പാനപാത്രത്തിലെ സർപ്പം
അൽപ്പം വീഞ്ഞ് ബുദ്ധിയെ ഉണർത്തും എന്നൊരു പഴമൊഴിയുണ്ട്. അതുകൊണ്ടാവാം ഉന്നത സാഹചര്യത്തിലും ധനസ്ഥിതിയിലും ജനിച്ചുവളർന്ന മെറ്റിൽഡയുടെ ഡാഡി നിത്യവും അത്താഴത്തിന് മുമ്പ് അവർക്ക് ഒരു പെഗ് വൈൻ നൽകി വന്നത്. അത് രക്തമുണ്ടാക്കുവാനും പഠനത്തിനും ഉത്തേജനം നൽകുമെന്ന് റിട്ട. നേവി ഓഫീസറായ അവളുടെ പിതാവ് വിശ്വസിച്ചു. മെറ്റിൽഡ വലുതാവുംതോറും ഡാഡി കാണാതെ ഷെൽഫിൽ നിന്നും വൈൻ എടുത്തുകുടിക്കാൻ തുടങ്ങി. അത് മദ്യത്തിലേക്ക് വഴിമാറി. ഡിഗ്രി ക്ലാസിലെത്തിയപ്പോൾ ഊട്ടിയിലാണ് പഠിച്ചത്. ഹോസ്റ്റലിൽ താമസം. അവിടത്തെ താമസവും, കൂട്ടുകെട്ടുകളും മെറ്റിൽഡയെ, ബിയർ പാർലറുകളിലും ബാറുകളിലും നിത്യസന്ദർശകയാക്കി. പഠനത്തിൽ മിടുക്കിയായിരുന്ന അവൾ ക്ലാസിൽ പോകാതെ ഹോസ്റ്റൽ മുറിയിൽ കൂട്ടുകാരികളുമൊത്ത് മദ്യത്തിലും മയക്കുമരുന്നിലും മുഴുകി കഴിഞ്ഞു. ക്ലാസിൽ പലപ്പോഴും വരാതായപ്പോഴാണ് അധികാരികളുടെ ശ്രദ്ധയിൽ കാര്യം ചെന്നുപെട്ടത്. അപ്പോഴേക്ക് അവൾ മയക്കുമരുന്ന് മാഫിയയുടെ കൈകളിൽ എത്തിപ്പെട്ടുകഴിഞ്ഞു. വിവരമറിഞ്ഞ് നാട്ടിൽ നിന്ന് ഡാഡിയും മമ്മിയും വന്ന്, പഠനം അവസാനിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോകാൻ വന്നപ്പോൾ അവൾ പൊട്ടിത്തെറിച്ചു. അവരോട് മോശമായി പെരുമാറി. തങ്ങളുടെ ഏകമകൾ ഇത്തരത്തിൽ താളം തെറ്റിയതുകണ്ട് മാതാപിതാക്കൾ, സ്തംഭിച്ചുനിന്നുപോയി. ബലം പ്രയോഗിച്ച് നാട്ടിൽ കൊണ്ടുവന്ന് കൗൺസിലിംഗ് നടത്തി, സൈക്കോ തെറാപ്പി, ഹിപ്‌നോട്ടിക് തെറാപ്പി ഇവയെല്ലാം ചെയ്തുനോക്കി. കാര്യങ്ങൾ നോർമലായപ്പോൾ വീണ്ടും പഠനം തുടരുന്നതിനായി ഊട്ടിയിലേക്ക് പോകും വഴി ട്രെയിനിൽ നിന്ന് ചാടി മരണത്തെ പുൽകി.
വഴിതെറ്റുന്നു
തൃശൂർ ജില്ലയിലെ ഒരു ഇടത്തരം വാര്യത്തെ ഒരു കുട്ടി. നമുക്ക് അവളെ തുളസിയെന്ന് വിളിക്കാം. ഇലക്‌ട്രോണിക്‌സിൽ എഞ്ചിനീയറിംഗ് ബിരുദാനന്തര ബിരുദം നേടി, കാമ്പസ് സെലക്ഷനിലൂടെ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി നേടി. ഇപ്പോൾ ബാംഗ്ലൂർ നഗരത്തിലാണ്. വയസ്സ് 30. ചിത്തിര നക്ഷത്രം. ആദ്യത്തെ ഒരു വർഷം കുഴപ്പമില്ലാതെപോയി. 24-ാം വയസ്സിൽ വിവാഹത്തെ പറ്റി പറഞ്ഞപ്പോൾ ഇപ്പോൾ സമയമായില്ലെന്നുപറഞ്ഞ് ഒഴിഞ്ഞു. പിന്നീട് ആഴ്ചയിലൊരിക്കൽ വീട്ടിൽ വന്നിരുന്ന തുളസി വരവ് രണ്ടുമാസത്തിലൊരിക്കലായി. കാരണം ജോലിത്തിരക്ക.് അങ്ങനെയിരിക്കെ ബാങ്ക് ജീവനക്കാരനായ പിതാവ് ഔദ്യോഗിക ആവശ്യത്തിനായി ബാംഗ്ലൂരിൽ എത്തിയപ്പോൾ മകളുടെ താമസസ്ഥലത്തെത്തി. തൽസമയം അവൾ സ്ഥലത്തില്ല. ഓഫീസിലേക്ക് വിളിച്ചപ്പോൾ അവിടെയുമില്ല. മാത്രവുമല്ല സ്വഭാവദൂഷ്യം കാരണം പറഞ്ഞ് അവിടന്നു പിരിച്ചുവിട്ടിരിക്കുന്നു. വാര്യർ ആകെ തളർന്നു. ആചാരാനുഷ്ഠാനങ്ങൾ കടുകിട തെറ്റാതെ പാലിച്ചുവളർത്തിയ വാര്യത്തെ കുട്ടി...! അന്വേഷണത്തിൽ തുളസി മദ്യത്തിനടിമയാണെന്നറിഞ്ഞു. മാത്രമല്ല ആദ്യം ഒരു സഹപ്രവർത്തകനോടൊപ്പം 'ലിവിംഗ് ടുഗതർ' അവസാനിപ്പിച്ച് ബീഹാർ സ്വദേശിയായ ഒരുവനുമായി ജിവിക്കുന്നു. പിതാവിനെ കണ്ട മാത്രയിൽ ഒരു ശത്രുവിനോടെന്നപോലെ പെരുമാറി. ഇപ്പോൾ തുളസി മൂന്നാമതൊരാളുമായി ലിവിംഗ് ടുഗതറിലാണ്. മദ്യവും മയക്കുമരുന്നും കൂട്ടിനുണ്ട്.
അറിയാതെ
ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മിടുക്കനായ ആൺകുട്ടി. അയൽ വീട്ടിലെ കല്യാണ തലേന്ന് കൂട്ടുകാരുമായി ഒത്തുകൂടിയതാണ്. ഏതോ സോഫ്ട് ഡ്രിങ്കിൽ മദ്യം കലർത്തി നൽകി. അറിയാതെ കിട്ടിയ പുത്തൻ അനുഭൂതി കുട്ടിക്ക് ഹരമായി. അതുമയക്കുമരുന്നു മാഫിയയുടെ അരികിലെത്തിച്ചു. അവരുടെ 'കാരിയർ' ആയി പ്രവർത്തനം തുടങ്ങി. ധാരാളം പണം, ആഡംബര ജീവിതം. ഒരു ദിവസം സ്വന്തം ക്ലാസിലെ പെൺകുട്ടിയോട് മോശമായി പെരുമാറി. കേസായി. പ്രായപൂർത്തിയാവാത്തതിനാൽ ജുവനൈൽ ഹോമിലാക്കി. കൗൺസിലിംഗിൽ കാര്യം തെളിഞ്ഞു. ഇപ്പോൾ കുട്ടി എല്ലാത്തിൽ നിന്നും കരകയറി വരുന്നു. ഇന്ന് ആൺപെൺ വ്യത്യാസമില്ലാതെ ക്യാമ്പസുകളും, വിദ്യാലയങ്ങളും ലഹരിമരുന്നു സുലഭമായി ലഭിക്കുന്ന കേന്ദ്രങ്ങളാവുന്നു. അറിയാതെ, വെളിച്ചം കണ്ട് അടുക്കുന്ന ഇയ്യാംപാറ്റകൾ പോലെ കുട്ടികൾ അതിന്റെ വലയത്തിൽ പെടുന്നു.
കഥാന്ത്യം
തോമസ്സും, ആനന്ദവല്ലിയും വക്കീൽ ആയി ഒരേ കോടതിയിൽ പ്രാക്ടീസ് ചെയ്യുമ്പോഴാണ് വിവാഹിതരായത്. ബ്രാഹ്മണ സമുദായത്തിൽപ്പെട്ട ആനന്ദവല്ലി അവരുടെ ബ്രാഹ്മണ്യം എല്ലാ അർത്ഥത്തിലും കാത്തുസൂക്ഷിക്കുന്നു. തോമസിന് ആദ്യം ഒരു ഹരമായി. പലകുറി ആനന്ദവല്ലിയെ മദ്യം കുടിപ്പിക്കാൻ നോക്കി. നടന്നില്ല. അപ്പോൾ മയക്കുമരുന്നുകളിലേക്ക് ശ്രദ്ധ ക്ഷണിച്ചു. അതും പരാജയപ്പെട്ടു. അത് തോമസിനെ അന്യസ്ത്രീ ആസക്തിയിൽ കൊണ്ടെത്തിച്ചു. സദാചാരഭംഗം നടത്തി വരുന്ന ക്ലസൻസ്, അതുപോലെ പലരും അയാൾക്ക് പ്രിയങ്കരമായി. അവസാനം അത് ആനന്ദവല്ലിയുമായുള്ള വിവാഹമോചനത്തിൽ കലാശിച്ചു. അനുഭവപാഠം ആനന്ദവല്ലിയെ നാർക്കോട്ടിക് കേസുകൾ വാദിക്കാനും, ആ രംഗത്ത് തിളങ്ങാനും പ്രാപ്തയാക്കിയത് വിധിയുടെ വിനോദം.
കുചേലൻ
കുബേരനെ കുചേലനാക്കിയ കഥയാണ് ഗംഗൻ എന്ന ഗംഗാധരന്റെ ജീവിതം. അറുപതേക്കറോളം ഭൂമി, നെല്ലും തേങ്ങയും വന്നുകൂടുന്ന തറവാട്ടുമുറ്റം. അനേകം പരിചാരകർ. അന്ന് ചാരായത്തിന്റെ കാലം. സ്വന്തമായി തെങ്ങുചെത്തി കള്ളുവാറ്റി ചാരായമാക്കി, കരിക്കും വെള്ളത്തിൽ ഒഴിച്ചു കുടിച്ചുരസിച്ച കാലം. കൂടെ കൂട്ടിയ ചങ്ങാതിമാർ സദസ്സിലെ മദ്യലഹരി സമയം ഗംഗനെ പുകഴ്ത്തിപ്പറഞ്ഞ്, പാരമ്പര്യമായി തറവാട്ടിലുണ്ടായിരുന്ന, ഓട്ടുരുളി, കിണ്ടി എന്നുവേണ്ട എല്ലാം വാങ്ങിക്കൊണ്ടുപോയി. കാർഷികനിയമം വന്നപ്പോൾ ഭൂമിയെല്ലാം അന്യാധീനപ്പെട്ടു. ബാക്കി വന്ന ഭൂമിയിൽ നിന്നും ഓരോ തുണ്ടു കഷണം വിറ്റ് അയാൾ മദ്യപിച്ചു. ഇതിനിടെ അയാളുടെ ഭാര്യ മറ്റൊരാളുടെ കൂടെ പോയി. ബാങ്കിൽ നിന്നെടുത്ത ലോണിന്റെ പേരിൽ അവസാനം തറവാടും ജപ്തിയിലായി. അവസാനം വഴിയാധാരമായ അയാൾ ബാറുകളുടെ മുന്നിൽ, മദ്യപിക്കാൻ വരുന്നവരോട് ഒരു പെഗ് യാചിച്ചു വാങ്ങി കുടിച്ചുജീവിച്ചു. അന്ത്യം അനാഥജഡമായി എവിടെയോ കിടന്നായിരുന്നു.
കാരണം
ഒരാളെ ലഹരിക്കടിമപ്പെടുത്തുന്നതിൽ, ചന്ദ്രൻ, രാഹു മുതലായ ഗ്രഹങ്ങൾക്കുള്ള പങ്ക് ചെറുതല്ല. കേമദ്രുമം, രേകായോഗം, ശകടയോഗം മുതലായ യോഗങ്ങളും ഇതിന് കാരണക്കാരാണ്.
നീചനായ ചന്ദ്രൻ അവിടെ വർഗ്ഗോത്തമം ചെയ്യുക, അത് 5-ാം ഭാവമായി വരിക(5- മനസ്സ് ആണ്) രാഹു അതുപോലെ വരിക, കർമ്മാധിപൻ ശുഭവീക്ഷണമില്ലാതെ മനസ്സിന്റെ സ്ഥാനത്തുനിന്ന് വർഗ്ഗോത്തമം ചെയ്യുക മുതലായ കാര്യങ്ങളും ലഹരിക്കടിമപ്പെടാൻ സാദ്ധ്യതയുണ്ടാക്കും. അവിടെ ശുഭദൃഷ്ടി വരികയോ, നല്ല യോഗങ്ങൾ ജാതകത്തിൽ ഉണ്ടാവുകയോ ചെയ്താൽ ലഹരിക്കടിമയായാലും ദാരിദ്ര്യം വരില്ല. ഒന്നിലധികം കാര്യങ്ങൾ ഒന്നിച്ചുചേരുമ്പോഴാണ് മനുഷ്യന്റെ താളം തെറ്റുന്നത് എന്നും ഓർക്കുക.
