അന്തര്‍ജ്ജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത മഹാശിവക്ഷേത്രം

അന്തര്‍ജ്ജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത മഹാശിവക്ഷേത്രം

HIGHLIGHTS

ഊരാളന്മാരായ പത്ത് മനയിലെ അന്തര്‍ജ്ജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത മലബാറിലെ ഒരു ക്ഷേത്രമാണ് എടക്കുട മഹാശിവക്ഷേത്രം

മലപ്പുറം ജില്ലയിലെ മാറാക്കര പഞ്ചായത്തില്‍ മാറാക്കര വില്ലേജിലെ കീഴ്മുറിയിലെ എടക്കുട ശിവക്ഷേത്രത്തിലാണ് ഇന്നും അനുവര്‍ത്തിച്ചുപോരുന്ന ആ അപൂര്‍വ്വ ആചാരമുള്ളത്.

പരശുരാമനാല്‍ സ്ഥാപിതമായ കേരളത്തിലെ 36 ഗ്രാമങ്ങളില്‍ പ്രധാനമായ ശുകപുരം ഗ്രാമത്തിന്‍റെ ഭാഗമായ അച്ചിപ്ര ഗ്രാമത്തിലാണ് പരശുരാമനാല്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് പ്രതിഷ്ഠിതമായ എടക്കുട ശിവക്ഷേത്രം.

കോട്ടയ്ക്കലിനും മാറാക്കരയ്ക്കും ഇടയ്ക്ക് വയലില്‍ ഒരു തുരുത്തുപോലെ കാണുന്ന പ്രകൃതിരമണീയമായ അഞ്ചേക്കര്‍ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
കാവനാട്, മുത്തട, കല്ലാര്‍മംഗലം, പടിഞ്ഞാറ്റിരി, പടിഞ്ഞാറ്റുകര, ഏര്‍ക്കര, തിരുനാവായ, വാദ്ധ്യന്‍, കാവില്‍, ആവിനിക്കാട് എന്നീ ഭവനപ്പേരുകളോടെയുള്ള നമ്പൂതിരി മനകളിലുള്ളവരാണ് ക്ഷേത്രത്തിന്‍റെ ഊരാളന്‍മാര്‍.

പഴയകാലത്ത് കോട്ടയ്ക്കല്‍ കോവിലകത്തെ പൂജാരിമാരാണ് ക്ഷേത്രത്തില്‍ ശാന്തി ചെയ്തിരുന്നത്. ഊരാളരില്‍ തോട്ടപ്പായമന സന്താനപരമ്പരകളില്ലാതെ അന്യം നിന്നപ്പോള്‍ അവരുടെ അവകാശങ്ങള്‍ പടിഞ്ഞാറ്റിരി മനയിലേക്കും ലയിച്ചു. 

ചുരുക്കത്തില്‍ ഇപ്പോള്‍ ഊരാളന്‍മാരായി എട്ട് മനകളിലുള്ളവര്‍ മാത്രമാണുള്ളത്. 

പുരാതനകാലത്ത് പ്രസിദ്ധമായ ക്ഷേത്രമായിരുന്നു എടക്കുട മഹാശിവക്ഷേത്രം. തിരുവാതിര വാരം നടന്നിരുന്ന അപൂര്‍വ്വ ക്ഷേത്രങ്ങളിലൊന്നും ഈ ക്ഷേത്രമായിരുന്നു.
 

മൂവായിരം വര്‍ഷം പഴക്കമുള്ള ക്ഷേത്രം

പതിനായിരം പറ പാട്ടറ കിട്ടിയിരുന്ന ക്ഷേത്രമായിരുന്നു ഇത്. ഇപ്പോള്‍ സ്ഥലമെല്ലാം കുറഞ്ഞു.
കിഴക്കോട്ട് ദര്‍ശനമുള്ള വൃത്താകാരത്തിലുള്ള ശ്രീകോവിലോട്ട് കൂടിയ ക്ഷേത്രത്തിന് രണ്ട് നിലയുണ്ട്. ചുറ്റമ്പലവും ഉണ്ടായിരുന്നു. പുരാവസ്തു വകുപ്പുദ്യോഗസ്ഥര്‍ ഈ ക്ഷേത്രത്തിന് മൂവായിരം വര്‍ഷത്തെ പഴക്കമാണ് കണക്കാക്കിയിരിക്കുന്നത്. ശ്രീകോവിലിന്‍റെ പുറത്തു തെക്ക് കിഴക്ക് ഭിത്തിയില്‍ ദേവീസങ്കല്‍പ്പത്തില്‍ പൂജയുണ്ട്. കന്നിമൂലയില്‍ ഗണപതി സങ്കല്‍പ്പവും ക്ഷേത്രത്തിന് പുറത്ത് വടക്കുകിഴക്കായി ത്രിപുരാന്തകനും സ്വയംഭൂവായ അയ്യപ്പനുമുണ്ട്. പടിഞ്ഞാറ് ഭാഗത്ത് നാഗപ്രതിഷ്ഠയും കാണാം.

                                           

ക്ഷേത്രത്തിന്‍റെ കിഴക്കേ നട ഇറങ്ങിയാല്‍ കുളം കാണാം. കുളവാഴ നിറഞ്ഞ് വളരുന്ന ഒരു കുളമാണത്.

രൗദ്രഭാവത്തിലുള്ള ശിവപ്രതിഷ്ഠയായതിനാലാണ് തൃക്കണ്ണ് തുറക്കുന്ന ദിശയില്‍ കുളം നിര്‍മ്മിച്ചിരിക്കുന്നത്.

പഴയകാലത്ത് യാത്രികരായ ഋഷീശ്വരന്മാര്‍ ഈ ക്ഷേത്രത്തില്‍ വരാറുണ്ടായിരുന്നതായാണ് വിശ്വാസം.
 

ഋഷീശ്വരന്‍റെ ശാപം

ആദ്യകാലത്ത് ഊരാളഭവനങ്ങളിലെ അന്തര്‍ജ്ജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് യാതൊരു വിലക്കും ഉണ്ടായിരുന്നില്ല. വിലക്ക് വന്നതിനുപിന്നില്‍ ഒരു ഐതിഹ്യമുണ്ട്.

ഒരിക്കല്‍ ഒരു ഋഷി എടക്കുട ശിവക്ഷേത്രത്തില്‍ ഭജനമിരിക്കുകയായിരുന്നു. കൗപീനം മാത്രമാണ് ആ ഋഷിവര്യന്‍ ധരിച്ചിരുന്നത്. ആ സമയം ക്ഷേത്രത്തില്‍ തൊഴാനെത്തിയ അന്തര്‍ജ്ജനങ്ങള്‍ കൗപീനധാരിയായ ഋഷിയെ നോക്കി കളിയാക്കി ചിരിച്ചു. ഇതില്‍ അപമാനവും കോപവും വന്ന ഋഷീശ്വരന്‍ ഇനിമേലില്‍ ഈ ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിക്കാതിരിക്കട്ടെ എന്ന് ശപിച്ചു.

അക്കാലത്ത് അച്ചിപ്ര നാട്ടിലെ പത്ത് നമ്പൂതിരി ഭവനങ്ങളിലെ അന്തര്‍ജ്ജനങ്ങള്‍ മാത്രമായിരുന്നു ക്ഷേത്രത്തില്‍ പ്രവേശിച്ചിരുന്നത്. അതുകൊണ്ട് അന്തര്‍ജ്ജനങ്ങള്‍ക്കെതിരായി ഈ ശാപം.

തുടര്‍ന്ന്  നമ്പൂതിരിമാരെല്ലാം ചേര്‍ന്ന് ഋഷീശ്വരനെക്കണ്ട് മാപ്പിരന്നെങ്കിലും ശാപം ഫലിക്കുമെന്ന് തന്നെ ആ ശ്രേഷ്ഠന്‍ പറഞ്ഞു. എങ്കിലും ആ ഋഷിവര്യന്‍ ഒരു ഇളവ് അവര്‍ക്ക് നല്‍കി. ധനുമാസത്തിലെ തിരുവാതിര നാളില്‍ അര്‍ദ്ധരാത്രിയില്‍ പ്രവേശിച്ച് തേവരെ തൊഴാം. ഈ സമയത്ത് സ്ത്രീകള്‍ പുരുഷന്മാരെ കാണാന്‍ പാടില്ല. അതിപ്പോഴും തുടര്‍ന്നുപോരുന്നു.

തേവരെ തൊഴാന്‍ അന്തര്‍ജ്ജനങ്ങള്‍ എത്തുമ്പോള്‍ പൂജാരി മുതലുള്ള സകല പുരുഷന്മാരും അന്തര്‍ജ്ജനങ്ങള്‍ കാണാത്ത വിധം ക്ഷേത്രത്തില്‍ നിന്നും പുറത്തുപോയി മാറിനില്‍ക്കുന്ന ആചാരം ഇപ്പോഴുമുണ്ട്.

കൊടുവേലിപ്പൂ ചൂടി ക്ഷേത്രത്തിന്‍റെ പിറകുവശത്തുകൂടി പ്രവേശിക്കുന്ന അന്തര്‍ജ്ജനങ്ങള്‍ തൊഴുതുകഴിഞ്ഞാല്‍ വട്ടം കൂടി ഇരുന്ന് പൊട്ടിച്ചിരിക്കുന്ന ആചാരം കൂടിയുണ്ട്. ഇത് ഋഷീശ്വരനെ കളിയാക്കി ചിരിച്ചതിന്‍റെ അനുസ്മരണമാണ്.

മേല്‍പ്പത്തൂര്‍ ഭട്ടതിരി വാരമിരുന്ന ക്ഷേത്രം കൂടിയാണിത്. പ്രതിഷ്ഠ നടത്തിയതിനെക്കുറിച്ച് രേഖയോ, ഐതിഹ്യമോ ഇല്ല.
അതേസമയം മേടമാസത്തിലെ ഉത്രം നക്ഷത്രത്തിലാണ് പ്രതിഷ്ഠാദിനം ആഘോഷിക്കുന്നത്.

2011 ല്‍ കല്ലൂര്‍ നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തില്‍ ശുദ്ധികലശം കഴിഞ്ഞാണ് നിത്യപൂജ നടത്തിവരുന്നത്.

                                                

വേദജ്ഞന്മാര്‍ ചെയ്യുന്ന തിരുവാതിര വാരമാണ് ഇവിടുത്തെ പ്രധാന വഴിപാട്. തിരുവാതിര പൂജ, തിരുവാതിര നിറമാല, ക്ഷേത്രം തന്ത്രി ചെയ്യുന്ന പ്രദോഷപൂജയ്ക്ക് പുറമെ ശിവക്ഷേത്രങ്ങളിലുള്ള മറ്റെല്ലാ വഴിപാടുകളും ഇവിടെയുണ്ട്. ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ വേണാട്ട് ചന്ദനക്കാവ്, മേല്‍ശാന്തി കോട്ടൂര്‍ എമ്പ്രാതിരി, ക്ഷേത്രം തന്ത്രി കല്ലൂര്‍ ശ്രീകുമാരന്‍ നമ്പൂതിരി എന്നിവരാണ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രൗഢിയോടെ നിലനിന്നിരുന്ന എടക്കുട മഹാശിവക്ഷേത്രം ഇപ്പോള്‍ ശോച്യാവസ്ഥയിലാണ്. മലബാര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലാണെങ്കിലും ഒരു പ്രദേശത്തിന്‍റെ ഐശ്വര്യമായിരുന്ന ക്ഷേത്രത്തെ ഇപ്പോഴത്തെ അവസ്ഥയില്‍ നിന്നും പഴയ പ്രൗഢിയിലേക്ക് എത്തിക്കാന്‍ സുമനസ്സുകളായ ഭക്തരുടെ സഹകരണം കൂടി അത്യാവശ്യമാണെന്ന് പാരമ്പര്യ ട്രസ്റ്റി ചെയര്‍മാന്‍ വാദ്ധ്യാര്‍ പ്രസാദും പടിഞ്ഞാറ്റീരി ഇല്ലത്തെ സതീഷ് നമ്പൂതിരിയും 'ജ്യോതിഷരത്ന'ത്തോട് പറഞ്ഞു.

 

Photo Courtesy - പ്രജിന്‍