവായ തച്ചോളി ഒതേനന്റെ സാന്നിദ്ധ്യം കൊണ്ടും പ്രസിദ്ധമാണ്. അതിന് തെളിവാണ് കുട്ടോത്ത് റോഡില്‍ കാണുന്ന ഒതേനന് തറ. ഇവിടെയായിരുന്നത്രേ പണ്ടുകാലത്ത് ഒതേനന് വിശ്രമിച്ചിരുന്നത്. ലോകനാര്‍കാവിലെ ആചാരാനുഷ്ഠാനങ്ങളില്‍ പ്രധാന ചടങ്ങാണ് വാള്മുക്കല്. അത് പുലിക്കൂല്‍ ചിറയിലാണ് നടക്കുന്നത്. അതുപോലെ തെയ്യമ്പാടിക്കുറുപ്പിന്റെ നൃത്തത്തിനും പ്രാധാന്യമുണ്ട്. അത് മീനമാസത്തിലെ പൂരത്തിനാണ് നടക്കുന്നത്.
വെളിച്ചപ്പാടും പുതിയോട്ടില്‍ കൊട്ടാരത്തില്‍ കഥകളിയും ഉത്സവത്തോടനുബന്ധിച്ച് പണ്ട് നടന്നിരുന്നു. ഒരു വര്‍ഷത്തെ ദേവിക്കുള്ള പുടവ നെയ്ത്തുകാര്‍ ദാനമായി എല്ലാ വിഷുദിനവും നല്‍കാറുണ്ട്. മനുഷ്യബന്ധങ്ങളെ ഇടപഴകി ദൃഢമാക്കുന്ന വിരുന്നിനു പോക്ക് സമ്പ്രദായം ലോകനാര്‍ക്കാവ് ഭഗവതിയും നിലനിര്‍ത്തിപ്പോരുന്നു.
ഒരു പരിധിവരെ ക്ഷേത്രൈക്യത്തിലുപരി മനുഷ്യരിലെ വിദ്വേഷങ്ങള്‍ അകറ്റി സ്നേഹത്തോടെ നിലനിര്‍ത്താനും ദേശസംസ്ക്കാരങ്ങള് പരിവര്‍ത്തനപ്പെടുത്താനും പരസ്പരം കൈമാറാനുമുള്ള ചടങ്ങായി വേണം ദേവിയുടെ വിരുന്നുപോക്കിനെ കാണേണ്ടത്. മകരസംക്രമദിനത്തിലാണ് ലോകനാര്‍ക്കാവിലമ്മ കൊങ്ങന്നൂര് ക്ഷേത്രത്തിലെ സഹോദരിയെ കാണാന്‍ യാത്ര തിരിക്കുന്നത്. പിന്നീട് കീഴൂര്‍ ശിവക്ഷേത്രത്തിലെത്തി ഭര്ത്തൃസ്ഥാനമലങ്കരിക്കുന്ന ശ്രീപരമശിവനെക്കാണും.
ഇതുപോലെ മറ്റൊരു സഹോദരിയായ പാങ്ങോട്ടൂര് ഭഗവതിയുടെ ലോകനാര്ക്കാവിലേയ്ക്കുള്ള കുരുമുളക് എഴുന്നെള്ളിപ്പുചടങ്ങും പ്രധാനമാണ്.
ലോകനാര്‍ക്കാവില്‍ പ്രധാനം പൂരക്കളിയാണ്. പൂരം ദിവസം പയംകുറ്റി മലയില്‍ നിന്നും ഇളനീര് വരവും ഉണ്ടാകും. ഒരിക്കല്‍ പകര്‍ച്ചവ്യാധി വന്നപ്പോള്‍ ദേവി രക്ഷിച്ചതിന്റെ പ്രത്യുപകാരമാണ് ഈ ചടങ്ങ്. കര്‍ക്കിടകത്തില്‍ തൃപ്പുത്തരിയും മലയര്‍ കളിയും ഏഴുകളം പാട്ടും പ്രധാനമാണ്. മുന്‍കാലങ്ങളില്‍ ലോകനാര്‍ക്കാവില്‍ ഓലാമ്പലം ഗ്രാമസഭ സുപ്രധാനമായിരുന്നു. പിഷാരിക്കാവിലെ കളിയാട്ടം നിശ്ചയിച്ച മടക്കോല ലോകനാര്‍ക്കാവിലെ കാരണവരെ അറിയിക്കും. തച്ചോളി മാണിക്കോത്ത് ലോകനാര്കാവിനടുത്താണ്. മേപ്പയില്‍ എടക്കണ്ടിയില്‍ നിന്ന് ഒതേനന്റെ വാള് എഴുന്നെള്ളിപ്പ് ലോകനാര്‍ക്കാവ് ക്ഷേത്രത്തില്‍ വരാറുണ്ട്. ഒതേനന്റെ വെള്ളാട്ടവും പ്രസിദ്ധമാണ്.

വടക്കന്‍പാട്ടില്‍ പുത്തൂരം വീട്ടിലെ പരദേവതയാണ് ലോകനാര്‍ക്കാവ് ഭഗവതി. കോഴിക്കോട് ആയഞ്ചേരിയിലാണ് ക്ഷേത്രം. ദേവിക്കൊപ്പം മഹാവിഷ്ണുവും പരമശിവനും പ്രധാന ആരാധനാമൂര്‍ത്തികളാണ്. എങ്കിലും ഭഗവതിക്കാണ് പ്രാധാന്യം. മീനമാസത്തിലെ പൂരം നാള് മുതല്‍ എട്ടുദിവസമാണ് ഉത്സവം. ലോകനാര്‍ക്കാവിലെ ചുവര്‍ചിത്രങ്ങള്‍ ഏറെ പ്രശസ്തമാണ്. പതിനഞ്ചാം നൂറ്റാണ്ടിലാണ് ഈ ചിത്രങ്ങള്‍ രചിച്ചതെന്ന് പറയപ്പെടുന്നു. പുരാണകഥകളെ ആസ്പദമാക്കിയുള്ള കൊത്തുപണികളും ഈ ക്ഷേത്രത്തിന്റെ മഹനീയത വര്‍ദ്ധിപ്പിക്കുന്നു.
