വെള്ളിത്തിരയിലെ അയ്യപ്പകഥകള്‍

വെള്ളിത്തിരയിലെ അയ്യപ്പകഥകള്‍

HIGHLIGHTS

അയ്യപ്പചരിതം വാഴ്ത്തിപ്പാടിയ സിനിമകളിലൂടെ...

 

അയ്യപ്പചരിതം വാഴ്ത്തിപ്പാടിയ സിനിമകളിലൂടെ...

ശബരിമല സ്വാമി അയ്യപ്പന്‍ (1990 മാര്‍ച്ച് 18)

1990 ല്‍ കന്നഡയില്‍ രേണുക ശര്‍മ്മ സംവിധാനം ചെയ്ത സിനിമയാണിത്. നിര്‍മ്മാണം സുബ്രഹ്മണ്യകുമാര്‍, വി. സ്വാമിനാഥന്‍. ശ്രീനിവാസ് മൂര്‍ത്തി, ഗീത, മാസ്റ്റര്‍ സഞ്ജയ് എന്നിവരാണ് ഇതില്‍ വേഷമിട്ടത്. ഇതേപേരില്‍ മലയാളത്തിലും ڇമണികണ്ഠന്‍' എന്ന പേരില്‍ മൊഴിമാറ്റം നടത്തി പുറത്തിറക്കിയിരുന്നു. മലയാളത്തില്‍ ശബരിമല സ്വാമി അയ്യപ്പന് വേണ്ടി സംഭാഷണം എഴുതിയത് ശ്രീകുമാരന്‍ തമ്പിയാണ്.  വി.എസ്.എന്‍ പ്രൊഡക്ഷന്‍ കമ്പനിയാണ് സിനിമ പുറത്തിറക്കിയത്. മാസ്റ്റര്‍ സഞ്ജയ് അയ്യപ്പനായും, പന്തളം രാജാവായി ശ്രീനിവാസമൂര്‍ത്തിയും വേഷമിട്ടു. ഗീത(പന്തളം രാജ്ഞി), ലളിത(മഹിഷി), സുധാറാണി(പാര്‍വ്വതി ദേവി), ശ്രീധര്‍(ശിവന്‍) ശിവകുമാര്‍(ഇന്ദ്രന്‍) ഉമേഷ്(നാരദന്‍). 

കെ.വി. മഹാദേവന്‍ ചിത്രത്തിനായി സംഗീതം ഒരുക്കി. 8 ഗാനങ്ങള്‍ സിനിമയില്‍ ഉണ്ടായിരുന്നു. ശ്രീകുമാരന്‍തമ്പിയാണ് സിനിമയുടെ മലയാളഗാനങ്ങള്‍ രചിച്ചത്. ബി.ആര്‍. ഛായ, യേശുദാസ്, മഞ്ജുള ഗുരുരാജ്, എസ്.പി. ബാലസുബ്രഹ്മണ്യം എന്നിവര്‍ ഗായകരായി ബി.ആര്‍. ഛായ പാടിയ 'ദൈവം നീയേ അയ്യപ്പ'എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

സ്വാമി അയ്യപ്പന്‍ (1975 ഓഗസ്റ്റ് 17)

സംവിധാനവും നിര്‍മ്മാണവും. മെരിലാന്‍റ് പി. സുബ്രഹ്മണ്യം സിനിമയ്ക്കായി കഥയും, തിരക്കഥയും എഴുതിയത് ശ്രീകുമാരന്‍ തമ്പി. ജെമിനി ഗണേശന്‍, തിക്കുറിശ്ശി, മാസ്റ്റര്‍ രഘു, കെ. ബാലാജി, ശ്രീവിദ്യ, ഉണ്ണിമേരി, റാണിചന്ദ്ര എന്നിവരാണ് അഭിനയിച്ചത്. പ്രശസ്തമായ ഹരിവരാസനം വിശ്വമോഹനം എന്ന ഗാനം ആദ്യമായി ലോകം കേള്‍ക്കുന്നത് ഈ സിനിമയിലാണ്. 1975 ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്ക്കാരം നേടിയ സിനിമയാണിത്. ദേവരാജന്‍റെ മാസ്റ്റരുടേതായിരുന്നു സംഗീതം. വയലാറും ശ്രീകുമാരന്‍ തമ്പിയുമായിരുന്നു ഗാനരചന. യേശുദാസ്, പി.ലീല, പി. മാധുരി, അമ്പിളി, റ്റി.എം. സൗന്ദര്‍രാജന്‍, പി. ജയചന്ദ്രന്‍ എന്നിവരായിരുന്നു ഗായകര്‍.

മണ്ണിലും വിണ്ണിലും....

പാലാഴി കടഞ്ഞെഴുത്തൊരഴകാണ്....

തേടിവരും കണ്ണുകളില്‍....

സ്വാമിശരണം ശരണം പൊന്നയ്യപ്പാ....

ഹരിവരാസനം....

എന്നീ ഗാനങ്ങള്‍ അനശ്വരഗാനങ്ങളായി ഇന്നും മുഴങ്ങിക്കൊണ്ടിരിക്കുന്നു.
സ്വാമി അയ്യപ്പന്‍ എന്ന പേരില്‍ തമിഴിലും സിനിമ മൊഴിമാറ്റം നടത്തി തമിഴ്നാട്ടില്‍ പ്രദര്‍ശിപ്പിച്ചു. അവിടേയും സിനിമ വന്‍ഹിറ്റ്. സിനിമയുടെ ലാഭവിഹിതമാണ് പമ്പയില്‍ നിന്ന് സന്നിധാനത്തേയ്ക്ക് പോകുന്ന സ്വാമിഅയ്യപ്പന്‍ റോഡിന്‍റെ നിര്‍മ്മാണത്തിനായി സുബ്രഹ്മണ്യം മുതലാളി ഉപയോഗിച്ചത്.

ശ്രീ അയ്യപ്പനും വാവരും 1982 ഒക്ടോബര്‍ 28

എന്‍.പി. സുരേഷ് സംവിധാനം ചെയ്ത്, പുരുഷന്‍ ആലപ്പുഴ നിര്‍മ്മിച്ച ചിത്രമാണിത്. രചന, തിരക്കഥയും പുരുഷന്‍ ആലപ്പുഴയുടേതാണ്. സംഭാഷണം ആലപ്പുഴ കാര്‍ത്തികേയന്‍ നിര്‍വ്വഹിച്ചു. പ്രേംനസീര്‍, ശ്രീവിദ്യ, എം.ജി. സോമന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. എ.ടി. ഉമ്മറുടെ സംഗീതം. പൂവച്ചല്‍ ഖാദര്‍ രചിച്ച വരികള്‍. യേശുദാസ്, ജാനകി, അമ്പിളി എന്നിവര്‍ ആലപിച്ച 15 ഗാനങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. കടുത്തയായി മോഹന്‍ലാലും ഈ ചിത്രത്തിലുണ്ട്. അയ്യപ്പനായി എസ്. ബാബുവും, വാവരായി പ്രേംനസീറും പന്തളം രാജാവായി എം.ജി. സോമനും വേഷമിട്ടു. കാളിയപ്പനായി കൊച്ചിന്‍ ഹനീഫയും വേഷമിട്ടു.

വിജയവാഹിനി സ്റ്റുഡിയോ, പ്രസാദ് സ്റ്റുഡിയോ, ചിത്രമഹല്‍ സ്റ്റുഡിയോ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ മിക്കഭാഗങ്ങളും ചിത്രീകരിച്ചത്. 
ശബരിമലയിലും സിനിമയ്ക്കായി ചിത്രീകരണം നടന്നു.

യേശുദാസ് പാടിയ 'ഈശ്വര ജഗദീശ്വര' എന്ന ഗാനം ഏറെ ശ്രദ്ധേയമായി.
കൂര്‍ക്കഞ്ചേരി സുഗതന്‍ രചിച്ച 'ശരണം വിളിയുടെ...' എന്ന ഗാനവും ഹിറ്റായിരുന്നു.

ശബരിമലയില്‍ തങ്ക സൂര്യോദയം

കണ്ണന്‍ ശങ്കര്‍ സംവിധാനം ചെയ്ത് കുപ്പുസ്വാമി നിര്‍മ്മിച്ച സിനിമയാണിത്. മധു, ജയപ്രദ, അംബിക, ശാന്തികൃഷ്ണ, പൂജപ്പുര രവി, സുകുമാരി, കവിയൂര്‍ പൊന്നമ്മ, ശ്രീനാഥ്, ശ്രീവിദ്യ, ജഗതി, പ്രേംകുമാര്‍ എന്നിവര്‍ വേഷമിട്ടു. ശബരിമല അധിപനായ അയ്യപ്പനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. മറ്റ് ഭാഷകളില്‍ നിന്ന് മൊഴിമാറ്റം നടത്തിയ ഭാഗങ്ങള്‍ കൂടി സിനിമയില്‍ കാണിക്കുന്നുണ്ട്. എം.എസ്. വിശ്വനാഥനായിരുന്നു സംഗീതസംവിധാനം. ശ്രീകുമാരന്‍ തമ്പി ഗാനരചന നിര്‍വ്വഹിച്ചു. കെടാമംഗലം സദാനന്ദന്‍ സിനിമയ്ക്ക് സംഭാഷണം എഴുതി. മികച്ച ഗാനങ്ങളായിരുന്നു ചിത്രത്തിന്‍റെ പ്രത്യേകതകള്‍. യേശുദാസും, ചിത്രയും ചിത്രത്തിന് ഗാനങ്ങള്‍ ആലപിച്ചു.

ശരണാഗതന്‍ നിന്‍ പാദത്തില്‍.... (യേശുദാസ്)

ഹരിവരാസനം സ്വാമി...(യേശുദാസ്)

മണികണ്ഠ മഹിമകള്‍....(യേശുദാസ്)

ചന്ദനം, കുങ്കുമം സര്‍വ്വതും സംഗമം(യേശുദാസ്)

ശക്തിപാഹിമാം...(കെ.എസ്. ചിത്ര)

എന്നീ ഗാനങ്ങള്‍ മികച്ച നിലവാരമുള്ള ഗാനങ്ങളായിരുന്നത്രേ.

തത്ത്വമസി (2010 ജനുവരി 30)

വിശ്വചൈതന്യ സംവിധാനം ചെയ്ത് പ്രതീഷ്, രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സിനിമയാണ് തത്ത്വമസി. വിനീത്, ലക്ഷ്മിഗോപാലസ്വാമി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി. വിശ്വചൈതന്യയും, മാടമ്പ് കുഞ്ഞിക്കുട്ടനും ചേര്‍ന്ന് തിരക്കഥ സംഭാഷണം ഒരുക്കി. കൈതപ്രം, ചന്ദ്രന്‍നായര്‍ എന്നിവര്‍ ഗാനരചന നിര്‍വ്വഹിച്ചു. രമേഷ് നാരായണനും, റ്റി.എസ്. രാധാകൃഷ്ണനും, കാവാലം ശ്രീകുമാറും സിനിമയ്ക്ക് സംഗീതം നല്‍കി.

നിരീശ്വരവാദിയായ രമേശ് എന്ന പോലീസുകാരന്‍ ഈശ്വരവാദിയായി മാറ്റപ്പെടുന്ന കഥയാണ് സിനിമയുടേത്. പ്രശസ്ത സംവിധായകന്‍ രാജസേനനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

യേശുദാസ്, കെ.എസ്. ചിത്ര, കാവാലം ശ്രീകുമാര്‍, മധുബാലകൃഷ്ണന്‍, പി. ജയചന്ദ്രന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.

മാളികപ്പുറം(2022 ഡിസംബര്‍ 30)

വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത് ആന്‍റോ ജോസഫ്, വേണു കുന്നപ്പള്ളി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ആക്ഷന്‍ അഡ്വഞ്ചര്‍ ഡ്രാമാ ചിത്രമാണ് മാളികപ്പുറം. സിനിമാതീയേറ്ററുകളെ പൂരപ്പറമ്പാക്കിയ ചിത്രമാണിത്. ഉണ്ണിമുകുന്ദന്‍ നായകനായ ചിത്രത്തില്‍ ആല്‍ഫി പഞ്ഞിക്കാരന്‍, ദേവനന്ദ, ശ്രീപദ് എന്നിവര്‍ക്കൊപ്പം സമ്പത്ത് റാം, സൈജുക്കുറുപ്പ്, ടി.ജി. രവി, മനോജ് കെ. ജയന്‍ എന്നിവരും വേഷമിട്ടു.

അയ്യപ്പഭക്തയായ കല്ലു എന്ന 8 വയസ്സുകാരിയുടെ അയ്യപ്പഭക്തിയും അവളുടെ ശബരിമല ദര്‍ശനാഗ്രഹവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം.

കോന്നി, കല്ലേലി, എരുമേലി, പമ്പ, ശബരിമല സന്നിധാനം എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്‍റെ ചിത്രീകരണം. അഭിലാഷ് പിള്ളയുടേതായിരുന്നു കഥ. രഞ്ജിന്‍രാജ് സംഗീതം ചെയ്ത ഗാനങ്ങള്‍ ഹിറ്റായി.

സി.പി.ഒ അയ്യപ്പദാസായി ഉണ്ണിമുകുന്ദനും കല്ലു എന്ന കഥാപാത്രത്തെ ദേവനന്ദയും സി.ഐ ഹനീഫയായി മനോജ് കെ. ജയനും വേഷമിട്ടു. സന്തോഷ് വര്‍മ്മയും ബി.കെ. ഹരിനാരായണനുമാണ് മാളികപ്പുറത്തിന്‍റെ ഗാനരചയിതാക്കള്‍. രഞ്ജിന്‍രാജ് സംഗീതസംവിധായകനും, ഗായകനുമായി.

നങ്ങേലി പൂവേ കുന്നോളം ദൂരേ...(രഞ്ജിന്‍രാജ്)

ഭൂതനാഥ സദാനന്ദ സര്‍വ്വഭൂത ദയാപരാ...(രഞ്ജിന്‍രാജ്)

ഗണപതി തുണയരുളുക...(ആന്‍റണിദാസന്‍, മധുബാലകൃഷ്ണന്‍)

ഒന്നാം പടി(വിനീത് ശ്രീനിവാസന്‍)

തുടങ്ങിയ ഗാനങ്ങള്‍ ശ്രദ്ധേയമായി.

ഹരിവരാസനം വിശ്വമോഹനം എന്ന പ്രശസ്തഗാനം പ്രകാശ് പുത്തൂര്‍ എന്ന ഗായകന്‍റെ ശബ്ദത്തിലും സിനിമയിലുണ്ട്. ചിത്രത്തിന്‍റെ വിതരണാവകാശം ഗീത ആര്‍ട്സിനാണ്. തമിഴ്, തെലുഗു ഭാഷകളിലും 'മാളികപ്പുറം' സംസാരിച്ചു.

3.5 കോടി രൂപയാണ് ചിത്ര നിര്‍മ്മാണത്തിനായി ചെലവായത്. 100 കോടി ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയ ചിത്രമാണിത്.

2022 ലെ കേരള ഫിലിം ക്രിട്ടിക്സ് പുരസ്ക്കാരം, മികച്ച ബാലതാരങ്ങള്‍ക്കുള്ള പുരസ്ക്കാരം ശ്രീപദും ദേവനന്ദയും നേടി.