പൊയ്ക്കുതിരകള്‍ പടയോട്ടം നടത്തുന്ന മച്ചാട് മാമാങ്കം

പൊയ്ക്കുതിരകള്‍ പടയോട്ടം നടത്തുന്ന മച്ചാട് മാമാങ്കം

HIGHLIGHTS

 മദ്ധ്യകേരളത്തില്‍ തൃശൂര്‍ ജില്ലയില്‍ വടക്കാഞ്ചേരിക്ക് സമീപമാണ് തിരുവാണിക്കാവ് ക്ഷേത്രം. ഭദ്രകാളിയാണ് പ്രതിഷ്ഠ. ക്ഷേത്രത്തിലെ വേല മച്ചാട് മാമാങ്കമെന്ന പേരില്‍ പ്രസിദ്ധമാണ്. കുംഭത്തിലെ മുപ്പെട്ടുവെള്ളിയാഴ്ചയാണ് പറപ്പുറപ്പാട്. അതിനടുത്ത ചൊവ്വാഴ്ചയാണ് മാമാങ്കം. കൊയ്ത്തൊഴിഞ്ഞ നെല്‍പ്പാടങ്ങളിലൂടെ തട്ടകദേശക്കാര്‍ പൊയ്ക്കുതിരകളെ ചുമലിലേറ്റി ആരവത്തോടെ മച്ചാട് തിരുവാണിക്കാവിലമ്മയുടെ തിരുസന്നിധിയിലെത്തും. കുംഭവെയിലിനെ കൂസാതെ പൊയ്ക്കുതിരകളെ തോളിലേറ്റി ആരവം മുഴക്കി ക്ഷേത്രപ്രദക്ഷിണം ചെയ്യുന്ന ദേശക്കാര്‍ വാനിലേക്ക് കുതിരകളെ എറിഞ്ഞുകളിക്കുന്നത് തിരുവാണിക്കാവിലേക്ക് ഒഴുകിയെത്തുന്ന ജനങ്ങളെ ആവേശത്തിമിര്‍പ്പിലാക്കും. അവിസ്മരണീയ കാഴ്ച കാണാന്‍ ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് ഉത്സവപ്രേമികളാണ് തിരുവാണിക്കാവിലേക്ക് ഒഴുകിയെത്തുക. മച്ചാട്ടു മാമാങ്കം ഫെബ്രുവരി 21 - 2025

 

ഗവതി ക്ഷേത്രങ്ങളില്‍ സാധാരണയായി എഴുന്നെള്ളിപ്പിനുശേഷം വൈകിട്ടാണ് നാടന്‍ അനുഷ്ഠാനകലകളായ കുതിരകളി, കാളകളി, പൂതന്‍തിറ, ദാരികനും, കാളിയും മുതലായവ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുക. കുംഭഭരണി ആഘോഷിക്കുന്ന ക്ഷേത്രങ്ങളില്‍ കാര്‍ത്തികനാളില്‍ കുതിരകളിയുണ്ടാകാറുണ്ട്. കുരുത്തോല കൊണ്ടലങ്കരിച്ച് മരം കൊണ്ടുള്ള തല വെച്ച് പണ്ടുപേര്‍ ചുമലിലേറ്റുന്ന ചെറുകുതിരകളാണ് ഇവ. പതിനെട്ടര ക്കാവുകളില്‍ ഭരണിയുത്സവം നടക്കുന്ന കുമരംചിറ, കുറുമാലിക്കാവ് തുടങ്ങിയ ക്ഷേത്രങ്ങളിലും പ്രശസ്തമായ ഉത്രാളിക്കാവ്, പൊഞ്ഞനം ഭഗവതി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലൊക്കെയും ഇത്തരം ചെറുകുതിരകളെ കളിപ്പിക്കാറുണ്ട്.

കുതിരകളി മാത്രമുള്ള ചില ക്ഷേത്രങ്ങളുണ്ട്. അവിടെ വ്യത്യസ്തരൂപത്തിലുള്ള വലിയ കുതിരകളാണെന്നു മാത്രം. മലബാറിലെ കോഴികളിയാട്ട് ഉത്സവം, മധ്യകേരളത്തിലെ മച്ചാട് മാമാങ്കം, പുഴ ഒഴുകിവന്ന് ആറാട്ട് നടക്കുന്ന താണിക്കുടത്തമ്മ ക്ഷേത്രം. പാലക്കാട് ജില്ലയിലെ കൂനത്തറ ആര്യങ്കാവ് പൂരം, ഒറ്റപ്പാലം പാലപ്പുറത്തെ ചിനക്കത്തൂര്‍ പൂരം, കയിലിയാട്ട് പൂരം, തെക്കന്‍ ജില്ലകളില്‍ ആലപ്പുഴയിലെ ചെട്ടികുളങ്ങര, വലിയ കുളങ്ങര, പത്തനംതിട്ടയിലെ ഏഴംകുളം, കൊല്ലത്തെ പുറ്റിങ്ങല്‍, തൃപ്പനയം, കടയ്ക്കല്‍, കണിയാംപൊയ്ക, തിരുവനന്തപുരത്തെ കണ്ണമ്പ, കാപ്പില്‍, കുറ്റിക്കാട്, പുത്തന്‍നട തുടങ്ങിയ ക്ഷേത്രങ്ങളില്‍ കുതിരയെടുപ്പ് പ്രധാന ചടങ്ങാണ്. ഒന്നിനൊന്ന് വ്യത്യസ്തമാണ് ക്ഷേത്രങ്ങളിലെ കുതിരകള്‍.

ഈ ക്ഷേത്രങ്ങളിലെ ദേവിമാര്‍ കൊടുങ്ങല്ലൂരമ്മയോ, അമ്മയുടെ സഹോദരിയോ ആണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ഇതുപോലുള്ള കെട്ടുകാഴ്ചകള്‍ ഇല്ല. ഇക്കൂട്ടത്തില്‍ ഏറ്റവും വിപുലവും പ്രശസ്തവുമായത് ചെട്ടികുളങ്ങരയിലെ കെട്ടുകാഴ്ചയാണ്. ഇവിടെ ആറ് കുതിരകള്‍, അഞ്ച് തേര്, ഹനുമാന്‍, ഭീമസേനന്‍ എന്നിവയുണ്ടാകും.

പൊങ്കാലയിടുന്നതില്‍ സ്ത്രീകള്‍ക്കുള്ള പ്രാമുഖ്യമാണ് കുതിരയെടുപ്പില്‍ പുരുഷന്മാര്‍ക്കുള്ളത്. ഉത്സവത്തിന് കെട്ടുകാഴ്ചകള്‍ അവതരിപ്പിക്കേണ്ടത് കരക്കാരുടെ അവകാശമാണ്. തങ്ങളുടെ ശക്തിയുടെയും സമ്പന്നതയുടെയും അടയാളമായിട്ടാണ് കരക്കാര്‍ ഇതിനെ കാണുന്നത്.

കുതിരയെ ക്ഷേത്രസന്നിധിയില്‍ എത്തിക്കുക ശ്രമകരമാണ്. മുന്നോട്ടുപോകാനാകാതെ വഴിയില്‍ നിര്‍ത്തേണ്ടിവരുന്നത് കരക്കാര്‍ക്ക് അപമാനകരമാണ്. കുതിരയെ വഴിയില്‍ ഇറക്കിയാല്‍ പിന്നെ ആ കരക്കാര്‍ക്ക് കുതിര കെട്ടാനുള്ള അവകാശം എന്നന്നേക്കുമായി നഷ്ടപ്പെട്ടിരുന്നതായി പറയപ്പെടുന്നു. ഉത്സവത്തിന്‍റെ കെട്ടുകാഴ്ചയില്‍ പങ്കെടുക്കുമ്പോള്‍ പാരസ്പര്യത്തിന്‍റെ ആരവങ്ങളും കൂട്ടായ്മയുടെ ആഹ്ലാദങ്ങളും ഉണരുന്നു.

മച്ചാട് മാമാങ്കം

മദ്ധ്യകേരളത്തില്‍ തൃശൂര്‍ ജില്ലയില്‍ വടക്കാഞ്ചേരിക്ക് സമീപമാണ് തിരുവാണിക്കാവ് ക്ഷേത്രം. ഭദ്രകാളിയാണ് പ്രതിഷ്ഠ. ക്ഷേത്രത്തിലെ വേല മച്ചാട് മാമാങ്കമെന്ന പേരില്‍ പ്രസിദ്ധമാണ്. കുംഭത്തിലെ മുപ്പെട്ടുവെള്ളിയാഴ്ചയാണ് പറപ്പുറപ്പാട്. അതിനടുത്ത ചൊവ്വാഴ്ചയാണ് മാമാങ്കം. കൊയ്ത്തൊഴിഞ്ഞ നെല്‍പ്പാടങ്ങളിലൂടെ തട്ടകദേശക്കാര്‍ പൊയ്ക്കുതിരകളെ ചുമലിലേറ്റി ആരവത്തോടെ മച്ചാട് തിരുവാണിക്കാവിലമ്മയുടെ തിരുസന്നിധിയിലെത്തും. ദേശക്കാര്‍ ഊഴമായി ഓരോ വര്‍ഷവും വേല നടത്തുന്നു. പറയെടുപ്പും വെടിവഴിപാടും വേല നടത്തിപ്പുകാരുടെ ചുമതലയാണ്. ഭഗവതി ആദ്യം സ്വീകരിക്കുന്ന പറ ഹരിജനങ്ങളുടേതാണ്. ഇവിടത്തെ വെളിച്ചപ്പാടിനെ എടുപ്പന്മാര്‍ ചുമലിലേറ്റിയാണ് പറയെടുപ്പിന് പോകുക.

പാര്‍ളിക്കാട്, പനങ്ങോട്ടുകര, പുന്നംപറമ്പ്, മണലിത്തറ, കാരുമാത്ര, വിരുപ്പാക്ക എന്നീ ദേശക്കാര്‍ ചേര്‍ന്നാണ് മാമാങ്കം നടത്തുന്നത്. ആനയ്ക്ക് പകരം കെട്ടിയുണ്ടാക്കിയ കുതിരകളെയാണ് വേലയ്ക്ക് ഉപയോഗിക്കുന്നത്. വലിയ തണ്ടുകളില്‍ മുള്ളും വൈക്കോലും ചാക്കുനൂലും തുണിയും ഉപയോഗിച്ചാണ് ഭീമന്‍ കുതിരകളുടെ നിര്‍മ്മാണം. മനോഹരമായ തലയും പീലിമുടിയും സുന്ദരമായ വാലുമൊക്കെ കുതിരകളെ മനോഹരമാക്കുന്നു.

മകരക്കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലൂടെ മാമാങ്കദിവസം ഉച്ചയോടെ തട്ടകദേശക്കാര്‍ പൊയ്ക്കുതിരകളുമായി കാവുകയറുന്നതിന് പുറപ്പെടും. ജാതിമതഭേദമെന്യേയുള്ള തട്ടകദേശക്കാര്‍ ചുമലിലേറ്റി ആരവം മുഴക്കിയാണ് കിലോമീറ്ററുകളോളം പാടശേഖരങ്ങളിലൂടെ സഞ്ചരിച്ച് കുതിരകളെ കാവിലെത്തിക്കുക. കുതിര പുറപ്പാടിന് മുമ്പ് എല്ലാ ദേശത്തും വെടിക്കെട്ട് നടത്തും. മാമാങ്കത്തില്‍ പങ്കെടുക്കുന്ന എല്ലാ ദേശക്കുതിരകളും ഉച്ചയ്ക്ക് രണ്ട് മണിക്ക് കാവിലെത്തി നിരക്കുന്നതോടെ മാമാങ്ക ച്ചടങ്ങുകള്‍ തുടങ്ങും. ഊഴമനുസരിച്ച് പനങ്ങാട്ടുകര കല്ലുപാറദേശമാണ് കഴിഞ്ഞവര്‍ഷത്തെ മച്ചാട് മാമാങ്കം നടത്തിയത്.

ഉച്ചയ്ക്ക് 12 ന് തിരുവാണിക്കാവിലേയ്ക്ക് ദേശക്കാരുടെ കുതിര എഴുന്നെള്ളിപ്പ് ആരംഭിക്കും. മംഗലം, പാര്‍ളിക്കാട് ദേശക്കുതിരകള്‍ ആദ്യവും മണലിത്തറ, കരുമത്ര, വിരുപ്പാക്ക ദേശക്കുതിരകള്‍ പിന്നീടും കണ്ടത്തിലെത്തും. മാമാങ്കത്തിന് നേതൃത്വം നല്‍കുന്ന ദേശക്കാര്‍ ക്ഷേത്രക്കുതിരകളുമായി ചെന്ന് തട്ടകദേശങ്ങളില്‍ നിന്നുള്ള കുതിരകളെ കുമരംകിണറ്റുകര ഭഗവതി ക്ഷേത്രത്തില്‍ ചെന്ന് സ്വീകരിക്കും. ദേശക്കുതിരകള്‍ കാവുകയറി മാമാങ്കത്തിന്‍റെ എഴുന്നെള്ളിപ്പിനായി നിരക്കുന്നതോടെ പഞ്ചവാദ്യത്തിന് തുടക്കമിടും. തുടര്‍ന്നാണ് കുതിരകളി.

കുംഭവെയിലിനെ കൂസാതെ പൊയ്ക്കുതിരകളെ തോളിലേറ്റി ആരവം മുഴക്കി ക്ഷേത്രപ്രദക്ഷിണം ചെയ്യുന്ന ദേശക്കാര്‍ വാനിലേക്ക് കുതിരകളെ എറിഞ്ഞുകളിക്കുന്നത് തിരുവാണിക്കാവിലേക്ക് ഒഴുകിയെത്തുന്ന ജനങ്ങളെ ആവേശത്തിമിര്‍പ്പിലാക്കും. അവിസ്മരണീയ കാഴ്ച കാണാന്‍ ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് ഉത്സവപ്രേമികളാണ് തിരുവാണിക്കാവിലേക്ക് ഒഴുകിയെത്തുക. മണലിത്തറ വിഭാഗത്തിന്‍റെ കുതിരയോടൊപ്പം കുംഭക്കുടം എഴുന്നെള്ളിപ്പും ഉണ്ടാകാറുണ്ട്.

കുതിരകളിക്കുശേഷം ഹരിജന്‍ വേലയും നാടന്‍കലാരൂപങ്ങളും ക്ഷേത്രമൈതാനിയില്‍ അരങ്ങേറും. പിറ്റേന്ന് രാവിലേയും കുതിരകളിയുണ്ടാകും. തുടര്‍ന്ന് ഏഴ് ദിവസം തിരുവാണിക്കാവില്‍ തോല്‍പ്പാവക്കൂത്ത് നടക്കും. മാമാങ്കത്തിന് സമാപനം കുറിച്ച് ഭഗവതിയുടെ പ്രതിപുരുഷനായ ഇളയത് ഭക്തരെ അനുഗ്രഹിക്കും. കുതിരകളിക്കുശേഷം കൂട്ടവെടിയോടെ മാമാങ്കത്തിന് സമാപനമാകും. തുടര്‍ന്ന് ഭക്തജനങ്ങള്‍ക്ക് വേലക്കഞ്ഞി നല്‍കും.

ശ്രീരാഗം,

ഇരിങ്ങാലക്കുട,

9846025010