108 ശിവലിംഗങ്ങളും 64 ഭാവങ്ങളും

108 ശിവലിംഗങ്ങളും 64 ഭാവങ്ങളും

HIGHLIGHTS

കേരളത്തില്‍ നെയ്യാറ്റിന്‍കരയ്ക്കടുത്തുള്ള ചെങ്കല്‍ ഗ്രാമം ഇന്ന് മഹേശ്വരം ശിവ-പാര്‍വ്വതി ക്ഷേത്രത്തിന്‍റെ പേരില്‍ അറിയപ്പെട്ടുതുടങ്ങിയെങ്കിലും മലയാളികള്‍ ഈയടുത്തകാലത്ത് മാത്രമാണ് ഏഷ്യാ ബുക്ക് ഓഫ് റിക്കോര്‍ഡ്സില്‍ വരെ ഇടം നേടിയ ഈ ക്ഷേത്രത്തെക്കുറിച്ച് അറിഞ്ഞുതുടങ്ങിയത്.  ഒരേ പീഠത്തിലിരിക്കുന്ന ശിവനും പാര്‍വ്വതിയുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഗണപതിയും മുരുകനും നവഗ്രഹങ്ങളും നാഗദൈവങ്ങളും പ്രത്യേക പ്രതിഷ്ഠകളായി വരുന്നുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ തമിഴ്നാടിനോട് ചേര്‍ന്നുകിടക്കുന്ന ഒരു ദേശമാണ് ചെങ്കല്‍. ഈ ദേശത്തെ മഹേശ്വരം ശിവ- പാര്‍വ്വതി ക്ഷേത്രം പല കാരണങ്ങളാല്‍ ഇന്ന് പ്രസിദ്ധമാണ്. ദക്ഷിണ കൈലാസം എന്നൊരു വിളിപ്പേരും ഈ ക്ഷേത്രത്തിനുണ്ട്. ഒരേ പീഠത്തിലിരിക്കുന്ന ശിവനും പാര്‍വ്വതിയുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഗണപതിയും മുരുകനും നവഗ്രഹങ്ങളും നാഗദൈവങ്ങളും പ്രത്യേക പ്രതിഷ്ഠകളായി വരുന്നുണ്ട്.

 ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ശിവലിംഗ പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിലുള്ളതെന്നത് ശിവ-പാര്‍വ്വതി ക്ഷേത്രത്തിന്‍റെ ഖ്യാതി വര്‍ദ്ധിപ്പിക്കുന്നു. നൂറ്റി പതിനൊന്ന് അടി ഉയരമാണ് ഈ ശിവലിംഗത്തിനുള്ളത്. ഈ ശിവലിംഗത്തിന്‍റെ ഉള്ളിലൂടെ ഭക്തര്‍ക്ക് ഉയരങ്ങളില്‍ കയറാം. എട്ട് നിലകളാണ് ഈ ശിവലിംഗത്തിനുള്ളിലുള്ളത്. ഓരോ നിലകളിലും ദേവതമാരുടെ പ്രതിഷ്ഠകള്‍ കാണാവുന്നതാണ്. അതെല്ലാം വളരെ മനോഹരവും ചൈതന്യം നിറഞ്ഞതുമാണ്.


ഏറ്റവും താഴെ തുടക്കത്തിലുള്ള ശിവലിംഗത്തില്‍ ഭക്തര്‍ക്ക് സ്വയം പൂജ ചെയ്യാനുള്ള അവസരമുണ്ടെന്നതും മറ്റൊരു സവിശേഷതയാണ്. ശിവന് വിഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍ പൊതുവേ കുറവാണ്. അത് അത്യപൂര്‍വ്വമാണ് താനും. ഇവിടെ ശിവന് വിഗ്രഹപ്രതിഷ്ഠയുണ്ടെന്നതും ഒരു വിശേഷപ്പെട്ട കാര്യം തന്നെ.

 

നൂറ്റിപതിനൊന്ന് അടി ഉയരമുള്ള ശിവലിംഗത്തിനുള്ളില്‍ ഭക്തര്‍ കയറിപ്പോകുവാന്‍ താല്‍പ്പര്യം കാണിക്കാറുണ്ട്. ശിവലിംഗത്തിന്‍റെ നിര്‍മ്മാണം തന്നെ അത്ഭുതപ്പെടുത്തുന്ന തരത്തിലാണ്. മനുഷ്യശരീരത്തിന്‍റെ ആറ് വ്യത്യസ്ത ചക്രങ്ങളെ ആധാരമാക്കി ആറ് ധ്യാനമുറികള്‍ ഈ മഹാശിവലിംഗത്തിലുണ്ട്. വ്യത്യസ്തമായ ഫലങ്ങളും ധര്‍മ്മങ്ങളുമാണ് ഈ ആറ് ധ്യാനമുറികള്‍ക്കുമുള്ളത്.
 

ശിവലിംഗത്തിന്‍റെ ഏറ്റവും ഉയരത്തിലെത്തുമ്പോള്‍ ആ ഭാഗമാണ് കൈലാസമായി സങ്കല്‍പ്പിച്ചിരിക്കുന്നത്. 108 വ്യത്യസ്ത ശിവലിംഗങ്ങളും ശിവന്‍റെ 64 വ്യത്യസ്തങ്ങളായ ഭാവങ്ങളും ഈ ശിവലിംഗത്തിനുള്ളില്‍ ദര്‍ശിക്കാന്‍ കഴിയുമെന്നതും ഇവിടുത്തെ ഒരു പ്രത്യേകതയാണ്.
ശിവലിംഗത്തിന്‍റെയും പ്രധാന ശ്രീകോവിലിന്‍റെയും സമീപത്തായി 32 വ്യത്യസ്ത ഗണപതി വിഗ്രഹങ്ങള്‍ വരിവരിയായി പ്രതിഷ്ഠിച്ചിരിക്കുന്നത് ഏതൊരു ഭക്തന്‍റെയും കണ്ണുകളെ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ചയാണ്.

 

ഗംഗാജലം നിറഞ്ഞുനില്‍ക്കുന്ന കിണര്‍, 12 ജ്യോതിലിംഗങ്ങളുടെ മാതൃകകള്‍ എന്നിവയും ഈ ക്ഷേത്രാങ്കണത്തിലെ ഭക്തിനിര്‍ഭരമായ കാഴ്ചകള്‍ തന്നെയാണ്. 5000 വര്‍ഷങ്ങളുടെ പഴക്കമാണ് ഈ ക്ഷേത്രത്തിന് കണക്കാക്കപ്പെടുന്നത്. പ്രധാന ക്ഷേത്രം വിശാലമായി നിലകൊള്ളുന്നു. ക്ഷേത്രം കിഴക്ക് ദര്‍ശനമായിട്ടാണ് സ്ഥാനം. വടക്കുഭാഗത്താണ് മഹാശിവലിംഗത്തിന്‍റെ സ്ഥാനം. പടിഞ്ഞാറ് ഭാഗത്ത് 32 ഗണപതി വിഗ്രഹങ്ങളുടെ സ്ഥാനം.


പ്രധാനമായും നാല് കവാടങ്ങള്‍ ഈ ക്ഷേത്രത്തിനുണ്ട്. കിഴക്കുവശത്തെ ഗോപുര വാതിലിനോട് ചേര്‍ന്ന് നന്തിയുടെ സ്ഥാനം. ശ്രീകോവിലിനുള്ളിലേക്ക് കയറാനുള്ള പ്രധാന വാതിലിനടുത്ത് ഇരുവശങ്ങളിലുമായി ലക്ഷണമൊത്ത രണ്ട് ഗജവീരന്മാരെയും കാണാം. അകത്തുകടന്നാല്‍ നമസ്ക്കാരമണ്ഡപം ആകര്‍ഷകമായി സ്ഥിതി ചെയ്യുന്നത് കാണാം. എഴുപത് തൂണുകളാണ് ഈ നമസ്ക്കാരമണ്ഡപത്തിനുള്ളത്. ഈ തൂണുകളില്‍ ശില്‍പ്പങ്ങള്‍ കൊത്തിവച്ചിരിക്കുന്നത് കാണാം. തടികള്‍ ഉപയോഗിച്ചും കൃഷ്ണശില കൊണ്ടും പണിതിട്ടുള്ള ഈ ക്ഷേത്രാങ്കണത്തില്‍ എവിടെ നോക്കിയാലും കണ്ണുകള്‍ക്ക് കൗതുകം തരുന്ന അനുഭവമാണുള്ളത്.
 

ചിതല്‍പുറ്റില്‍ നിന്നുമാണ് ഈ ബ്രഹ്മാണ്ഡ ശിവലിംഗത്തിന്‍റെ പിറവി എന്നാണ് ഐതിഹ്യത്തില്‍ പറയുന്നത്. എട്ടുനിലകളിലായി ഈ ശിവലിംഗം രൂപം ചെയ്തതിന്‍റെ പിന്നില്‍ മറ്റൊരു കാര്യം കൂടിയുണ്ട്. മനുഷ്യശരീരത്തിലെ എട്ട് മൂലാധാരങ്ങളെയാണ് ഈ എട്ട് നിലകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ദൈവം മനുഷ്യശരീരത്തിലാണെന്നുള്ളതിന്‍റെ അടയാളം കൂടിയാണ് ഈ ശിവലിംഗം സൂചിപ്പിക്കുന്നത്. ഏഴ് വര്‍ഷത്തിലധികം വേണ്ടി വന്നു ശിവലിംഗത്തിന്‍റെ പണി പൂര്‍ത്തിയാകുവാന്‍. 2019 നവംബര്‍ 10-ാം തീയതിയാണ് കൈലാസമാതൃകയില്‍ സ്ഥിതി ചെയ്യുന്ന ഭീമാകാരമായ ശിവലിംഗം ഭക്തര്‍ക്കുവേണ്ടി തുറന്നുകൊടുത്തത്.


കേരളത്തില്‍ നെയ്യാറ്റിന്‍കരയ്ക്കടുത്തുള്ള ചെങ്കല്‍ ഗ്രാമം ഇന്ന് മഹേശ്വരം ശിവ-പാര്‍വ്വതി ക്ഷേത്രത്തിന്‍റെ പേരില്‍ അറിയപ്പെട്ടുതുടങ്ങിയെങ്കിലും മലയാളികള്‍ ഈയടുത്തകാലത്ത് മാത്രമാണ് ഏഷ്യാ ബുക്ക് ഓഫ് റിക്കോര്‍ഡ്സില്‍ വരെ ഇടം നേടിയ ഈ ക്ഷേത്രത്തെക്കുറിച്ച് അറിഞ്ഞുതുടങ്ങിയത്.

Photo Courtesy - Google