ശിവപൂജയും എരിക്കും
ദേവാദിദേവനായ ശിവന് ഏറ്റവും പ്രധാനം എരിക്കിന്‍പൂക്കളാണ്. ഒരേസമയം വിഷവും ഔഷധഗുണങ്ങളും അടങ്ങിയിട്ടുള്ളതിനാലാണ് എരിക്കിന്‍പൂക്കളെ ശിവപൂജയ്ക്കുപയോഗിക്കുന്നത്. അതായത് ഭക്തര്‍ക്ക് എല്ലാവിധ ഐശ്വര്യങ്ങളും സമ്മാനിക്കുന്ന, അവരുടെ സമസ്തപാപങ്ങളും സംഹരിക്കുന്ന മഹാദേവന് വിഷം അടങ്ങിയിട്ടുള്ള എരിക്കിന്‍ പൂവിനോടാണത്രെ താല്‍പ്പര്യം. ശിവക്ഷേത്രങ്ങളില്‍ പ്രദോഷപൂജ, ശിവരാത്രി തുടങ്ങിയ വിശേഷാവസരങ്ങളില്‍ എരിക്കിന്‍പൂകൊണ്ട് നടത്താറുണ്ട്. എരിക്കിന്‍പൂമാല ചാര്‍ത്തലും അര്‍ച്ചനയും ഉദ്ദിഷ്ടകാര്യസിദ്ധിക്ക് വളരെ നല്ലതാണെന്നാണ് വിശ്വാസം.
ഹിന്ദുമതത്തില്‍ ആരാധനയുടെ പ്രധാന ഭാഗമാണ് പൂക്കള്‍. ഇവിടെ ഓരോ ദേവനും ദേവിയും ചില പ്രത്യേകപൂക്കളുമായി ബന്ധപ്പെട്ടിരിക്കുന്നത് കാണാം. അവ ആചാരങ്ങളിലും പ്രാര്‍ത്ഥനകളിലും പ്രതീകാത്മകമായ പ്രാധാന്യമുള്ളവയാണ്. ഒരു ദേവന് ശരിയായ പുഷ്പം അര്‍പ്പിക്കുന്നത് ഭക്തി പ്രകടിപ്പിക്കുന്നതിനും അനുഗ്രഹങ്ങള്‍ ആകര്‍ഷിക്കുന്നതിനുമുള്ള മാര്‍ഗ്ഗമായിട്ടാണ് കാണുന്നത്. ലക്ഷ്മിദേവിക്ക് താമര, ഗണപതിക്ക് ചുവന്ന ചെമ്പരത്തിയും ജമന്തിയും, വിഷ്ണുവിന് താമര, സരസ്വതിക്ക് വെളുത്ത താമരയും മുല്ലപ്പൂവും, കൃഷ്ണന് തുളസി, ഹനുമാന് ജമന്തി... എന്നിവയൊക്കെയാണ് ഇഷ്ടപുഷ്പങ്ങള്‍.
എന്നാല്‍ ദേവാദിദേവനായ ശിവന് ഏറ്റവും പ്രധാനം എരിക്കിന്‍പൂക്കളാണ്. ഒരേസമയം വിഷവും ഔഷധഗുണങ്ങളും അടങ്ങിയിട്ടുള്ളതിനാലാണ് എരിക്കിന്‍പൂക്കളെ ശിവപൂജയ്ക്കുപയോഗിക്കുന്നത്. അതായത് ഭക്തര്‍ക്ക് എല്ലാവിധ ഐശ്വര്യങ്ങളും സമ്മാനിക്കുന്ന, അവരുടെ സമസ്തപാപങ്ങളും സംഹരിക്കുന്ന മഹാദേവന് വിഷം അടങ്ങിയിട്ടുള്ള എരിക്കിന്‍ പൂവിനോടാണത്രെ താല്‍പ്പര്യം. ശിവക്ഷേത്രങ്ങളില്‍ പ്രദോഷപൂജ, ശിവരാത്രി തുടങ്ങിയ വിശേഷാവസരങ്ങളില്‍ എരിക്കിന്‍പൂകൊണ്ട് നടത്താറുണ്ട്. എരിക്കിന്‍പൂമാല ചാര്‍ത്തലും അര്‍ച്ചനയും ഉദ്ദിഷ്ടകാര്യസിദ്ധിക്ക് വളരെ നല്ലതാണെന്നാണ് വിശ്വാസം.
പാലാഴി കടഞ്ഞപ്പോള്‍ ആവിര്‍ഭവിച്ച കാളകൂടവിഷം ലോകരക്ഷയ്ക്കായി ശിവന്‍ ഏറ്റുവാങ്ങിയപ്പോള്‍ അതില്‍ ഒരംശം എരിക്കിനും സ്വീകരിക്കേണ്ടി വന്നു എന്നൊരു ഐതിഹ്യമുണ്ട്. അതേത്തുടര്‍ന്നാണ് ലോകരക്ഷാമാഹാത്മ്യവുമായി എരിക്കിനും ബന്ധമുണ്ടായത്. അങ്ങനെ കൂവളത്തിനും വെള്ളത്തുമ്പപ്പൂവിനും ഒപ്പം എരിക്കും ശിവപൂജാപുഷ്പങ്ങളില്‍ പ്രാധാന്യം നേടി.
എരിക്കിന് ശിവമാഹാത്മ്യം കൈവന്നത് സംബന്ധിച്ച് ശ്രീമഹാഭാഗവതത്തിലും ശിവപുരാണത്തിലും പരാമര്‍ശിക്കുന്ന ഒരു ഐതിഹ്യമുണ്ട്. ആ കഥ ഇങ്ങനെ:
ദുര്‍വാസാവിന്‍റെ ശാപത്തില്‍ നിന്നും മോചനം നേടാന്‍ ദേവാസുരന്മാര്‍ ശിവന്‍റെ കണ്ഠാഭരണമായ വാസുകിയെ കയറാക്കിയും മന്ഥപര്‍വ്വതത്തെ മത്താക്കിയും പാലാഴി കടഞ്ഞു. ദേവന്മാര്‍ വാസുകിയുടെ വാല്‍ഭാഗവും അസുരന്മാര്‍ ശിരസും പിടിച്ചുകൊണ്ടായിരുന്നു കടച്ചില്‍ നടത്തിയത്. ആ സമയം കടയുന്നതിന്‍റെ വേദനസഹിക്കാനാകാതെ വാസുകി ഘോരമായ കാളകൂടം വമിച്ചു.
പഞ്ചമഹാവിഷങ്ങളില്‍ ഒന്നായ കാളകൂടം 'പ്രഥുമാലി' എന്ന അസുരന്‍റെ ചോരയാണത്രെ. കാളകൂടം, മുസ്തകം, വത്സനാഭം, ശംഖകര്‍ണ്ണി, ശൃംഗി എന്നിവയാണ് പഞ്ചമഹാവിഷങ്ങള്‍. കാലനെപ്പോലും ദഹിപ്പിക്കുവാന്‍ കഴിയുന്നതുകൊണ്ടാണ് കാളകൂടം എന്ന പേര് വന്നത്.
ഈ വിഷം വീണ് ഭൂമി നശിക്കാതിരിക്കാന്‍ ശിവന്‍ അത് കൈക്കുമ്പിളില്‍ വാങ്ങി പാനം ചെയ്തപ്പോള്‍ അതില്‍ അല്‍പ്പം തുളുമ്പി സമീപത്തുണ്ടായിരുന്ന എരിക്ക് എന്ന ചെടിയില്‍ വീണു. അതോടെ എരിക്കിന് വിഷാംശം ഉണ്ടായി. ഒപ്പം, സ്വതവേ വെള്ളനിറമുള്ള എരിക്കിന്‍ പൂവിന് വിഷത്തിന്‍റെ നീലനിറവും ലഭിച്ചു.
ശിവഭഗവാന്‍റെ കൈക്കുമ്പിളില്‍ നിന്ന് തുളുമ്പി താഴേക്കുവീണ വിഷത്തുള്ളികള്‍ പാമ്പ്, ചിലന്തി, തേള്‍ എന്നീ ജീവികള്‍ രുചിച്ചതിനെതുടര്‍ന്ന് അന്നേവരെ വിഷമില്ലാതിരുന്ന ആ ഉരഗങ്ങളും അവയുടെ വംശവും വിഷജന്തുക്കളായി മാറി എന്നും ഐതിഹ്യമുണ്ട്.
ഔഷധഗുണം
സിദ്ധവൈദ്യത്തില്‍ എരിക്കിന് അപാരമായ ഔഷഗുണമാണുള്ളത്. എരിക്കിന്‍പൂവിലെ വിഷാംശം നീക്കം ചെയ്ത് മാറാരോഗങ്ങള്‍ക്കുള്ള സിദ്ധൗഷധമായി ഉപയോഗിക്കുന്നു. ആയുര്‍വേദത്തിലും എരിക്ക് ഔഷധമായി ഉപയോഗിച്ചുവരുന്നു. എരിക്കിന്‍റെ തടി, വേര്, ഇല എന്നിവ വിശേഷപ്പെട്ടതാണ്. വിഷാംശം നീക്കിയശേഷമാണ് ഔഷധമായി ഉപയോഗിക്കുന്നത്. ശിവക്ഷേത്രങ്ങളിലും മറ്റ് ക്ഷേത്രപരിസരങ്ങളിലും പരിശുദ്ധമായ സ്ഥലങ്ങളിലും എരിക്ക് വളരും. ആ സ്ഥലം ശുദ്ധമായി സൂക്ഷിക്കണം.
വാടിയ പൂവ്, കൃഷികീടങ്ങളുള്ളത്, ഇതള്‍ കൊഴിഞ്ഞത്, വാടിപ്പഴുത്ത് നിലത്തുവീണത്, പുഴുക്കുത്ത് ഉള്ളത് തുടങ്ങിയ പുഷ്പങ്ങള്‍ ദേവീദേവന്മാര്‍ക്ക് സമര്‍പ്പിക്കുവാന്‍ പാടില്ല. ഇറുക്കുമ്പോള്‍ നിലത്തുവീഴുന്ന പൂക്കളും ദേവനുള്ളതല്ല. അത് അസുരനുള്ളതാണ്. അതിനാല്‍ എടുക്കുകയുമരുത്. കുട്ടികളെ എരിക്കിന്‍പുഷ്പങ്ങള്‍ തൊടീക്കുവാനേ പാടുള്ളതല്ല.
ആഭിചാരപ്രയോഗം നടത്തിയിട്ടുണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കുന്നതിന് വെളുത്ത എരിക്കിന്‍പൂക്കള്‍ക്ക് ശക്തിയുണ്ടെന്നാണ് പറയുന്നത്. ഇതിലൂടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജവും വന്നുചേരും. അപകടങ്ങള്‍ കൂടപ്പിറപ്പ് ആയിട്ടുള്ളവര്‍ ഒരു കഷണം എരിക്കിന്‍റെ വേര് കയ്യില്‍ കരുതുന്നത് നല്ലതാണ്. ഇത് എല്ലാ അപകടങ്ങളില്‍ നിന്നും കാത്തുരക്ഷിക്കും.
'ഓം നമോ അഗ്നിരൂപായേ ഹ്രീം നമ:' എന്ന മന്ത്രം ചൊല്ലി, യാത്ര പോകുമ്പോള്‍ ഈ വേര് അരികെയോ, ദേഹത്തോ സൂക്ഷിക്കുക. അപകടങ്ങള്‍ ഒഴിഞ്ഞുപോകും എന്നാണ് വിശ്വാസം. ഗണപതി ഭഗവാന് എരിക്കിന്‍വേരില്‍ കറുകമാല കെട്ടിച്ചാര്‍ത്തിയാല്‍ സര്‍വ്വവിഘ്നങ്ങളും വിട്ടൊഴിയും.
