ദേവീ ഉപാസനയ്ക്ക് ശ്രീചക്രം
മഹാത്രിപുരസുന്ദരി അഥവാ ശ്രീപാര്‍വ്വതിദേവിയുടെ പ്രതീകമായാണ് ശ്രീചക്രം കണക്കാക്കപ്പെട്ടിരിക്കുന്നത്. ശ്രീ എന്നതിന് ഐശ്വര്യം എന്ന് സാമാന്യഅര്‍ത്ഥവും ലക്ഷ്മി എന്ന് മന്ത്ര അര്‍ത്ഥവും കല്‍പ്പിക്കുന്നു. നൂറുയാഗം ചെയ്യുന്നതിന്‍റെയും പതിനാറ് വിധമുള്ള മഹാദാനം ചെയ്യുന്നതിന്‍റെയും മൂന്നരക്കോടി തീര്‍ത്ഥങ്ങളില്‍ കുളിക്കുന്നതിന്‍റെയും ഫലം കേവലം ശ്രീചക്രദര്‍ശനം കൊണ്ട് കിട്ടുമെന്നാണ് തന്ത്രശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.
ദേവീ ഉപാസനയ്ക്ക് ഉപയോഗിക്കുന്ന മഹത്തായ ഒരു യന്ത്രമാണ് ശ്രീചക്രം അഥവാ ശ്രീയന്ത്രം. ഒരു വൃത്താകാരത്തില്‍ കേന്ദ്രീകൃതമായ ബിന്ദുവിനുചുറ്റും പല വലിപ്പത്തിലുള്ള ഒമ്പത് ത്രികോണങ്ങള്‍ തമ്മില്‍ യോജിപ്പിച്ചിരിക്കുന്നു. ഇതില്‍ ശക്തിയെ പ്രദാനം ചെയ്യുന്ന അഞ്ച് ത്രികോണങ്ങള്‍ ഊര്‍ധമുഖമായും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ശ്രീചക്രം ശക്തിയുടെയും സൗന്ദര്യത്തിന്‍റെയും സംയോജനമാണെന്ന് അനുമാനിക്കാം.
ശ്രീചക്രങ്ങളില്‍ അടങ്ങിയിരിക്കുന്ന ഒന്‍പത് ത്രികോണങ്ങളെ നവയോനി എന്നറിയപ്പെടുന്നു. ശ്രീചക്രങ്ങളില്‍ അടങ്ങിയിരിക്കുന്ന ഒന്‍പത് ത്രികോണങ്ങളും കൂടിച്ചേര്‍ന്നു നാല്‍പ്പത്തിമൂന്ന് ചെറിയ ത്രികോണങ്ങള്‍ രൂപപ്പെടുന്നു. ഇത്തരം നാല്‍പ്പത്തിമൂന്ന് ത്രികോണങ്ങള്‍ ദ്വന്ദമല്ലാത്ത അഥവാ അദ്വൈതത്തെ സൂചിപ്പിക്കുന്നു. ഈ ത്രികോണങ്ങള്‍ മുഴുവന്‍ എട്ട് താമര ഇതളുകളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു. തുടര്‍ന്ന് 16 താമര ഇതളുകള്‍ കാണപ്പെടുന്നു. ഏറ്റവും ഒടുവിലായി നാല് വാതിലുകളുള്ള ചതുരം സ്ഥിതി ചെയ്യുന്നു. തന്ത്രവിദ്യയുടെ പ്രതീകമാണ് ശ്രീചക്രം അഥവാ ശ്രീയന്ത്രം.
ശ്രീലളിത പരമേശ്വരിദേവിയുടെ പ്രത്യക്ഷരൂപമാണ് ശ്രീചക്രം എന്നുപറയാം. കാരണം ശ്രീഭഗവതിയുടെ ആവാസസ്ഥലമായ മഹാമേരുപര്‍വ്വതത്തിന്‍റെ ഒരു ചെറുരൂപമാണ് ശ്രീചക്രം. ശ്രീശങ്കരാചാര്യര്‍ ശ്രീചക്രോപാസകനായിരുന്നു. അദ്ദേഹം സ്ഥാപിച്ച പല ക്ഷേത്രങ്ങളിലും ശ്രീചക്രത്തില്‍ ആണ് ദേവിയെ ആവാഹിച്ച് പ്രതിഷ്ഠിച്ചിരുന്നത്. അതില്‍പ്രധാനം ആണ് മൂകാംബികാക്ഷേത്രം.
ശ്രീചക്രം വീടുകളില്‍ പൂജിക്കുന്നതിന് തടസ്സം ഇല്ല. പക്ഷേ വളരെ സൂക്ഷ്മത വേണം എന്നുമാത്രം. ശ്രീചക്രത്തില്‍ ലളിതാ സഹസ്രനാമം ചൊല്ലി പുഷ്പാഭിഷേകം ചെയ്യുന്നത് വളരെ വിശിഷ്ടമാണ്. അഗസ്ത്യമുനിക്ക് ശ്രീഭഗവാന്‍(ശ്രീവിഷ്ണു) ഉപദേശിച്ചുകൊടുത്തതാണ് ലളിതാസഹസ്രനാമം. ശ്രീഭഗവതിയെ പൂജിക്കുന്നവര്‍ക്ക് വളരെ വേഗം അനുഗ്രഹം നല്‍കുന്ന മന്ത്രമാണ് ലളിതാസഹസ്രനാമം.
രാവിലെ അല്ലെങ്കില്‍ സന്ധ്യക്ക് കത്തിച്ച നിലവിളക്കിന് മുമ്പില്‍ പലകയുടെ മേല്‍ ഇരുന്നു ശുദ്ധമായ ശരീരത്തോടെയും മനസ്സോടെയും ഇരുന്നു ജപിച്ചുനോക്കൂ, തീര്‍ച്ചയായും മാറ്റം നമുക്കനുഭവപ്പെടും. എന്നാല്‍ ശ്രീചക്രത്തിന് മുമ്പില്‍ ഇരുന്നാണെങ്കില്‍ ഗുരു ഉപദേശം വേണം. ഏത് യന്ത്രങ്ങളും കൈകാര്യം ചെയ്യുന്നതു അലക്ഷ്യത്തോടെ ആണെങ്കില്‍ നല്ല ഫലത്തേക്കാള്‍ ദോഷഫലങ്ങള്‍ ആയിരിക്കും അനുഭവപ്പെടുക. അതിനാലാണ് ഗുരു ഉപദേശം വേണം എന്നുപറയുന്നത്. യന്ത്രങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും പാലിക്കുക.
1. യന്ത്രങ്ങള്‍ കൈകൊണ്ട് പിടിച്ചു സംസാരിക്കരുത്.
2. മറ്റുയന്ത്രങ്ങള്‍ യന്ത്രത്തിന് മുന്‍പില്‍വെച്ച് ജപിക്കരുത്.
3. അതതു യന്ത്രത്തിന് അതത് മന്ത്രങ്ങള്‍ മാത്രമേ പറയാവൂ.
4. യന്ത്രങ്ങള്‍ വെറും നിലത്ത് വയ്ക്കരുത്. അതുപോലെ തറയില്‍ വീണുപോകരുത്.
5. ശുദ്ധമായ സ്ഥലത്തും പരിസരത്തും മാത്രം സൂക്ഷക്കുക.
6. യന്ത്രത്തില്‍ അഭിഷേകം- നിവേദ്യം എന്നിവ ഉണ്ടെങ്കില്‍ ഇടയ്ക്കുവച്ച് നിര്‍ത്തരുത്.
7. കാറ്റില്‍ ആടുന്ന തരത്തില്‍ അനക്കുകയോ മറ്റോ ചെയ്യരുത്.
ശ്രീചക്രം ഭൂപ്രസ്താരം, മേരു പ്രസ്താരം, കൈലാ പ്രസ്താരം എന്നിങ്ങനെ മൂന്ന് തരത്തിലുണ്ട്. മേരുവില്‍തന്നെ അര്‍ദ്ധമേരു, കൂര്‍മ്മമേരു, ലിംഗമേരു, പൂര്‍ണ്ണമേരു എന്നിങ്ങനെയും വകഭേദങ്ങള്‍ ഉണ്ട്. ശ്രീചക്രം നവചക്രം എന്ന പേരിലും അറിയപ്പെടുന്നു. നവ എന്ന സംസ്കൃത പദത്തിനര്‍ത്ഥം ഒന്‍പത് എന്നാകുന്നു. അതുകൊണ്ടുതന്നെ ശ്രീചക്രം ഒന്‍പത് സ്ഥിതികളെ സൂചിപ്പിക്കുന്നു.
തത്ത്വശാസ്ത്രത്തില്‍ അധിഷ്ഠിതമായാണ് യന്ത്രം രൂപകല്‍പ്പനചെയ്തിരിക്കുന്നത്. ശ്രിവിദ്യാദേവിയുമായി ശ്രീചക്രം ബന്ധപ്പെട്ടിരിക്കുന്നു. മഹാത്രിപുരസുന്ദരി അഥവാ ശ്രീപാര്‍വ്വതിദേവിയുടെ പ്രതീകമായാണ് ശ്രീചക്രം കണക്കാക്കപ്പെട്ടിരിക്കുന്നത്. ശ്രീ എന്നതിന് ഐശ്വര്യം എന്ന് സാമാന്യഅര്‍ത്ഥവും ലക്ഷ്മി എന്ന് മന്ത്ര അര്‍ത്ഥവും കല്‍പ്പിക്കുന്നു.
നൂറുയാഗം ചെയ്യുന്നതിന്‍റെയും പതിനാറ് വിധമുള്ള മഹാദാനം ചെയ്യുന്നതിന്‍റെയും മൂന്നരക്കോടി തീര്‍ത്ഥങ്ങളില്‍ കുളിക്കുന്നതിന്‍റെയും ഫലം കേവലം ശ്രീചക്രദര്‍ശനം കൊണ്ട് കിട്ടുമെന്നാണ് തന്ത്രശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. സൗന്ദര്യലഹരിസ്തോത്രത്തില്‍ ആദിശങ്കരനും ശ്രീയന്ത്രത്തിനെ പലപ്രാവശ്യം പരാമര്‍ശിച്ചിട്ടുണ്ട്. ശ്രീ യന്ത്രത്തിന്‍റെ നിര്‍മ്മാണം യോഗിനിഹൃദയത്തില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.
ബാബുരാജ് പൊറത്തിശ്ശേരി
9846025010
