ദേവിയുടെ കല്‍പ്പന ജന്മനിയോഗമായത് മാറി

ദേവിയുടെ കല്‍പ്പന; ജന്മനിയോഗമായത് മാറി

HIGHLIGHTS

'ശബരിമല അയ്യപ്പസ്വാമിക്ക് മുന്നിലോ, ലോകമാതാവ് മാളികപ്പുറത്തമ്മയ്ക്ക് മുന്നിലോ ഒരുനേരമെങ്കിലും പൂജകഴിക്കാന്‍ കഴിയണേയെന്ന പ്രാര്‍ത്ഥന പൂജാദികര്‍മ്മങ്ങള്‍ പഠിച്ച ഏതൊരു ബ്രാഹ്മണന്‍റേയും ഉള്ളിലുണ്ടായിരിക്കും. ആ മഹാഭാഗ്യമാണിപ്പോള്‍ എന്നെ തേടിയെത്തിയിരിക്കുന്നത്.  ഇതില്‍പ്പരം ഈ ജീവിതത്തില്‍ എന്ത് അനുഗ്രഹമാണ് എനിക്ക് കിട്ടേണ്ടത്.  ഗുരുകാരണവര്‍മാരുടേയും ഇല്ലത്തെ പരദേവതമാരുടേയും, ഞാന്‍ പൂജകഴിച്ച എല്ലാ ക്ഷേത്രങ്ങളിലേയും ദേവീദേവന്മാരുടെയും അനുഗ്രഹം കൊണ്ടാണ് ഇതെല്ലാം സാധിച്ചത്. ആ കൃപാകടാക്ഷമോര്‍ക്കുമ്പോള്‍ അത്യധികം സന്തോഷം എന്നല്ലാതെ മറ്റെന്താണ് ഞാന്‍ പറയേണ്ടത്....' ആനന്ദാതിരേകത്താല്‍ നിറഞ്ഞൊഴുകിയ കണ്ണുകള്‍ തുടച്ചുകൊണ്ട്, നിയുക്ത മാളികപ്പുറം മേല്‍ശാന്തി കോഴിക്കോട് തിരുമംഗലം ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരി 'ജ്യോതിഷരത്ന'ത്തോട് സംസാരിക്കുകയായിരുന്നു.

ഗുരുകാരണവര്‍മാരുടേയും ഇല്ലത്തെ പരദേവതമാരുടേയും, ഞാന്‍ പൂജകഴിച്ച എല്ലാ ക്ഷേത്രങ്ങളിലേയും ദേവീദേവന്മാരുടെയും അനുഗ്രഹം കൊണ്ടാണ് ഇതെല്ലാം സാധിച്ചത്. ആ കൃപാകടാക്ഷമോര്‍ക്കുമ്പോള്‍ അത്യധികം സന്തോഷം എന്നല്ലാതെ മറ്റെന്താണ് ഞാന്‍ പറയേണ്ടത്....'

ആനന്ദാതിരേകത്താല്‍ നിറഞ്ഞൊഴുകിയ കണ്ണുകള്‍ തുടച്ചുകൊണ്ട്, നിയുക്ത മാളികപ്പുറം മേല്‍ശാന്തി കോഴിക്കോട് തിരുമംഗലം ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരി 'ജ്യോതിഷരത്ന'ത്തോട് സംസാരിക്കുകയായിരുന്നു.

2012 മുതല്‍ ഞാന്‍ അപേക്ഷ നല്‍കാറുണ്ടായിരുന്നു. പക്ഷേ, ഇപ്പോഴാണ് ആ ഭാഗ്യം എന്നെ ത്തേടിയെത്തിയത്. ക്ഷേത്രത്തില്‍ പൂജനടത്തിക്കൊണ്ടിരിക്കെയാണ് ഒരു ഉള്‍വിളിപോലെയൊരു തോന്നലുണ്ടായത്. അങ്ങനെയാണ് ഇക്കുറി വീണ്ടും അപേക്ഷയയച്ചത്. അത് അമ്മയുടെ കല്‍പ്പനയായിരുന്നുവെന്ന് ഇപ്പോഴാണ് ഞാന്‍ തിരിച്ചറിയുന്നത്.

മാങ്കാവ്, പടിഞ്ഞാറെ സാമൂതിരി കോവിലകത്തെ തൃശ്ശാല ഭഗവതി ക്ഷേത്രത്തില്‍, സാധാരണ രാവിലെത്തെ പൂജ കഴിഞ്ഞാല്‍, വേട്ടക്കരനും, സുബ്രഹ്മണ്യനും പ്രത്യേക പൂജയുണ്ട്. അതുകഴിഞ്ഞ് നിവേദ്യവുമായി വരുമ്പോഴാണ് തെരഞ്ഞെടുക്കപ്പെട്ട വിവരമറിയുന്നത്. ആ നിമിഷത്തെക്കുറിച്ച് എങ്ങനെ പറയണമെന്ന് ഇപ്പോഴും എനിക്കറിയില്ല. ക്ഷേത്രത്തില്‍ എന്നെ കാത്തിരുന്ന മാധ്യമ ക്യാമറകള്‍ക്ക് മുന്നില്‍, അറിയാതെ, ഞാന്‍ വിതുമ്പിപ്പോയതും അതുകൊണ്ട് തന്നെയാണ്...' ദേവീസ്മരണയില്‍ അഞ്ജലീബദ്ധനായി വാസുദേവന്‍ നമ്പൂതിരിയുടെ വാക്കുകള്‍.

പന്തീരാങ്കാവ് വിഷ്ണുക്ഷേത്രത്തില്‍, 12 വര്‍ഷം അദ്ദേഹം മേല്‍ശാന്തിയായിരുന്നു. പിന്നീട് ആറ് വര്‍ഷത്തോളം ചാലപ്പുറം ശ്രീകൃഷ്ണ ക്ഷേത്രത്തിലും, ശേഷം ഒളവണ്ണ പാലക്കുറുമ്പ ദേവീക്ഷേത്രത്തിലും അദ്ദേഹം ശാന്തി നടത്തി. തൃശ്ശാല ഭഗവതി ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി എത്തിയത് ഈ വാര്‍ത്തയെത്തുന്നതിന് പതിനേഴ് ദിവസം മുമ്പ് മാത്രമായിരുന്നു. പന്തീരാങ്കാവ് ക്ഷേത്രത്തില്‍ ദീര്‍ഘകാലം പൂജ നടത്തിയത്, തെരഞ്ഞെടുപ്പില്‍ അനുകൂലഘടകമായി മാറി. 12 വര്‍ഷം തുടര്‍ച്ചയായി മേല്‍ശാന്തിയായിരിക്കണമെന്നാണ് വ്യവസ്ഥ. തറവാട് ക്ഷേത്രമായ തിരുമംഗലം ലക്ഷ്മീനരസിംഹക്ഷേത്രത്തിലും ദീര്‍ഘകാലം പൂജ നടത്തിയിരുന്നു. ആ ദേവീദേവന്‍മാരുടെ അനുഗ്രഹമാണ് എനിക്കിപ്പോള്‍ മഹാസൗഭാഗ്യമായി മാറിയിരിക്കുന്നത്.

ദേവിയുടെ നിര്‍ദ്ദേശപ്രകാരമാണ് തൃശ്ശാല ഭഗവതി ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി ഞാന്‍ എത്തിയതെന്നാണ് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നത്. തൃശ്ശാല ക്ഷേത്രത്തിലെ മേല്‍ശാന്തി, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പൂജാരിയായി പോയപ്പോഴാണ്, ഒരു നിയോഗം പോലെ ഞാന്‍ 'തൃശ്ശാല'യിലെത്തുന്നത്. നവരാത്രികാലത്ത് അവിടെ നവകം, പഞ്ചഗവ്യംപോലെ സവിശേഷ പൂജകളാണുള്ളത്. അതെല്ലാം അത്യധികം പ്രാര്‍ത്ഥനാപൂര്‍വ്വം നടത്താന്‍ എനിക്ക് കഴിഞ്ഞു. സഹായികളായി മക്കള്‍ ജയദേവും, ദേവാനന്ദും എന്നോടൊപ്പമുണ്ടായിരുന്നു. അവിടെ ദേവിക്ക് പൂജ കഴിച്ചത് വെറും പതിനേഴ് നാള്‍.. അപ്പോഴേക്ക് എനിക്ക് വിളി വന്നു, ശബരിമലയില്‍ മാളികപ്പുറത്തമ്മയ്ക്ക് പൂജ കഴിക്കാനായി... നിയോഗമല്ലാതെ മറ്റെന്താണിത്...

പാരമ്പര്യമേകിയ കരുത്തില്‍

പൂജാദികര്‍മ്മങ്ങള്‍ ജീവിതവ്രതമായി അനുഷ്ഠിക്കുന്ന തറവാടാണ് തിരുമംഗലം ഇല്ലം. വല്യച്ഛന്‍ വാസുദേവന്‍ നമ്പൂതിരിയും, അച്ഛന്‍ നാരായണന്‍ നമ്പൂതിരിയും, ഇളയച്ഛന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുമൊക്കെ ശാന്തിയും പൂജാദികര്‍മ്മങ്ങളുമൊക്കെയാണ് നടത്തിവന്നിരുന്നത്. ആ പാതതന്നെയാണ് ഞാനും പിന്തുടര്‍ന്നത്.

എന്‍റെയും അനുജന്‍റെയും ഉപനയനം ഒരുമിച്ചാണ് നടന്നത്. സ്ക്കൂള്‍ അടച്ചപ്പോള്‍, അച്ഛന്‍ അമ്മയുടെ ഇല്ലത്ത് കൊണ്ടുചെന്നാക്കി, അവിടെ നിന്നും അമ്മാവന്‍മാരുടെ മക്കളാണ് പൂജയുടെ പ്രാഥമിക കാര്യങ്ങള്‍ പഠിപ്പിച്ച് തന്നത്. അമ്മയുടെ ജ്യേഷ്ഠത്തിയുടെ ഭര്‍ത്താവ് പൂക്കോട്ടൂര്‍ കക്കാട് സുബ്രഹ്മണ്യന്‍ നമ്പൂതിരിയില്‍ നിന്നാണ് പൂജാദികര്‍മ്മങ്ങളെക്കുറിച്ച് ആധികാരികമായി പഠിപ്പിച്ചത്. അദ്ദേഹത്തോടൊപ്പം താമസിച്ച്, അദ്ദേഹത്തിന്‍റെ പരികര്‍മ്മിയായി നിന്നാണ് എല്ലാകാര്യങ്ങളും ഞാന്‍ ഹൃദിസ്ഥമാക്കിയത്. ഇതിനിടയില്‍ മഞ്ചേരി എന്‍.എസ്.എസ് കോളേജില്‍ ചേര്‍ന്ന് പഠിക്കുകയും ചെയ്തു.

ശബരിമലയിലെ പൂജകളും ചിട്ടവട്ടങ്ങളും മറ്റ് ക്ഷേത്രങ്ങളെപ്പോലെയല്ല, അതിനെക്കുറിച്ച് ആധികാരികമായി പഠിക്കേണ്ടതുണ്ട്. ആലുവ തന്ത്രവിദ്യാപീഠത്തില്‍ നിന്ന് ദീര്‍ഘകാലം അഭ്യസനം കഴിച്ച കുറുവണ്ണൂര്‍ ഇടക്കാട് വാസുദേവന്‍ നമ്പൂതിരിയില്‍ നിന്നും,  ആവിധം കാര്യങ്ങള്‍ പഠിക്കാനും എനിക്ക് അവസരമുണ്ടായി.

ഇല്ലം വക മൂന്ന് ക്ഷേത്രങ്ങളാണുള്ളത്. തിരുമംഗലം ലക്ഷ്മീനരസിംഹമൂര്‍ത്തി ക്ഷേത്രം, പാലകുറുമ്പ ദേവീക്ഷേത്രം, കുന്നത്ത് അയ്യപ്പന്‍കാവ്. ഈ ക്ഷേത്രങ്ങളിലെ അനുഷ്ഠാനകര്‍മ്മങ്ങളിലെല്ലാം പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കുചേരാനും എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഈവിധത്തില്‍ ഒട്ടേറെ ക്ഷേത്രങ്ങളില്‍ സ്വയമര്‍പ്പിച്ചുകൊണ്ട് നടത്തിയ തപസ്യക്ക് ലഭിച്ച അനുഗ്രഹമാണ് എനിക്കിപ്പോള്‍ ലഭിച്ചിരിക്കുന്നത്. എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമിതാണെന്ന് ഞാന്‍ പറയുന്നതും അതുകൊണ്ടുതന്നെയാണ്...

കേരളത്തിലോ, ഇന്ത്യയിലോ മാത്രമല്ല, ലോകം മുഴുവന്‍ അറിയുന്ന മഹാക്ഷേത്രമല്ലേ ശബരിമല. ഇംഗ്ലണ്ടില്‍ നിന്നും, ജര്‍മ്മനിയില്‍ നിന്നും, അമേരിക്കയില്‍ നിന്നുമെല്ലാം ഭക്തര്‍ അവിടേക്ക് ഒഴുകിയെത്തുന്നതും അതുകൊണ്ട് തന്നെയല്ലേ. അവിടെ പൂജാരി ആകുന്നതിലുമില്ലേ കര്‍ശന നിബന്ധനകള്‍.

ഭാര്യയില്ല, മക്കളില്ല, കുടുംബമില്ല, പൂര്‍ണ്ണമായും ബ്രഹ്മചര്യജീവിതം. മനസ്സ്, ശരീരം, കര്‍മ്മം ഇതെല്ലാം ഭഗവദ്പാദത്തിങ്കല്‍ സ്വയം സമര്‍പ്പിക്കണം.. അതൊരു വേറിട്ട തപസ്സാണ്, പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണ്.. അത്യപൂര്‍വ്വമായി മാത്രം ലഭിക്കുന്ന അവസരവുമാണ്. അവിടേക്കാണ് അയ്യപ്പസ്വാമിയുടേയും,  മാളികപ്പുറത്തമ്മയുടേയും അനുഗ്രഹാശിസ്സുകള്‍ എനിക്ക് മേല്‍ പതിഞ്ഞിരിക്കുന്നത്. അവരുടെ പ്രിയപ്പെട്ടവരിലൊരാളായി എന്നെയും കണ്ടുവല്ലോ. ആ പാദാരവിന്ദങ്ങള്‍ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുകയല്ലാതെ മറ്റെന്താണ് എനിക്ക് ചെയ്യാന്‍ കഴിയുക...' ആനന്ദാതിരേകത്താല്‍ ആ കണ്ണുകള്‍ ഈറനണിയുകയാണ്, വാക്കുകള്‍ ഇടറിപ്പോവുകയാണ്.

മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ട വിവരമറിഞ്ഞ്, തിരുമംഗലം ഇല്ലത്തേയ്ക്ക് ഒട്ടേറെ ക്ഷേത്രഭാരവാഹികളും, ഭക്തരുമാണ് പ്രാര്‍ത്ഥനാഭരിത മനസ്സോടെ എത്തിക്കൊണ്ടിരിക്കുന്നത്. എല്ലാവരേയും കൂപ്പുകൈകളോടെ അദ്ദേഹവും, ഭാര്യ ശ്രീവിദ്യ അന്തര്‍ജ്ജനവും, മക്കള്‍ ജയദേവും, ദേവാനന്ദും ചേര്‍ന്ന് സ്വീകരിക്കുന്നു.

'എങ്ങും നിറഞ്ഞുകവിയുന്നത്, 'സ്വാമിശരണം, മാളികപ്പുറത്തമ്മേ ശരണം' എന്ന പ്രാര്‍ത്ഥനാഗീതികള്‍ മാത്രം. അതില്‍ കര്‍പ്പൂരത്തിരിനാളമായി ലയിച്ച് ഭക്തഹൃദയങ്ങളും...

തയ്യാറാക്കിയത്
പ്രദീപ് ഉഷസ്സ്
ഫോട്ടോ: പ്യാരിലാല്‍ പാട്യം

Photo Courtesy - jyothisharathnam