അയ്യപ്പസ്വാമി നല്‍കിയ സമ്മാനം - മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി
മള്ളിയൂരിലെ പൂജകള്‍ നടത്തേണ്ടതുകൊണ്ട് അച്ഛനോടൊപ്പമുള്ള ശബരിമല യാത്ര സംഭവിച്ചില്ല. അച്ഛന്‍ രണ്ടുതവണ മാത്രമേ ശബരിമല യാത്ര നടത്തിയിട്ടുള്ളൂ എന്നാണോര്‍മ്മ. പക്ഷേ മള്ളിയൂരിലെത്തുന്ന അയ്യപ്പഭക്തര്‍ കൈവശം നാല്‍പ്പത്തിയൊന്ന് ദിവസവും, പിന്നീട് മകരവിളക്കിനും അച്ഛന്‍ കാണിക്ക കൊടുത്ത് വിടുന്ന പതിവുണ്ടായിരുന്നു.
അയ്യപ്പസന്നിധി എന്നുമെനിക്ക് അത്ഭുതങ്ങള്‍ സമ്മാനിക്കുന്ന ദേവസന്നിധിയാണ്. അയ്യപ്പനെക്കുറിച്ചും ശബരിമലയെക്കുറിച്ചും അവിടേയ്ക്കുള്ള യാത്രയെക്കുറിച്ചുമൊക്കെ ആദ്യം കേള്‍ക്കുന്നത് അച്ഛനില്‍ നിന്നാണ്. മള്ളിയൂരിലെ പൂജകളും ചടങ്ങുകളും മുടങ്ങാതിരിക്കാന്‍ അച്ഛന്‍ വളരെ കുറച്ച് ശബരിമലയാത്ര മാത്രമേ ചെയ്തിട്ടുള്ളൂ. ഗണപതി ഭഗവാനോടൊപ്പം അച്ഛന്‍റെ മനസ്സില്‍ അയ്യപ്പനും ഇടമുണ്ടായിരുന്നു. സന്ധ്യയ്ക്ക് പ്രത്യേക പൂജയും പ്രാര്‍ത്ഥനകളും നടത്തി ഉറക്കെ ശരണം വിളിച്ച് അച്ഛന്‍റെ സുഹൃത്തുക്കളും, അടുത്ത ബന്ധുക്കളുമായുള്ള ശബരിമല യാത്ര ഓര്‍മ്മയിലുണ്ട്.
ഒരാഴ്ചയ്ക്ക് ശേഷമായിരിക്കും മടക്കയാത്ര. ശബരിമല വളരെ ദൂരെയായിരിക്കും എന്നാണത്രേ അന്ന് കരുതിയിരുന്നത്. മള്ളിയൂരിലെ പൂജകള്‍ നടത്തേണ്ടതുകൊണ്ട് അച്ഛനോടൊപ്പമുള്ള ശബരിമല യാത്ര സംഭവിച്ചില്ല. അച്ഛന്‍ രണ്ടുതവണ മാത്രമേ ശബരിമല യാത്ര നടത്തിയിട്ടുള്ളൂ എന്നാണോര്‍മ്മ. പക്ഷേ മള്ളിയൂരിലെത്തുന്ന അയ്യപ്പഭക്തര്‍ കൈവശം നാല്‍പ്പത്തിയൊന്ന് ദിവസവും, പിന്നീട് മകരവിളക്കിനും അച്ഛന്‍ കാണിക്ക കൊടുത്ത് വിടുന്ന പതിവുണ്ടായിരുന്നു.
ആദ്യം ക്ഷേത്രത്തിലെത്തുന്ന ആളുടെ കൈവശമാണ് അയ്യപ്പനും മാളികപ്പുറത്തമ്മയ്ക്കുമുള്ള കാണിക്ക കൊടുത്തുവിടുന്നത്. ഇപ്പോഴും ഇത് തുടരുന്നു. വര്‍ഷത്തില്‍ എല്ലാ ദിവസവും ശബരിമലയില്‍ കാണിക്ക അര്‍പ്പിക്കുന്നുണ്ട്. മണ്ഡലകാലത്ത് ഈ തുക ഇല്ലത്തുനിന്ന് ആരെങ്കിലും ശബരിമലയിലെത്തി അയ്യപ്പന് സമര്‍പ്പിക്കുകയാണ് പതിവ്. ഇതില്‍ നിന്ന് അയ്യപ്പനില്‍ നിന്ന് പ്രത്യേക അനുഗ്രഹം ലഭിക്കുന്നുണ്ടെന്നാണ് വിശ്വാസം.
കന്നിയാത്ര
അച്ഛന്‍റെ പ്രിയ ശിഷ്യനായ തിരുവല്ല സ്വദേശി മഹേശ്വരര്‍ ഭട്ടതിരിപ്പാടിനൊപ്പമായിരുന്നു ആദ്യ ശബരിമലയാത്ര. മഹേശ്വരന്‍ ഭട്ടതിരി ദേവസ്വം ബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായതിനാല്‍ ഗസ്റ്റ് ഹൗസില്‍ അദ്ദേഹത്തോടൊപ്പം താമസിക്കാനും എല്ലായിടത്തും ദര്‍ശനം നടത്താനുമുള്ള അവസരം ലഭിച്ചു. രണ്ടുദിവസം കഴിഞ്ഞാണ് ഇല്ലത്ത് എത്തിയത്. പിന്നീട് ബന്ധുക്കള്‍ക്കൊപ്പം രണ്ട് തവണ മലചവിട്ടിയിട്ടുണ്ട്.
അയ്യപ്പസന്നിധിയിലെത്തിയ പ്പോള്‍ അയ്യപ്പന്‍ സമ്മാനം നല്‍കി അനുഗ്രഹിച്ചതായിട്ടാണ് ഒരു അനുഭവം. പെരുമ്പള്ളി നമ്പൂതിരി ശബരിമല മേല്‍ശാന്തിയായിരുന്ന കാലത്ത് ഒരു ദിവസം സന്നിധാനത്ത് താമസിച്ച് അയ്യപ്പനെ വണങ്ങാനുള്ള ഭാഗ്യം കിട്ടി. മകരവിളക്ക് കാലമായിരുന്നത്. മകരജ്യോതി ദര്‍ശിച്ച് തിരുവാഭരണമണിഞ്ഞുള്ള അയ്യപ്പനെ ദര്‍ശിക്കുന്നത് വാക്കുകള്‍ക്കതീതമായ നിര്‍വൃതിയാണ് ലഭിക്കുന്നത്. പൂര്‍ണ്ണമായും ഭക്തന്‍ ദേവനായി മാറും എന്നതാണ് വാസ്തവം.
ഭഗവത്ദര്‍ശനം നേരിട്ടുണ്ടായ അനുഭവം അയര്‍ക്കുന്നം കാരിക്കാട്ടില്ല. എസ്.ഇ. ശങ്കരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയായിരുന്ന കാലത്താണ്. ശങ്കരന്‍ നമ്പുതിരിയും ഞാനും തമ്മില്‍ ഗുരു- ശിഷ്യബന്ധം കൂടിയുണ്ട്. എന്നില്‍ നിന്നാണ് ശങ്കരന്‍ ഭാഗവതോപദേശം സ്വീകരിക്കുന്നത്. അദ്ദേഹം എന്നെ ഒരിക്കല്‍ ശബരിമലയിലേക്ക് ക്ഷണിച്ചു. അയ്യപ്പന്‍ ക്ഷണിക്കുന്നതുപോലെയാണ് അത് തോന്നിയത്. മിഥുനമാസത്തിലായിരുന്നത്. ഭക്തജനത്തിരക്ക് കുറവായിരുന്ന സമയം. ഇരുമുടിക്കെട്ടുമായി നട തുറക്കുന്നതിന്‍റെ തലേ ദിവസം സന്നിധാനത്തെത്തി. അയ്യപ്പ സന്നിധിയില്‍ ഭാഗവതപാരായണം നടത്താന്‍ ആഗ്രഹം തോന്നി. മേല്‍ശാന്തിയോട് ഇക്കാര്യം പറഞ്ഞു.
അദ്ദേഹത്തിന് സന്തോഷം 'അതിനെന്ത് നമുക്ക് തന്ത്രിയോട് ചോദിക്കാം.' ഞങ്ങള്‍ ഇരുവരും തന്ത്രിയുടെ മുറിയിലെത്തി. മഹേഷ് മോഹനരരായിരുന്നു അപ്പോഴുണ്ടായിരുന്നത്. ആവശ്യം അറിയിച്ചപ്പോള്‍ നിറഞ്ഞ മനസ്സോടെ അദ്ദേഹം സമ്മതം മൂളി. പിറ്റേന്ന് പുലര്‍ച്ചെ എഴുന്നേറ്റ് ശരീരശുദ്ധി വരുത്തി സ്വാമി ദര്‍ശനത്തിനുശേഷം നടക്കലിരുന്ന് ഭാഗവത പാരായണം ആരംഭിച്ചു. തൊട്ടരികിലിരുന്ന് സാക്ഷാല്‍ അയ്യപ്പനും കേള്‍വിക്കാരനായി ഇരിക്കുന്നു എന്നൊരു അനുഭവമുണ്ടായി.
നിമിഷങ്ങള്‍ക്കകം നട ഇറങ്ങി വന്ന്, ഭാഗവതത്തില്‍ ലയിച്ചിരിക്കുന്ന എന്നോട് മേല്‍ശാന്തി ചോദിക്കുന്നു 'ശ്രീകോവിലില്‍ കയറുന്നോ....?' ചോദ്യം കേട്ട് ഞാനൊന്ന് അമ്പരന്നു.. സ്വപ്നത്തില്‍ പോലും സംഭവിക്കാന്‍ സാധ്യതയില്ലാത്ത കാര്യം സാക്ഷാല്‍ അയ്യപ്പന്‍ മുമ്പിലെത്തി ചോദിക്കും പോലെ.. മേല്‍ശാന്തി മാത്രമല്ല ഉദ്യോഗസ്ഥരുമുണ്ട്. 'തിരുമേനി കോവിലില്‍ കയറുന്നോ...? ' വീണ്ടും ചോദ്യം. ശരണം വിളിച്ച് നിറകണ്ണുകളുമായി സമ്മതം അറിയിച്ചു. 'എങ്കില്‍ വരൂ. തന്ത്രിയെ കണ്ട് ദക്ഷിണ വയ്ക്കാം. ' തന്ത്രിയുടെ മുറിയിലേക്ക് എത്തി ദക്ഷിണ നല്‍കി അനുഗ്രഹം വാങ്ങി.
പിറ്റേന്ന് നെയ്യഭിഷേകത്തിന് തന്ത്രിക്കൊപ്പം ശ്രീകോവിലില്‍ കയറി. തന്ത്രി അഭിഷേകം നടത്തിയതിനുശേഷം മേല്‍ശാന്തിയോടൊപ്പം നിന്ന് അയ്യപ്പസ്വാമിക്ക് നെയ്യഭിഷേകം നടത്തി. അതാണ് ജീവിതത്തില്‍ മറക്കാനാകാത്ത സംഭവം. അഞ്ചുദിവസം കൊണ്ടാണ് അന്ന് പാരായണം പൂര്‍ത്തിയാകുന്നത്. അന്ന് അയ്യപ്പസ്വാമിയുടെ നിത്യപൂജകള്‍ ഒഴികെയുള്ള ചടങ്ങുകളില്‍ പങ്കെടുക്കാനുമുള്ള അത്യപൂര്‍വ്വ ഭാഗ്യവും ലഭിച്ചു.
അക്കാലത്ത് തന്നെയാണ് മള്ളിയൂരെ പുഷ്പാഭിഷേകം നടത്താനായത്. അയ്യപ്പ സന്നിധിയിലിരുന്ന് ഭാഗവതത്തിലെ ശങ്കരമോഹനം വായിച്ചതിന്‍റെ അനുഗ്രഹമാണിതെന്ന് തോന്നിയിട്ടുണ്ട്.
ഭാഗവതത്തിലെ അഷ്ടമ സ്കന്ധത്തിലെ പന്ത്രണ്ടാം അദ്ധ്യായത്തിലാണ് മഹാദേവന്‍ മഹാവിഷ്ണുവിന്‍റെ മോഹിനീരൂപം ദര്‍ശിക്കുന്നത്. 'ശങ്കരമോഹനം' എന്നതാണീ ഭാഗം. നാരദമുനി വര്‍ണ്ണിച്ച മോഹിനീരൂപത്തെ ദര്‍ശിക്കാന്‍ പരമശിവന്‍ പോകുന്നത് സകുടുംബമാണത്രേ. പാര്‍വ്വതിയും, സുബ്രഹ്മണ്യനും ഗണപതിയുമെല്ലാം ഒപ്പമുണ്ടത്രേ. ആ ദിവ്യദര്‍ശനത്തിലാണത്രേ സ്പര്‍ശനമുണ്ടാകുന്നതും അയ്യപ്പ സൃഷ്ടിയുണ്ടാകുന്നതും.
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മള്ളിയൂര്‍ ക്ഷേത്രത്തിനും അയ്യപ്പ കടാക്ഷമുണ്ടായിട്ടുണ്ട്.
നവീകരണ ചടങ്ങുകള്‍ മള്ളിയൂരില്‍ നടക്കുന്ന കാലമായിരുന്നത്. വല്ലാത്ത സാമ്പത്തിക പ്രതിസന്ധിയുളള സമയം. ആ മണ്ഡലകാലത്ത് മള്ളിയൂരിലെ ഗണേശസന്നിധിയിലേക്ക് അയ്യപ്പഭക്തരുടെ വരവുണ്ടായി. ഒരു ദിവസം ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ പ്രസാദം വിറ്റുപോയി. ആ അയ്യപ്പകടാക്ഷമാണ് അയ്യപ്പന്‍മാര്‍ക്ക് അന്നദാനമൊരുക്കാന്‍ ഇക്കാലമത്രയും സഹായകമായത്. മള്ളിയൂരെ അയ്യപ്പഭക്തര്‍ ശബരിമലയിലെന്നപോലെ ഇവിടെ നെയ്യഭിഷേകം നടത്തുന്നു. ഗണേശ സന്നിധിയില്‍ അത്രയ്ക്കാണ് അയ്യപ്പഭക്തി.
എസ്.പി.ജെ
Photo Courtesy - Google
