സ്ത്രീകളുടെ ശബരിമലയായ ശ്രീ മണ്ടക്കാട് ഭഗവതി ക്ഷേത്രം
'മണ്ടക്കാട്ടമ്മേ' എന്നുവിളിച്ചാല്‍ ഭഗവതി വിളിപ്പുറത്താണ്. കരളുരുകി ദേവിയോട് പ്രാര്‍ത്ഥിച്ചാല്‍ ദുഃഖദുരിത നിവാരണമേകി ഉദ്ദിഷ്ട വരമരുളുന്നു മണ്ടക്കാട് ഭഗവതി. ക്ഷേത്രത്തില്‍ 'മണ്ടയപ്പം' നേദിച്ച് പ്രാര്‍ത്ഥിച്ചാല്‍ മാറാത്ത തലവേദനമാറും എന്നത് ഭക്തരുടെ അനുഭവമാണ്. ദുഷ്ടരെ നിഗ്രഹിച്ച് ഭക്തരെ സംരക്ഷിക്കാന്‍ സദാ ഉണര്‍ന്നിരിക്കുന്നവളാണ് ഭഗവതി എന്നതിനാല്‍ മണ്ടക്കാട് ഭഗവതിയെ 'മിഴി മൂടാത്ത ഭഗവതി' എന്നും വിളിക്കുന്നു.
സ്ത്രീകളുടെ ആപല്‍ബാന്ധവയായ കണ്‍കണ്ട ദൈവമാണ് കന്യാകുമാരി ജില്ലയില്‍ മണ്ടക്കാടില്‍ കുടികൊണ്ട് അനുഗ്രഹം ചൊരിയുന്ന ശ്രീ മണ്ടക്കാട് ഭഗവതി. 'സ്ത്രീകളുടെ ശബരിമല' എന്നാണ് ഈ പുണ്യക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത് എന്നതില്‍ നിന്നുതന്നെ ക്ഷേത്രത്തിന്‍റെ മഹത്വം മനസ്സിലാക്കാവുന്നതേയുള്ളൂ. 'മണ്ടക്കാട്ടമ്മേ' എന്നുവിളിച്ചാല്‍ ഭഗവതി വിളിപ്പുറത്താണ്.

കരളുരുകി ദേവിയോട് പ്രാര്‍ത്ഥിച്ചാല്‍ ദുഃഖദുരിത നിവാരണമേകി ഉദ്ദിഷ്ട വരമരുളുന്നു മണ്ടക്കാട് ഭഗവതി. ക്ഷേത്രത്തില്‍ 'മണ്ടയപ്പം' നേദിച്ച് പ്രാര്‍ത്ഥിച്ചാല്‍ മാറാത്ത തലവേദനമാറും എന്നത് ഭക്തരുടെ അനുഭവമാണ്. ദുഷ്ടരെ നിഗ്രഹിച്ച് ഭക്തരെ സംരക്ഷിക്കാന്‍ സദാ ഉണര്‍ന്നിരിക്കുന്നവളാണ് ഭഗവതി എന്നതിനാല്‍ മണ്ടക്കാട് ഭഗവതിയെ 'മിഴി മൂടാത്ത ഭഗവതി' എന്നും വിളിക്കുന്നു.
പണ്ട് നിബിഡവനവും കാലികളുടെ മേച്ചില്‍പുറവുമായിരുന്ന ഇവിടം മന്തൈക്കാട് എന്നറിയപ്പെട്ടു. പിന്നീട് മണ്ടക്കാട് എന്ന് സ്ഥലനാമപരിണാമം സിദ്ധിച്ചു. ക്ഷേത്രത്തിന്‍റെ പ്രത്യേകത തന്നെ ഇവിടുത്തെ പുറ്റാണ്. വടക്കോട്ട് അഭിമുഖമായി ക്ഷേത്രത്തിന്‍റെ ശ്രീകോവിലില്‍ പതിനഞ്ച് അടി ഉയര്‍ന്നുനില്‍ക്കുന്ന പുറ്റിന്‍റെ മുകള്‍ഭാഗത്ത് ദേവിയുടെ മുഖം ദര്‍ശിക്കാം.

അതിനുമുമ്പായി വെള്ളിവിഗ്രഹമായി ആസനസ്ഥയായിട്ടുള്ള ഭഗവതിയേയും, പഞ്ചലോഹ വിഗ്രഹമായി നിന്നുകൊണ്ട് അനുഗ്രഹിക്കുന്ന ഭഗവതി സ്വരൂപവും നമുക്ക് ദര്‍ശിക്കാം. ഇവിടെ ശ്രീചക്രവും പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. ഭക്തകള്‍ ശബരിമലയ്ക്ക് വ്രതം അനുഷ്ഠിക്കുന്നതുപോലെതന്നെ പത്തുനാള്‍ വ്രതമനുഷ്ഠിച്ച് കുംഭമാസത്തിലെ 'മാശികൊടൈ' ഉത്സവത്തില്‍ പങ്കെടുത്ത് പൊങ്കാലയിട്ട് ആരാധിക്കുന്നു. ഈ ഉത്സവത്തിന്‍റെ പത്താംനാള്‍ അര്‍ദ്ധരാത്രി 12 മണിക്ക് 'ഒടുക്ക് പൂജ' നടത്തപ്പെടുന്നു.
ഈ പൂജയ്ക്കായിട്ടുള്ള നിവേദ്യങ്ങള്‍ തൊട്ടടുത്തുള്ള ശാസ്താക്ഷേത്രത്തില്‍ വെച്ച് തയ്യാറാക്കി അത് ഓലപ്പെട്ടികളിലാക്കി ചുമന്നുകൊണ്ട് മേളവാദ്യത്തോടെ ദേവിയുടെ സന്നിധിയിലേക്ക് കൊണ്ടുവരുന്നു. ഇരുപത്തി ഒന്നുതരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒന്‍പത് മണ്‍പാത്രങ്ങളിലാക്കി ഒപ്പം രണ്ടുകുടം തേനുമായി നേദ്യം എഴുന്നെള്ളിച്ച് കൊണ്ടുവരുന്ന കാഴ്ച തന്നെ ഭക്തിനിര്‍ഭരമാണ്. ഈ നേദ്യങ്ങള്‍ ഭഗവതിയുടെ മുമ്പാകെ വെച്ച്, പിന്നീട് നട അടച്ച് നേദിക്കപ്പെടുന്നു.
അതിനുശേഷം നട തുറന്ന് ഒടുക്കുപൂജയും ദീപാരാധനയും നടത്തപ്പെടുന്നു. ഈ പൂജയില്‍ പങ്കെടുത്ത് മണ്ടക്കാട് ഭഗവതിയുടെ അനുഗ്രഹം നേടാന്‍ നൂറുകണക്കിന് ഭക്തരാണ് അര്‍ദ്ധരാത്രിയിലും ദേവീസന്നിധിയില്‍ കാത്തിരിക്കുക.

ക്ഷേത്രത്തിന് സമീപത്തുള്ള കടലില്‍ സ്നാനം ചെയ്തശേഷം വേണം ദേവിയെ ദര്‍ശിക്കാന്‍ എന്നൊരു ആചാരമുണ്ട്. കടലില്‍ 'കടലമ്മേ ശരണം' എന്നും ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ 'മണ്ടൈക്കാട് അമ്മേ ശരണം' എന്നും ഭക്തര്‍ ശരണം വിളിക്കുന്നു. ഓരോ പൗര്‍ണ്ണമി നാളിലും, മലയാളമാസത്തിലെ അവസാനത്തെ ചൊവ്വ, വെള്ളി ദിവസങ്ങളിലും ഇവിടെ പ്രത്യേക പൂജകളും വഴിപാടുകളും നടത്തപ്പെടുന്നു. ഇവിടെവെച്ച് മണ്‍ചോറ് സേവിച്ചാല്‍ സന്താനഭാഗ്യമുണ്ടാവും എന്നാണ് വിശ്വാസം.
ശാരീരിക ആരോഗ്യസൗഖ്യത്തിനായി ഭക്തര്‍ ലോഹനിര്‍മ്മിതമായ ചെറിയ ശരീര അവയവങ്ങള്‍ ദേവിക്ക് കാണിക്കയായി സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നു. വിവാഹതടസ്സങ്ങള്‍ മാറാനും ദേവിക്ക് വഴിപാട് നടത്തി പ്രാര്‍ത്ഥിക്കുന്നു. 27 ദീപങ്ങള്‍ കത്തിച്ചുവെച്ച് ദേവീ സന്നിധിയെ 9 പ്രദക്ഷിണം വെച്ച് പ്രാര്‍ത്ഥിച്ചാല്‍ ദോഷങ്ങള്‍ എല്ലാം മാറുമെന്നാണ് വിശ്വാസം. അരി, മാവ്, ചെറുപയര്‍, ശര്‍ക്കര, ചുക്കുപൊടി, ഏലക്ക എന്നിവ കൊണ്ട് ആവിയില്‍ വേവിച്ചെടുത്ത വലിയ മണ്ടയപ്പമാണ് മണ്ടക്കാട് ഭഗവതിക്കുള്ള പ്രധാന നേദ്യം.
ഈ മണ്ടയപ്പമാണ് ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്നതും. അതിരാവിലെ 5 മണിക്ക് തന്നെ ഇവിടെ നട തുറന്ന് പൂജകള്‍ ആരംഭിക്കുന്നു. തിരുവനന്തപുരത്ത് നിന്നും 70 കിലോമീറ്റര്‍ അകലെയും, നാഗര്‍കോവിലില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുമായിട്ടാണ് ക്ഷിപ്രസാദിനിയായ മണ്ടക്കാട് ഭഗവതി കുടികൊള്ളുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
