ശാസ്താസന്നിധിയില്‍നിന്ന് മാളികപ്പുറത്തേക്ക്.. (മാളികപ്പുറം നിയുക്ത മേല്‍ശാന്തി എം.ജി മനു നമ്പൂതിരി)

ശാസ്താസന്നിധിയില്‍നിന്ന് മാളികപ്പുറത്തേക്ക്.. (മാളികപ്പുറം നിയുക്ത മേല്‍ശാന്തി എം.ജി മനു നമ്പൂതിരി)

HIGHLIGHTS

തുലാം ഒന്നും, ശനിയാഴ്ചയും കൂടി ആയതിനാല്‍ ക്ഷേത്രത്തില്‍ അന്ന് നല്ല തിരക്കായിരുന്നു. അതുകൊണ്ടുതന്നെ മുഴുവന്‍ ശ്രദ്ധയും പൂജാകാര്യങ്ങളിലായിരുന്നു എങ്കിലും ശ്രീകോവിലിനുള്ളില്‍ ഉഷഃപൂജ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ എന്തോ ഒരു ശുഭവാര്‍ത്ത കേള്‍ക്കാന്‍ പോകുന്നു എന്ന് മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു. പൂജ കഴിഞ്ഞ് പുറത്തുവന്നപ്പോള്‍ നറുക്കെടുപ്പ് വാര്‍ത്ത ലൈവായി ശ്രദ്ധിച്ചുകൊണ്ടിരുന്ന സുഹൃത്താണ് പറഞ്ഞത്, മാളികപ്പുറത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്ന്. 'അയ്യപ്പാ... അവിടുന്ന് എന്‍റെ പ്രാര്‍ത്ഥനകേട്ടു' എന്ന് ഒരു നിമിഷം കൈകൂപ്പി ശ്രീകോവിലിനുള്ളിലേക്ക് നോക്കി പ്രാര്‍ത്ഥിച്ചു...

 

ഇരുപത്തിയാറ് വര്‍ഷത്തെ ശാന്തിജീവിതത്തില്‍ ധര്‍മ്മശാസ്താവിനുമാത്രം പൂജകഴിച്ച മനു നമ്പൂതിരിയെ മാളികപ്പുറത്തമ്മ വിളിച്ചു...

കൊല്ലം മയ്യനാട് കൂട്ടിക്കട മുട്ടത്തുമഠത്തില്‍ മനു നമ്പൂതിരി ശാന്തിപ്പണി തുടങ്ങിയിട്ട് വര്‍ഷം ഇരുപത്തിയാറായി. പ്ലസ് ടൂ കഴിഞ്ഞ് ഹോട്ടല്‍ മാനേജ്മെന്‍റ് പഠിച്ചുകൊണ്ടിരുന്നപ്പോള്‍ അച്ഛന്‍ ഗോപാലകൃഷ്ണന്‍ നമ്പൂതിരിക്ക് പിന്‍ഗാമിയായി കൂട്ടിക്കട ശാസ്താംവെളി ധര്‍മ്മശാസ്താ ക്ഷേത്രത്തിലായിരുന്നു തുടക്കം. മഠം വക ക്ഷേത്രം കാരാഴ്മ നിലനിര്‍ത്തിക്കൊണ്ട് മുത്തശ്ശനാണ് നാട്ടുകാര്‍ക്ക് വിട്ടുകൊടുത്തത്. അവിടത്തെ പൂജാരിയായി ഇരുപത്തിയാറ് വര്‍ഷം മുന്‍പ് അച്ഛനില്‍ നിന്നും ചുതമല ഏറ്റെടുത്ത മനു നമ്പൂതിരി പിന്നീട് ഇന്നുവരെ മറ്റൊരു ക്ഷേത്രത്തിലും പൂജ കഴിച്ചിട്ടില്ല എന്നുപറഞ്ഞാല്‍ ഈ ഇരുപത്തിയാറ് വര്‍ഷമായി ശാസ്താവിന് മാത്രമേ മനു നമ്പൂതിരി പൂജ കഴിച്ചിട്ടുള്ളൂ എന്നുസാരം.

അതുകൊണ്ടായിരിക്കാം, ശാസ്താവുമായി മനു നമ്പൂതിരിക്ക് വല്ലാത്തൊരു അടുപ്പമോ വിശ്വാസമോ ഒക്കെയാണുള്ളത്. ഏതൊരു പൂജാരിയുടെയും ഏറ്റവും വലിയ സ്വപ്നം ശബരിമല അയ്യപ്പന്‍റെ പ്രധാന പൂജാരിയാവുക എന്നുള്ളതാണെങ്കിലും മനു നമ്പൂതിരിയുടെ സ്വപ്നത്തിന് മേല്‍പ്പറഞ്ഞ അടുപ്പവും വിശ്വാസവും കൂടി ഘടകങ്ങളാണ്.

അതിന്‍റടിസ്ഥാനത്തിലാണ് കഴിഞ്ഞ ആറ് വര്‍ഷമായി ശബരിമലയിലേക്കും മാളികപ്പുറത്തേക്കും അപേക്ഷിക്കുന്നത്. അയ്യപ്പനെ അല്ലെങ്കില്‍ മാളികപ്പുറത്തമ്മയെയെങ്കിലും പൂജിക്കുവാനുള്ള നിയോഗവുമായി മലകയറി സന്നിധാനത്ത് എത്തണമെന്നുള്ളത് മനു നമ്പൂതിരിയുടെ അത്ര വലിയൊരാഗ്രഹമായിരുന്നു. താന്‍ നിത്യേന പൂജിക്കുന്ന ധര്‍മ്മശാസ്താവ്, എന്തായാലും അതിനുള്ള അവസരം നല്‍കുമെന്നുള്ള അടിയുറച്ച വിശ്വാസം ഉണ്ടായിരുന്നു.

രണ്ടുവര്‍ഷം മാളികപ്പുറത്തെ ലിസ്റ്റില്‍ മാത്രം ഇടംപിടിച്ചെങ്കിലും നറുക്കെടുപ്പില്‍ പുറത്തായി. പിന്നെ രണ്ടുവര്‍ഷം രണ്ട് ലിസ്റ്റിലും വന്നു. അപ്പോഴും നറുക്ക് എന്ന കടമ്പ കടക്കാന്‍ കഴിഞ്ഞില്ല. ഇക്കുറിയും ശബരിമലയിലേക്കും മാളികപ്പുറത്തേക്കുമുള്ള ലിസ്റ്റില്‍ ഇടംപിടിച്ചെങ്കിലും മാളികപ്പുറത്തമ്മയാണ് കടാക്ഷിച്ചത്. അതില്‍ തീര്‍ച്ചയായും താന്‍ ഇത്ര നാളും പൂജ കഴിച്ച ധര്‍മ്മശാസ്താവിന്‍റെ കൂടി കടാക്ഷമുണ്ടെന്നാണ് മനു നമ്പൂതിരിയുടെ വിശ്വാസം.

കാരണം പന്തളം രാജകൊട്ടാരത്തിന്‍റെ പരദേവതയായ ദുര്‍ഗ്ഗാദേവിയാണല്ലോ മാളികപ്പുറത്തമ്മ. അതുകൊണ്ടുതന്നെ ദുര്‍ഗ്ഗയുടെ പൂജയാണ് മാളികപ്പുറത്തമ്മയ്ക്കും കഴിക്കേണ്ടത്. മാളികപ്പുറത്തമ്മ മധുരമീനാക്ഷിയാണെന്നാണ് സങ്കല്‍പ്പം. ആ മാതൃസ്ഥാനീയ, ധര്‍മ്മശാസ്താവിന് ഇരുപത്തിയാറ് വര്‍ഷമായി നിത്യേന പൂജ കഴിക്കുന്ന തന്നെ കൈവിടില്ലെന്ന് എന്തുകൊണ്ടോ ഒരു വിശ്വാസം ഇന്‍റര്‍വ്യൂ കഴിഞ്ഞത് മുതല്‍ മനു നമ്പൂതിരിക്കുണ്ടായിരുന്നു. അതുപക്ഷേ ആരോടും പറഞ്ഞില്ല.

തുലാം ഒന്നും, ശനിയാഴ്ചയും കൂടി ആയതിനാല്‍ ക്ഷേത്രത്തില്‍ അന്ന് നല്ല തിരക്കായിരുന്നു. അതുകൊണ്ടുതന്നെ മുഴുവന്‍ ശ്രദ്ധയും പൂജാകാര്യങ്ങളിലായിരുന്നു എങ്കിലും ശ്രീകോവിലിനുള്ളില്‍ ഉഷഃപൂജ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ എന്തോ ഒരു ശുഭവാര്‍ത്ത കേള്‍ക്കാന്‍ പോകുന്നു എന്ന് മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു. പൂജ കഴിഞ്ഞ് പുറത്തുവന്നപ്പോള്‍ നറുക്കെടുപ്പ് വാര്‍ത്ത ലൈവായി ശ്രദ്ധിച്ചുകൊണ്ടിരുന്ന സുഹൃത്താണ് പറഞ്ഞത്, മാളികപ്പുറത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്ന്.

'അയ്യപ്പാ... അവിടുന്ന് എന്‍റെ പ്രാര്‍ത്ഥനകേട്ടു' എന്ന് ഒരു നിമിഷം കൈകൂപ്പി ശ്രീകോവിലിനുള്ളിലേക്ക് നോക്കി പ്രാര്‍ത്ഥിച്ചുനില്‍ക്കുമ്പോള്‍ വീട്ടില്‍നിന്നും ഭാര്യ ദേവിപ്രിയയുടെ വിളിയുമെത്തി. അച്ഛന്‍ ഗോപാലകൃഷ്ണന്‍ നമ്പൂതിരിയും, അമ്മ ശോഭനാ അന്തര്‍ജ്ജനവും ഭാര്യ ദേവിപ്രിയയും മക്കള്‍ ഭദ്രപ്രിയയും പത്മപ്രിയയും മകന്‍ ഭരത്കൃഷ്ണയും രാവിലെ മുതല്‍ ആ സന്തോഷവാര്‍ത്ത കേള്‍ക്കുവാനായി ടി.വിക്ക് മുന്നിലായിരുന്നു. ശബരിമലയിലേക്കും മാളികപ്പുറത്തത്തേക്കുമുള്ള ലിസ്റ്റില്‍ ഇടംപിടിച്ചിരുന്ന മനു നമ്പൂതിരി ശബരിമലയിലേക്കുള്ള നറുക്കെടുപ്പില്‍ പുറത്തായപ്പോള്‍ മുതല്‍ ഇപ്പറഞ്ഞ ആറുപേര്‍ക്കും ഒരു കാര്യം ഉറപ്പുണ്ടായിരുന്നു, ഇത്തവണ അയ്യപ്പന്‍ കടാക്ഷിക്കും. മാളികപ്പുറത്തെ നറുക്കില്‍ വരും. ഒടുവില്‍ അതുതന്നെ സംഭവിച്ചു. 

ഇനിയുള്ള ഒരു വര്‍ഷക്കാലം പുറപ്പെടാശാന്തിയായി മാളികപ്പുറത്തമ്മയെ പൂജിക്കുവാനുള്ള നിയോഗം കൂട്ടിക്കട മുട്ടത്തുമഠത്തില്‍ മനു നമ്പൂതിരിയെ തേടിയെത്തിയിരിക്കുന്നു.

'എന്‍റെയും കുടുംബത്തിന്‍റെയും പ്രാര്‍ത്ഥന അയ്യപ്പന്‍ കേട്ടു' തൊഴുകൈകളോടെ വിനയാന്വിതനായി മനു നമ്പൂതിരി അത് പറയുമ്പോള്‍ നാട്ടുകാര്‍ക്ക് ആഹ്ലാദം അടക്കാനായില്ല. കൂട്ടിക്കട മുതല്‍ മനു നമ്പൂതിരിയുടെ മഠം വരെയും ക്ഷേത്രകോമ്പൗണ്ടിലുമൊക്കെ, കഴിഞ്ഞ ഇരുപത്തിയാറ് വര്‍ഷമായ തങ്ങളുടെ ദുഃഖങ്ങളും ആവലാതികളും ധര്‍മ്മശാസ്താവ് സമക്ഷം എത്തിക്കുവാന്‍ ഇടനിലക്കാരനായി നിന്ന മനു നമ്പൂതിരിക്ക് ആശംസകളും സ്നേഹാഭിവാദ്യങ്ങളുമൊക്കെ നേര്‍ന്നുകൊണ്ടുള്ള ഫ്ളെക്സ് ബോര്‍ഡുകള്‍ സ്ഥാനം പിടിക്കുകയായിരുന്നു.

നാട്ടുകാരന്‍ തന്നെയായ മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തിയായി പോകുമ്പോള്‍ മയ്യനാട്ടുകാരെ സംബന്ധിച്ചിടത്തോളം ഇതിനൊരു ഇരട്ടിമധുരമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ണൂര്‍ വരിക്കം ഇല്ലത്തുനിന്ന് ഇവിടുത്തെ ജന്മംകുളം ക്ഷേത്രത്തില്‍ പലവട്ടം മുട്ടുശാന്തിക്ക് വന്ന് ഒടുവില്‍ പതിനെട്ട് വര്‍ഷം അവിടെ മേല്‍ശാന്തിയായിരുന്ന, പിന്നീട് വലിയ തോട്ടത്തില്‍ക്കാവ് മഹാദേവ ക്ഷേത്രത്തിലും മേല്‍ശാന്തിയായി സേവനമനുഷ്ഠിച്ച് മയ്യനാട്ടുകാര്‍ക്ക് പ്രിയംകരനായി മാറിയ അനീഷ് നമ്പൂതിരിയും 2017-18 കാലത്ത് മാളികപ്പുറത്ത് മേല്‍ശാന്തിയായിരുന്നു.

അങ്ങനെ രണ്ട് മാളികപ്പുറം മേല്‍ശാന്തിമാരെ ശബരിമല കയറ്റിയ പുണ്യമണ്ണായി മാറുകയാണ് മയ്യനാട്.