മാളികപ്പുറത്തമ്മ പാപവിമുക്തമായ ദേവീചൈതന്യം പുതുമന മനു നമ്പൂതിരി (മാളികപ്പുറം മുന്‍ മേല്‍ശാന്തി)
ഭഗവതിസേവ, ഗണപതി ഹോമം, പുഷ്പാഞ്ജലി, മഞ്ഞള്‍ സമര്‍പ്പണം എന്നിവയാണ് മാളികപ്പുറത്തമ്മയുടെ പ്രധാന വഴിപാടുകള്‍. താലി നടയ്ക്ക് സമര്‍പ്പിക്കുന്നതും, സ്വയംവരമന്ത്ര പുഷ്പാഞ്ജലിയും, കുങ്കുമം സമര്‍പ്പിക്കുന്നതും ഉത്തമമാണ്. ജന്മജന്മാന്തര ദുരിതം നീങ്ങുന്നതിനും രോഗദുരിതശാന്തിക്കും തീരാക്ലേശങ്ങള്‍ക്കും നാളീകേരം ഉരുട്ടി പ്രദക്ഷിണം വയ്ക്കുന്നത് നല്ലതാണ്.
നമ്മുടെ എല്ലാ ആരാധനാ സങ്കല്‍പ്പങ്ങളിലും വച്ച് ഏറ്റവും പ്രാധാന്യമേറിയതും ഗൗരവമേറിയതുമാണ് ദേവീപൂജ. ആ ദേവിയുടെ ശക്തി പ്രകടമാകുന്ന അത്ഭുത പുണ്യസങ്കേതമാണ് ശബരിമലയിലെ മാളികപ്പുറം ക്ഷേത്രം. മാളികപ്പുറത്തമ്മ എന്ന പേരിലാണ് ഇവിടത്തെ ദേവിയെ അറിയപ്പെടുന്നത്. ശബരിമല ക്ഷേത്ര സമുച്ചയത്തിലെ മണിമണ്ഡപത്തിന് മുന്നിലുള്ള മാളികപ്പുറത്തമ്മയെ ദര്‍ശിച്ച് വഴിപാടുകള്‍ നടത്തുക എന്നുള്ളത് ശബരിമല ദര്‍ശനത്തിലെ ഒരു പ്രധാന കാര്യമാണ്.
പന്തളം രാജകുടുംബം തങ്ങളുടെ കുലദൈവമായി ആരാധിക്കുന്ന ദേവീചൈതന്യം മാളികപ്പുറത്തമ്മ എന്ന പേരില്‍ അറിയപ്പെടാന്‍ കാരണമായി വിശ്വസിച്ചുപോരുന്ന ഒരു കഥയുണ്ട്. പണ്ട് പന്തളം രാജകുടുംബം ശബരിമല സന്ദര്‍ശിക്കുമ്പോള്‍ മണിമണ്ഡപത്തിന് പിറകിലുള്ള മാളികയിലാണ്(ചെറിയ കൊട്ടാരം) താമസിച്ചിരുന്നത്. അങ്ങനെ താമസിച്ചിരുന്ന നാളുകളിലൊരിക്കല്‍ കുലദേവതയായ ദേവിവിഗ്രഹത്തെ ഇവിടെ പ്രതിഷ്ഠിച്ചു എന്നും, ആ നിലയില്‍ മാളികക്കൊട്ടാരത്തില്‍ പ്രതിഷ്ഠിച്ച ദേവിയാണ് പില്‍ക്കാലത്ത് മാളികപ്പുറത്തമ്മ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയതെന്നുമാണ് വിശ്വാസം. മധുര മീനാക്ഷി ദേവിയുടെ ഭാവമായാണ് മാളികപ്പുറത്തമ്മയെ കണക്കാക്കുന്നത്.
എന്നാല്‍ അയ്യപ്പനെ കളരിപ്പയറ്റ് പഠിപ്പിച്ച ചീരപ്പന്‍ചിറ പണിക്കരുടെ മകളാണ് മാളികപ്പുറത്തമ്മ എന്നും വിശ്വസിച്ചുപോരുന്നു.
ആലപ്പുഴ ജില്ലയില്‍പ്പെട്ട മുഹമ്മയിലെ, കളരിക്ക് പേരുകേട്ട ഒരു പുരാതന കുലീന ഈഴവ കുടുംബമാണ് ചീരപ്പന്‍ചിറ. കളരിപ്പയറ്റ് പഠിക്കാന്‍ അയ്യപ്പന്‍ ഇവിടെ വന്നിരുന്നു എന്നാണ് ഐതിഹ്യം. ചീരപ്പന്‍ചിറ പണിക്കര്‍ക്ക് സ്വന്തം നാട്ടിനുപുറത്തുള്ള ഒരാളെ പരിശീലിപ്പിക്കാന്‍ താല്‍പ്പര്യക്കുറവുണ്ടായിരുന്നതിനാല്‍, പന്തളത്തെ രാജകുമാരന്‍ എന്ന യഥാര്‍ത്ഥസത്യം മറച്ചുവച്ചുകൊണ്ടാണ് അയ്യപ്പന്‍ ചീരപ്പന്‍ചിറ കളരിയില്‍ പ്രവേശനം നേടിയത്.
ആ ചീരപ്പന്‍ചിറപ്പണിക്കരുടെ മകളാണത്രേ മാളികപ്പുറത്തമ്മ. അച്ഛനില്ലാത്ത സമയങ്ങളില്‍, പൂങ്കൊടി എന്ന് പേരുകാരിയായ ഈ പെണ്‍കുട്ടി അയ്യപ്പനെ അഭ്യാസമുറകള്‍ പരിശീലിപ്പിച്ചിരുന്നു. അങ്ങനെ ഒടുവില്‍ ഇവര്‍ പരസ്പരം പ്രണയത്തിലായി എങ്കിലും പലവിധ കാരണങ്ങളാല്‍ അവര്‍ക്ക് ഒന്നിക്കാന്‍ കഴിഞ്ഞില്ല. ബ്രഹ്മചാരിയായ അയ്യപ്പന്‍ പിന്നീട് ശബരിമലയില്‍ വാസമുറപ്പിച്ചുവെന്നും, ഒരു കന്നി അയ്യപ്പനെങ്കിലും തന്നെക്കാണാന്‍ മലചവിട്ടി വരാതിരിക്കുമ്പോള്‍ പൂങ്കൊടിയെ വിവാഹം കഴിച്ചുകൊള്ളാമെന്ന് വാക്ക് നല്‍കിയെന്നും, ആ പ്രതീക്ഷയിലാണ് അയ്യപ്പന് തൊട്ടരികെ തന്നെ പൂങ്കൊടി മാളികപ്പുറത്തമ്മയായി വാസമുറപ്പിച്ചിട്ടുള്ളതെന്നും പറയുന്നു.
തപസ്വിയും ശാന്തയുമായ ദേവീസങ്കല്‍പ്പമാണ് മാളികപ്പുറത്തമ്മയുടേത്. സര്‍വ്വദോഷനിവാരിണിയും ഐശ്വര്യദായിനിയുമായ ദുര്‍ഗ്ഗാഭഗവതിയായാണ് മാളികപ്പുറത്തമ്മയെ പൂജിക്കുന്നത്. ലോകോപദ്രവകാരിണിയായ മഹിഷിയെ അയ്യപ്പന്‍ നിഗ്രഹിച്ചപ്പോള്‍ മഹിഷിയില്‍ നിന്നും ഉത്ഭവിച്ച പാപവിമുക്തമായ ദേവീചൈതന്യമായും മാളികപ്പുറത്തമ്മയെപ്പറ്റി ഐതിഹ്യം പറയുന്നുണ്ട്.
അച്ഛന്‍റെ ആഗ്രഹത്തിന് മകനിലൂടെ സാഫല്യം
മാളികപ്പുറത്തമ്മയെ പൂജിക്കുവാന്‍ എനിക്ക് ലഭിച്ച സൗഭാഗ്യം എന്‍റെ അച്ഛന്‍ പുതുമന ഈശ്വരന്‍ നമ്പൂതിരിയുടെ അടങ്ങാത്ത ആഗ്രഹത്തിന് മകനിലൂടെ ലഭിച്ച സാഫല്യമായിട്ടാണ് കരുതുന്നത്. ശബരിമലയിലോ മാളികപ്പുറത്തോ പൂജ കഴിക്കണമെന്നുള്ളത് അച്ഛന്‍റെ വലിയൊരാഗ്രഹമായിരുന്നു. അതിനായി പതിനെട്ട് പ്രാവശ്യം അപേക്ഷിച്ചെങ്കിലും പക്ഷേ നിര്‍ഭാഗ്യവശാല്‍ അതിനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചില്ല. അപ്പോഴൊക്കെയും തനിക്ക് കിട്ടാതെ പോയ ആ മഹാഭാഗ്യം മകനായ എനിക്കെങ്കിലും കിട്ടണമെന്ന് അച്ഛന്‍ ആഗ്രഹിച്ചിരുന്നു.
തീര്‍ച്ചയായും അച്ഛന്‍റെ പ്രാര്‍ത്ഥനയാല്‍ മാളികപ്പുറത്തും പമ്പയിലും, പിന്നെ അയ്യപ്പനുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടനകാലത്ത് വലിയ ചടങ്ങുകള്‍ നടക്കുന്ന എരുമേലി ക്ഷേത്രത്തിലും മേല്‍ശാന്തിയായി പൂജ കഴിക്കുവാനുള്ള അവസരം എനിക്ക് ലഭിച്ചു. അതും, അപേക്ഷിച്ച ആദ്യപ്രാവശ്യം തന്നെ. അച്ഛനെപ്പോലെതന്നെ ഒട്ടേറെ പ്രാവശ്യം അപേക്ഷിച്ച ധാരാളം പേരുണ്ടായിരുന്നതിനാല്‍ വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. എന്നെങ്കിലുമൊരിക്കല്‍ കിട്ടണം എന്ന് കരുതിയാണ് 2016 ല്‍ അപേക്ഷിച്ചത്. എന്നാല്‍ ആ വര്‍ഷം തന്നെ മാളികപ്പുറം മേല്‍ശാന്തിയായി നറുക്കുവരികയും ചെയ്തു. അങ്ങനെ 2013 ല്‍ പമ്പയില്‍ തുടങ്ങി 2016 ല്‍ മാളികപ്പുറത്തെത്തി.
അന്ന് ചങ്ങനാശ്ശേരി കാവില്‍ ഭഗവതിക്ഷേത്രത്തില്‍ മേല്‍ശാന്തി ജോലി ചെയ്തുകൊണ്ടിരുന്ന സമയമാണ്. രാവിലെ ലളിതാസഹസ്രനാമാര്‍ച്ചന ചെയ്യുന്നതിനിടെയാണ്, ശബരിമലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കീഴ്ശാന്തി ഫോണ്‍ വിളിച്ച് അളവില്ലാത്ത ആ മഹാഭാഗ്യം എന്നെ തേടിയെത്തിയ വിവരം അറിയിച്ചത്.
പമ്പയില്‍ ശാന്തി അനുഷ്ഠിക്കുമ്പോള്‍ പ്രത്യേകിച്ചും ധാരാളം പ്രാവശ്യം മലകയറി അയ്യപ്പസ്വാമി ദര്‍ശനവും മാളികപ്പുറത്തമ്മ ദര്‍ശനവും നടത്തിയിട്ടുണ്ട്.
പാപവിമുക്തിയും ജന്മസാഫല്യവും
ഇഹത്തിലും പരത്തിലും ഒരുപോലെ ഗുണകരമാണ് മാളികപ്പുറം ശബരിമല ദര്‍ശനം. അതുവഴി പാപവിമുക്തിയും ജന്മസാഫല്യവും ഉറപ്പാണ്. ലൗകികസുഖങ്ങളെ ത്യജിച്ച അയ്യപ്പനും, അയ്യപ്പനെ ആഗ്രഹിക്കുന്ന മാളികപ്പുറത്തമ്മയും മനുഷ്യമനസ്സിന്‍റെ രണ്ട് തലങ്ങളുടെ പ്രതീകം തന്നെയാണ്.
ഭഗവതിസേവ, ഗണപതി ഹോമം, പുഷ്പാഞ്ജലി, മഞ്ഞള്‍ സമര്‍പ്പണം എന്നിവയാണ് മാളികപ്പുറത്തമ്മയുടെ പ്രധാന വഴിപാടുകള്‍. താലി നടയ്ക്ക് സമര്‍പ്പിക്കുന്നതും, സ്വയംവരമന്ത്ര പുഷ്പാഞ്ജലിയും, കുങ്കുമം സമര്‍പ്പിക്കുന്നതും ഉത്തമമാണ്. ജന്മജന്മാന്തര ദുരിതം നീങ്ങുന്നതിനും രോഗദുരിതശാന്തിക്കും തീരാക്ലേശങ്ങള്‍ക്കും നാളീകേരം ഉരുട്ടി പ്രദക്ഷിണം വയ്ക്കുന്നത് നല്ലതാണ്.
ശബരിമലയിലെപ്പോലെതന്നെ മാളികപ്പുറത്തും നിത്യേന നട തുറന്നുപൂജയില്ല. മലയാള മാസം 1 മുതല്‍ 5 വരെയും, വിഷു, ഓണം, ഉത്സവം, പ്രതിഷ്ഠാദിനം, ചിത്തിര ആട്ടത്തിരുനാള്‍ തുടങ്ങി ധാരാളം പുണ്യദിനങ്ങളിലും മണ്ഡല-മകരവിളക്ക് കാലത്തുമൊക്കെയാണ് അയ്യപ്പനെ എന്നപോലെ മാളികപ്പുറത്തമ്മയേയും ദര്‍ശിക്കുവാന്‍ കഴിയുക. അതീവരഹസ്യമായ, ശക്തിപൂര്‍ണ്ണമായ അനുഷ്ഠാനങ്ങളാണ് ഇതിന്‍റെയെല്ലാം അടിസ്ഥാനം. പാപത്തില്‍ നിന്ന് വിമുക്തരായിക്കഴിയുമ്പോള്‍, ഭഗവത് ദര്‍ശനവും സ്പര്‍ശനവും ലഭിക്കുമ്പോള്‍ ജീവാത്മാവിന് ദേവത്വം ഉണ്ടാകുന്നു എന്നാണ് സാരം. പാപവിമുക്തമായ ചൈതന്യം-ദേവീചൈതന്യം പരമാത്മാവിലേക്ക് ആകര്‍ഷിക്കപ്പെടുന്നു എന്നതാണ് ഇതിന്‍റെ വേദാന്ത തത്വം. മാതൃത്വത്തിന്‍റെയും സ്ത്രീത്വത്തിന്‍റെയും പൂര്‍ണ്ണഭാവമായ ദേവി അതുകൊണ്ടുതന്നെ ലോകാരാദ്ധ്യയുമാണ്.
മലദൈവങ്ങളെ സങ്കല്‍പ്പിച്ചുള്ള പ്രാര്‍ത്ഥനയാണ് ഇവിടെ പ്രധാനമായുള്ളത്. അതിന്‍റെ തുടര്‍ച്ചയാണ് മലദൈവ പ്രാര്‍ത്ഥന. മലദൈവങ്ങള്‍ ക്ഷിപ്രപ്രസാദികളാണ്. കാര്യസിദ്ധിക്കും കാര്യവിജയത്തിനും ശത്രുദോഷശാന്തിക്കുമെല്ലാം ഗുണകരമാണ് ഈ പ്രാര്‍ത്ഥനകള്‍.
ഓരോ ഉപമൂര്‍ത്തികള്‍ക്കും വിശേഷാല്‍ അഭിഷേകവും പൂജകളും നിവേദ്യ സമര്‍പ്പണവുമുണ്ട്. ഓരോ ഉപമൂര്‍ത്തികള്‍ക്കും പ്രത്യേകം കര്‍മ്മികളേയും നിശ്ചയിച്ചിട്ടുണ്ട്.
ശിവാംശ ചൈതന്യമായ അയ്യപ്പസ്വാമിയും പ്രപഞ്ചനാഥയായ അമ്മയും, ഭക്തരുടെ തമോഗുണം നീക്കുന്നു എന്നാണ് സങ്കല്‍പ്പം. ദൃഷ്ടിദോഷം, ശത്രുദോഷം, ശാപദോഷം എന്നിവ നീങ്ങുന്നതിനും, പരദേവതാ കോപം, പൂര്‍വ്വികശാപം എന്നിവ മാറുന്നതിനും സ്ത്രീശാപം, കന്യകാശാപം എന്നിവ ഒഴിവാക്കുന്നതിനും മാളികപ്പുറത്തമ്മയ്ക്ക് കരിവള സമര്‍പ്പിക്കുന്നത് ഉത്തമമാണ്.
ധര്‍മ്മശാസ്താവിന്‍റെ ശ്രീകോവില്‍ സ്ഥിതിചെയ്യുന്നതിനു വടക്കുഭാഗത്ത് ഏകദേശം 200 മീറ്റര്‍ മാറിയാണ് മാളികപ്പുറത്തമ്മയുടെ പിച്ചള പൊതിഞ്ഞ ശ്രീകോവില്‍. ശ്രീകോവിലിന്‍റെ ഭിത്തിയില്‍ അഷ്ടലക്ഷ്മിമാരുടെ രൂപം കൊത്തിയിരിക്കുന്നത് കാണാം. ആദ്യകാലത്ത് മാളികപ്പുറത്തമ്മയ്ക്ക് പീഠപ്രതിഷ്ഠ മാത്രമാണുണ്ടായിരുന്നത്. ശബരിമല ക്ഷേത്രം അഗ്നിക്കിരയായശേഷം നടത്തിയ പുനഃപ്രതിഷ്ഠയില്‍ തന്ത്രി കണ്ഠരരു മഹേശ്വരരാണ് ഇന്നു കാണുന്ന കൃഷ്ണ ശിലയില്‍ നിര്‍മ്മിച്ച കണ്ണാടി വിഗ്രഹം പ്രതിഷ്ഠിച്ചത്. ശ്രീകോവിലിലെ ദേവിയുടെ പൂര്‍ണ്ണരൂപത്തിന് നാല് കൈകളുണ്ട്. ഓരോ കയ്യിലും ശംഖ്, ചക്രം, അഭയം, മുദ്ര എന്നിവയുണ്ട്. നിലവില്‍ ശ്രീകോവില്‍ സ്വര്‍ണ്ണം പൊതിഞ്ഞതാണ്.
എഴുന്നള്ളത്ത്
മഹിഷിയെ നിഗ്രഹിച്ച് ശാപമോക്ഷം നല്‍കിയപ്പോള്‍ മഹിഷി സുന്ദരിയായ ഒരു സ്ത്രീയായി മാറുകയും, അയ്യപ്പനോട് തന്നെ വിവാഹം കഴിക്കാന്‍ അഭ്യര്‍ത്ഥന നടത്തുകയും ചെയ്തു എന്നും, ആ സ്ത്രീയാണ് മാളികപ്പുറത്തമ്മയായി ആരാധിക്കപ്പെടുന്നതെന്നുമാണല്ലോ പൊതുവേ വിശ്വസിച്ചുപോരുന്ന ഐതിഹ്യം. നിത്യബ്രഹ്മചാരിയായ അയ്യപ്പന്‍ തന്നെക്കാണാന്‍ കന്നി അയ്യപ്പന്മാര്‍ ആരും വരാതിരിക്കുന്ന കാലത്ത് മാളികപ്പുറത്തമ്മയെ വിവാഹം കഴിച്ചുകൊള്ളാമെന്ന് വാക്ക് നല്‍കിയെന്നും വിശ്വാസമുണ്ടല്ലോ. ആ വിശ്വാസവുമായി ബന്ധപ്പെട്ട്, മകരവിളക്ക് ഉത്സവം സമാപിച്ചശേഷം രാത്രിയില്‍ നടത്തുന്ന ചടങ്ങാണ് അയ്യപ്പന്‍റെ എഴുന്നള്ളത്ത്.
മണിമണ്ഡപത്തില്‍ നിന്നുമാണ് എഴുന്നള്ളത്തു തുടങ്ങുക. മണിമണ്ഡപത്തില്‍ ശാസ്താവിന്‍റെ അഞ്ച് രൂപത്തിലുള്ള കളങ്ങള്‍ അഞ്ച് ദിവസമായി വരയ്ക്കുന്നു. അവിടെനിന്നും ശാസ്താവിന്‍റെ യോദ്ധാവിന്‍റെ രൂപത്തിലുള്ള തിടമ്പാണ് എഴുന്നള്ളിക്കുന്നത്. അതില്‍ അവസാനദിവസത്തെ എഴുന്നള്ളത്തു ശരം കുത്തിയിലേക്ക് പോകുന്നു. ശരംകുത്തിയിലെത്തി കന്നി അയ്യപ്പന്മാര്‍ വന്ന് ശരങ്ങള്‍ നിക്ഷേപിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചു മടങ്ങുന്നു. വാദ്യ മേളങ്ങളുടെ അകമ്പടിയോടെയാണ് പോക്കും വരവും.
Photo Courtesy - jyothisharathnam