ആഭിചാര ക്രിയാദോഷങ്ങൾ അകറ്റാം

ആഭിചാര ക്രിയാദോഷങ്ങൾ അകറ്റാം

HIGHLIGHTS

ദ്വാപരയുഗത്തിൽ ഈ പുണ്യസ്ഥലത്ത് പുലസ്ത്യന് മോഹിനി രൂപത്തിൽ ഭഗവാൻ ദർശനമരുളിയതായി പുരാണഗ്രന്ഥങ്ങളിൽ പറയുന്നു. ബ്രഹ്മാവ് ഇവിടെ തപസ്സനുഷ്ഠിച്ചതായി ബ്രഹ്മാണ്ഡപുരാണത്തിലും പ്രതിപാദിക്കുന്നുണ്ട്.

ഐതിഹ്യപ്പെരുമയാർന്ന പുണ്യക്ഷേത്രമാണ് തമിഴ്‌നാട്ടിലെ മധുരയ്ക്കടുത്തുള്ള തിരുമോഗൂർ കാളമേഘപ്പെരുമാൾ(വിഷ്ണു) ക്ഷേത്രം. അമൃത് ദേവന്മാർക്ക് നൽകുവാനായി ഭഗവാൻ മോഹിനി അവതാരമെടുത്ത പുണ്യസ്ഥലം, പുരാണ ചരിത്രമുള്ള ക്ഷേത്രം, സംഘകാലത്തും പാണ്ഡ്യരാജാക്കന്മാരുടെ കാലത്തും മഹിമയോടെ വിളങ്ങിയ പുണ്യക്ഷേത്രം, നമ്മാഴ്‌വാർ, തിരുമങ്കൈ ആഴ്‌വാർ മംഗളശാസനം ചെയ്യപ്പെട്ട ക്ഷേത്രം, ഭഗവാൻ മഹാവിഷ്ണു ചക്രത്താഴ്‌വാർ എന്ന ദിവ്യനാമധേയത്തിൽ പരിപൂർണ്ണ ശക്തിയോടെ കുടികൊള്ളുന്ന ക്ഷേത്രം, ബ്രഹ്മാവ് പൂജിച്ച് തീർത്ഥം(കുളം) സൃഷ്ടിച്ച പുണ്യസ്ഥലം എന്നിങ്ങനെ തീരാത്ത മഹത്വങ്ങളുള്ള ക്ഷേത്രമാണിത്.

                              

കൃതയുഗത്തിൽ ദുർവാസാവിനെ ബഹുമാനിക്കാത്ത കുറ്റത്തിനായി ശാപം നേടിയ ഇന്ദ്രൻ, ശാപമോക്ഷം നേടിയത് തിരുമോഗൂർ ക്ഷേത്രത്തിലാണെന്നാണ് ഐതിഹ്യം. പാലാഴി കടഞ്ഞപ്പോൾ പ്രത്യക്ഷപ്പെട്ട അമൃത് കുടിക്കുവാനായി ദേവന്മാരും അസുരന്മാരും തമ്മിൽ കടുത്ത മത്സരമുണ്ടായി. അത് തടയുവാൻ ആഗ്രഹിച്ച വിഷ്ണു മോഹിനിയുടെ രൂപമെടുത്ത് അസുരന്മാരുടെ ശ്രദ്ധ തിരിച്ച് ദേവന്മാർക്ക് അമൃത് സേവിക്കുവാനുള്ള അവസരമൊരുക്കി. ഭഗവാൻ മോഹിനി അവതാരമെടുത്ത ക്ഷേത്രമായതിനാൽ ഈ പുണ്യസ്ഥലം മോഹിനിയൂർ, മോഗിയൂർ, മോഹിനിക്ഷേത്രം എന്നീ പേരുകളിൽ അറിയപ്പെട്ട് ഇന്ന് മോഗൂർ എന്നുവിളിക്കുന്നു.

                                 

ദ്വാപരയുഗത്തിൽ ഈ പുണ്യസ്ഥലത്ത് പുലസ്ത്യന് മോഹിനി രൂപത്തിൽ ഭഗവാൻ ദർശനമരുളിയതായി പുരാണഗ്രന്ഥങ്ങളിൽ പറയുന്നു. ബ്രഹ്മാവ് ഇവിടെ തപസ്സനുഷ്ഠിച്ചതായി ബ്രഹ്മാണ്ഡപുരാണത്തിലും പ്രതിപാദിക്കുന്നുണ്ട്. എട്ടാം നൂറ്റാണ്ടിലും ഒൻപതാം നൂറ്റാണ്ടിലും ജീവിച്ച നമ്മാഴ്‌വാരും, തിരുമങ്കൈ ആഴ്‌വാരും മഹത്വം പാടി പ്രചരിപ്പിച്ച പുണ്യസ്ഥലം എന്ന സവിശേഷതയുമുണ്ട്. അഞ്ചുനിലയുള്ള രാജഗോപുരത്തോടുകൂടിയ ബ്രഹ്മാണ്ഡ ക്ഷേത്രമാണിത്. ക്ഷേത്രത്തിൽ ശ്രീദേവി- ഭൂമിദേവി സമേതനായ കാളമേഘെപ്പരുമാൾ, മോഹനവല്ലീദേവി, പള്ളികൊണ്ട(ശയന) പെരുമാൾ, ആണ്ടാൾ, ഗരുഡൻ, ഹനുമാൻ, നവനീത കൃഷ്ണൻ എന്നിവർക്കും  സന്നിധാനങ്ങളുണ്ട്. ശ്രീകോവിൽ മൂർത്തി കാളമേഘെപ്പരുമാൾ. മഹാവിഷ്ണുവിന്റെ 108 ദിവ്യ ക്ഷേത്രങ്ങളിൽ 46-ാമത്തെ ദിവ്യക്ഷേത്രമാണിത് എന്നതും സവിശേഷതയാണ്. ശ്രീകോവിലിൽ ഭഗവാൻ ശ്രീദേവി-ഭൂമിദേവി സമേതനായി ഉയർന്ന പീഠത്തിൽ നിന്നുകൊണ്ട് വിശ്വരൂപിയായി ദർശനമരുളുന്നു. വില്വമാണ് ഇവിടുത്തെ ക്ഷേത്രവൃക്ഷം. ക്ഷേത്രക്കുളത്തിന് തിരുപാൽക്കടൽ എന്നുപേര്.

സാധാരണയായി പള്ളികൊണ്ട പെരുമാൾ(ശയനവിഷ്ണു) സന്നിധിയിൽ വിഷ്ണുവിന്റെ പാദങ്ങളെ തലോടും വിധം ലക്ഷ്മിയെ കാണാം. എന്നാലിവിടെ ശ്രീദേവിയും ഭൂദേവിയും മഹാവിഷ്ണുവിന്റെ പാദങ്ങൾക്ക് അരികിലായി കൊച്ചുകുട്ടികൾ ഇരിക്കുന്നതുപോലെ മുന്നോട്ടു കാലുകൾ നീട്ടി ഇരിക്കുന്ന അപൂർവ്വദർശനം കാണാം. ഉദ്ദിഷ്ടവരം നൽകുന്ന നാഥനായി ഈ ക്ഷേത്രത്തിൽ ഭഗവാൻ കാളമേഘപ്പെരുമാളായി ശ്രീകോവിലിൽ ദർശനം നൽകുന്നു. എന്നിരുന്നാലും ഇവിടെയുള്ള ചക്രത്താഴ്‌വാരാണ് ഭക്തരുടെ വിശ്വാസത്തിന് പാത്രീഭൂതൻ. ഈ ചക്രത്താഴ്‌വാരുടെ പിൻഭാഗത്തായി നരസിംഹ മൂർത്തി കുടികൊള്ളുന്നു. രോഗങ്ങൾ, ആഭിചാരക്രിയകൾ, ശത്രുദോഷം എന്നിങ്ങനെയുള്ള എല്ലാ ദോഷങ്ങളേയും ഈ ചക്രത്താഴ്‌വാർ(വിഷണു) ഭസ്മീകരിക്കുന്നതായിട്ടാണ് ഭക്തവിശ്വാസം. അതുകൊണ്ടുതന്നെ ചക്രത്താഴ്‌വാരുടെ കൃപാകടാക്ഷം നേടാനായ എത്തുന്ന ഭക്തരുടെ എണ്ണവും അനുദിനം വർദ്ധിച്ചുവരുന്നു. മധുര-മേലൂർ റോഡിലുള്ള ഒത്തക്കരയിൽ നിന്നും ഒരു കിലോമീറ്റർ അകലെയായിട്ടാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മധുരയുടെ വടക്കുകിഴക്കുദിശയിൽ നഗരത്തിൽ നിന്നും പത്തുകിലോ മീറ്റർ ദൂരമുണ്ട് ക്ഷേത്രത്തിലേയ്ക്ക്.