സുബ്രഹ്മണ്യന് മയില്‍ വാഹനവും പൂവന്‍കോഴി കൊടിയടയാളവും ആയതെങ്ങനെ
സുബ്രഹ്മണ്യന്റെ വാഹനമാണ് മയില്‍. പൂവന്‍കോഴി കൊടിയടയാളവും. ഈ രണ്ട് പക്ഷികള്‍ സുബ്രഹ്മണ്യനോടൊപ്പമായതിന് കാരണമായ കഥ...
സുബ്രഹ്മണ്യന്റെ വാഹനമാണ് മയില്‍. പൂവന്‍കോഴി കൊടിയടയാളവും. ഈ രണ്ട് പക്ഷികള്‍ സുബ്രഹ്മണ്യനോടൊപ്പമായതിന് കാരണമായ കഥയുണ്ട്.
അതിബലവാനായ അസുരനായിരുന്നു ശൂരപത്മന്. ഒരിക്കല്‍ ശൂരപത്മനും കൂട്ടാളികളും ചേര്‍ന്ന് ദേവലോകം ആക്രമിച്ച് കീഴടക്കി. പിടികൂടിയ ദേവന്മാരെ ശൂരപത്മന് ഭൂമിയിലെത്തിച്ച് തടവിലാക്കി ശൂരപത്മന്റെ കയ്യില്‍ അകപ്പെടാതിരുന്ന ദേവന്മാര് കൈലാസത്തിലെത്തി അഭയം പ്രാപിച്ചു. സാക്ഷാല്‍ ഇന്ദ്രന് ഭൂമിയിലെത്തി ഒളിച്ചിരുന്നു.
തപസ്സനുഷ്ഠിച്ച് നഷ്ടമായ ഊര്‍ജ്ജം തിരികെ പിടിക്കാനായി ഇന്ദ്രന്റെ ശ്രമം. കൈലാസത്ത് എത്തിയ ദേവന്മാര് ശിവഭഗവാനോടായി ഇപ്രകാരം മൊഴിഞ്ഞു. 'ഭഗവാനേ. അസുരന്മാരുടെ ശല്യം ഇപ്പോള്‍ പതിവാണ്. ബ്രഹ്മാവ് ആളും ആരവും നോക്കാതെ വരങ്ങള്‍ നല്കുന്നു...' ഭഗവാന് അല്‍പ്പം ആലോചിച്ചിട്ട് മകനെ വിളിച്ചു സുബ്രഹ്മണ്യാ.. വരൂ... കളി മതിയാക്കി സുബ്രഹ്മണ്യന് പാഞ്ഞെത്തി.
ഇവരുടെ കാര്യത്തില്‍ തീരുമാനമെടുക്കണം. അസുരന്മാരെ ഭയന്ന് വന്നവരാണിവര്‍ ശൂരപത്മനാണ് ഇപ്രാവശ്യം ഇവരെ ആക്രമിച്ചത്.. ഭഗവാന്റെ വാക്കുകള്‍ കേട്ട് ആവശ്യം വേണ്ട ആയുധങ്ങളുമായി സുബ്രഹ്മണ്യന് അസുരന്മാരെ വകവരുത്താന്‍ ഇറങ്ങി. ശൂരപത്മന്റെ കൊട്ടാരത്തിലേയ്ക്ക് സുബ്രഹ്മണ്യന് ഒരു ദൂതനെ പറഞ്ഞയച്ചു.
'പേരില്‍ മാത്രം പോരാ ശൂരത്തം.. ധൈര്യമുണ്ടെങ്കില്‍ ഇറങ്ങി വന്ന് യുദ്ധം ചെയ്യു.. തടവിലിട്ട ദേവന്മാരെ ഉടന്‍ വിട്ടയയ്ക്കൂ... ദൂത് കേട്ട് ശൂരപത്മന് പൊട്ടിച്ചിരിച്ചു.'
'പിടിച്ചടക്കിയതെല്ലാം പിടിച്ചത് തന്നെയാ.. വിട്ടുകൊടുത്ത ശീലം എനിക്കില്ല.. യുദ്ധം ആകാം.. അതിലാണ് എനിക്ക് ഹരം.'
ഇരുവരും യുദ്ധത്തിലേക്ക് കടന്നു. ഘോരയുദ്ധം പത്തുദിവസം നീണ്ടു. സുബ്രഹ്മണ്യന് ബാലനാണെങ്കിലും യുദ്ധം ചെയ്ത് തോല്‍പ്പിക്കാനാകില്ലെന്ന് ശൂരപത്മന് ബോധ്യമായി. ഇനി വല്ല സൂത്രപ്പണിയും നടത്തിയാലോ? ശൂരപത്മന് വേഷം മാറി ഒരു വന്‍വൃക്ഷമായി സുബ്രഹ്മണ്യനെ നേരിട്ടു.
ആരുകണ്ടാലും ഭയന്ന് പോകുന്ന പെരുമരം കൊമ്പുകുലുക്കി പാഞ്ഞടുക്കുന്നതു കണ്ടിട്ടം സുബ്രഹ്മണ്യന് കൂസലില്ല. സുബ്രഹ്മണ്യന് വേല് എടുത്ത് വൃക്ഷത്തിന്റെ നടുഭാഗം ഉന്നമാക്കി ആഞ്ഞെറിഞ്ഞു. അതിശക്തമായ വേല് പ്രഹരത്തില്‍ വൃക്ഷം രണ്ടായി ചിന്നിച്ചിതറി. രണ്ടായി മുറിഞ്ഞ വൃക്ഷത്തിന്റെ ഒരു ഭാഗം ക്ഷണനേരത്തില്‍ ഒരു ആണ്‍മയിലായി മാറി. മറുഭാഗം ഒരു പൂവന്‍കോഴിയായും മാറി. സുബ്രഹ്മണ്യന്റെ യുദ്ധവീര്യം കണ്ട് ശൂരപത്മന് സുബ്രഹ്മണ്യനോട് ആരാധനയായി. ശൂരപത്മന്റെ നടുവ് മുറിഞ്ഞുണ്ടായ മയിലിനും, പൂവന്‍കോഴിക്കും സുബ്രഹ്മണ്യനോട് കടുത്ത ആരാധന.
മയില്‍ പറഞ്ഞത് ഇങ്ങനെ: 'എന്നെ അങ്ങയുടെ വാഹനമാക്കിയാലും.. അങ്ങ് ആഗ്രഹിക്കുന്ന മാത്രയില്‍ ആഗ്രഹിക്കുന്ന ഇടത്തേയ്ക്ക് ഞാന്‍ അങ്ങയെ എത്തിച്ച് കൊള്ളാം. സുബ്രഹ്മണ്യന് മയിലിന്റെ അപേക്ഷ സ്വീകരിക്കുകയും മയില്‍ അന്നുമുതല്‍ സുബ്രഹ്മണ്യന്റെ വാഹനമായിത്തീരുകയും ചെയ്തു.
വൃക്ഷത്തിന്റെ മറുപതിയായ കോഴിയും തന്റെ ആഗ്രഹം പറഞ്ഞു. 'ഇന്ന് മുതല്‍ അങ്ങയോടൊപ്പം, ഐശ്വര്യസൂചകമായി അങ്ങയുടെ കൊടിയില്‍ കൊടിയടയാളമായി എന്നെ സ്വീകരിച്ചാലും.' അതും ഭഗവാന് അംഗീകരിച്ചു. അങ്ങനെ പൂവന്‍കോഴി സുബ്രഹ്മണ്യന്റെ കൊടിയടയാളമായി മാറി.
Photo Courtesy - Google
