പരമശിവനും  ശ്രീരാമനും

പരമശിവനും ശ്രീരാമനും

HIGHLIGHTS

പ്രപഞ്ചത്തില്‍ നടക്കുന്ന എല്ലാ ചലനങ്ങളും സംഭവങ്ങളും ഈശ്വരന്‍റെ വിലാസങ്ങളാണ്. ശിവനും വിഷ്ണുവും തങ്ങളുടേതായ ലീലകള്‍ പലതും നടത്തിയിട്ടുണ്ട്. അവയില്‍ മഹാവിഷ്ണുവിന്‍റെ അവതാരത്തില്‍ പരമശിവന്‍ എന്തൊക്കെ ലീലകള്‍ നടത്തിയിട്ടുണ്ടെന്ന് നോക്കാം.

 

 

യോദ്ധ്യയില്‍ രാമന്‍ ജനിച്ചയുടന്‍ അദ്ദേഹത്തെ കാണാനായി ജനം കൂട്ടംകൂട്ടമായി പ്രവഹിച്ചെത്തി. ആ സമയത്ത് ശിവന്‍ ശിശുവായ രാമനെ കാണാനായി സിദ്ധന്‍റെ രൂപത്തില്‍ എത്തിയത്രേ. സമുദ്രം കണക്കെ തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിലൂടെ ചെന്ന് ശിശുരാമനെ കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. വൈകുന്നേരമായപ്പോള്‍ അരമനയിലെ ജീവനക്കാര്‍ ജനങ്ങളെയെല്ലാം അവിടെ നിന്നും പറഞ്ഞയച്ചു. 

ശിവന്‍ അതീവവിസ്മയത്തോടെ അടുത്തുള്ള കുളക്കരയില്‍ ചെന്ന് ഇരുന്നു. അപ്പോള്‍ അരമനയില്‍ ശിശുരാമന്‍ ഉച്ചത്തില്‍ കരയുവാന്‍ തുടങ്ങി. കുഞ്ഞിന്‍റെ നിര്‍ത്താതെയുള്ള കരച്ചില്‍ കണ്ട് അമ്മ കൗസല്യ എന്തുചെയ്യണമെന്നറിയാതെ വിഷമത്തിലായി. അവിടെയുണ്ടായിരുന്ന ജോലിക്കാരികള്‍ എല്ലാവരും കുട്ടിയെ സമാധാനിപ്പിക്കുവാന്‍ എത്ര പരിശ്രമിച്ചിട്ടും അവര്‍ക്ക് കുട്ടിയുടെ കരച്ചില്‍ നിറുത്തുവാനായില്ല. ആ സമയത്ത് അവിടെയുണ്ടായിരുന്ന ജോലിക്കാരില്‍ ഒരുത്തി കുട്ടിക്ക് കണ്‍ദൃഷ്ടി ഏറ്റിട്ടുണ്ടാവാം എന്നുപറഞ്ഞു. മാത്രമല്ല ശ്രീരാമന്‍ ഇച്ഛിച്ച പ്രകാരം തന്നെ അവര്‍ കണ്‍ദൃഷ്ടിദോഷം അകറ്റുന്ന ഏതെങ്കിലും സിദ്ധനെ വിളിച്ചുകൊണ്ടുവരാം എന്നുപറഞ്ഞുകൊണ്ട് പുറത്തേയ്ക്ക് പോയി.
 
രാമന്‍ കണക്കുകൂട്ടിയ പ്രകാരം കുളക്കരയില്‍ ഇരിക്കുന്ന സിദ്ധനായ പരമേശ്വരനെ ആ ജോലിക്കാരി കണ്ടു. സിദ്ധന്‍റെ അടുത്ത് ചെന്ന് അവള്‍ താങ്കള്‍ക്ക് കണ്ണേറുദോഷം മാറ്റിത്തരാന്‍ കഴിയുമോ എന്ന് ചോദിച്ചു. അത് കേള്‍ക്കേണ്ട താമസം ഇതാണ് ശിശുവായ രാമനെ കാണാനുള്ള തക്ക അവസരം എന്ന് കരുതി തനിക്ക് ദൃഷ്ടിദോഷം അകറ്റാനറിയാം എന്ന് പറഞ്ഞുകൊണ്ട് അവള്‍ക്കൊപ്പം ശിവന്‍ അരമനയിലേക്ക് പുറപ്പെട്ടു. അവിടെ സന്യാസിയായ പരമശിവനെ കണ്ട മാത്രയില്‍ തന്നെ ശിശുരാമന്‍ കരച്ചില്‍ നിറുത്തി. സന്തുഷ്ടയായ കൗസല്യ കുഞ്ഞിനെ സിദ്ധന്‍റെ മടിയില്‍ ഇരുത്തി. ശിശുവായ രാമന്‍ സിദ്ധനെനോക്കി ഒരു പുഞ്ചിരി ഉതിര്‍ത്തു. ഏറെ സന്തുഷ്ടനായ സിദ്ധന്‍ പരമേശ്വരന്‍ രാമന്‍റെ കണ്ണേറുദോഷം മാറ്റി അവിടെ നിന്നും പുറപ്പെട്ടു.

സീതാസ്വയംവരത്തില്‍ ശിവധനുസ്സ്

ദക്ഷയാഗവേളയില്‍ തന്നെ അപമാനിച്ച ദേവന്മാര്‍ക്ക് നേരെ അമ്പ് തൊടുക്കുവാന്‍ ശിവന്‍ ശ്രമിച്ചു. അപ്പോള്‍ ദേവന്മാര്‍ മാപ്പ് അപേക്ഷിച്ചുകൊണ്ട് ഒരു വിധേന ശിവനെ ശാന്തനാക്കി. ആ ധനുസ്സ് വാങ്ങിച്ച് ജനകരാജാവിന്‍റെ പൂര്‍വ്വികനായ നിമി രാജാവിന്‍റെ മൂത്തപുത്രനെ ഏല്‍പ്പിച്ചു. അയാളിലൂടെ ആ ധനുസ്സ് ജനകനില്‍ എത്തിച്ചേര്‍ന്നു. സീതാദേവി കുഞ്ഞായിരിക്കുമ്പോള്‍ ആരാലും ഒന്ന് ചലിപ്പിക്കുവാന്‍ പോലും കഴിയാത്ത ആ ശിവധനുസ്സ് സൂക്ഷിച്ചിരുന്ന പെട്ടി ഒരു കൈകൊണ്ട് തള്ളിനീക്കി.

മകളുടെ ശക്തി മനസ്സിലാക്കിയ ജനകന്‍, ആരൊരുവന്‍ ഈ ശിവധനുസ്സിനെ പൊന്തിച്ച് അതിന്‍റെ രണ്ടുഭാഗം വളച്ച് ഞാണിടുന്നുവോ അയാള്‍ക്ക് തന്‍റെ പുത്രി സീതയെ വിവാഹം ചെയ്തുകൊടുക്കാം എന്ന് അറിയിച്ചു. സീതാദേവിയുടെ സ്വയംവരത്തില്‍ നാനാഭാഗത്തുനിന്നുള്ള പലരും പങ്കെടുത്തു. എന്നാല്‍ ആര്‍ക്കും ആ ധനുസ്സിനെ ഒന്നെടുത്ത് പൊന്തിക്കുവാന്‍ പോലും കഴിഞ്ഞില്ല. ശിവഭക്തനായ ലങ്കാധിപന്‍ രാവണനും അവിടെ എത്തിയിരുന്നു. ശിവന്‍റെ അനുഗ്രഹത്താല്‍ രാവണന് ധനുസ്സ് എടുത്ത് പൊന്തിക്കുവാന്‍ കഴിഞ്ഞു. പക്ഷേ ഞാണ്‍ പൂട്ടുവാന്‍ കഴിഞ്ഞില്ല. ശ്രീരാമന്‍ എത്തി ധനുസ്സ് എടുത്ത് പൊന്തിച്ചു എന്നുമാത്രമല്ല അതിന്‍റെ രണ്ടുഭാഗവും വളച്ച് ഞാണ്‍ പൂട്ടി വിജയവും നേടി. അങ്ങനെ സീതയെ വിവാഹവും കഴിച്ചു.

രാമന്‍ സീതാ വേര്‍പിരിയല്‍

സീതാദേവി രാമനെ പിരിയുവാനുള്ള കാരണം ഒരു ശാപമാണത്രേ. ശിവന്‍റെ വിയര്‍പ്പില്‍ നിന്നും അവതരിച്ചവനാണ് ജലന്തരാസുരന്‍. ചാരിത്ര്യശുദ്ധിയില്‍ ശ്രേഷ്ഠയായ ബൃന്ദയെ വിവാഹം കഴിച്ച ജലന്തരാസുരന്‍, തന്‍റെ ഭാര്യയുടെ ചാരിത്ര്യം നഷ്ടപ്പെടുമ്പോള്‍ ശിവനിലൂടെ മാത്രമേ തനിക്ക് മരണമുണ്ടാവാന്‍ പാടുള്ളൂ എന്ന് വരം നേടിയിരുന്നു.

അവന്‍റെ അവസാനകാലത്ത് ശിവനുമായി യുദ്ധം ചെയ്യാന്‍ എത്തിയപ്പോള്‍, ശിവന്‍ വിഷ്ണുവിനെ വിളിച്ചുവരുത്തി ബൃന്ദയുടെ ചാരിത്ര്യം നഷ്ടപ്പെടുത്താന്‍ എന്തെങ്കിലും ഉപായം ചെയ്യാന്‍ ആവശ്യപ്പെട്ടു. ശിവന്‍റെ ആവശ്യം നിറവേറ്റുവാനായി ഭഗവാന്‍ വിഷ്ണു ബൃന്ദയുടെ കണവന്‍ ജലന്തരാസുരന്‍റെ വേഷത്തിലെത്തി. ബൃന്ദ തന്‍റെ ഭര്‍ത്താവാണ് വന്നിരിക്കുന്നതെന്ന് കരുതി വാതില്‍ തുറന്ന് അകത്തുവിളിച്ച് ഇരുത്തി പാദങ്ങള്‍ കഴുകികൊടുത്തു. അതുകാരണം അവളുടെ ചാരിത്ര്യം കളങ്കപ്പെട്ടു. 

അതിനുശേഷം പരമശിവന്‍ ജലന്താസുരനെ നിഗ്രഹിച്ചു. ഇതറിഞ്ഞ ബൃന്ദ തന്നെ വഞ്ചിച്ച മഹാവിഷ്ണുവും അദ്ദേഹത്തിന്‍റെ പത്നിയെ പിരിഞ്ഞ് വിരഹവേദന അനുഭവിക്കും എന്ന് ശപിച്ചു. അതനുസരിച്ച് രാമാവതാരവേളയില്‍ രാമന് സീതയെ പിരിഞ്ഞ് ദുഃഖിക്കേണ്ടതായി വന്നു. വിഷ്ണു ഈ പെണ്‍ശാപത്തിന് പാത്രീഭൂതനാവാന്‍ പരമശിവനും ഒരുതരത്തില്‍ കാരണക്കാരനായി.

ജടായുവിന്‍റെ അന്ത്യകര്‍മ്മം

രാവണന്‍ സീതയെ കടത്തിക്കൊണ്ടുപോയപ്പോള്‍ അവരെ കണ്ട ജടായു എന്ന പക്ഷി രാവണനുമായി പോരിട്ടു. രാവണന്‍ ജടായുവിനെ മര്‍ദ്ദിച്ച് അതിന്‍റെ ചിറകുകള്‍ വെട്ടിയതുകാരണം അത് പറക്കാനാവാതെ താഴെ വീണു. രാമനോട് ഇക്കാര്യം പറയവേ, അത് അത്യാസന്നനിലയിലായിരുന്നു.  രാമനും ലക്ഷ്മണനും സീതയെ അന്വേഷിച്ചുചെല്ലുമ്പോള്‍ ജടായുവില്‍ നിന്നും രാവണന്‍ സീതയെ കടത്തിക്കൊണ്ടുപോയ വിവരം അറിഞ്ഞു.

രാമനെ തൊഴുതുകൊണ്ട് ജടായു ജീവന്‍ വെടിഞ്ഞു. ജടായുവിന്‍റെ അന്ത്യകര്‍മ്മങ്ങള്‍ ഒരു മകന്‍റെ സ്ഥാനത്ത് നിന്നുകൊണ്ട് ശ്രീരാമന്‍ നിര്‍വ്വഹിച്ചു. ജടായുവിന്‍റെ അന്ത്യകര്‍മ്മങ്ങള്‍ നടന്ന സ്ഥലമാണ് ശിവക്ഷേത്രമായ പുള്ളിരുക്ക് വേളൂര്‍. തമിഴ്നാട്ടിലെ ഈ പുണ്യസ്ഥലമാണ് ഇന്ന് വൈത്തീശ്വരന്‍ കോവില്‍ എന്ന വിശ്വപ്രസിദ്ധമായ ക്ഷേത്രം. ഈശ്വരന്‍ വൈദ്യനാഥനെ തൊഴുത് ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം ശ്രീരാമനും ലക്ഷ്മണനും തെക്കോട്ട് ലങ്കയെ ലക്ഷ്യമാക്കിയുള്ള യാത്ര തുടര്‍ന്നു.

ശിവാംശമായ ഹനുമാന്‍

ശ്രീരാമന്‍ സീതയെ പിരിഞ്ഞു കഴിയുന്നതിന് താനും ഒരു കാരണമായതിനാല്‍ തന്‍റെ അംശമായ ഹനുമാനെ രാമന്‍റെ സഹായത്തിനായി അയച്ചു പരമശിവന്‍. കുഞ്ജരന്‍ എന്ന മഹാശിവഭക്തന് ശിവന്‍ ത്രേതായുഗത്തില്‍ അവന്‍റെ കൊച്ചുമകനായി ഹനുമാന്‍ ജനിക്കുമെന്ന് വരമരുളിയിരുന്നു.

അതുപ്രകാരം കുഞ്ജരന് അഞ്ജന എന്ന മകള്‍ ജനിച്ചു. അവള്‍ കേസരി എന്ന രാജാവിനെ വിവാഹം കഴിച്ചു. അവളുടെ മകനായി ഹനുമാന്‍ ജനിച്ചു. ഹനുമാന്‍ വളര്‍ന്ന് സുഗ്രീവനോടൊപ്പം ചേര്‍ന്നശേഷം രാമനെ കണ്ടുമുട്ടി. അന്ന് മുതല്‍ രാമന്‍റെ ഉറ്റതോഴനായി മാറി അദ്ദേഹത്തെ സഹായിച്ചുപോന്നു.