ഗുരുവായൂരപ്പന്റെ  തിരുനടയിലെ  മഞ്ചാടിക്കുന്നി മണികൾ...

ഗുരുവായൂരപ്പന്റെ തിരുനടയിലെ മഞ്ചാടിക്കുന്നി മണികൾ...

ഭഗവാന്റെ തിരുസന്നിധിയിലെത്തിയാൽ ആദ്യം കാണുന്നത്, മോണ കാട്ടിച്ചിരിച്ച് കുഞ്ഞിക്കൈകൾ കൊണ്ട് മഞ്ചാടിമണികൾ വാരിയിടുന്ന കുരുന്നുകളുടെ സന്തോഷവും, കുസൃതിയുമാണ്.

* കണ്ണന്റെ നടയിൽ മഞ്ചാടിക്കുരു കുട്ടികളെക്കൊണ്ട് വാരിച്ചാൽ കുട്ടികൾക്ക് കുസൃതി ഉണ്ടാകും എന്നാണത്രേ വിശ്വാസം.

* ചുറുചുറുക്കില്ലാത്ത കുട്ടികളെ കൃഷ്ണനെപ്പോലെ കുസൃതിയാക്കാനും, കുറുമ്പൻമാരുമാക്കാനും ഗുരുവായൂർ നടയിൽ കുട്ടികളെക്കൊണ്ട്  മഞ്ചാടിവാരൽ ചടങ്ങ് നടത്തിയാൽ മതി.

* മൂന്നുതവണ മഞ്ചാടി വാരുന്നതിലൂടെ ത്വക്ക് രോഗങ്ങൾ ശമിക്കുമെന്ന് വിശ്വാസം. മുതിർന്നവരും മഞ്ചാടി വാരിയിടാറുണ്ട്. എന്നാൽ ഉരുളിയിൽ നിന്നും ഒരു മഞ്ചാടിമണിപോലും സ്വന്തമാക്കാൻ പാടില്ല. എന്നാൽ താഴെ വീഴുന്ന മഞ്ചാടിമണി കൈവശപ്പെടുത്തുന്നതിൽ വിലക്കില്ല.

ഈ മഞ്ചാടിമണികൾ ഭഗവാന് പ്രിയമുള്ളതാകാൻ കാരണമുണ്ട്. തിരുനടയിൽ മഞ്ചാടിമണികൾ എത്തിയതിന്റെ ഐതിഹ്യം ഇങ്ങനെ:

400 വർഷങ്ങൾക്ക് മുമ്പ് തലപ്പിള്ളിയുടെ വടക്കേ അറ്റത്തുള്ള ചെറിയ ഗ്രാമത്തിൽ ഏകയായി ജീവിച്ചിരുന്ന മുത്തശ്ശി കൃഷ്ണഭവാന്റെ കടുത്ത ഭക്തയായിരുന്നത്രേ. ഗുരുവായൂർ നടയിൽ പോയി കണ്ണനെ ദർശിക്കണമെന്ന് മുത്തശ്ശിക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ സാധുവായ മുത്തശ്ശിക്ക് കണ്ണന് സമർപ്പിക്കാൻ കൈവശമൊന്നുമില്ല. വെറും കയ്യോടെ ഭഗവാനെ ദർശിക്കാൻ മുത്തശ്ശിക്ക് സങ്കടം. അവരുടെ ചെറ്റക്കുടിലിന് മുന്നിലുള്ള മഞ്ചാടിമരത്തിൽ നിന്ന് മണികൾ ദിനവും നിലത്തുവീഴുന്നത് അവർ പെറുക്കി സൂക്ഷിച്ച് വച്ചിരുന്നു. കടും ചുമപ്പ് നിറത്തിലുള്ള ഈ മണികൾ കണ്ണന് സമർപ്പിക്കാമെന്ന് അവർ നിശ്ചയിച്ചു. വിലയില്ലാത്ത മഞ്ചാടിമണികൾ കണ്ണന് വേണ്ടി കരുതിവയ്ക്കുന്ന മുത്തശ്ശിയെ അയൽവാസികള പരിഹസിച്ചു. അപമാനങ്ങളും സഹിച്ച് മുത്തശ്ശി മഞ്ചാടിമണികൾ അപൂർവ്വമാണിക്യമെന്നോണം തുണിഭാണ്ഡത്തിൽ സൂക്ഷിച്ചു. ഒരിക്കൽ ഇവർ മഞ്ചാടിമണിഭാണ്ഡം നെഞ്ചോട് ചേർത്തുപിടിച്ച് നാരായണനാമം ഉരുവിട്ട് ഗുരുവായൂർ സന്നിധി ലക്ഷ്യമാക്കി നടന്നു. ദിവസങ്ങളോളം നടന്ന് ക്ഷീണിതയായി ഒടുവിൽ അവർ ഗുരുവായൂരിൽ എത്തിച്ചേർന്നു. അന്നേദിവസം ചിങ്ങം ഒന്നായിരുന്നു. തലപ്പിള്ളി രാജാവ് ക്ഷേത്രദർശനത്തിന് എത്തുന്ന ദിനമായിരുന്നു അന്ന്. മാത്രമല്ല ഗജവീരനെ അദ്ദേഹം നടയിരുത്തുന്നുണ്ട്.

രാജാവ് ക്ഷേത്രത്തിലേയ്ക്ക് എത്തുന്നതുകൊണ്ട് ക്ഷേത്രത്തിൽ തോരണങ്ങളും മറ്റും ചാർത്തി ആഘോഷത്തിലാണ്. രാജകിങ്കരന്മാർ ക്ഷേത്രപരിസരത്തേക്ക് എത്തുന്നവരെ തള്ളിമാറ്റുകയും ഓടിക്കുകയും ചെയ്യുന്നുണ്ടത്രേ. ഇക്കാര്യങ്ങൾ ഒന്നും അറിയാതെ നടപ്പാതയിലൂടെ മുത്തശ്ശി ക്ഷേത്രത്തിലേക്ക് എത്തി. തുണിഭാണ്ഡവുമായി വരുന്ന പടുകിളവിയെ കണ്ടതോടെ രാജകിങ്കരന്മാർക്ക് കലികയറി. അവർ മുത്തശ്ശിയെ തള്ളി നിലത്തിട്ടു. നിലത്തുവീണ മുത്തശ്ശിയുടെ ഭാണ്ഡത്തിലെ മഞ്ചാടിമണികൾ ക്ഷേത്രപരിസരത്ത് ചിതറി വീണു. താൻ ഭഗവാനായി കരുതിവച്ച മഞ്ചാടിമണികൾ നിലത്ത് ചിതറിക്കിടക്കുന്നത് കണ്ട് മുത്തശ്ശിയുടെ മനമുരുകി, കണ്ണീർ ഒഴുകി. അവർ സങ്കടത്തോടെ ചിതറിക്കിടക്കുന്ന മണികൾ ഓരോന്നും പെറുക്കാൻ തുടങ്ങി.. താമസംവിനാ; പുന്നത്തൂർ തമ്പിയുടെ ആന ചിന്നം വിളിച്ച് കൊടിത്തോരണങ്ങളും പന്തലും മറ്റ് ആഘോഷ സാമഗ്രികളും വലിച്ചുപറിച്ച് നിലത്തടിക്കാൻ തുടങ്ങി. ജനം അലറിവിളിച്ച് നാല് ദിക്കിലേയ്ക്കും ചിതറിയോടി. രാജാവ് ഭഗവാന്റെ നടയിലെത്തി പ്രാർത്ഥിച്ചു. ശ്രീലകത്തുനിന്ന് അശരീരി ഉണ്ടായത്രേ. 'മഞ്ചാടിമണികളുമായി എന്നെ കാണാനെത്തിയ എന്റെ ഭക്തയെ നിങ്ങൾ അപമാനിച്ചു.' അങ്ങ് നടയ്ക്കിരുത്തുന്ന ആനയെക്കാളും എനിക്ക് പ്രിയം ആ മഞ്ചാടിമണികളാണ്.

കാര്യങ്ങൾ ബോധ്യപ്പെട്ട രാജാവും പരിവാരങ്ങളും മുത്തശ്ശിയുടെ കാൽക്കൽ വീണ് ക്ഷമ ചോദിച്ചു. അവരും മുത്തശ്ശിയോടൊപ്പം ചേർന്ന് മഞ്ചാടിമണികൾ പെറുക്കിയെടുത്ത് മുത്തശ്ശിയുടെ കൈകളിൽ നൽകി. മുത്തശ്ശിയെ രാജകീയമായി ക്ഷേത്രത്തിലേക്ക് ആനയിച്ചു. ആന ശാന്തനായി. മുത്തശ്ശി ഭഗവാന് സമർപ്പിച്ച മഞ്ചാടിമണികൾ ക്ഷേത്രനടയിൽ ഓട്ടുരുളിയിൽ സൂക്ഷിച്ചു. ഇന്നും ആ മഞ്ചാടിമണികൾ ക്ഷേത്രനടയിൽ ഭക്തവാത്സല്യത്തിന്റെ അടയാളമെന്നോണം ക്ഷേത്രത്തിനുള്ളിലുണ്ടത്രേ.