ഭാരതത്തിലെ ഏക ശകുനി ക്ഷേത്രം
ശകുനിയെ ഇഷ്ടദേവനായി ആരാധിക്കപ്പെടുന്ന ഭാരതത്തിലെ ഏകക്ഷേത്രം കൊട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരം മായംകോട്ട് മലഞ്ചാവര് ദേവസ്വത്തിന്റേതാണ്. മറ്റ് ക്ഷേത്രങ്ങളിലേതുപോലെ ഈ ക്ഷേത്രത്തില്‍ പൂജ നടത്താറില്ല. എന്നാല്‍ ഭക്തര്‍ ശകുനിക്ക് കള്ള്, പട്ട്, ഇളനീര് എന്നിവ കാണിക്കയായി നല്‍കാറുണ്ട്. ഇവിടത്തെ കുറവര്‍ എന്ന സമുദായമാണ് ശകുനിയെ ആരാധിക്കുന്നത്. ശകുനി ഒരു ദുഷ്ട കഥാപാത്രമല്ലെന്നാണ് ഇവരുടെ വിശ്വാസം.
കൗരവമാതുലന് ശകുനി
ശകുനിയെ ഇഷ്ടദേവനായി ആരാധിക്കപ്പെടുന്ന ഭാരതത്തിലെ ഏകക്ഷേത്രം കൊട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരം മായംകോട്ട് മലഞ്ചാവര് ദേവസ്വത്തിന്റേതാണ്. കൗരവരെ കാത്തതുപോലെ ശകുനി ഇവിടെ നാട്ടുകാരെയും കാക്കുന്നതായി തലമുറ തലമുറയായി വിശ്വസിച്ചുപോരുന്നു. ഈ സ്ഥലത്തുവച്ചാണ് ഗാന്ധാരരാജ്യത്തിലെ രാജകുമാരനായ ശകുനി പരമശിവനില്‍ നിന്നും മോക്ഷം നേടിയതെന്നാണ് വിശ്വാസം. ഈ ക്ഷേത്രത്തിനകത്തായി വലിയ ഒരു കരിങ്കല്ല് കാണാം. ഈ കരിങ്കല്ലില്‍ തപസ്സിരുന്നാണ് ശകുനി ശിവനെ പ്രസാദിപ്പിച്ചെന്നാണ് വിശ്വസിക്കുന്നത്.
ശകുനിക്ക് ചെറുപ്പത്തിലേതന്നെ തന്റെ മാതാപിതാക്കളേയും രാജ്യവും നഷ്ടപ്പെട്ടതാണ്. മാത്രമല്ല, ശകുനിയുടെ സഹോദരി ഗാന്ധാരിക്ക് ധൃതരാഷ്ട്രര്‍ എന്ന അന്ധനായ രാജാവിനെ വിവാഹം കഴിക്കേണ്ടിയും വന്നു. ഗാന്ധാരിക്കുണ്ടായ പുത്രന്മാരില് കൗരവരെ പാണ്ഡവര്‍ക്കെതിരെ ധൈര്യം വളര്‍ത്തി യുദ്ധത്തിന് തയ്യാറാക്കിയതും അമ്മാവനായ ശകുനിയാണ്. മഹാഭാരതത്തിന്റെ ഏറ്റവും ദുഷ്ടകഥാപാത്രമാണ് ശകുനി.
കുടിലബുദ്ധിക്കാരനായ ശകുനിയാണ് മഹാഭാരത യുദ്ധത്തിന്റെ പ്രധാന കാരണക്കാരന്‍.
പകുത്തേശ്വരം പവിത്രേശ്വരമായ കഥ
പാണ്ഡവരും കൗരവരും കൂടി ഭരതവര്‍ഷം ചുറ്റിക്കാണുന്നതിനായി യാത്രതിരിച്ചു. ദക്ഷിണഭാരതത്തിലെത്തിച്ചേര്ന്ന അവര്‍ പ്രകൃതിരമണീയമായ ഒരു സ്ഥലം കാണുകയും അവിടെ വിശ്രമിക്കുകയും ചെയ്തു. വിശ്രമവേളയില്‍ ശകുനി ഈ സ്ഥലത്തുവച്ച് കുറെയധികം ശരങ്ങള്‍ ഉണ്ടാക്കുകയും അത് കൗരവര്‍ക്കും പാണ്ഡവര്‍ക്കുമായി പകുത്തുനല്കുകയും ചെയ്തു. ശരം കിട്ടിയ സന്തോഷത്തില്‍ അവര്‍ 'പകുത്തെ ശരം' 'പകുത്തെ ശരം' എന്നുച്ചത്തില്‍ വിളിച്ചുപറയുകയും ചെയ്തു. കാലക്രമേണ 'പകുത്തെ ശരം' ലോപിച്ച് പവിത്രേശ്വരം ആയതാണെന്നും തലമുറകളായി വിശ്വസിച്ചുപോരുന്നു.
മഹാഭാരതയുദ്ധാവസാനം ശകുനി സഹദേവന്റെ കരങ്ങളാല്‍ വധിക്കപ്പെടുകയും അദ്ദേഹത്തിന്റെ ആത്മീയാംശം പണ്ട് ശരങ്ങള്‍ പകുത്ത് നല്കിയ അതേ മലമുകളില്‍ എത്തുകയും ചെയ്തു. അനേക വര്‍ഷങ്ങള്‍ക്കുശേഷം കാട്ടുജാതിക്കാരിയായ ഒരു സ്ത്രീ കിഴങ്ങുകള്‍ ശേഖരിക്കാനായി ഇവിടെ എത്തിയപ്പോള്‍ തന്റെ അരിവാള്‍ മൂര്‍ച്ച കൂട്ടാന്‍ ഒരു ശിലയില്‍ ഉരയ്ക്കുകയും തുടര്‍ന്ന് ആ ശിലയില്‍ നിന്നും രക്തപ്രവാഹം ഉണ്ടാക്കുകയും ചെയ്തു. അപ്പോള്‍ തേജസ്വിനിയായി തീര്‍ന്ന ആ സ്ത്രീ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുവത്രേ, 'ഞാന്‍ കൗരവ മാതുലനായ ശകുനിയാണ്. മഹാദേവനെ കൊടുംതപം ചെയ്ത് ഇവിടെ കുടിയിരിക്കുന്നു. എന്നെ ആരാധിക്കുന്നവരില്‍ ഞാന്‍ സംപ്രീതന്‍ ആണ്. ഇത്രയും പറഞ്ഞശേഷം ആ സ്ത്രീ ബോധരഹിതയായി നിലം പതിച്ചുവെന്നാണ് ഐതിഹ്യം.
കരിങ്കല്ലില്‍ വരച്ച ശകുനിയുടെ ചിത്രത്തെയാണ് പണ്ട് ഇവിടെ ആരാധിച്ചിരുന്നത്. ദേവപ്രശ്നവിധിപ്രകാരം മൂന്നരപതിറ്റാണ്ട് മുമ്പ് കൃഷ്ണശിലയില്‍ കൊത്തിയ പരമശിവനെ ധ്യാനിക്കുന്ന ശകുനിയുടെ രൂപമാക്കി.
ചുറ്റമ്പലമില്ലാത്ത ക്ഷേത്രത്തില്‍ നാഗരാജാവ്, നാഗയക്ഷി, ഭുവനേശ്വരി, ബ്രഹ്മരക്ഷസ്സ്, മൂര്‍ത്തി, കിരാതമൂര്‍ത്തി എന്നീ ഉപദേവതകളുണ്ട്. മറ്റ് ക്ഷേത്രങ്ങളിലേതുപോലെ ഈ ക്ഷേത്രത്തില്‍ പൂജ നടത്താറില്ല. എന്നാല്‍ ഭക്തര്‍ ശകുനിക്ക് കള്ള്, പട്ട്, ഇളനീര് എന്നിവ കാണിക്കയായി നല്‍കാറുണ്ട്. ഇവിടത്തെ കുറവര്‍ എന്ന സമുദായമാണ് ശകുനിയെ ആരാധിക്കുന്നത്. ശകുനി ഒരു ദുഷ്ട കഥാപാത്രമല്ലെന്നാണ് ഇവരുടെ വിശ്വാസം.
നിവേദ്യം കള്ളും മദ്യവും
പണ്ട് മല അപ്പൂപ്പന് കള്ള് നിവേദ്യമായി നല്‍കിയിരുന്നു.
ദേശപ്രശ്നവിധിപ്രകാരം ഇപ്പോള്‍ ഉപദേവതയായ മൂര്‍ത്തി വഴിയാണ് കള്ളും വിദേശമദ്യവും പൂജിച്ചുനല്കുന്നത്. കള്ള്, മദ്യം, ചക്കര, തീവെട്ടി, പട്ട്, മുറുക്കാന്‍, കാര്‍ഷിക വിഭവങ്ങള്‍, കോഴി, ആട്, കറുത്ത പട്ട് എന്നിവയെല്ലാം നേര്‍ച്ചയായി ഭക്തര്‍ ശകുനി ദേവന് സമര്‍പ്പിക്കാറുണ്ട്. ഇഷ്ടപ്പെട്ട നിവേദ്യം കരിക്ക് അഭിഷേകമാണ്. മകരമാസത്തിലെ ഉച്ചാരനാളിലാണ് ഉത്സവം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഭക്തര്‍ എത്തുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ളവരാണ് കൂടുതല്‍. ശബരിമല സീസണില്‍ അയ്യപ്പന്മാരുടെ ഒരു ഇടത്താവളം തന്നെയാണിവിടം. കുറവ സമുദായക്കാരാണിവിടത്തെ പൂജാരികള്‍. പണ്ട് ശകുനിയെ ആരാധിച്ചുതുടങ്ങിയത് കുറവ സമുദായക്കാരായതിനാല്‍ ക്ഷേത്രത്തിലെ ഊരാളിയും സഹായികളായ പിണിയാളുകളും ഈ സമുദായംഗങ്ങളാണ്. ജി.കെ. തുളസിയാണ് ഇപ്പോഴത്തെ മുഖ്യ ഊരാളി. എസ്. ബാലന്, കെ. മുരളി, എസ്. മധു എന്നിവരാണ് പിണിയാളുകള്‍. വിവിധ സമുദായങ്ങളില്‍പ്പെട്ട 33 അംഗഭരണസമിതിയാണ് ക്ഷേത്രഭരണം നടത്തുന്നത്. ഇതില്‍ 11 പേര് വനിതകളാണ്. എട്ട് ജീവനക്കാരും ക്ഷേത്രത്തിലുണ്ട്. എല്ലാ ഞായറാഴ്ചകളിലും മലയാള മാസം ഒന്നാം തീയതിയും ശനിയാഴ്ചയും മഹാഭാരതം വായനയുമുണ്ട്. സിംഹാസനാരൂഢനായി ശകുനിദേവന് മായംകോട്ടു മലനടയില്‍ ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞു കുടികൊള്ളുന്നു.
ചവറ സുരേന്ദ്രന്‍പിള്ള,
(9387918756)
