ശിവപ്രീതി ഇരട്ടിവേഗത്തില്‍... ഫെബ്രുവരി -26 മഹാശിവരാത്രി
മഹാശിവരാത്രി ഇങ്ങെത്താറായി. ഇക്കുറി കുംഭമാസം 14 നാണ് (2025 ഫെബ്രുവരി 26) ആ പുണ്യനാള്‍ സമാഗതമാകുന്നത്. ശിവഭക്തരെല്ലാം ഭക്ത്യാദരപൂര്‍വ്വം മഹാദേവനെ സ്തുതിക്കുകയും സേവിക്കുകയും ചെയ്യുന്ന നാളാണല്ലോ മഹാശിവരാത്രി. ആ പുണ്യദിനത്തില്‍ വ്രതം നോല്‍ക്കുന്ന ഭക്തര്‍ നിരവധിയാണ്. എന്താണ് ശിവരാത്രി വ്രതത്തിന്‍റെ സവിശേഷതകള്‍? പലര്‍ക്കും അറിവുളള കാര്യമാണെങ്കിലും ഇക്കാര്യത്തില്‍ കൃത്യമായ ധാരണ ഇല്ലാത്തവര്‍ ഇപ്പോഴും ധാരാളമാണ്. അവരുടെ അറിവിലേക്കായി ഒരു ലഘുവിവരണം .
ഹിന്ദുമത വിശ്വാസത്തില്‍ ശിവരാത്രി വ്രതത്തിന് വലിയ പ്രാധാന്യമാണ് കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്. അന്നേദിനം ഭക്തര്‍ സംഹാരമൂര്‍ത്തിയായ ഭഗവാന്‍ പരമശിവനെ പ്രീതിപ്പെടുത്താനായി വ്രതം നോല്‍ക്കുകയും അദ്ദേഹത്തെ ആരാധിക്കുകയും ചെയ്യുന്നു. എന്നാല്‍ ശിവരാത്രി വ്രതമെടുക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ശരിയായ രീതിയില്‍ വ്രതമെടുത്ത് ആരാധിച്ചാല്‍ മാത്രമേ ഭക്തര്‍ക്ക് പൂര്‍ണ്ണഫലം ലഭിക്കുകയുള്ളൂ. അവിവാഹിതരായ സ്ത്രികള്‍ക്ക് മഹാശിവരാത്രി വ്രതം ഏറെ വിശേഷപ്പെട്ടതാണ്. ശിവരാത്രിവ്രതം അനുഷ്ഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വ്രതാനുഷ്ഠാനത്തിന്‍റെ ഫലം ഉടന്‍ ലഭിക്കുമെന്നും അവര്‍ക്ക് ആഗ്രഹിച്ച വരനെ ലഭിക്കുമെന്നുമാണ് വിശ്വാസം. അതേസമയം, വിവാഹിതരായ സ്ത്രീകള്‍ ഈ ദിവസം വ്രതമനുഷ്ഠിച്ചാല്‍ അവര്‍ക്ക് ശാശ്വതഭാഗ്യവും കുടുംബത്തില്‍ ഐശ്വര്യവും ഉണ്ടാകുമെന്നും പറയപ്പെടുന്നു.
ശിവരാത്രിയിലെ ഒരു ദിവസത്തെ വ്രതം കൊണ്ട് മാത്രം ഭക്തര്‍ക്ക് വര്‍ഷം മുഴുവനും ഭഗവാന്‍ ശിവനെ പൂജിച്ചതിന്‍റെ ഫലം ലഭിക്കുന്നു എന്നാണ് പറയപ്പെടുന്നത്. അന്നേനാള്‍ വ്രതമെടുക്കുന്ന ഭക്തരുടെ സകലദുരിതങ്ങളും സര്‍വ്വേശ്വരന്‍ അകറ്റുമെന്നാണ് കരുതപ്പെടുന്നത്. ഗുരുശാപം, സ്ത്രീശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാകുമെന്നാണ് വിശ്വാസം.
വ്രതം എങ്ങനെ എടുക്കാം?
മഹാശിവരാത്രി വ്രതം ആരംഭിക്കുന്നതിന് ത്രയോദശി(വാവ് കഴിഞ്ഞ് 13-ാം നാള്‍) മുതലാണ്. ഈ ദിവസം മുതല്‍ വ്രതമെടുക്കുന്നവര്‍ സാത്വികഭക്ഷണം കഴിക്കണം. ചിലര്‍ ഈ ദിവസം മുതലാണ് ഉപവാസം തുടങ്ങുന്നത്. വ്രതമെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശിവരാത്രിയുടെ തലേദിവസം വീട് കഴുകി വൃത്തിയാക്കണം. തലേന്നുരാത്രി അരിയാഹാരം പാടില്ല. ശിവരാത്രി വ്രതം രണ്ട് രീതിയില്‍ എടുക്കാവുന്നതാണ്. പൂര്‍ണ്ണ ഉപവാസമായോ അല്ലെങ്കില്‍ ഒരിക്കലുപവാസമായോ വ്രതം അനുഷ്ഠിക്കാം. ആരോഗ്യസ്ഥിതി അനുകൂലമായവര്‍ക്ക് പൂര്‍ണ്ണ ഉപവാസവും അല്ലാത്തവര്‍ക്ക് ഒരിക്കല്‍ വ്രതവും നോല്‍ക്കാവുന്നതാണ്. ഒരിക്കല്‍ വ്രതം നോല്‍ക്കുന്നവര്‍ക്ക് ഒരു നേരം അരിയാഹാരം കഴിക്കാം. അത് ശിവക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്ന നിവേദ്യമാകുന്നതാണ് ഏറ്റവും ഉത്തമം. വയറുനിറയെ ഭക്ഷണം കഴിക്കാന്‍ പാടില്ല. രാത്രിയോ പകലോ ഉറക്കം പാടില്ല.
വ്രതമെടുക്കുന്നവര്‍ പഞ്ചാക്ഷരി മന്ത്രം(ഓം നമഃശിവായ) ഉരുവിട്ടുകൊണ്ടിരിക്കണം. ക്ഷേത്രദര്‍ശനം സാധിക്കാത്തവര്‍ വീട്ടിലിരുന്ന് ഭഗവാന്‍ പരമശിവനെ ഭജിക്കുക. ശരീരവും മനസ്സും ശുദ്ധമായി കരുതണമെന്ന് മാത്രം. കൂടാതെ ശിവപുരാണം, ശിവസഹസ്രനാമം, അഷ്ടോത്തരശതനാമസ്തോത്രം, ശിവപഞ്ചാക്ഷരി സ്തോത്രം, ലിംഗാഷ്ടകം മുതലായവ പാരായണം ചെയ്യാം. ശിവരാത്രി ദിനത്തില്‍ വൈകിട്ട് ക്ഷേത്രത്തില്‍ ശിവന് അഭിഷേകം ചെയ്ത പാലോ നിവേദിച്ച കരിക്കോ കുടിക്കാവുന്നതാണ്. പൂര്‍ണ്ണ ഉപവാസം നോല്‍ക്കുമ്പോള്‍ അതുവരെ ജലപാനം പാടില്ല. ശിവരാത്രിയുടെ തൊട്ടടുത്ത ദിവസം രാവിലെ ക്ഷേത്രദര്‍ശനം നടത്തി അവിടെ നിന്നും തീര്‍ത്ഥം പാനം ചെയ്ത് വ്രതം അവസാനിപ്പിക്കാം.
ഭക്ഷണം ഇങ്ങനെ
മഹാശിവരാത്രി വ്രതമെടുക്കുന്നവര്‍ വ്രതവേളയില്‍ ഉപ്പ് കഴിക്കാന്‍ പാടില്ല. അസുഖമുള്ളവരോ ഗര്‍ഭിണിയോ പ്രായമായവരോ ആണെങ്കില്‍, അവര്‍ക്ക് വ്രതകാലത്ത് കല്ലുപ്പ് ഭക്ഷണത്തില്‍ ചേര്‍ത്ത് ഉപയോഗിക്കാം.
ശിവരാത്രിനാള്‍ ഭഗവാനെ സ്തുതിച്ച് ശിവക്ഷേത്രത്തിന് പുറത്ത്(ചുറ്റമ്പലത്തിന് വെളിയില്‍) 108 പ്രദക്ഷിണം വയ്ക്കുന്നത് അത്യുത്തമമാണ്. ഒട്ടുമിക്ക ശിവക്ഷേത്രങ്ങളിലും ഇതിനുള്ള സൗകര്യം ലഭ്യമാണ്. അഷ്ടോത്തരശതനാമാവലി(108 മന്ത്രങ്ങള്‍) ഉരുവിട്ടുകൊണ്ട് പ്രദക്ഷിണം ചെയ്യുന്നതാണ് ഉത്തമം. ഇത് വശപ്പെടാത്തവര്‍ക്ക് പഞ്ചാക്ഷരിമന്ത്രം ഉരുവിട്ടുകൊണ്ടും പ്രദക്ഷിണം ചെയ്യാം.
മഹാശിവരാത്രി നാളില്‍ ശിവക്ഷേത്രത്തില്‍ 108 പ്രദക്ഷിണം പൂര്‍ത്തിയാക്കുന്ന ഭക്തരെ മരണാനന്തരം ഭഗവാന്‍ നേരിട്ട് കൈലാസത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും എന്നാണ് വിശ്വാസം. ഇതിലൂടെ ജീവിതത്തിലെ മാറാദുഃഖങ്ങള്‍ മാറാനും തീരാദുരിതങ്ങള്‍ മറികടക്കാനും പ്രതിസന്ധികള്‍ അതിജീവിക്കാനുള്ള പോംവഴികള്‍ കണ്ടെത്താനും ഭഗവാന്‍ സഹായിക്കും എന്നാണ് പറയപ്പെടുന്നത്. അഷ്ടോത്തരശതനാമാവലി ശിവക്ഷേത്രങ്ങളില്‍ മിക്കപ്പോഴും ആലേഖനം ചെയ്ത് വെച്ചിട്ടുണ്ടാകും. ഇല്ലാത്തപക്ഷം അവ ഹൈന്ദവപുരാണഗ്രന്ഥങ്ങളില്‍ നിന്നും പകര്‍ത്തിയെടുക്കാവുന്നതാണ്.
പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതും ഉചിതം
ആരോഗ്യപരമായ കാരണങ്ങളാല്‍ എല്ലാ ഭക്തര്‍ക്കും വ്രതനിഷ്ഠകള്‍ യഥാവണ്ണം തുടരാന്‍ സാധിക്കണമെന്നില്ല. അങ്ങനെവരുമ്പോള്‍ അവര്‍ക്ക് വിശേഷാല്‍ ദേവാലയങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണ്. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം, കോഴിക്കോട് തളി ശിവക്ഷേത്രം, എറണാകുളം ആലുവ ശിവക്ഷേത്രം, കോട്ടയം ഏറ്റുമാനൂര്‍ ശിവക്ഷേത്രം, തിരുവനന്തപുരം ശ്രീകണ്ഠേശ്വര ശിവക്ഷേത്രം എന്നിവയാണ് കേള്‍വികേട്ട ശിവ ആരാധനലായങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. ഓരോ ക്ഷേത്രവും വെവ്വേറെ ജില്ലകളില്‍ ആയതിനാല്‍ എല്ലായിടവും ഒറ്റനാള്‍ കൊണ്ട് ദര്‍ശിക്കുക സാദ്ധ്യമല്ല.
മാത്രമല്ല, ശിവരാത്രി നാളില്‍ പലയിടങ്ങളിലും ഉത്സവാഘോഷങ്ങളും ഉണ്ടാകും. അതുകൊണ്ട് തിരക്കും താരതമ്യേന കൂടുതലായിരിക്കും. യാത്രാസൗകര്യവും താമസസൗകര്യവും ലഭ്യമാകുംവിധം ഉചിതമായ ക്ഷേത്രങ്ങള്‍ തെരഞ്ഞെടുത്ത് മഹാശിവരാത്രി നാളില്‍ ദര്‍ശനസായൂജ്യം നേടുന്നത് പരമപവിത്രമായ പുണ്യകര്‍മ്മമായി കരുതിപ്പോരുന്നു. കുറഞ്ഞപക്ഷം ഓരോ ശിവഭക്തനും മേല്‍പ്പറഞ്ഞ ശിവക്ഷേത്രങ്ങള്‍ ഓരോന്നിലും ജീവിതത്തില്‍ ഒരിക്കലെങ്കിലും ദര്‍ശനം നടത്തണം എന്നാണ് പറയപ്പെടുന്നത്.
