ദേവകളും ഋഷിമാരും ഭക്തരും ഒരേസമയം ഭഗവാനെ ആരാധിക്കുന്ന മകരവിളക്ക്

ദേവകളും ഋഷിമാരും ഭക്തരും ഒരേസമയം ഭഗവാനെ ആരാധിക്കുന്ന മകരവിളക്ക്

HIGHLIGHTS

ധനുമാസത്തിന്‍റെ അവസാനത്തില്‍ ശനിയാഴ്ച ഉത്രം നക്ഷത്രത്തില്‍ കൃഷ്ണപക്ഷ പഞ്ചമി തിഥിയില്‍ വൃശ്ചിക ലഗ്നത്തിലാണ് ധര്‍മ്മശാസ്താവ് തിരുവവതാരം ചെയ്തത് എന്ന് ഭൂതനാഥോപാഖ്യാനം മൂന്നാം അദ്ധ്യായത്തില്‍ പറയുന്നു. ധനുമാസത്തിലെ അവസാനദിവസവും ശനിയാഴ്ചയും ഒത്തുചേര്‍ന്ന ദിനമാണ് ശാസ്താവിന്‍റെ തിരു അവതാരം. മകരസംക്രമ പുണ്യമുഹൂര്‍ത്തമായിരുന്നു അത് എന്നുകരുതാം. 

ഭാരതമൊട്ടാകെ ആചരിക്കപ്പെടുന്ന പുണ്യദിനങ്ങളില്‍ ഒന്നാണ് മകരസംക്രാന്തി ദിനം. സൂര്യന്‍ ധനുരാശിയില്‍ നിന്നും മകരം രാശിയിലേക്ക് കടക്കുന്ന ദിനം കൂടിയാണ് മകരസംക്രമം. ദക്ഷിണായനത്തില്‍ നിന്നും ഉത്തരായനത്തിലേക്ക് മാറുന്ന ദിവസം അഥവാ സൂര്യന്‍റെ തെക്കോട്ടുള്ള യാത്ര അവസാനിച്ചു വടക്കോട്ടുള്ള യാത്ര ആരംഭിക്കുന്ന ദിനം. മകരസംക്രമം മുതല്‍ പകലിന് രാത്രിയെക്കാള്‍ ദൈര്‍ഘ്യമുണ്ടാകും. സൂര്യരശ്മികള്‍ കൂടുതലായി ഭൂമിയില്‍ പതിക്കുന്ന ഉത്തരായനകാലം പുണ്യകര്‍മ്മങ്ങള്‍ക്കെല്ലാം യോജിച്ച കാലമാണ്. തീര്‍ത്ഥാടനങ്ങള്‍ക്കും പുണ്യസ്നാനങ്ങള്‍ക്കും ഉചിതമായ കാലമാണ് ഉത്തരായനം. ശരശയ്യയിലായ ഭീഷ്മ പിതാമഹന്‍ ദേഹം വെടിയുവാന്‍ ഉത്തരായനകാലംവരെ കാത്തിരുന്നു എന്ന് മഹാഭാരതത്തില്‍ പറയുന്നു.

ധനുമാസത്തിന്‍റെ അവസാനത്തില്‍ ശനിയാഴ്ച ഉത്രം നക്ഷത്രത്തില്‍ കൃഷ്ണപക്ഷ പഞ്ചമി തിഥിയില്‍ വൃശ്ചിക ലഗ്നത്തിലാണ് ധര്‍മ്മശാസ്താവ് തിരുവവതാരം ചെയ്തത് എന്ന് ഭൂതനാഥോപാഖ്യാനം മൂന്നാം അദ്ധ്യായത്തില്‍ പറയുന്നു. ധനുമാസത്തിലെ അവസാനദിവസവും ശനിയാഴ്ചയും ഒത്തുചേര്‍ന്ന ദിനമാണ് ശാസ്താവിന്‍റെ തിരു അവതാരം. മകരസംക്രമ പുണ്യമുഹൂര്‍ത്തമായിരുന്നു അത് എന്നുകരുതാം. അതിനാലാണ് മകരസംക്രമദിനവും ശനിയാഴ്ചകളും ഉത്രം നാളും കൃഷ്ണപക്ഷ പഞ്ചമിയും ശാസ്താ ആരാധനയ്ക്ക് ഏറ്റവും ഉത്തമദിനങ്ങളായി കരുതപ്പെടുന്നത്.

പന്തളം മഹാരാജാവായ രാജശേഖരന്‍ ശബരിമല ക്ഷേത്രം നിര്‍മ്മിക്കുവാന്‍ ആരംഭിച്ചത് വൃശ്ചികം ഒന്നിനാണ്. ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാക്കി സൂര്യന്‍ മകരലഗ്നത്തില്‍ സംക്രമിച്ച ശനിയാഴ്ചയില്‍ കൃഷ്ണപഞ്ചമിയില്‍ ഉത്രം നക്ഷത്രത്തില്‍ ഭാര്‍ഗ്ഗവ രാമന്‍ ഭൂതനാഥനെ പ്രതിഷ്ഠിച്ചു എന്ന് ഭൂതനാഥോപഖ്യാനം പതിനഞ്ചാം അദ്ധ്യായത്തിലും കാണാം.

വില്ലാളിവീരനായ ഭഗവാന്‍ തന്‍റെ അവതാരോദ്ദേശം പൂര്‍ത്തിയാക്കി മഹായോഗിയായി തപസ്സനുഷ്ഠിക്കുന്ന പുണ്യഭൂമിയാണ് ശബരിമല. മഹാതാപസിയായ അയ്യപ്പസ്വാമി യോഗനിദ്രയില്‍നിന്നുണരുന്ന ദിവസമാണ് മകരവിളക്ക് മഹോത്സവമായി ആചരിക്കുന്നത്.

ജനുവരി 14 ന് ഉച്ചയ്ക്കാണ് മകരസംക്രമപൂജ. തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ നിന്ന് പ്രതിനിധി കൊണ്ടുവരുന്ന നെയ്ത്തേങ്ങകള്‍ ശ്രീകോവിലിനുള്ളില്‍ വച്ച് ഉടച്ചശേഷം തന്ത്രി അയ്യപ്പസ്വാമിക്ക് അഭിഷേകം ചെയ്ത് മകരസംക്രമപൂജ നടത്തും. ഉച്ചപ്പൂജയ്ക്കുശേഷമാണ് മകരസംക്രമ പൂജ. മകരസംക്രമപൂജയ്ക്കുശേഷം അടയ്ക്കുന്ന തിരുനട വൈകിട്ട് 5 ന് തുറക്കും. തുടര്‍ന്ന് തിരുവാഭരണം സ്വീകരിക്കുന്നതിനുള്ള പുറപ്പാടാണ്. ശരംകുത്തിയില്‍ വെച്ച് ആചാരാനുഷ്ഠാനപ്രകാരമുള്ള സ്വീകരണത്തിനുശേഷം കൊണ്ടുവരുന്ന തിരുവാഭരണ പേടകം പതിനെട്ടാംപടിക്ക് മുകളില്‍ കൊടിമരത്തിന് മുന്നിലായി ദേവസ്വം മന്ത്രി, ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്, ബോര്‍ഡ് അംഗങ്ങള്‍, ദേവസ്വം കമ്മീഷണര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് ശ്രീകോവിലിന് മുന്നിലെത്തിക്കും. തുടര്‍ന്ന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന 6.30 ന് നടക്കും.

മകരവിളക്കാണ് ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം. മകരസംക്രമനാള്‍ ഉത്തരായനം ആരംഭദിവസമാകയാല്‍ വളരെ വിശേഷമാണ്. ദേവന്മാരുടെ പകല്‍ ആരംഭിക്കുന്ന അന്ന് കിഴക്ക് ജ്യോതിസ്സ് ദര്‍ശിക്കുന്നത് പുണ്യമായി കണക്കാക്കപ്പെടുന്നു. ആ ദിവസത്തെ ഭഗവത് ദര്‍ശനം മഹാപുണ്യമാണ്.

മകരസംക്രമദിവസത്തിന് രണ്ടുദിവസം  മുന്‍പ് മുതല്‍ വിശേഷാല്‍ ശുദ്ധിക്രിയകള്‍ സന്നിധാനത്ത് ആരംഭിക്കുന്നു. പ്രസാദ ശുദ്ധിക്രിയകള്‍(ചതുഃശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം) എന്നിവയെല്ലാം വിധിപ്രകാരം നടത്തുന്നു.

പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന അയ്യപ്പന്‍റെ തിരുവാഭരണങ്ങള്‍ മകരസംക്രമദിനത്തില്‍ ശബരിമലയില്‍ എത്തിക്കുന്നു. ഭക്തരുടെ അകമ്പടിയോടെ പന്തളം കൊട്ടാരത്തില്‍ നിന്ന് ഘോഷയാത്രയായിട്ടാണ് കൊണ്ടുവരുന്നത്. പന്തളം രാജാവ് വളര്‍ത്തുമകനായ അയ്യപ്പന് കാഴ്ചവച്ച ആഭരണങ്ങളാണ് തിരുവാഭരണ പേടകത്തിലുള്ളത്. പന്തളരാജന്‍റെ വംശത്തിലുള്ളവരെത്തി എല്ലാ മകരോത്സവത്തിനും ഭഗവാന് തിരുവാഭരണം കാഴ്ച വയ്ക്കുന്നു. ഈ തിരുവാഭരണങ്ങള്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയേ മകരസംക്രമനാള്‍ ദീപാരാധന നടത്താറുള്ളൂ.

തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പം പമ്പയിലെത്തുന്ന രാജപ്രതിനിധി അവിടെ വിശ്രമിച്ച ശേഷം മൂന്നാം ദിവസമാണ് മലകയറി ദര്‍ശനം നടത്തുന്നത്. തിരുവാഭരണങ്ങള്‍ ചാര്‍ത്തിയാണ് സന്നിധാനത്ത് മകരസംക്രമദിനത്തിലെ ദീപാരാധന. മകരസംക്രമ പൂജയില്‍ അയ്യപ്പന് അഭിഷേകം ചെയ്യാനുളള നെയ്യ് തിരുവിതാംകൂര്‍ രാജാവിന്‍റെ സമര്‍പ്പണമാണ്. അതിനാല്‍ കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും കൊണ്ടുവരുന്ന നെയ്ത്തേങ്ങയിലെ  നെയ്യ് കൊണ്ടാണ് അയ്യപ്പന് മകരസംക്രമദിവസം അഭിഷേകം നടത്തുന്നത്.

തിരുവാഭരണം ചാര്‍ത്തി മഹാരാജാവായി ഭഗവാന്‍ ദര്‍ശനമരുളുന്ന അപൂര്‍വ്വ നിമിഷങ്ങളാണ് മകരസംക്രമദിനത്തിലേത്. സാധാരണഗതിയില്‍ മകരവിളക്ക് ദിവസം തിരുവാഭരണം ചാര്‍ത്തിയുള്ള സന്ധ്യാദീപാരാധനയ്ക്ക് മുന്‍പായിരിക്കും മകരസംക്രമ പുണ്യമുഹൂര്‍ത്തത്തിലെ പൂജ.

പന്തളം മഹാരാജാവ് ഭൂതനാഥനെ ദര്‍ശിച്ച സ്വര്‍ണ്ണാലയം ഇന്നത്തെ പൊന്നമ്പലമേട്ടിലാണ്. രാജാവിന് ദര്‍ശനം നല്‍കിയശേഷം ഭൂതനാഥ ഭഗവാന്‍ പരിവാരങ്ങളോടൊപ്പം മനുഷ്യദൃഷ്ടിക്ക് ഗോചരനാവാതെ അവിടെ നിത്യാധിവാസം ചെയ്യുന്നു. ദേവകളും മഹര്‍ഷിമാരും നിത്യവും അവിടെ ഭഗവാനെ സേവിക്കുന്നു.

ഭൂതനാഥന്‍ അദൃശ്യ സാന്നിധ്യം ചെയ്യുന്ന പൊന്നമ്പലമേട്ടില്‍ ഗിരിവര്‍ഗ്ഗജനങ്ങള്‍ ഭഗവാനെ മകരസംക്രമദിനത്തില്‍ സന്ധ്യാസമയത്ത് ആരാധിച്ചിരുന്നു. അതിന്‍റെ സ്മരണകള്‍ നിലനിര്‍ത്തി ശബരിമലയില്‍ ദീപാരാധനയ്ക്ക് നട തുറന്ന് ഭഗവാന് നേരെ അല്‍പ്പം തെക്കോട്ട് നീങ്ങിയാണ് മകരജ്യോതി പ്രത്യക്ഷപ്പെടുന്നത്. പൊന്നമ്പലമേട്ടില്‍ സിംഹാസനസ്ഥനായിരിക്കുന്ന ശ്രീധര്‍മ്മശാസ്താവിനെ മകരസംക്രമദിനത്തില്‍ ദേവകള്‍ പൂജിക്കുന്നു. അതാണ് മകരജ്യോതി എന്നാണ് വിശ്വാസം.  ഈ സമയത്ത് പൊന്നമ്പലമേടിന് മുകളിലായി ശോഭ പരത്തി മകരനക്ഷത്രം ഉദിച്ചുനില്‍ക്കും. മകരവിളക്കിനെത്തുന്ന ഭക്തജനലക്ഷങ്ങള്‍ ഈ ദീപത്തേയും നക്ഷത്രത്തേയും തിരുവാഭരണ ഭൂഷിതനായ ഭഗവാനേയും വന്ദിച്ച് കൃതാര്‍ത്ഥരാകുന്നു. പൊന്നമ്പലമേട്ടില്‍ ദേവകളും ഋഷിമാരും ശബരിമലയില്‍ ഭക്തരും ഒരേസമയം ഭഗവാനെ ആരാധിക്കുന്നുയെന്നതാണ് മകരവിളക്കിന്‍റെ പ്രത്യേകത.

ധ്വജപ്രതിഷ്ഠയും കൊടിയേറി ഉത്സവവും ഇല്ലാതിരുന്ന കാലത്ത് മകരസംക്രമം മുതലുള്ള ഏഴുദിവസങ്ങളാണ് ശബരിമലയില്‍ ഉത്സവമായി ആഘോഷിച്ചിരുന്നത്. മകരവിളക്ക് കഴിഞ്ഞാല്‍ നാലുദിവസം മാളികപ്പുറത്തമ്മയുടെ എഴുന്നെള്ളിപ്പുണ്ട്. മൂന്നുദിവസം പതിനെട്ടാംപടി വരേയും അവസാനദിവസം ശരംകുത്തിയിലേയ്ക്കും. മാളികപ്പുറത്ത് വിശ്രമിക്കുന്ന രാജപ്രതിനിധിയുടെ വഴിപാടായി കളഭാഭിഷേകവും മാളികപ്പുറത്ത് മലദൈവങ്ങള്‍ക്കായി കുരുതിയും നടക്കും. ഇതിനെല്ലാം അനുമതി നല്‍കുന്നതും സാന്നിധ്യം വഹിക്കുന്നതും രാജപ്രതിനിധിയാണ്.

18 ന് രാവിലെ മണ്ഡലം-മകരവിളക്ക് കാലത്തെ അവസാന നെയ്യഭിഷേകം  നടക്കും. തീര്‍ത്ഥാടനകാലത്തെ അവസാന നെയ്യഭിഷേകം പൂര്‍ത്തിയാക്കി ശ്രീകോവിലും തിരുമുറ്റവും കഴുകി വൃത്തിയാക്കി കഴിയുമ്പോഴേക്കും വാളും പരിചയുമേന്തിയ അംഗരക്ഷകന്‍റെ അകമ്പടിയില്‍ രാജപ്രതിനിധി എത്തുന്നതോടെ കളഭപ്രദക്ഷിണത്തിനുള്ള മേളം മുഴങ്ങും. മേല്‍ശാന്തി ബ്രഹ്മകലശം എടുത്ത് തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ ശരണകീര്‍ത്തനങ്ങളുടെ അകമ്പടിയോടെ അയ്യപ്പവിഗ്രഹത്തില്‍ കളഭാഭിഷേകം നടത്തും.

മകരം ഒന്നുമുതലുളള ദിവസങ്ങളില്‍ നടക്കുന്ന വിളക്ക് കണ്ടുതൊഴുതായിരുന്നു ഭക്തര്‍ മലയിറങ്ങിയിരുന്നത്. വിശേഷാല്‍ ചടങ്ങുകളും മാളികപ്പുറത്തമ്മയുടെ എഴുന്നെള്ളത്തും എല്ലാം ചേര്‍ന്ന സവിശേഷ ദിനങ്ങളെയാണ് സാമാന്യമായി മകരവിളക്ക് എന്ന് വിവക്ഷിച്ചിരുന്നത്.

തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് മാളികപ്പുറത്ത് ജനുവരി 19-ാം തീയതി രാത്രി ഗുരുതി നടക്കും. തീര്‍ത്ഥാടകര്‍ക്ക് രാത്രി 9 വരെ മാത്രമാണ് ദര്‍ശനം. വൈകിട്ട് നാലിന് മുമ്പ് നിലക്കലില്‍ എത്തുന്നവരെ മാത്രമാണ് പമ്പയിലേക്ക് കടത്തിവിടുക. വൈകിട്ട് അഞ്ചിനുശേഷം പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പ്രവേശനമില്ല. രാത്രി 9 ന് അത്താഴപൂജ കഴിഞ്ഞ് ഹരിവരാസനം പാടി നടയടച്ചശേഷം മാളികപ്പുറത്തെ മണിമണ്ഡപത്തിന് മുന്‍പില്‍ കുരുതി നടക്കും. 20 ന് പുലര്‍ച്ചെ 5 ന് നട തുറന്ന് രാജപ്രതിനിധിയുടെ ദര്‍ശനത്തിനായി അയ്യപ്പനെ ഒരുക്കും. മടക്കഘോഷയാത്രക്കായി തിരുവാഭരണ പേടകങ്ങള്‍ ശിരസ്സിലാക്കി പതിനെട്ടാംപടി ഇറങ്ങിയശേഷമാണ് രാജപ്രതിനിധി ദര്‍ശനത്തിനെത്തുക.

അയ്യപ്പനും രാജാവും മാത്രം സന്നിധാനത്തുള്ള സമയമാണ് ഇത്. ദര്‍ശനം കഴിഞ്ഞ് നടയടച്ചശേഷമാണ് അദ്ദേഹം പടിയിറങ്ങുന്നത്.

ദര്‍ശനം കഴിഞ്ഞാലുടന്‍ മേല്‍ശാന്തി അയ്യപ്പനെ ഭസ്മാഭിഷേകം നടത്തി ധ്യാനനിരതനാക്കി ഹരിവരാസനം ചൊല്ലി 6.30 ന് നട അടയ്ക്കും. ഇതോടുകൂടി ഈ വര്‍ഷത്തെ മണ്ഡലം- മകരവിളക്കുത്സവത്തിന് സമാപനം കുറിക്കും.