ശിവരാത്രിക്ക് വ്രതം നോല്‍ക്കേണ്ടത് എങ്ങനെ

ശിവരാത്രിക്ക് വ്രതം നോല്‍ക്കേണ്ടത് എങ്ങനെ

HIGHLIGHTS

മറ്റ് വ്രതങ്ങള്‍ നോല്‍ക്കാത്തവര്‍ ശിവരാത്രി വ്രതം മാത്രം നോറ്റാല്‍ മതിയെന്നാണ് വിശ്വാസം. അതുകൊണ്ട് സകലവ്രതങ്ങളും അനുഷ്ഠിച്ച ഫലം ലഭിക്കുമത്രേ. 

 

മറ്റ് വ്രതങ്ങള്‍ നോല്‍ക്കാത്തവര്‍ ശിവരാത്രി വ്രതം മാത്രം നോറ്റാല്‍ മതിയെന്നാണ് വിശ്വാസം. അതുകൊണ്ട് സകലവ്രതങ്ങളും അനുഷ്ഠിച്ച ഫലം ലഭിക്കുമത്രേ. മാഘമാസത്തിലെ- അതായത് മകരത്തിലെ കറുത്ത വാവ് കഴിഞ്ഞ് കുംഭത്തിലെ കറുത്ത വാവുവരെയുള്ള ദിവസങ്ങളില്‍ വരുന്ന കറുത്തപക്ഷത്തിലെ ചതുര്‍ദ്ദശി ദിവസമാണ് മഹാശിവരാത്രി വരുന്നത്. കൃത്യമായിപ്പറഞ്ഞാല്‍ ചതുര്‍ദ്ദശി അര്‍ദ്ധരാത്രിക്ക് വരുന്ന ദിവസമാണ് ശിവരാത്രി വ്രതം നടത്തേണ്ടത്. രണ്ട് രാത്രികള്‍ ചതുര്‍ദ്ദശിയില്‍ മുട്ടുന്നുണ്ടെങ്കില്‍ ഒന്നാമത്തേതാണ് എടുക്കേണ്ടത്. ത്രയോദശിസംബന്ധമായ ശിവരാത്രി ഉത്തമമാണ്. ഉദയം മുതല്‍ ഉദയാന്തം വരെ വരുന്ന ചതുര്‍ദ്ദശി മദ്ധ്യമമാണ്. അമാവാസിയുമായി ചേര്‍ന്നുവരുന്ന ശിവരാത്രി നിന്ദ്യവുമാണ്.

അന്ന് ബ്രാഹ്മമുഹൂര്‍ത്തത്തില്‍(ഉദ്ദേശം വെളുപ്പിന് നാലര മണിക്ക്) എഴുന്നേല്‍ക്കണം. കുളിയും നിത്യകര്‍മ്മങ്ങളും കഴിക്കണം. പിന്നീട് ഭസ്മം, രുദ്രാക്ഷം ഇവ ധരിക്കണം. തുടര്‍ന്ന് ഒരിടത്തിരുന്ന് ശിവനാമ കീര്‍ത്തനങ്ങള്‍ ചൊല്ലണം. ആ സമയം തന്‍റെ മുന്നില്‍ ശിവന്‍ സാന്നിദ്ധ്യം ചെയ്യുന്നുണ്ടെന്നും, ഭക്തിപൂര്‍വ്വം അദ്ദേഹത്തെ പ്രദക്ഷിണം വച്ച് സാഷ്ടാംഗം നമസ്ക്കരിക്കുമെന്നും, ഒടുവില്‍ തന്‍റെ ഉള്ളില്‍ ശിവന്‍ കുടികൊള്ളുന്നുവെന്നും, ആയതിനാല്‍ താന്‍ ശിവനാണെന്നും(ശിവോഹം) ഭാവനചെയ്യണം. കഴിയുമെങ്കില്‍ പകല്‍ മുഴുവന്‍ ഉപവാസം അനുഷ്ഠിക്കണം. ഒപ്പം ശിവപുരാണം പാരായണം ചെയ്യുന്നതും ശിവനാമ അര്‍ച്ചന ചെയ്യുന്നതും ശ്രേയസ്ക്കരമാണ്. 

ശിവക്ഷേത്രങ്ങളില്‍ പകല്‍ മുഴുവന്‍ ഏകാന്തതയില്‍ മുഴുകി ശിവനാമജപത്തില്‍ മുഴുകിയിരിക്കുന്നതും പുണ്യകരമാണ്. സന്ധ്യയോടെ വീണ്ടും കുളിച്ച് ശിവപൂജ, കൂവളത്തില കൊണ്ട് ശിവന് ശിവനാര്‍ച്ചന ഒടുവില്‍ ശിവനമസ്ക്കാരം ഇവ ചെയ്യണം. അതിനുശേഷം ശിവനാമം ഉച്ചരിച്ചുകൊണ്ട് രാത്രി മുഴുവന്‍ ശിവനെ ഉള്ളില്‍ കണ്ട് ഉറങ്ങാതിരിക്കണം. പിറ്റേന്ന് പ്രഭാതത്തില്‍ ശിവപൂജ ചെയ്ത് ആര്‍ക്കെങ്കിലും അന്നവസ്ത്രദാനവും നല്‍കി പാരണ(ഭക്ഷണം) കഴിക്കാം. 60 നാഴിക ഉപവാസമാണ് വിധിച്ചിട്ടുള്ളത്. ആരോഗ്യവും സൗകര്യവും അനുവദിക്കുന്നതിനനുസരിച്ച് ഉപവാസമാകാം. എന്നാല്‍ മേല്‍പ്പറഞ്ഞ ശിവരാധന ഹൃദയപൂര്‍വ്വം ലോപം കൂടാതെ അനുഷ്ഠിക്കണം.

പാലാഴിമഥനകാലത്ത്  കിട്ടിയ ഹാലാഹല വിഷത്തെ മഹാദേവനായ ശിവന്‍ ലോകരക്ഷയ്ക്കായി സ്വയം പാനം ചെയ്തു. ആ വിഷബാധ ശിവഭഗവാന് ഉണ്ടാകാതിരിക്കാനായി അന്ന് മുഴുവന്‍ ഉപവസിച്ച് ഭഗവദ്ധ്യാനം ചെയ്തു. സര്‍വ്വേശ്വരനായ ശിവഭഗവാന് നീലകണ്ഠത്വം സംഭവിച്ച ഈ ദിവസത്തെയാണ് ശിവരാത്രി എന്നുപറയുന്നത്.