മഹാബലി ശക്തരില്‍ ശക്തന്‍.. വീരനില്‍ വീരന്‍
മഹാശക്തിമാനും മഹാപണ്ഡിതനുമായിരുന്നു മഹാബലി. സാക്ഷാല്‍ മഹാവിഷ്ണുവിനുപോലും മഹാബലിക്ക് മുമ്പില്‍ അടിയറവ് പറയേണ്ടിവന്നു. മഹാബലി ഒരിക്കല്‍ വര്‍ഷങ്ങള്‍ നീണ്ടുനിന്ന കഠിനമായ തപസ്സിനൊടുവില്‍ ബ്രഹ്മാവിനെ പ്രത്യക്ഷനാക്കി 'സ്വര്‍ഗ്ഗവാസികള്‍ക്ക് തന്നെ തോല്‍പ്പിക്കാന്‍ കഴിയരുതെന്നു'ള്ള വരം നേടിയിരുന്നു.
മഹാശക്തിമാനും മഹാപണ്ഡിതനുമായിരുന്നു മഹാബലി. സാക്ഷാല്‍ മഹാവിഷ്ണുവിനുപോലും ഒരിക്കല്‍ മഹാബലിക്ക് മുമ്പില്‍ അടിയറവ് പറയേണ്ടിവന്നു.
ഒരിക്കല്‍ മഹാബലി ദേവലോകത്തെ ആക്രമിച്ചു. ദേവന്മാര്‍ പരിഭ്രാന്തിയിലായി. അവരുടെ ജീവിതം ദുരിതത്തിലായി. ദേവന്മാരുടെ മാതാവായ അദിതി മഹാവിഷ്ണുവിന്‍റെ മുമ്പിലെത്തി സങ്കടം ഉണര്‍ത്തിച്ചു. തന്‍റെ മക്കളെ നിരന്തരം ആക്രമിക്കുന്ന മഹാബലിയെ നിലയ്ക്ക് നിര്‍ത്താന്‍ അവര്‍ മഹാവിഷ്ണുവിനോട് അപേക്ഷിച്ചു.
ദേവമാതാവിന്‍റെ പരാതിക്ക് പരിഹാരമെന്നോണം മഹാവിഷ്ണു വജ്രായുധം കയ്യിലെടുത്ത് മഹാബലിയെ വധിച്ചു തിരികെയെത്താന്‍ ആജ്ഞാപിച്ചു. എന്നാല്‍ വജ്രായുധത്തിന്‍റെ മറുപടി ഇങ്ങനെ- 'മഹാബലി മഹാനായ രാജാവാണ്. മാത്രവുമല്ല മഹാബലവാനും വേദഭക്തനും. മഹാബലിയെ എനിക്ക് എങ്ങനെ വധിക്കാനാവും.'
വജ്രായുധം വിസമ്മതിച്ചതോടെ മഹാവിഷ്ണു തന്‍റെ ദിവ്യായുധമായ ശാര്‍ങ്ഗധനുസ്സിനോട് മഹാബലിയെ വധിക്കാന്‍ ആവശ്യപ്പെട്ടു. വജ്രായുധത്തിന്‍റെ മറുപടി തന്നെയായിരുന്നു ശാര്‍ങ്ഗധനുസ്സിനും. വജ്രായുധവും ശാര്‍ങ്ഗധനുസ്സും മഹാബലിയെ വധിക്കാനുള്ള മഹാവിഷ്ണുവിന്‍റെ ആജ്ഞ നിരസിക്കാനുള്ള കാരണത്തിന് പിന്നില്‍ മഹാബലിക്ക് ലഭിച്ച ദിവ്യമായൊരു വരത്തിന്‍റെ കഥയുണ്ട്. മഹാബലി ഒരിക്കല്‍ വര്‍ഷങ്ങള്‍ നീണ്ടുനിന്ന കഠിനമായ തപസ്സിനൊടുവില്‍ ബ്രഹ്മാവിനെ പ്രത്യക്ഷനാക്കി 'സ്വര്‍ഗ്ഗവാസികള്‍ക്ക് തന്നെ തോല്‍പ്പിക്കാന്‍ കഴിയരുതെന്നു'ള്ള വരം നേടിയിരുന്നു. സ്കന്ദപുരാണത്തിലാണ് ഇക്കഥയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
വായുപുരാണത്തില്‍ മഹാബലിയുടെ ശക്തമായ സൈന്യത്തിന് മുമ്പില്‍ ദേവന്മാര്‍ പരാജയപ്പെട്ട മറ്റൊരു കഥയുണ്ട്. അഹങ്കാരികളായ അസുരന്മാര്‍ ദേവന്മാരെ ഒരിക്കല്‍ യുദ്ധത്തിനായി വെല്ലുവിളിച്ചു. നൂറുവര്‍ഷം നീണ്ടുനിന്ന യുദ്ധത്തിന് ഒടുവില്‍ മഹാബലിയാണ് വിജയിച്ചത്.
മഹാബലിയുടെ ശക്തമായ സൈന്യവ്യൂഹത്തെ കുറിച്ച് നാരദപുരാണത്തിലും പരാമര്‍ശമുണ്ട്.
പതിനായിരം കോടി ആനകളും, അതിന്‍റെ അഞ്ഞൂറിരട്ടി സൈനികരും, മഹാമല്ലന്മാരായ രണ്ട് മന്ത്രിമാരും മഹാബലിക്ക് ഉണ്ടായിരുന്നു. കുംഭാണ്ഡനും, കൂപകര്‍ണ്ണനും ആയിരുന്നു സൈന്യത്തലവന്മാര്‍.
പാലാഴിമഥനത്തിനുശേഷമുണ്ടായ ദേവാസുരയുദ്ധത്തില്‍ ഇന്ദ്രന്‍റെ അമ്പേറ്റ് മഹാബലി മരിച്ചു. ശുക്രാചാര്യന്‍ മഹാബലിക്ക് ജീവന്‍ തിരികെ നല്‍കി. പിന്നീട് മഹാബലി ശുക്രാചാര്യരുടെ കാര്‍മ്മികത്വത്തില്‍ യാഗം നടത്തുകയും യാഗത്തില്‍ നിന്ന് ദിവ്യമായ പല ആയുധങ്ങളും മഹാബലിക്ക് ലഭിച്ചതായി പുരാണങ്ങളില്‍ പറയുന്നു. അമ്പ്, വില്ല്, അമ്പൊടുങ്ങാത്ത ആവനാഴി, സ്വര്‍ണ്ണത്തേര്, കൊടിക്കൂറ എന്നിങ്ങനെയുള്ള ദിവ്യായുധങ്ങള്‍.
മഹാബലിയുടെ മുന്‍ഗാമികള്‍
അസുരവംശജനായ മഹാബലിയുടെ പൂര്‍വ്വികര്‍ ആരൊക്കെയെന്ന് നോക്കാം.
ശൂരപത്മാവ്, സിംഹവക്ത്രന്‍, വജ്രംഗന്‍, ഗോമുഖന്‍, ഹിരണ്യാക്ഷന്‍, ഹിരണ്യകശിപു, സിംഹിക, അജാമുഖി എന്നിവരായിരുന്നു മഹാബലിയുടെ മുന്‍ഗാമികള്‍. ഇവരില്‍ ഹിരണ്യകശിപുവിന്‍റെ മക്കളാണ് അനുഹ്ലാദന്‍, സംഹ്ലാദന്‍, പ്രഹ്ലാദന്‍, ശിബി ബാഷ്കളന്‍ എന്നിവര്‍. പ്രഹ്ലാദന്‍റെ മക്കളായിരുന്നു വിരോചനനും, കുംഭനും നികുംഭനും. വിരോചനന്‍റെ മകനാണ് മഹാബലി.
മഹാബലിയുടെ പുത്രന്‍ ബാണന്‍. ബാണന്‍റെ മകള്‍ ഉഷയുടെ ഭര്‍ത്താവ് സാക്ഷാല്‍ ശ്രീകൃഷ്ണന്‍റെ പേരക്കുട്ടിയായ അനിരുദ്ധനും.
ദേവന്മാരും അസുരന്മാരും
ദേവാസുര യുദ്ധങ്ങളെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാവില്ല. ആരാണ് ദേവാസുരന്മാര്‍...?
ബ്രഹ്മാവിന്‍റെ പുത്രന്‍ മരീചി. അദ്ദേഹത്തിന്‍റെ പുത്രനായ കശ്യപപ്രജാപതിക്ക് രണ്ട് ഭാര്യമാര്‍. അദിയും ദിതിയും. അദിയില്‍ ജനിച്ച പുത്രന്മാരാണത്രേ ദേവന്മാര്‍. അദിയുടെ മക്കളായിരുന്നതിനാല്‍ ഇവര്‍ ആദിത്യന്മാര്‍ എന്നും അറിയപ്പെട്ടിരുന്നു. ദിതിയുടെ പുത്രന്മാരാണ് അസുരന്മാര്‍ അഥവാ ദൈത്യന്മാര്‍. ശത്രുക്കളായ ദേവന്മാരും അസുരന്മാരും ഒരേ അച്ഛന്‍റെ മക്കളാണ്...!!
കുട്ടിക്കാലത്ത് ഇവര്‍ ആത്മമിത്രങ്ങളായിരുന്നെങ്കിലും കാലാന്തരത്തില്‍ ഇവര്‍ ശത്രുക്കളാവുകയായിരുന്നു. ഇവരുടെ സംസ്ക്കാരം തികച്ചും ഭിന്നം. ഇരുകൂട്ടരും തികച്ചും സ്വാര്‍ത്ഥര്‍. ഭൂമിയിലെ മനുഷ്യരുടെ അസ്സല്‍പകര്‍പ്പുകള്‍. മനുഷ്യരെപ്പോലെ അബദ്ധങ്ങളിലും ഇവര്‍ അകപ്പെട്ടിരുന്നു. എങ്കിലും ദേവന്മാര്‍ സത്യത്തിനേയും ധര്‍മ്മത്തെയും മാനിച്ചിരുന്നു. അസുരന്മാരുടെ സ്വഭാവം പിതാവായ കശ്യപപ്രജാപതിക്കുപോലും സഹിക്കാന്‍ കഴിയുമായിരുന്നില്ല. അദ്ദേഹവും അസുരന്മാരെ വെറുത്തു.