തൈപ്പൊങ്കല്‍

തൈപ്പൊങ്കല്‍

HIGHLIGHTS

സൂര്യന്‍ മകരം രാശിയില്‍ പ്രവേശിക്കുന്ന ദിവസമായതിനാല്‍, മറ്റ് സംസ്ഥാനങ്ങളില്‍ മകരസംക്രാന്തി എന്നുപറയുന്ന തൈ(മകരം) ഒന്നാം തീയതി തമിഴ്നാട്ടില്‍ പൊങ്കല്‍ ആയി ആഘോഷിക്കപ്പെടുന്നു. ലോകത്ത് ജീവന്‍ നിലനിര്‍ത്തുവാന്‍ ഭക്ഷണം അത്യന്താപേക്ഷിതമായതിനാല്‍, അത് ഉത്പാദിപ്പിക്കുന്ന കര്‍ഷകരെ ബഹുമാനിക്കുംവിധം 'ഉഴവര്‍ തിരുനാള്‍'(കര്‍ഷക സുദിനം) എന്നുപറയുന്നു. ഗ്രാമങ്ങളില്‍ വീടുവാതില്‍ക്കല്‍ പൊങ്കാല വെച്ച് അല്ലെങ്കില്‍ മുറ്റത്ത് പൊങ്കാല വെച്ച് കുടുംബാംഗങ്ങള്‍ ഒന്നിച്ച് ഏകസ്വരത്തില്‍ 'പൊങ്കലോ പൊങ്കല്‍' എന്ന് ഘോഷമിട്ട് സൂര്യ ആരാധന നടത്തുന്ന ആചാരം ഇന്നും നിലനില്‍ക്കുന്നുണ്ട്.

 

നമ്മുടെ കണ്‍മുന്നില്‍ പ്രത്യക്ഷപ്പെടുന്ന, നമുക്ക് കാണാനാവുന്ന ദൈവമായി വിളങ്ങുന്നു സൂര്യന്‍. ആദിമനുഷ്യന്‍റെ ആദ്യത്തെ വഴിപാടുതന്നെ സൂര്യവഴിപാടാണെന്നാണ് കരുതപ്പെടുന്നത്.

ഉപനിഷത്തുക്കള്‍, പുരാണങ്ങള്‍, ഇതിഹാസങ്ങള്‍ എല്ലാം തന്നെ സൂര്യന്‍റെ കീര്‍ത്തിയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.സൂര്യ ആരാധനയുടെ തുടര്‍ച്ചയായി കൃഷിയ്ക്കും, തൊഴിലിനും ഉന്നതിയുണ്ടാകുവാനായി സഹായിച്ച സൂര്യന് നന്ദി പ്രകാശിപ്പിക്കുംവിധം ആദികാലത്ത് തുടങ്ങിയതാണ് 'പൊങ്കല്‍ ഉത്സവം.' തന്‍റെ അദ്ധ്വാനത്തിന് സഹായം നല്‍കിയ പ്രകൃതിക്കും തന്നോടൊപ്പം അദ്ധ്വാനിച്ച നാല്‍ക്കാലികള്‍ക്കും നന്ദിയും സന്തോഷവും പ്രകടിപ്പിക്കുവാനുള്ള ഉത്സവമായിട്ടാണ് ഇത് ആഘോഷിക്കപ്പെടുന്നത്. 

'പൊങ്കുക' എന്നാല്‍ തിളയ്ക്കല്‍, കവിയല്‍, വേവിക്കല്‍(പാചകം), ഉയരല്‍, സമൃദ്ധിയുണ്ടാവല്‍ എന്നൊക്കെയാണ് അര്‍ത്ഥമാക്കുന്നത്. ആടി(കര്‍ക്കിടകം)യില്‍ വിതച്ചതിന്‍റെ ഫലം മാര്‍കഴി(ധനു)യില്‍ വിളവെടുത്ത് തൈ(മകരം)മാസത്തില്‍ അതിനെ ഭക്ഷിക്കാന്‍ തുടങ്ങുന്ന ആദ്യദിവസമാണ് 'തൈപ്പൊങ്കല്‍' ആയി ആഘോഷിക്കുന്നത്.(കേരളത്തില്‍ ഇത് മകരസംക്രാന്തി എന്ന പുണ്യദിനമാണ്). ആകാശത്തില്‍ കാറ്റും, കാറ്റില്‍ അഗ്നിയും ഉണ്ടാവുന്നു. തീകൊണ്ട് പുതിയ മണ്‍കലത്തില്‍(നിലം) ഉള്ള അരി(നിലത്തിന്‍റെ ഉപഹാരം) വെള്ളത്തില്‍ വെന്ത് പൊങ്കലാവുന്നു. പൊങ്കല്‍ നേദിച്ച് സൂര്യനെ പൂജിക്കുന്നവര്‍, പഞ്ചഭൂതങ്ങളെ തന്നെ പൂജിക്കുന്നു എന്നാണ് ഐതിഹ്യം.

പുരാണപ്രകാരം കശ്യപന്‍- അദിതി ദമ്പതിമാരുടെ പുത്രനായി ജനിച്ച വിവസ്വാന്‍ ആണ് സൂര്യഭഗവാന്‍. ഇദ്ദേഹത്തിന് ഉഷാ, പ്രത്യുഷ എന്നീ രണ്ട് ഭാര്യമാര്‍. ചെമ്പൊന്നിന്‍റെ നിറമുള്ള മേനിയോടുകൂടിയവന്‍. ഏഴ് കുതിരകളെ പൂട്ടിയ കാലചക്രം കറങ്ങുന്ന രഥമാണ് സൂര്യന്‍റെ വാഹനം. അരുണനാണ് ഈ രഥത്തിന്‍റെ സാരഥി.

പൊങ്കലിന്‍റെ തുടക്കം

മറ്റുള്ള ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഇല്ലാത്ത സവിശേഷതയായി പൊങ്കല്‍ ഉത്സവത്തിനോടൊപ്പം ശുദ്ധമാക്കുന്ന വിധത്തില്‍, തങ്ങളുടെ ഇരിപ്പിടത്തേയും വാസസ്ഥലത്തേയും ശുദ്ധിയാക്കി ഭംഗിയാക്കുന്നു.

ഇന്ദ്രന് 'ഭോഗി' എന്നും പേരുണ്ട്. പൊങ്കലിന്‍റെ തലേദിവസം ഇന്ദ്രന്‍റെ പേരില്‍ 'ഭോഗി' ഉത്സവ ആഘോഷിക്കപ്പെടുന്നു. ഈ ഉത്സവം തമിഴ്നാട്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിലും വീടുകളിലും കൊണ്ടാടപ്പെടുന്നു. പഴയവയൊക്കെ ഉപേക്ഷിച്ച് പുതിയവ പ്രവേശിക്കുന്ന ദിവസമായി കൊണ്ടാടപ്പെടുന്ന അന്ന് ആവശ്യമില്ലാത്ത പഴയ സാധനങ്ങള്‍ തീയിലിട്ട് കത്തിച്ചുകളയുന്നു.

യഥാര്‍ത്ഥത്തില്‍ ഇത് മനസ്സിലുള്ള ദുഷിച്ച സ്വഭാവങ്ങളൊക്കെ ഉപേക്ഷിച്ച് നല്ല ശീലങ്ങളും സ്വഭാവങ്ങളും വളര്‍ത്തണം എന്ന സദുദ്ദേശത്തിന്‍റെ ഭാഗമാണ്. ജനങ്ങള്‍ക്ക് ദുരിതമുണ്ടാക്കുന്നവിധം പെരുമഴ പെയ്യിച്ച ഇന്ദ്രന്‍, പിന്നീട് കൃഷ്ണന്‍റെ ശാസനയുടെ ഫലമായി മനസ്സ് മാറി നല്ലവനായി. ഇന്ദ്രന്‍ ദുഃസ്വഭാവം വെടിഞ്ഞ് നല്ലവനായി മാറിയതിനാല്‍, ഇന്ദ്രന് ആഘോഷത്തോടെ പൂജ ചെയ്യാന്‍ നിര്‍ദ്ദേശിച്ചു കൃഷ്ണന്‍. അതുപ്രകാരം ഇന്ദ്രന് മാനസാന്തരമുണ്ടായി അവന്‍ നല്ലവനായി മാറിയ ദിവസമാണ് 'ഭോഗി' എന്ന ഇന്ദ്രന്‍റെ ഉത്സവം.

കര്‍ഷകരുടെ ഉത്സവനാള്‍...

സൂര്യന്‍ മകരം രാശിയില്‍ പ്രവേശിക്കുന്ന ദിവസമായതിനാല്‍, മറ്റ് സംസ്ഥാനങ്ങളില്‍ മകരസംക്രാന്തി എന്നുപറയുന്ന തൈ(മകരം) ഒന്നാം തീയതി തമിഴ്നാട്ടില്‍ പൊങ്കല്‍ ആയി ആഘോഷിക്കപ്പെടുന്നു. ലോകത്ത് ജീവന്‍ നിലനിര്‍ത്തുവാന്‍ ഭക്ഷണം അത്യന്താപേക്ഷിതമായതിനാല്‍, അത് ഉത്പാദിപ്പിക്കുന്ന കര്‍ഷകരെ ബഹുമാനിക്കുംവിധം 'ഉഴവര്‍ തിരുനാള്‍'(കര്‍ഷക സുദിനം) എന്നുപറയുന്നു. പൊങ്കല്‍ ആഘോഷം തന്നെ സൂര്യന് നന്ദി പ്രകാശിപ്പിക്കുന്ന സുദിനമായതിനാല്‍, ഗ്രാമങ്ങളില്‍ വീടുവാതില്‍ക്കല്‍ പൊങ്കാല വെച്ച് അല്ലെങ്കില്‍ മുറ്റത്ത് പൊങ്കാല വെച്ച് കുടുംബാംഗങ്ങള്‍ ഒന്നിച്ച് ഏകസ്വരത്തില്‍ 'പൊങ്കലോ പൊങ്കല്‍' എന്ന് ഘോഷമിട്ട് സൂര്യ ആരാധന നടത്തുന്ന ആചാരം ഇന്നും നിലനില്‍ക്കുന്നുണ്ട്. പൊങ്കല്‍ദിവസം സൂര്യനെ നാരായണനായി സങ്കല്‍പ്പിച്ച് പൂജിക്കുന്നു. ഇതുതന്നെയാണ് സൂര്യനാരായണപൂജ.

ഉത്തരായനവാതില്‍...

തൈമാസത്തില്‍ സൂര്യന്‍റെ രഥം, വടക്കുദിശയില്‍ സഞ്ചരിക്കുമെന്ന് പറയുന്നു. പുരാണങ്ങള്‍, ദേവന്മാരുടെ പകല്‍വേളയുടെ തുടക്കമായി ഇതിനെ പറയപ്പെടുന്നു. ശ്രീകോവില്‍ സന്നിധിയിലെത്തുവാനായി രണ്ട് വാതിലുകളുള്ള ക്ഷേത്രങ്ങളുണ്ട് തമിഴ്നാട്ടില്‍. തിരുവെള്ളറൈ, കുംഭകോണം ചക്രപാണി, ശാര്‍ങപാണി ക്ഷേത്രങ്ങളില്‍ ഇത്തരത്തില്‍ രണ്ട് വാതിലുകളുണ്ട്. 

ഉത്തരായനവാതില്‍ എന്ന വടക്ക് വാതില്‍ വഴിയിലൂടെ മകരം മുതല്‍ മിഥുനം മാസം വരെയും, ദക്ഷിണായനവാതില്‍ എന്ന തെക്ക് വാതില്‍ വഴിയേ കര്‍ക്കിടകം മുതല്‍ ധനു മാസം വരെയും ചെന്ന് ഭഗവാനെ ദര്‍ശിക്കാനാവും. ഉത്തരായനപുണ്യകാലം തൈമാസം ഒന്നാം തീയതി തുടങ്ങുന്നതിനാല്‍ അന്നേദിവസം ദക്ഷിണായനവാതില്‍ അടച്ച് ഉത്തരായനവാതില്‍ പൂജ ചെയ്ത് തുറക്കപ്പെടും.

സൂര്യന്‍ വടക്കോട്ട് സഞ്ചരിക്കുന്ന കാലത്തെ വേദഗ്രന്ഥങ്ങള്‍ ശ്രേഷ്ഠമായ കാലം എന്നുപറയുന്നു.

മാട്ടുപ്പൊങ്കല്‍

കൃഷിക്ക് ഏറ്റവും വലിയ സഹായമായി നിന്ന് നിലം ഉഴുന്നവര്‍ക്ക് ബലമേകിയ മാടുകള്‍ക്ക് നന്ദി ചെലുത്തുന്ന ദിവസമായി കരുതി നാല്‍ക്കാലികള്‍ക്കായി ഒരു പൊങ്കാല വെച്ച് മാട്ടുപ്പൊങ്കലായി കൊണ്ടാടുന്നു. കൃഷിയ്ക്കായി നിലം ഉഴുന്ന തൊഴിലിന് സഹായിയായി വിളങ്ങുന്ന പശുക്കള്‍ക്ക് നന്ദി പറയുന്ന ദിവസമാണ് ഈ സുദിനം. മാട്ടുപൊങ്കല്‍ വെച്ചശേഷം 'എച്ചില്‍ വെള്ളം തെളിയ്ക്കല്‍' എന്ന ഒരു ആചാരം മധുര ജില്ലയിലുണ്ട്. 'പൊങ്കലോ പൊങ്കല്‍,' 'മാട്ടുപ്പൊങ്കല്‍,' പാല്‍ പാനൈ പൊങ്ക,് നോവും ദുരിതവും തെരുവോട് പോക!' എന്നുപറഞ്ഞുകൊണ്ട് വെള്ളം തൊഴുത്തില്‍ തെളിക്കുന്നു. ഇതിലൂടെ വീട്ടില്‍ ഐശ്വര്യങ്ങളും സമൃദ്ധിയും വര്‍ദ്ധിക്കും. ഒപ്പം രോഗങ്ങളും അടുക്കുകയില്ല എന്നു പറയപ്പെടുന്നു.

ക്ഷേത്രങ്ങളിലും മാട്ടുപ്പൊങ്കല്‍ ദിവസം പശുവിന് ഗോപൂജ നടത്തി പൊങ്കാല വച്ച് അവയ്ക്ക് നേദിക്കപ്പെടുന്നു. തഞ്ചാവൂര്‍ പെരിയകോവിലില്‍ നൂറില്‍പ്പരം പശുക്കള്‍ക്ക് ഗോപൂജ നടക്കുന്നു. ആയിരക്കണക്കിന് കിലോ ഭാരമുള്ള മലക്കറികള്‍, പഴങ്ങള്‍, മധുരപലഹാരങ്ങള്‍, പുഷ്പങ്ങള്‍ എന്നിവയാല്‍ ഇവിടുത്തെ മഹാനന്തിക്ക് ഷോഡശ ഉപചാരപ്രത്യേക പൂജ നടക്കും.