മുപ്പത്തിമുക്കോടി ദേവന്മാരുടെ സൈന്യാധിപന്
പരമശിവന്റെയും പാര്‍വ്വതി ദേവിയുടെയും പുത്രനാണ് സുബ്രഹ്മണ്യന്. കാര്ത്തികേയന്, മുരുകന്, കുമാരന്, സ്കന്ദന്, ഷണ്മുഖന്, വേലായുധന്, ആണ്ടവന്, ശരവണന് എന്നീ പേരുകളിലും സുബ്രഹ്മണ്യസ്വാമി അറിയപ്പെടാറുണ്ട്. തമിഴ് കടവുള്‍(തമിഴരുടെ ദൈവം) എന്നൊരു വിശേഷണവും സുബ്രഹ്മണ്യന് ഉണ്ട്. പരബ്രഹ്മ സ്വരൂപനായ മുരുകനെ അറിവിന്റെ മൂര്‍ത്തി എന്ന അര്‍ത്ഥത്തില്‍ 'ജ്ഞാനപ്പഴം' എന്ന് വിശേഷിപ്പിക്കാറുണ്ട്.
ജ്യോതിഷം രചിച്ചത് സുബ്രഹ്മണ്യനാണെന്ന് വിശ്വസിക്കപ്പെടുന്നു. മയിലാണ് വാഹനം, കൊടിയടയാളം കോഴി, വേല് ആയുധവും. പഴന്തമിഴ് കാവ്യങ്ങളില്‍ പറയുന്ന ചേയോന് മുരുകനാണെന്ന് കരുതപ്പെടുന്നു. വള്ളിദേവിയും ദേവസേനയുമാണ് പത്നിമാര്‍. സ്കന്ദപുരാണത്തില്‍ മുരുകനെ പ്രധാന ദേവതയായി ചിത്രീകരിച്ചിരിക്കുന്നു.
ശൂരപത്മാസുരന്‍ എന്ന ദുഷ്ടനായ അസുരന്റെ ദുഷ്ടതകള്‍ സഹിക്കവയ്യാതെ ദേവന്മാരെല്ലാം ദേവാധിദേവനായ മഹാദേവന്റെ മുന്പില് ചെന്ന് സങ്കടം ഉണര്‍ത്തിച്ചു. ദേവന്മാരുടെ സങ്കടം കേട്ടറിഞ്ഞ മഹാദേവന് തന്റെ കണ്ണില്‍ നിന്നും ആറ് ദിവ്യതേജസ്സാര്‍ന്ന തീപ്പൊരികള്‍ സൃഷ്ടിച്ചു. ആ തീപ്പൊരികള്‍ ആറും ചെന്താമരപ്പൂവില്‍ വീണു.
ഇതറിഞ്ഞ പാര്‍വ്വതിയായ അമ്മ കാട്ടാറിന്റെ തീരത്തുള്ള ശരവണ പ്പൊയ്കയില്‍ ചെന്ന് നോക്കിയനേരം ചെന്താമരപ്പൂക്കള്‍ ആറിലും ആറ് ശിശുബാലകരെ കണ്ടു. ആ ദിവ്യതേജസ്സോട് കൂടിയ ബാലകരെ കണ്ടയുടനെ പാര്വ്വതിമാതാവ് ആറ് ചെന്താമരപ്പൂവില്‍ നിന്നും ആറ് ബാലകരേയും വാരിപ്പുണര്‍ന്നു മുലപ്പാല്‍ നല്കി. അതോടെ ആറ് ശരീരവും ഒന്നായി. ആറുമുഖ ബാലകനായി.... എന്നാണ് ശിവരഹസ്യസംഹിതയായ സ്ക്കന്ദ പുരാണത്തില്‍ പ്രതിപാദിക്കുന്നത്. പതിനെട്ട് പുരാണങ്ങളില്‍ ശ്രേഷ്ഠം സ്ക്കന്ദപുരാണമായി കണക്കാക്കുന്നു.
മുരുകന്റെ അവതാരലക്ഷ്യം തന്നെ ശൂരപത്മാസുരന്‍... താരകാസുരന് എന്നീ അസുരന്മാരെ വധിച്ച് ദേവലോകത്തെ രക്ഷ ചെയ്യുന്നതിനാണ്. ശൂരപത്മനെ വധിക്കുന്നതിന് മുന്‍പ് ഭഗവാന് തന്റെ ആറ് മുഖത്തോടുകൂടിയ നിജസ്വരൂപം ശൂരപത്മന് ദര്ശിപ്പിച്ചപ്പോള് ലോകത്തെപോലും ഭ്രമിപ്പിക്കുന്ന ആ വിശ്വരൂപം കണ്ട മാത്രയില്‍ തന്റെ ചെയ്തികളെയോര്‍ത്ത് ശൂരന്‍ ദുഃഖിക്കുകയും ചെയ്തു. ശൂരപത്മന്റെ വധത്തിന് മുന്‍പായി ഭഗവാനോടുള്ള പ്രാര്‍ത്ഥനപ്രകാരം ഭഗവാന് ഷണ്മുഖന് ശൂരനോട് ഇപ്രകാരം അരുള്‍ ചെയ്തു. നിന്നെ ഞാന്‍ കാലപുരിക്കയച്ച ശേഷം എന്റെ ധ്വജത്തില്‍ കുക്കുടമായി നീ കുടികൊള്ളുക.
ഇഷ്ടവഴിപാടുകള്‍
പാല് അഭിഷേകം, പഞ്ചാമൃതാഭിഷേകം, കരിക്കഭിഷേകം, ഭസ്മാഭിഷേകം, തേന്‍ അഭിഷേകം, പനിനീരഭിഷേകം, പാനകപൂജ, കാവടിപൂജ.. പാല്‍പ്പായസം, വേല് സമര്‍പ്പിക്കല്‍ എന്നിവയാണ.്
വിശേഷദിവസങ്ങള്‍
തൈപ്പൂയം, സ്കന്ദഷഷ്ഠി, തൃക്കാര്‍ത്തിക.
ഓം ഷഡ്കോണ മദ്ധ്യനിലയായ നമഃ
പാതിരാവില്‍ മയില്‍ മുകളേറി വള്ളിദേവയാനിമാരോടൊത്ത് വിലസുന്ന
പരമാനന്ദമൂര്ത്തിയാം ഷണ്മുഖ സ്വാമിയേ നിത്യം വണങ്ങുന്നേന്‍...!!
Photo Courtesy - Google
