കലിയുഗവരദന് അയ്യപ്പസ്വാമിയുടേയും, ആദിപരാശക്തി മാളികപ്പുറത്തമ്മയുടെയും അനുഗ്രഹകടാക്ഷമാണിത്... ഇതിലും വലിയ മറ്റെന്ത് അനുഗ്രഹമാണ് എനിക്ക് ലഭിക്കാനുള്ളത്...? -നിയുക്ത മാളികപ്പുറം മേല്‍ശാന്തി ആയടത്തില്ലം ദാമോദരന്‍ നമ്പൂതിരി
ശ്രീലകത്ത് ഭാഗ്യസൂക്തം ചൊല്ലി, പൂജകഴിച്ച് പ്രസാദം നല്കാനിറങ്ങവേയാണ് ഞാനീവിവരം അറിയുന്നത്.. ഒരു നിമിഷം ഞാന്‍, ഞാനല്ലാതായി മാറുകയായിരുന്നു... പിന്നെയോടി ശ്രീലകത്തെത്തി സമസ്താപരാധം പറഞ്ഞ് ഭഗവാന്റെ പാദങ്ങള്‍ തൊട്ട് നമസ്ക്കരിച്ചു.. ആ നിമിഷത്തെ എങ്ങനെ വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കുകയെന്നത് ഇപ്പോഴും എനിക്കറിയുകയില്ല.' മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആത്മഹര്‍ഷം 'ജ്യോതിഷരത്ന'വുമായി പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.
'ലോകമാതാവായ മാളികപ്പുറത്തമ്മയ്ക്ക് മുന്നില്‍ പാദപൂജ നടത്താനുള്ള ഈ നിയോഗം, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ്.
കലിയുഗവരദന് അയ്യപ്പസ്വാമിയുടേയും, ആദിപരാശക്തി മാളികപ്പുറത്തമ്മയുടെയും അനുഗ്രഹകടാക്ഷമാണിത്... ഇതിലും വലിയ മറ്റെന്ത് അനുഗ്രഹമാണ് എനിക്ക് ലഭിക്കാനുള്ളത്...?
ഗുരുനാഥന്മാരുടെ അനുഗ്രഹം, സജ്ജനങ്ങളുടെ പ്രാര്‍ത്ഥന, സഹപ്രവര്‍ത്തകരുടെ പ്രോത്സാഹനം ഇതെല്ലാമാണ് എനിക്ക് ലഭിച്ച ഭഗവദ് പ്രസാദത്തിന് അടിസ്ഥാനകാരണം. ഭഗവദ്നിയോഗത്തിന്റെ അദൃശകിരണങ്ങള് എന്റെ ശിരസ്സില്‍ പതിച്ചതോര്ക്കുമ്പോള്, ആ കടാക്ഷവായ്പ്പുകള്ക്ക് മുന്നില്‍, സാഷ്ടാംഗം പ്രണമിക്കുകയാണ് ഞാന്‍..'
നിയുക്ത ശബരിമല, മാളികപ്പുറം മേല്‍ശാന്തി ആയടത്തില്ലം ദാമോദരന്‍ നമ്പൂതിരിയുടെ വാക്കുകള്‍...
മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആത്മഹര്‍ഷം 'ജ്യോതിഷരത്ന'വുമായി പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിലെ ഈ അസുലഭ നിമിഷത്തെക്കുറിച്ചോര്ക്കവേ, അദ്ദേഹത്തിന് വാക്കുകള്‍ ഇടറിപ്പോവുകയായിരുന്നു; കണ്ണുകള്‍ പലപ്പോഴും സ്വയമറിയാതെ നിറഞ്ഞൊഴുകുകയായിരുന്നു..
'ശ്രീലകത്ത് ഭാഗ്യസൂക്തം ചൊല്ലി, പൂജകഴിച്ച് പ്രസാദം നല്കാനിറങ്ങവേയാണ് ഞാനീവിവരം അറിയുന്നത്.. ഒരു നിമിഷം ഞാന്‍, ഞാനല്ലാതായി മാറുകയായിരുന്നു... പിന്നെയോടി ശ്രീലകത്തെത്തി സമസ്താപരാധം പറഞ്ഞ് ഭഗവാന്റെ പാദങ്ങള്‍ തൊട്ട് നമസ്ക്കരിച്ചു.. ആ നിമിഷത്തെ എങ്ങനെ വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കുകയെന്നത് ഇപ്പോഴും എനിക്കറിയുകയില്ല.' നിയുക്ത മാളികപ്പുറം മേല്‍ശാന്തിയുടെ വാക്കുകള്‍.
വേദമന്ത്രോപാസനകള്ക്കായി ജീവിതം മാറ്റിവെച്ച പ്രൗഢപാരമ്പര്യമാണ് ആയടത്തില്ലത്തിന്റേത്. ആയടത്ത് ഇല്ലത്ത് നാരായണന് നമ്പൂതിരിയുടേയും, അരിങ്ങാട്ട് ഇല്ലത്ത് ശ്രീദേവി അന്തര്‍ജ്ജനത്തിന്റെയും മകനാണ് ദാമോദരന്‍ നമ്പൂതിരി. പിതാവില്‍ നിന്നും പൂജാദികര്‍മ്മങ്ങളില്‍ പ്രാഥമിക പരിശീലനം നേടി... പിന്നീട് സ്ക്കൂള് വിദ്യാഭ്യാസത്തിനൊപ്പം, താന്ത്രികപഠനങ്ങളും തുടര്‍ന്നു.
ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ കോതമല്ലീശ്വര ക്ഷേത്രത്തില്‍ നിന്നുമാരംഭിച്ച ആ യാത്രയിന്ന് മാളികപ്പുറത്തമ്മയുടെ മുഖ്യ പൂജാരിയിലെത്തി നില്ക്കുന്നു.. കുട്ടിക്കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും അദ്ദേഹത്തിന് കണ്ഠമിടറും. അമ്പലത്തിലെ നിവേദ്യച്ചോറും കഴിച്ച് സ്കൂളിലേക്ക് ഓടിയിരുന്ന തന്റേയാ കുട്ടിക്കാലത്തെ വിസ്മരിക്കാന്‍ ഇപ്പോഴുമദ്ദേഹത്തിന് കഴിയുന്നില്ല.
കക്കാട്ടില്ലത്തെ അവിടനല്ലൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യശിക്ഷണത്തില്, അദ്ദേഹത്തിന്റെ മകന് കക്കാട് ദേവാനന്ദന് നമ്പൂതിരിപ്പാടിന്റെ കീഴിലായിരുന്നു താന്ത്രിക പഠനങ്ങള്‍. ഗുരുകുല വിദ്യാഭ്യാസ രീതിയില്‍ തന്നെയായിരുന്നു അക്കാലത്തെ പഠനങ്ങളെല്ലാം. അവിടെ നിന്നും ലഭിച്ച ശിക്ഷണം തന്നെയാണ് തന്റെ ആദ്ധ്യാത്മിക യാത്രകള്‍ക്ക് വഴിവിളക്കായി മാറിയതെന്നും ദാമോദരന്‍ നമ്പൂതിരി ഓര്‍ക്കുന്നു.
നിലവില്‍ വടകരയ്ക്കടുത്ത് പയ്യോളിയിലെ കീഴൂര്‍ മഹാശിവക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് ദാമോദരന്‍ നമ്പൂതിരി. പാലയാട് കോതമല്ലീശ്വരക്ഷേത്രം, പള്ളിപ്പറമ്പ് ദുര്ഗ്ഗാഭഗവതീക്ഷേത്രം, കോഴിക്കോട് വെസ്റ്റ്ഹില്‍ വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളില്‍ പൂജാരിയായിരുന്ന അദ്ദേഹം, കഴിഞ്ഞ പതിനെട്ട് വര്‍ഷമായി കീഴൂര്‍ മഹാശിവക്ഷേത്രത്തിന്റെ അവിഭാജ്യഘടകമാണ്.
അഞ്ചാമൂഴത്തിലെ വരദാനം
ശബരിമല, മാളികപ്പുറം മേല്‍ശാന്തി സ്ഥാനങ്ങളിലേക്ക് 2011 ല്‍ മുതല്‍ ഇദ്ദേഹം അപേക്ഷിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ നാല് തവണയും അന്തിമപ്പട്ടികയില്‍ ഇദ്ദേഹം എത്തുകയും ചെയ്തിരുന്നു. ഇക്കുറി അഞ്ചാമൂഴത്തിലാണ് മാളികപ്പുറത്തമ്മയുടെ മേല്‍ശാന്തിയാകാനുള്ള നിയോഗം ദാമോദരന്‍ നമ്പൂതിരിയെ തേടിയെത്തിയത്.
കോഴിക്കോട് ജില്ലയില്‍, മണിയൂര്‍ പഞ്ചായത്തിലെ പാലയാട്ടു നട സ്വദേശിയാണ് ആയടത്തില്ലം ദാമോദരന്‍ നമ്പൂതിരി. കളാശ്ശേരിയില്ലത്ത് മാധവന് നമ്പൂതിരിയുടേയും, വേങ്ങശ്ശേരിമന സതി അന്തര്‍ജ്ജനത്തിന്റേയും മകള്‍ ഷീനയാണ് ഭാര്യ. കോഴിക്കോട് ഗുരുവായൂരപ്പന് കോളേജിലെ ബിരുദവിദ്യാര്‍ത്ഥിനി നന്ദനയും, മണിയൂര്‍ ഹൈസ്ക്കൂള് വിദ്യാര്‍ത്ഥിനി വരദയുമാണ് മക്കള്‍.
പതിറ്റാണ്ടുകളായി വടകരയിലെ ധാര്‍മ്മിക, താന്ത്രിക മേഖലകളില്‍ നിറഞ്ഞുനില്ക്കുന്ന ദാമോദരന്‍ നമ്പൂതിരി, മാളികപ്പുറത്തമ്മയുടെ മുഖ്യപൂജാരിയായി തെരഞ്ഞെടുക്കപ്പെട്ട വിവരമറിഞ്ഞ്, വിവിധ തുറകളില്‍ നിന്നും ആളുകള്‍ കീഴൂര്‍ മഹാശിവക്ഷേത്രസന്നിധിയിലേക്കും, പാലയാട്ടുനടയിലെ ആയടത്ത് ഇല്ലത്തേയ്ക്കും ഒഴുകിയെത്തുകയാണ്. അദ്ദേഹത്തിന് ലഭിച്ച ഈ അംഗീകാരം അക്ഷരാര്‍ത്ഥത്തില്‍ ഈ നാടിന് ലഭിച്ച സത്കീര്‍ത്തിയായി മാറിയിരിക്കുകയാണ്.
വ്യക്തിപരമല്ല പ്രാര്‍ത്ഥന
പൂജാദികര്‍മ്മങ്ങളില്‍ മുഴുകുമ്പോള്‍, ദേവനും, ഭക്തനുമിടയ്ക്കുള്ള ദൗത്യവാഹകരായി നാം അറിയാതെ തന്നെ മാറുകയാണ്. പല ഭക്തരും, ദേവസന്നിധികളില്‍ എത്തുന്നത് ഒട്ടേറെ വേദനകളും, വിഷമതകളും, സംഘര്‍ഷങ്ങളുമെല്ലാം പേറിക്കൊണ്ടായിരിക്കും. അവരെ നാം കേള്ക്കുകയെന്നതാണ് പ്രധാനം. അവര്‍ക്ക് ധാര്‍മ്മികമായ ഉപദേശം നല്കി ഭഗവത്പ്രീതിക്ക് പ്രാപ്തരാക്കുകയെന്ന ദീപ്തമായ കര്‍മ്മമാണ് ഓരോ അര്ച്ചകനും അനുഷ്ഠിക്കാനുള്ളത്.
ഭക്തര്‍ പലവിധമായിരിക്കും, ഭക്തിക്ക് പല തലങ്ങളും ഉണ്ടായിരിക്കും. എന്നാല്‍ പൂജാരിയുടെ മനസ്സിലും ദര്‍ശനത്തിലും അവര്‍ എല്ലാം ഭഗവാന്റെ ഭക്തര്‍ തന്നെയായിരിക്കും. നിര്ഗുണഭക്തര്, സാത്വികഭക്തര്, രാജസഭക്തര്, താമസഭക്തര് എന്നിങ്ങനെ ചര്യകളില്‍ വിഭിന്നഭാവങ്ങള്‍ പേറുന്നവരാണെങ്കിലും ഇവരെല്ലാം ഭഗവാന്റെ ഭക്തര്‍ തന്നെയെന്ന തിരിച്ചറിവുണ്ടാവുകയെന്നതാണ് പ്രധാനം. അവരില്‍ ഓരോ തലത്തില്‍ ഉള്ളവരുടേയും വീഴ്ചകള്‍ മനസ്സിലാക്കി, തിരുത്താനാവശ്യമായ ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്കി, അവരെ ഭഗവദ്പ്രീതിക്ക് പ്രാപ്തരാക്കാന്‍ ഓരോ അര്ച്ചകനും മനസാസന്നദ്ധമായിരിക്കണം. അതായത് നിലവിലുള്ള തലത്തില്‍ നിന്ന് ആദ്ധ്യാത്മിക വിശുദ്ധിയുടെ ഉന്നതതലത്തിലേക്ക്, അവരെ ഉയര്‍ത്താനുള്ള ദൗത്യമായിരിക്കണം പൂജാദി, കര്‍മ്മാനുഷ്ഠാനത്തിലൂടെ, ഓരോ അര്ച്ചകനും ഏറ്റെടുക്കേണ്ടത്.
'തന്നാല്‍ കരേറേണ്ടവരെത്രപേരോ
താഴത്തുപാഴ്ച്ചേറില് അമര്‍ന്നിരിക്കെ
താനൊറ്റയില്‍ ബ്രഹ്മപദം കൊതിക്കും
തപോനിധിക്കെന്തൊരു ചാരിതാര്‍ത്ഥ്യം...?'
എന്ന കവിവാക്യം പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണണ്.
പ്രാര്‍ത്ഥനയെന്നാല്‍, ഒരിക്കലും വ്യക്തിപരമായി മാത്രമുള്ളതല്ല. അതിന്റെ പ്രതിഫലനങ്ങള്‍ പൊതുസമൂഹത്തിലൊട്ടാകെ വ്യാപരിക്കും. അതായത് ഭഗവത്സന്നിധിയില്‍ നാം മനസ്സുരുകി വിളിക്കുമ്പോള്‍, അതിന്റെ ഗുണഫലങ്ങള്‍ ലോകത്തിന് കൂടി ലഭിക്കേണ്ടതാണ്. ആ ഒരു വിശാല മനോഭാവം ഓരോ ഭക്തനും ആര്‍ജ്ജിച്ചാല്‍ മാത്രമേ, ഓരോ തീര്‍ത്ഥാടനവും, ഭഗവദ് ദര്‍ശനവും ഉന്നതമായ തലത്തിലേക്ക് ഉയരുകയുള്ളൂ. സ്വാഭാവികമായും, ഒരു തീര്ത്ഥാടനകാലമെന്നത് ഭക്തജനത്തിരക്കുകളുടേയും, ആള്ക്കൂട്ടപ്രവാഹത്തിന്റേയുമൊക്കെ സമയമായിരിക്കും.
ആ തിരക്കുകള്‍ക്കിടയില്‍, വ്യക്തിപരമായ പ്രാര്‍ത്ഥനകള്‍ക്കും, സ്വകാര്യവേദനകള്‍ സമര്‍പ്പിക്കുന്നതിനുമെല്ലാം വലിയ പരിമിതികള്‍ ഉണ്ടായേക്കാം. അതില്‍ മനസ്സ് വിഷമിക്കുകയല്ല ഓരോ ഭക്തനും ചെയ്യേണ്ടത്. ആ പരിമിതികള്‍ തിരിച്ചറിഞ്ഞ്, ആത്മസമര്‍പ്പണത്തോടെ നമുക്ക് എത്രമാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്നുവെന്നതാണ് പ്രധാനം. ആ ആള്‍ക്കൂട്ടത്തിനിടയിലും, ബഹളങ്ങള്‍ക്കിടയിലും ഓരോ ഭക്തന്റേയും ഉള്ളില്‍ തെളിയുന്ന ദീപനാളം തന്നെയാണ് ശ്രീലകത്തും ശോഭ ചൊരിയുന്നതെന്നത് തിരിച്ചറിയാന്‍ കഴിയുക എന്നതാണ് ഏറെ പ്രധാനം. ആ ഉദാത്തതലത്തിലേക്ക് നമ്മുടെ മനസ്സിനെ പ്രാപ്തരാക്കുകയെന്നതാണ് ഓരോ ഭക്തനും നേരിടുന്ന വെല്ലുവിളി.
ജീവാത്മാവിനെ തിരിച്ചറിയുകയാണ് ഭക്തി
എന്റെ വ്യക്തിപരമായ അനുഭവം തന്നെ നോക്കൂ.. പലതവണ ഞാന്‍ ഭഗവാനെ കാണാനായി ശബരിമല ചവിട്ടിയിട്ടുണ്ട്. മനസ്സും ശരീരവും, പൂര്‍ണ്ണമായും ഭഗവദ്പാദങ്ങളില്‍ സമര്‍പ്പിച്ചുകൊണ്ടുള്ള യാത്ര. തീര്ത്ഥാടനകാലത്തെല്ലാം അപാരതിരക്കാണല്ലോ. ദൂരെനിന്നും ശ്രീലകത്തെ ദീപ്തമായ പ്രകാശം ഒരുവേള നമ്മുടെയുള്ളില്‍ നിറയും, പലപ്പോഴും നിമിഷങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ദര്ശനപുണ്യമാണത്. പക്ഷേ, അപ്പോഴും ഞാനറിയുന്നത് സര്‍വ്വവ്യാപിയായ ഭഗവാന്, എന്റെ ഹൃദയത്തില്‍ കുടികൊള്ളുന്ന ഭഗവാന്, ആ ചൈതന്യം തന്നെയാണ് ശ്രീലകത്ത് നിന്നും അനുഗ്രഹവര്‍ഷം ചൊരിയുന്നത് എന്നുതന്നെയാണ്.
പുറത്ത് ജീവാത്മാവായി പ്രകാശിക്കുന്ന ഓരോ ജീവനും, അകത്ത് പരബ്രഹ്മമായി പ്രകാശിക്കുന്ന ഈശ്വരനും രണ്ടല്ല, ഒന്നുതന്നെയെന്ന തിരിച്ചറിവാണല്ലോ പ്രധാനം. അതുതന്നെയാണല്ലോ 'തത്ത്വമസി'യും. ഭഗവാനും ഭക്തനും രണ്ടല്ല, ഒന്നുതന്നെയാണെന്ന പരമമായ സത്യം.. എന്നാലത് കേവലം വാക്കുകളില്‍ പറഞ്ഞ് അവസാനിപ്പിക്കാന്‍ കഴിയുന്നതല്ല. ആ ഉദാത്തതലത്തിലേക്ക് ഉയരുകയെന്നതാണ് ആദ്ധ്യാത്മിക യാത്രയുടെ അതിവിശിഷ്ടലക്ഷ്യവും.
ഓരോ ഭക്തനും, ഭഗവാനെ പാദാദികേശവും, കേശാദിപാദവും ഹൃദയത്തില്‍ ഉള്‍ക്കൊള്ളണം. അപ്പോള്‍ മാത്രമേ ഭഗവാന് നമ്മുടെ ഹൃദയത്തില്‍ പ്രകാശം ചൊരിയുന്നത് നമുക്ക് തിരിച്ചറിയാന്‍ കഴിയുകയുള്ളൂ. ആ ലക്ഷ്യത്തിലേക്ക് എത്താന്‍ ഓരോ ഭക്തനും കഴിയട്ടെ; ഒപ്പം എന്നില്‍ അര്‍പ്പിതമായ കര്‍ത്തവ്യം നിറവേറ്റാന്‍ ഭഗവദ്കടാക്ഷം എപ്പോഴുമെനിക്ക് വഴിവിളക്കാകട്ടെ എന്ന പ്രാര്‍ത്ഥനമാത്രമാണ് എനിക്കുള്ളത്..' അഞ്ജലീബദ്ധനായി നിയുക്ത മാളികപ്പുറം മേല്‍ശാന്തിയുടെ വാക്കുകള്‍.
തയ്യാറാക്കിയത്:പ്രദീപ് ഉഷസ്സ്
ഫോട്ടോ: പ്യാരിലാല്‍ പാട്യം
