മഹാബലി:  ശക്തരിൽ ശക്തൻ.. വീരനിൽ വീരൻ

മഹാബലി: ശക്തരിൽ ശക്തൻ.. വീരനിൽ വീരൻ

മഹാശക്തിമാനും മഹാപണ്ഡിതനുമായിരുന്നത്രേ മഹാബലി. സാക്ഷാൽ മഹാവിഷ്ണുവിനുപോലും ഒരിക്കൽ മഹാബലിക്ക് മുമ്പിൽ അടിയറവ് പറയേണ്ടി വന്നത്രേ...

ഒരിക്കൽ മഹാബലി ദേവലോകത്തെ ആക്രമിച്ചു. ദേവന്മാർ പരിഭ്രാന്തിയിലായി. അവരുടെ ജീവിതം ദുരിതത്തിലായി. ദേവന്മാരുടെ മാതാവായ അദിതി മഹാവിഷ്ണുവിന്റെ മുമ്പിലെത്തി സങ്കടം ഉണർത്തിച്ചു. തന്റെ മക്കളെ നിരന്തരം ആക്രമിക്കുന്ന മഹാബലിയെ നിലയ്ക്ക് നിർത്താൻ അവർ മഹാവിഷ്ണുവിനോട് അപേക്ഷിച്ചു.

ദേവമാതാവിന്റെ പരാതിക്ക് പരിഹാരമെന്നോണം മഹാവിഷ്ണു വജ്രായുധം കയ്യിലെടുത്ത് മഹാബലിയെ വധിച്ചു തിരികെയെത്താൻ ആജ്ഞാപിച്ചു. എന്നാൽ വജ്രായുധത്തിന്റെ മറുപടി ഇങ്ങനെ- 'മഹാബലി മഹാനായ രാജാവാണ്. മാത്രവുമല്ല മഹാബലവാനും വേദഭക്തനും. മഹാബലിയെ എനിക്ക് എങ്ങനെവധിക്കാനാവും.' വജ്രായുധം വിസമ്മതിച്ചതോടെ മഹാവിഷ്ണു തന്റെ ദിവ്യായുധമായ ശാർങ്ഗധനുവിനോട് മഹാബലിയെ വധിക്കാൻ ആവശ്യപ്പെട്ടു. വജ്രായുധത്തിന്റെ മറുപടി തന്നെയായിരുന്നു ശാർങ്ധധനുസ്സിനും. വജ്രായുധവും ശാർങ്ഗധനുവും മഹാബലിയെ വധിക്കാനുള്ള മഹാവിഷ്ണുവിന്റെ ആജ്ഞ നിരസിക്കാനുള്ള കാരണത്തിന് പിന്നിൽ മഹാബലിക്ക് ലഭിച്ച ദിവ്യമായൊരു വരത്തിന്റെ കഥയുണ്ട്. മഹാബലി ഒരിക്കൽ വർഷങ്ങൾ നീണ്ടുനിന്ന കഠിനമായ തപസ്സിനൊടുവിൽ ബ്രഹ്മാവിനെപ്രത്യക്ഷനാക്കി 'സ്വർഗ്ഗവാസികൾക്ക് തന്നെ തോൽപ്പിക്കാൻ കഴിയരുതെന്നു'ള്ള വരം നേടിയിരുന്നത്രേ സ്‌കന്ദപുരാണത്തിലാണ് ഇക്കഥയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

വായുപുരാണത്തിൽ മഹാബലിയുടെ ശക്തമായ സൈന്യത്തിന് മുമ്പിൽ ദേവന്മാർ പരാജയപ്പെട്ട മറ്റൊരു കഥയുണ്ട്. അഹങ്കാരികളായ അസുരന്മാർ ദേവന്മാരെ ഒരിക്കൽ യുദ്ധത്തിനായി വെല്ലുവിളിച്ചു. നൂറുവർഷം നീണ്ടുപോയ യുദ്ധത്തിന് ഒടുവിൽ മഹാബലിയാണത്രേ വിജയിച്ചത്.

മഹാബലിയുടെ ശക്തമായ സൈന്യവ്യൂഹത്തെ കുറിച്ച് നാരദപുരാണത്തിലും പരാമർശമുണ്ട്.

പതിനായിരം കോടി ആനകളും, അതിന്റെ അഞ്ഞൂറിരട്ടി സൈനികരും, മഹാമല്ലന്മാരായ രണ്ട് മന്ത്രിമാരും മഹാബലിക്ക് ഉണ്ടായിരുന്നത്രേ. കുംഭാണ്ഡനും, കൂപ കർണ്ണനും ആയിരുന്നു സൈന്യത്തലവന്മാർ.

പാലാഴിമഥനത്തിനുശേഷമുണ്ടായ ദേവാസുര യുദ്ധത്തിൽ ഇന്ദ്രന്റെ അമ്പേറ്റ് മഹാബലി മരിച്ചു. ശുക്രാചാര്യൻ മഹാബലിക്ക് ജീവൻ തിരികെ നൽകി. പിന്നീട് മഹാബലി ശുക്രാചാര്യരുടെ കാർമ്മികത്വത്തിൽ യാഗം നടത്തുകയും യാഗത്തിൽ നിന്ന് ദിവ്യമായ പല ആയുധങ്ങളും മഹാബലിക്ക് ലഭിച്ചതായി പുരാണങ്ങളിൽ പറയുന്നു. അമ്പ്, വില്ല്, അമ്പൊടുങ്ങാത്ത ആവനാഴി, സ്വർണ്ണത്തേര്, കൊടിക്കൂറ എന്നിങ്ങനെയുള്ള ദിവ്യായുധങ്ങൾ.

മഹാബലിയുടെ

മുൻഗാമികൾ

അസുരവംശജനായ മഹാബലിയുടെ പൂർവ്വികർ ആരൊക്കെയെന്ന് നോക്കാം.

ശൂരപത്മാവ്, സിംഹവക്ത്രൻ, വജ്രംഗൻ, ഗോമുഖൻ, ഹിരണ്യാക്ഷൻ, ഹിരണ്യകശിപു, സിംഹിക, അജാമുഖി എന്നിവരായിരുന്നു മഹാബലിയുടെ മുൻഗാമികൾ. ഇവരിൽ ഹിരണ്യകശിപുവിന്റെ മക്കളാണ് അനുഹ്ലാദൻ, സംഹ്ലാദൻ, പ്രഹ്ലാദൻ, ശിബി ബാഷ്‌കളൻ എന്നിവർ. പ്രഹ്ലാദന്റെ മക്കളായിരുന്നു വിരോചനനും, കുംഭനും നികുംഭനും. വിരോചനന്റെ മകനാണ് മഹാബലി.

മഹാബലിയുടെ പുത്രൻ ബാണൻ. ബാണന്റെ മകൾ ഉഷയുടെ ഭർത്താവ് സാക്ഷാൽ ശ്രീകൃഷ്ണന്റെ പേരക്കുട്ടിയായ അനിരുദ്ധനും.

ദേവന്മാരും

അസുരന്മാരും

ദേവാസുര യുദ്ധങ്ങളെക്കുറിച്ച് കേൾക്കാത്തവരുണ്ടാവില്ല. ആരാണ് ദേവാസുരന്മാർ...?

ബ്രഹ്മാവിന്റെ പുത്രൻ മരീചി. അദ്ദേഹത്തിന്റെ പുത്രനായ കശ്യപപ്രജാപതിക്ക് രണ്ട് ഭാര്യമാർ. അദിയും ദിതിയും. അദിയിൽ ജനിച്ച പുത്രന്മാരാണത്രേ ദേവന്മാർ. അദിതിയുടെ മക്കളായിരുന്നതിനാൽ ഇവർ ആദിത്യന്മാർ എന്നും അറിയപ്പെട്ടിരുന്നു. ദിതിയുടെ പുത്രന്മാരാണ് അസുരന്മാർ അഥവാ ദൈത്യന്മാർ. ശത്രുക്കളായ ദേവന്മാരും അസുരന്മാരും ഒരേ അച്ഛന്റെ മക്കളാണ്...!!

കുട്ടിക്കാലത്ത് ഇവർ ആത്മമിത്രങ്ങളായിരുന്നെങ്കിലും കാലാന്തരത്തിൽ ഇവർ ശത്രുക്കളാവുകയായിരുന്നു. ഇവരുടെ സംസ്‌ക്കാരം തികച്ചും ഭിന്നം. ഇരുകൂട്ടരും തികച്ചും സ്വാർത്ഥർ. ഭൂമിയിലെ മനുഷ്യരുടെ അസ്സൽപകർപ്പുകൾ. മനുഷ്യരെപ്പോലെ അബദ്ധങ്ങളിലും അകപ്പെട്ടിരുന്നു. എങ്കിലും ദേവന്മാർ സത്യത്തിനേയും ധർമ്മത്തെയും മാനിച്ചിരുന്നു. അസുരന്മാരുടെ സ്വഭാവം പിതാവായ കശ്യപപ്രജാപതിക്കുപോലും സഹിക്കാൻ കഴിയുമായിരുന്നില്ല. അദ്ദേഹവും അസുരന്മാരെ വെറുത്തു.